Wednesday, April 9, 2008

മഹാനന്ദിയിലേയ്ക്കൊരു യാത്ര


ആന്ധ്രപ്രദേശിലെ കര്‍ണൂള്‍ ജില്ലയിലുള്ള നന്ദ്യാല എന്ന പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രം. ഹൈദ്രാബാദില്‍ നിന്നും 210 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കര്‍ണൂളിലും അവിടെ നിന്നും നന്ദ്യാല വഴി 80 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മഹാനന്ദിയിലെത്താം. ഉര്‍വശിശാപം ഉപകാരം എന്നു പറയുമ്പോലെ ബേലം ഗുഹയിലേയ്ക്കുള്ള യാത്രയില്‍ വഴി തെറ്റിയാണ് ഞങ്ങള്‍ നന്ദ്യാലയിലെത്തിപ്പെട്ടത്. എന്തായാലും എത്തിയ സ്ഥിതിക്ക് പ്ലാനിലില്ലായിരുന്നു മഹാനന്ദി ക്ഷേത്രം കൂടി കണ്ടു കളയാമെന്നു തീരുമാനിച്ചു. അടുത്ത ദിവസം പുലര്‍ച്ചയാവാം ക്ഷേത്രദര്‍ശനമെന്ന തീരുമാനത്തില്‍ ബേലം ഗുഹ സന്ദര്‍ശിച്ച് രാത്രി വീണ്ടും നന്ദ്യാലയിലെത്തി മുറിയെടുത്ത് താമസിച്ചു.

പിറ്റേന്ന് രാവിലെ 7.30 യോട് കൂടി മഹാനന്ദിയിലേയ്ക്ക് പുറപ്പെട്ടു. നമ്മുടെ കുട്ടനാടിനെ ഓര്‍മ്മിപ്പിക്കുന്ന പ്രക്യതിഭംഗിയുള്ള ഒരു ചെറിയ ഗ്രാമത്തിലൂടെയായിരുന്നു യാത്ര. റോഡിനിരുവശവും ബജ്ര (അതോ ഇനി ജവാരിയാണോ (sorghum ) എന്നറിയില്ല) , വാഴ, നെല്ല് അങ്ങനെ പല പല ക്യഷികളുള്ള പാടങ്ങള്‍ കണ്ടങ്ങനെ രസിച്ചു പൊയ്കൊണ്ടിരുന്നപ്പോഴാണ് ദൂരെ ഒരു മഞ്ഞ വര ശ്രദ്ധയില്‍ പെട്ടത്. അടുത്തെത്തിയപ്പോഴാണ് അത് സൂര്യനെ കണ്ണൂചിമ്മാതെ നോക്കി നില്‍ക്കുന്ന സൂര്യകാന്തിപൂക്കളുടെ കൂട്ടമാണെന്ന് പിടികിട്ടിയത്.

