മഹാനന്ദി ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ആദ്യായി ഈ പൂവ് കണ്ടത്. കണ്ടപ്പോഴേ അതിന്റെ ഭംഗിയില്‍ ഞാന്‍ മയങ്ങി പോയെന്നു പറയാം. അവിടെ ഒരോ കോവിലിനുള്ളിലും വിഗ്രഹത്തില്‍ ഈ പൂവ് ചാര്‍ത്തിയിരിക്കുന്നത് കണ്ടു. കണ്ണു മുഴുവന്‍ പൂവിലായിരുന്നതിനാല് ശ്രീകോവിലിലെ വിഗ്രഹവും അതിനു താഴെയുള്ള ഉറവയുമൊന്നും എന്റെ കണ്ണില്‍ പെട്ടിട്ടില്ല. കൂടെയുള്ളവരൊക്കെ ദൂരെയായിട്ടും ഞാനിങ്ങനെ പൂവിലും കണ്ണും നട്ട് മന്ദം മന്ദം നടന്നു. എങ്ങനെ ഇതിന്റെ പേരറിയുമെന്നായിരുന്നു ചിന്ത മുഴുവനും. അങ്ങനെ അവസാനം ഒരു പൂജാരിയുടെ മുന്നില്‍ ചെന്നു പെട്ടു. അങ്ങേരുടെ കൈയ്യില്‍ രുദ്രാക്ഷം വില്പനയ്ക്കുണ്ട്. അതില്‍ നിന്നും രണ്ടെണ്ണം വാങ്ങി ആരും അടുത്തില്ലാത്ത തക്കം നോക്കി പൂവിന്റെ പേരു ചോദിച്ചു. നാഗപത്മേശ്വര പൂവ്ലു എന്നാണെന്ന് പറഞ്ഞു. അതു മാത്രമല്ല കോവിലില്‍ നിന്നും ഒരു പൂവെടുത്ത് എന്റെ കൈയ്യിലും തന്നു. അപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു പൂവ് ചോദിച്ചിട്ട് ഒരു പൂന്തോട്ടം മുഴുവനും കിട്ടിയ സന്തോഷമായിരുന്നെനിക്ക്. അതു കൂടാതെ ആ പൂവുണ്ടാകുന്ന മരം പുറകുവശത്തുണ്ടെന്നും അതിനെ വലം വെച്ചാല്‍ നല്ലതാണെന്ന് പറഞ്ഞ് അങ്ങോട്ടേയ്ക്കുള്ള വഴിയും ചൂണ്ടി കാട്ടി.
അങ്ങനെ ആ ചെടി കാണാന്‍ കൂടെ ഉള്ളവരേയും വിളിച്ചു കൂട്ടി അങ്ങോട്ട് നടന്നു. മരത്തിലെ ഇലകളൊക്കെ പൊഴിഞ്ഞ് പുതിയ ഇലകള്‍ വരുന്നതേയുള്ളൂ. മരത്തിന്റെ തായ്തടിയില്‍ നിന്നും തന്നെയാണ് പൂക്കള്‍ വിരിയുന്നത്. അവിടെ താഴ്ഭാഗത്ത് പൂക്കളൊന്നും തന്നെ ഉണ്ടായിരുന്നില്ല കായ്കളും കണ്ടില്ല. പൂജയ്ക്കായി പൂക്കള്‍ പറിയ്ക്കുന്നത് കൊണ്ട് കായാവാന്‍ അവസരം കിട്ടാത്തതു കൊണ്ടാവാം. ഇതിന്റെ പൂവിന് ഹ്യദ്യമായ മണമായിരുന്നു.
വീട്ടിലെത്തി ഗൂഗിളില്‍ അല്പം അന്വേഷണം നടത്തിയപ്പോള്‍ മരത്തിന്റെ ഇംഗ്ലീഷ് പേര് cannonball tree എന്നാണെന്ന് മനസ്സിലായി. വടക്കേ അമേരിക്കയാണ് സ്വദേശം. കാഴ്ചയില്‍ പീരങ്കിയുണ്ടയോടുള്ള ഇതിന്റെ കായുടെ സാദൃശ്യമാണ് ഈ പേരു കിട്ടാന്‍ കാരണം. സംസ്ക്യതത്തില്‍ നാഗപുഷ്പമെന്നും തമിഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍ കോടിലിംഗാലു എന്നീ പേരുകളില്‍ അറിയപ്പെടുന്നു.(പക്ഷേ നാഗപത്മേശ്വരാ/നാഗപരമേശ്വരാ എന്നൊന്നും എവിടെയും കണ്ടില്ല) പൂവിന്റെ നടുവില്‍ ശിവലിംഗാക്യതിയില് ഒരു കേസരവും അതിനു ചുറ്റും ലിംഗാക്യതിയിലുള്ള നിരവധി കേസരങ്ങളും അതിനെ സംരക്ഷിക്കുന്ന വിധത്തിലെ ഭാഗത്തിന് പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിന്റെ രൂപസാമ്യവുമാണ് ഈ പേരുകള്‍ക്ക് കാരണം. അതു കൊണ്ടു തന്നെ ശിവക്ഷേത്രങ്ങളില്‍ ഈ പൂവിന് പ്രത്യേക സ്ഥാനമുണ്ട്.