അവിടെ ചാടിയിറങ്ങി, സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിച്ചും ഫോട്ടോയെടുത്തും അല്പസമയം ചിലവിട്ട ശേഷം യാത്ര തുടര്‍ന്നു. പിന്നെ വഴിയില്‍ കാളവണ്ടികള്‍, എരുമകള്‍, കഴുതകള്‍, വണ്ടികളോട് എന്തോ വൈരാഗ്യം കൊണ്ട് കുരച്ചടുക്കുന്ന നാടന്‍ പട്ടികള്‍, പന്നികള്‍ ഇവയെയൊക്കെ കണ്ടു കണ്ടു ഞങ്ങള്‍ ഒരു ടോള്‍ ഗേറ്റിനരികിലായുള്ള ഉടുപ്പി ഹോട്ടലിനു മുന്നിലെത്തി. വിശപ്പിന്റെ ആക്രമണം തുടങ്ങിയതിനാല്‍ അതു അവസാനിപ്പിച്ചിട്ടാവാം ഇനി യാത്രയെന്നു കരുതി നേരെ അവിടേയ്ക്ക് കയറി. ഹോട്ടലിനുള്ളില്‍ മീരാ ജാസ്മിന്റെ രണ്ടു പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ആരാപ്പാ ഈ മീരാ ജാസ്മിന്‍ ഫാനെന്ന് അവിടുത്തെ ഒരു ചേട്ടനോട് തിരക്കി. കടയുടെ മുതലാളിയുടെ സുഹ്യത്താണത്ര മീര. (അതോ എന്നെങ്കിലും കൂടെ നിന്നു ഫോട്ടം എടുത്ത പരിചയം മാത്രമാണോ ഈ സുഹ്യത്ത് ബന്ധം? ആര്‍ക്കറിയാം) ഞങ്ങള്‍ അതൊക്കെ മറന്ന് മസാല ദോശയിലും ഇത്തിരി പോന്ന ഗ്ലാസില്‍ കിട്ടിയ എലക്കായിട്ട ചായയിലും കോണ്‍സെണ്ട്രേറ്റ് ചെയ്തു. മഹാനന്ദിയിലേയ്ക്ക് ഇനി എത്ര നേരം യാത്രയുണ്ടെന്ന് ചേട്ടനോട് തിരക്കി. മഹാനന്ദിയില്‍ തന്നെയാ നിങ്ങള്‍ എന്നു ഉത്തരം കിട്ടി.നടന്നു പോവാനുള്ള ദൂരമേയുള്ളൂ.പിന്നെന്തിനാ വെറുതെ മുപ്പത് രൂപ ടോളും കൊടുത്ത് വണ്ടിയും കൊണ്ട് അകത്ത് പോവുന്നേ?. ബുദ്ധിപൂര്‍വ്വം വണ്ടി അവിടെ തന്നെ പാര്‍ക്ക് ചെയ്ത് ടോള്‍ ഗേറ്റിലെ ചേട്ടനെ പറ്റിച്ചേയെന്ന ഭാവത്തില്‍ നോക്കി ഞങ്ങള്‍ അമ്പലത്തിലേയ്ക്ക് നടന്നു.
ആദ്യം എത്തുന്നത് നന്ദിയുടെ പ്രതിമയുടെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണിത്. കുറേ സ്ത്രീകള്‍ അതിനു മുന്നിലായിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഒരു വശത്ത് ശിവന്റെ ഒരു ചെറിയ പ്രതിമ കൂടിയുണ്ട്. കുറച്ചു പേര്‍ ശിവന്റെ കൂടെയിരുന്നു ഫോട്ടം പിടിക്കുന്നു.


അവിടെ ഒന്നു വലം വെച്ച ശേഷം അമ്പലത്തിലേയ്ക്ക് നടന്നു. നിറയെ ജീപ്പുകള്‍ കിടപ്പുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സാധാ ഗ്രാമീണരായിരുന്നു സന്ദര്‍ശകരില്‍ മുന്തിയ പങ്കും. പലരും ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ വേണ്ടി പച്ചക്കറിയും ഗ്യാസുമൊക്കെയായാണ് വരവ് കൂടെ ഒരു 200-250 ചപ്പാത്തിയുടെ ഒരു കെട്ടും. മറ്റു ചിലര്‍ അമ്പലത്തിനു മുന്നിലുള്ള ചാലില്‍ തുണിയലക്കി വിരിക്കുന്നതിന്റെ തിരക്കിലാണ്.


അമ്പലത്തിനിടതു വശത്തായി ഒരു ഷെഡില്‍ രഥം കണ്ടു. ഉത്സവത്തിന് ഉപയോഗിക്കുന്നതാവും. അതിനടുത്തുള്ള വ്യത്താക്യതിയില്‍ കെട്ടിയിട്ടിരിക്കുന്ന മതിലിനുള്ളില്‍ മുറം കെട്ടു കെട്ടായി വെച്ചിരിക്കുന്നു. മുറം കച്ചവടം തക്യതിയായി നടന്നു കൊണ്ടിരിക്കുന്നു.


ഓലമേഞ്ഞ നടപ്പാതയിലൂടെ നടന്ന് അകത്തേയ്ക്കുള്ള വാതിലിലെത്തിയപ്പോള്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തി. ടിക്കറ്റ് എടുക്കണമത്രേ. അപ്പോഴാണ് മുന്നിലുള്ള ബോര്‍ഡ് കണ്ടത് സാധാ ദര്‍ശനത്തിനു 5 രൂപ. 50 രുപ ടിക്കറ്റാണേല്‍ സ്പെഷ്യല്‍ ദര്‍ശനവും നടത്താം. സിനിമാ തിയറ്ററില്‍ കയറും പോലെ ശിവനെ ദര്‍ശിക്കാനും ടിക്കറ്റ്! വണ്ടി പൂജിച്ചു കൊടുക്കുന്നതിന് വണ്ടിയുടെ വലിപ്പമനുസരിച്ച് പല പല റേറ്റുകള്‍. ഓരോന്നും അക്കമിട്ട് ബോര്‍ഡില്‍ എഴുതി വെച്ചിട്ടുണ്ട്. വലതു വശത്തെ ടിക്കറ്റ് കൌണ്ടറില്‍ നിന്നും ടിക്കറ്റുമെടുത്ത് അകത്ത് കയറി.പടിപ്പുര കയറി അകത്തേയ്ക്ക് ചെന്നാല്‍ ഇരു വശങ്ങളിലും ഓരോ കുളങ്ങള്‍ കാണാം. ഇത് വിഷ്ണു ഗുണ്ഡം ബ്രഹ്മഗുണ്ഡം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതിലെ വെള്ളത്തിനെ ഇരുണ്ട പച്ചനിറമാണ്.അതില്‍ നീന്തി തുടിക്കുന്ന കോമളന്മാരും കോമളാംഗികളും അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചുകുട്ടികളും. അവരുടെ കുളിസീന്‍ പിടിച്ച് ചുമ്മാ കന്നഡ, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലെ തെറികള്‍ കേള്‍ക്കണ്ടായെന്നു കരുതി അടുത്ത പടിപ്പുര കയറി ഉള്ളിലേയ്ക്ക് പ്രവേശിച്ചു. അവിടെ നടുവില്‍ 60 അടി വലിപ്പമുള്ള ചതുരസ്ക്യതിയിലെ ഒരു കുളവും(രുദ്ര ഗുണ്ടം) അതിനൊത്ത നടുവില്‍ ഒരു മണ്ഡപവും കാണാം.

മഹാനന്ദിയുടെ പ്രത്യേകതയാണീ കുളം. അതില്‍ വെള്ളത്തിന്റെ തെളിമ പറഞ്ഞറിയിക്കാന്‍ വയ്യാ. അടിത്തട്ട് വ്യക്തമായി കാണാന്‍ പറ്റുന്ന രീതിയില്‍ ക്രിസ്റ്റല്‍ക്ലിയറായുള്ള വെള്ളം.


5 അടി ആഴമുള്ള ജലമാണിതെന്ന് ഈ ഫോട്ടോ നോക്കിയാല്‍ തോന്നുമോ?

ഹിമാലയത്തിലല്ലാതെ ഇത്രയും ശുദ്ധതയുള്ള ജലം ഇന്ത്യയിലൊരിടത്തുമില്ലെന്ന് പറയപ്പെടുന്നു. മുന്‍‌കാലങ്ങളില്‍ ഈ കുളത്തില്‍ മുങ്ങി കുളിക്കാന്‍ ആളുകളെ അനുവദിക്കുമായിരുന്നു. ഇപ്പോ എന്തോ അതിലേയ്ക്ക് പ്രവേശനം തടഞ്ഞിരിക്കയാണ്.


വെളളത്തിന്റെ ആഴം എല്ലായ്പ്പോഴും 5 അടിയില്‍ നിലനിര്‍ത്തുന്ന രീതിയിലാണിതിന്റെ നിര്‍മാണം. ഏതു വഴിയില്‍ കൂടെയാണ് ഈ വെള്ളം കുളത്തിലേയ്ക്ക് വരുകയും ഇതില്‍ നിന്നും പുറത്തേ രണ്ടു കുളത്തിലേയ്ക്ക് പോവുകയും ചെയ്യുന്നതെന്ന് ഇതു വരെ കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. പുറത്തുള്ള കുളങ്ങളില്‍ നിന്നും വെള്ളം ക്യഷിയാവശ്യങ്ങള്‍ക്കായി കൊണ്ടു പോവുന്നു. ഏക്കര്‍ കണക്കിന് ക്യഷിനിലങ്ങള്‍ ഈ വെള്ളത്തെ ആശ്രയിച്ച് ക്യഷി നടത്തി വരുന്നു.