ഈ പൂവ് പ്രധാനമായും ചുവപ്പ്, പിങ്ക്, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. പൂവിന് 6 ദളങ്ങളോട് കൂടി 5-6 സെ.മീ വലിപ്പത്തില്‍ കാണപ്പെടുന്നു. ഈ പൂവ് തേന്‍ ഉല്പാദിപ്പിക്കുന്നില്ല. ലിംഗാകൃതിയിലുള്ള കേസരങ്ങള്‍ പരാഗണത്തിനും പത്തിയുടെ ആകൃതിയിലുള്ളവ തേനീച്ചകളെ ആകര്ഷിക്കാനുമാണുള്ളത്. ലാര്‍വയ്ക്ക് കൊടുക്കാന്‍ വേണ്ടി പൂമ്പൊടി അന്വേഷിച്ചു പൂവിനുള്ളില്‍ കയറുന്ന തേനീച്ചയുടെ തലയിലും പുറത്തും ലിംഗാകൃതിയിലെ കേസരങ്ങള്‍ ഉരസി പൂമ്പൊടി പറ്റി പിടിക്കയും മറ്റു പൂവുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവയുടെ കേസരങ്ങളില്‍ അവ നിക്ഷേപിക്കപ്പെട്ടുമാണ് പരാഗണം നടക്കുന്നത്.
ഇതിന്റെ കായ്കള്‍ക്ക് എകദേശം തേങ്ങയുടെ വലിപ്പമുണ്ടാവും. ഇത് മൂപ്പെത്താനായി എകദേശം 12 മുതല്‍ 18 മാസം വേണ്ടി വരും.കായുടെ വലിപ്പമനുസരിച്ച് 65 മുതല്‍ 550 വരെ വിത്തുകള്‍ കാണപ്പെടുന്നു. കട്ടിയുള്ള പുറം തോടിനുള്ളില്‍ 6 അറകളിലായി മാംസളഭാഗം കാണപ്പെടുന്നു.ഉള്ളിലെ ഭാഗത്തിന് ഇളം പൊന്മാന് നീല നിറമാണ്. വായുവുമായുള്ള സമ്പര്‍ക്കത്തില്‍ അതു ഇരുണ്ട നിറമായി മാറുന്നു. കോഴി, പന്നി, കുരങ്ങ് തുടങ്ങി ജീവികള്‍ ആഹരിച്ച് അവയുടെ കാഷ്ടത്തിലും മലത്തിലുമൂടെയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്.പൂവുകള്‍ക്ക് ഹൃദ്യമായ മണത്തിനു വീപരീതമായി കായ്ക്ക് ചീഞ്ഞ മണവുമാണുള്ളത്. ഈ മരം 35 മീറ്ററോളം പൊക്കം വെയ്ക്കുമെന്ന് പറയുന്നു.
ശാസ്ത്രീയ നാമം COUROUPITA GUIANENSIS.
കുടുംബം - Lecythidaceae
ബ്രസീല്‍ നട്ടിന്റെ വകയിലെ സഹോദരനാണിദ്ദേഹം.

എനിക്ക് പൂവിന്റെ മുഴുവനായുള്ള ഫോട്ടോസ് എടുക്കാന്‍ സാധിച്ചില്ല. ചുരുങ്ങിയ സമയം കൊണ്ടുള്ള ഒറ്റകൈ അഭ്യാസത്തിലാണ് ഇത്രയും ഫോട്ടോസ് തന്നെ ഒപ്പിച്ചത്. അതിനാല്‍ കൂടുതല്‍ ഫോട്ടോകള്‍ക്കും വിവരങ്ങള്‍ക്കുമായി താല്പര്യമുള്ളവര്ക്ക് ഈ ലിങ്കുകളില്‍ കൂടി പോവാം.
1.നമ്മടെ മോഹനം ചുള്ളന്സും ഇതിന്റെ പടങ്ങള്‍ പോസ്റ്റിയിരുന്നു. അദ്ദേഹം കമന്റിട്ട ശേഷമാണ് അതെന്റെ ശ്രദ്ധയില്‍ പെട്ടത്.
2.ഇവന്റെ കുടുംബചരിത്രവും സ്വഭാവഗുണവുമിവിടുണ്ട്
3.കൂടുതല്‍ ചിത്രങ്ങള്‍
4. എന്നെ പോലെ പൂവിന്റെ പേരും തപ്പിപ്പോയ ഒരു ആസ്ട്രേലിയക്കാരന്റെ കഥ
ഈ മരവും പൂവുമൊക്കെ കണ്ടപ്പോ ഒരാഗ്രഹം എനിക്കും. ഈ മരം ഒരെണ്ണം വെച്ചു പിടിപ്പിക്കണമെന്ന്. ആര്‍ക്കെങ്കിലും ഇതിന്റെ വിത്തുകളോ തൈകളോ എവിടെ കിട്ടുമെന്ന് അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ. പിന്നെ നമ്മുടെ നാട്ടില്‍ ഈ പൂവിനെ എന്തു പേരിലാ വിളിക്കുന്നതെന്നും.
ഏല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വിഷുവാശംസകള്‍!
update 3rd september 2008
ബാഗ്ലൂർ ലാൽബാഗിലെ ഫ്ലവർഷോയോടു അനുബന്ധിച്ചു പ്രദർശനത്തിനു വെച്ചിരുന്ന നാഗലിംഗമരത്തിന്റെ കായ്.