ഇവിടെയുള്ളത് സ്വയംഭൂ ലിംഗമാണ്. അതിനു തൊട്ടു താഴെ നിന്നാണ് വെള്ളം പുറത്തേയ്ക്ക് വരുന്നത്. ഈ അമ്പലത്തിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത് ദര്‍ശനത്തിനെത്തുന്നവര്‍ക്കെല്ലാം വിഗ്രഹത്തിലും ഉറവയിലും തൊട്ട് സ്വയം പൂജ ചെയ്യാമെന്നതാണ്. പക്ഷേ അവിടെ ഞാന്‍ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. സെപ്ഷ്യല്‍ ദര്‍ശനത്തിന് ടിക്കറ്റെടുത്തവരെ മാത്രമേ ഇപ്പോള്‍ അതിന് അനുവദിക്കുന്നുള്ളൂ. സെയിത്സ്മാന്മാരെ പോലെ പൂജാരികള്‍ ആളെ പിടിക്കാന്‍ നില്‍ക്കുന്നു. രുദ്രാക്ഷം വില്പനയ്ക്ക് ഓരോരുത്തരുടെയും കയ്യിലുണ്ട്. പൂജയ്ക്കായുള്ള പൂക്കളുടെ കൂട്ടത്തില്‍ നല്ല ഭംഗിയുള്ള ഞാനിതു വരെ കാണാത്ത ഒരു തരം പൂവ് കണ്ടു. ആ പൂവുണ്ടാവുന്ന മരവും ഉണ്ടവിടെ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാനും കല്യാണം നടക്കാതവര്‍ക്ക് കല്യാണം നടക്കാനും ആ മരത്തിനെ വലം വെച്ചാല്‍ മതിയെന്നാണ് വിശ്വാസം.

അമ്പലത്തിനു ചുറ്റിനും വമ്പന്‍ മരങ്ങളുണ്ട്. നല്ലമല കാടിന്റെ അടിവാരത്തായാണീ അമ്പലം സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ 10 മൈല്‍ ചുറ്റളവില്‍ 9 അമ്പലങ്ങള്‍ കൂടിയുണ്ട്. പത്മ നന്ദി, നാഗനന്ദി, വിനായകനന്ദി, ഗരുഡനന്ദി, ബ്രഹ്മനന്ദി, സൂര്യനന്ദി, വിഷ്ണു നന്ദി, സോമനന്ദി, ശിവനന്ദി എന്നിവയാണവ. ഈ അമ്പലങ്ങളിലെല്ലാം ഒരു ദിവസം കൊണ്ട് സൂര്യാസ്തമയത്തിനു മുന്നേയായി ദര്‍ശനം പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം.


1500 കൊല്ലത്തോളം പഴക്കമുള്ള പാരമ്പര്യമുള്ള മനോഹരമായ ക്ഷേത്രം പക്ഷേ വളരെയധികം കച്ചവടവല്‍കരിക്കപ്പെട്ടു പോയിരിക്കുന്നു. ആള്‍തിരക്കില്ലാത്ത, പോക്കറ്റിന്റെ കനം നോക്കി പൂജ ചെയ്യാത്ത, ഒരു പൂജാരി മാത്രമുള്ള ആ ക്ഷേത്രം ഞാനൊന്ന് ഭാവനയില്‍ കണ്ടു. ആ പരിശുദ്ധമായ വെള്ളത്തില്‍ മുങ്ങി കുളിച്ച് ആ വിഗ്രഹത്തില്‍ പൂജ ചെയ്യുന്ന ആ സംത്യപ്തി എന്തായിരിക്കും. പക്ഷേ ഇപ്പോഴുള്ള അതിന്റെ അവസ്ഥ കണ്ട് ഒന്നു പ്രാര്‍ത്ഥിക്കാന്‍ പോലും മറന്നാണ് ഞാന്‍ മഹാനന്ദിയില്‍ നിന്നും ഇറങ്ങിയത്.


തുടര്‍വായന

മഹാനന്ദി ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം

28 comments:

 1. യാരിദ്‌|~|Yarid said...

  ചിത്രങ്ങളും വിവരണവും അടിപൊളി...

  ഈ സ്ഥലത്തു ഞാന്‍ പോയിട്ടുണ്ടല്ലൊ ആഷ. അടിപൊളി സ്ഥലമാണ്. പക്ഷെ ഇത്രെം വിശദമായിട്ടൊന്നും കാണാന്‍ നിന്നില്ല...

 2. നിരക്ഷരന്‍ said...

  ഞാനൊരു തേങ്ങായടിച്ചിട്ട് വായിക്കാമെന്ന് കരുതിയതായിരുന്നു, അപ്പോളാണ് യാരിത് വന്ന് ചാടിയത്.

  അല്ലാ വഴിപോക്കന്‍,ആരോ ഒരാള്‍ പിന്നേം പേര് മാറ്റിയോ ? ഇനി അടുത്ത ആഴ്ച്ച എന്തായിരിക്കും പുതിയ പേര് എന്ന് ഒന്ന് അഡ്വാന്‍സായി പറഞ്ഞാന്‍ നന്നായിരുന്നു.

  ആഷേ ഓ.ടോ. അടിച്ചതിന് മാപ്പാക്കണം. ഉടനെ തന്നെ പോസ്റ്റ് വായിച്ച് തിരിച്ച് വരാം.

 3. യാരിദ്‌|~|Yarid said...

  ഓഫാണ്‍ ആഷ ക്ഷമിച്ചേക്കു..:)
  നീരു ഇനി പേരുമാറ്റുന്നില്ല. സമാധാനമായില്ലെ..?

 4. Anonymous said...

  See Please Here

 5. Vanaja said...

  ഇതുകൊണ്ടൊക്കെയാണാഷാ, ഞാനും അമ്പലത്തില്‍ പോക്ക് നിര്‍ത്തിയത്.മൂന്നുകൊല്ലത്തിനു മുന്‍പാണ് അവസാനമായി ഒരമ്പലത്തില്‍ പോയത്. അതും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി.മനസ്സിനു സമാധാനവും സംതൃപ്തിയും കിട്ടാന്‍ വേണ്ടിയാണ് ദേവാലയങ്ങളില്‍ പോകുന്നത്. ഇപ്പോ അവിടൊക്കെ പോയാല്‍ ഉള്ളതൂടെ പോയി കിട്ടും. എന്നാലും കുറേ കാശും കളഞ്ഞ് തിരുപ്പതീലും,മൂകാമ്പികേലുമൊക്കെ പോയീന്ന് പറയുമ്പം കിട്ടുന്ന പരമാനന്ദം.ഹൊ!അവര്‍ണ്ണനീയം!!!

  ഓ.ടോ
  യാതൊരു പ്രത്യേകതയുമില്ലാത്തതാണെന്റെ പ്രത്യേകത എന്ന് ആഷയാണോ പാടിയത്?:)

 6. ..::വഴിപോക്കന്‍[Vazhipokkan] said...

  നന്നായിരിക്കുന്നു ആശ;പടവും വിവരണവും.അവിടെ പോയിവന്ന ഒരു പ്രതീതി.

 7. Vanaja said...

  മണ്ഡപത്തിന്റെ ചിത്രം ഇഷ്ടമായി:)

 8. സു | Su said...

  ആഷ ഇവിടെയൊക്കെ കറങ്ങിനടന്ന് ഉഷാറായി ജീവിക്ക്യാണല്ലേ? പോയത് നല്ല കാര്യം. ഇനിയും എവിടെയെങ്കിലുമൊക്കെ യാത്ര പോകൂ. സൌകര്യം പോലെ. ഒഴിവുകാലങ്ങളില്‍.

  ചിത്രങ്ങളും വിവരണവും ഒക്കെ നന്നായി. പല ക്ഷേത്രങ്ങളും പണത്തിന്റെ മുകളിലെത്തി. സാധാരണക്കാര്‍ക്ക് ഇനി പ്രവേശനം പോലും ഉണ്ടാവുമോയെന്തോ!

 9. മിന്നാമിനുങ്ങുകള്‍ //സജി.!! said...

  അത് വളരെ സത്യം സു‍..
  പല ക്ഷേത്രങ്ങളും പണത്തിന്റെ മുകളിലെത്തി. സാധാരണക്കാര്‍ക്ക് ഇനി പ്രവേശനം പോലും ഉണ്ടാവുമോയെന്തോ!
  ഈയിടയ്ക്ക് എവിടയോ ഒരു പരസ്യം കണ്ടിരുന്നു അമ്പലമുറ്റത്തെ ആര്‍ച്ചില്‍. ആരോ അത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു എനിക്ക് തോന്നുന്നു മൂര്‍ത്തിമാഷ് ആണെന്ന് ..
  എന്തായാലും ആഷേച്ചീ വിവരണങ്ങള്‍ നന്നായിട്ടുണ്ട്.

 10. തമനു said...

  ആ പരിശുദ്ധമായ വെള്ളത്തില്‍ മുങ്ങി കുളിച്ച് ആ വിഗ്രഹത്തില്‍ പൂജ ചെയ്യുന്ന ആ സംത്യപ്തി എന്തായിരിക്കും.

  സംതൃപ്തി ഒക്കെ കുറച്ച് കാലത്തേക്ക് കാണും .. ഒരു ഒറ്റ ആഴ്ച കൊണ്ട് കുളം ആന്ധ്രാക്കാരും, പാണ്ടികളും എല്ലാം കൂടി കൊളമാക്കിത്തരും. പിന്നെ ആ പരിസരത്തു പോലും പോകാന്‍ ഒക്കില്ല.

  ഫോട്ടോകളും, വിവരണങ്ങളും എല്ലാം ഗംഭീരമായി.

  ഓടോ : ആരുടെ കാറിലാ പോയത്..? നിങ്ങള് പുതിയ കാറ്‌ വാങ്ങിച്ചോ...?

  പിന്നെന്തിനാ വെറുതെ മുപ്പത് രൂപ ടോളും കൊടുത്ത് വണ്ടിയും കൊണ്ട് അകത്ത് പോവുന്നേ?.....

  വണ്ടി പൂജിച്ചു കൊടുക്കുന്നതിന് വണ്ടിയുടെ വലിപ്പമനുസരിച്ച് പല പല റേറ്റുകള്‍....


  ഇതൊക്കെ കാണുമ്പൊ ഒരു സംശയം മണക്കുന്നു .... :)

 11. kichu said...

  മഹാനന്ദിയില്‍ പോപോലെ ഒരു പ്രതീതി.

 12. Liju said...

  chechiye..

  kollam...

  ithu thakarthoo....

 13. ഗുപ്തന്‍ said...

  നല്ല പോസ്റ്റ് ആഷ. നന്ദി ചിത്രങ്ങള്‍ എല്ലാം ഇഷ്ടപ്പെട്ടു.

  സൂര്യകാന്തിപാടത്തിന്റെ പോട്ടം പിടിക്കുമ്പം ഇലട്രിക് പോസ്റ്റ് ഒക്കെ പറിച്ചുമാറ്റിവക്കണം എന്നു അറിയൂല്ലേ പപ്പരാസീ..

 14. ബിന്ദു കെ പി said...

  ആഷേ,
  പുതിയ പോസ്റ്റ് കാണാന്‍ കുറച്ച് വൈകിയോ?. നല്ല വിവരണം. ചിത്രങ്ങള്‍ അതിലും ഉഗ്രന്‍!. പണ്ട് ചിദബരം ക്ഷേത്രത്തില്‍ പോയത് ഓര്‍ക്കുന്നു. അവിടത്തെ ശില്പഭംഗി കണ്ടാലുണ്ടല്ലൊ, അന്തം വിട്ട് നിന്നു പോകും. പക്ഷെ മറ്റു കര്യങ്ങള്‍ കോമഡിയാണ്. അവിടത്തെ പൂജാരി പറഞ്ഞത് 100 രൂപ കൊടുത്താല്‍ ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകാമെന്നാണ്!.

 15. P.R said...

  പതിവു പോലെ ഇതും നന്നായീന്ന് പ്രത്യേകം പറയാതെ വായ പൊത്തി പോകുന്നു ..! :)

 16. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: വിവരണം ബോറഡിപ്പിച്ചില്ലാ..

  “ബുദ്ധിപൂര്‍വ്വം വണ്ടി അവിടെ തന്നെ പാര്‍ക്ക്” ആരുടെ ബുദ്ധി എന്ന് തെളിച്ച് പറയണം.

  സതീഷേട്ടോ ഇതൊന്നും കേള്‍ക്കുന്നില്ലേ ക്രഡിറ്റ് കൈവിട്ട് പോണത് കണ്ടാ

 17. മൂര്‍ത്തി said...

  നന്നായിട്ടുണ്ട്..

 18. Manoj എമ്പ്രാന്തിരി said...

  ലേഖനവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു :)

 19. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  വിവരണവും ചിത്രങ്ങളും മനോഹരമായി

 20. nithin..വാവ said...

  ആഷേച്ചി, പോസ്റ്റ് ഇഷ്ട്ടപ്പെട്ടു
  ഞാനും ട്രിച്ചിയിലെ ശിവ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്.

  റൊക്ക് ടെമ്പിള്‍ , ശ്രീരംഗം ക്ഷേത്രം , തഞ്ചാവൂര്‍
  ബ്രിഹദേശ്വര ക്ഷേത്രം ഇത് മൂന്നും കണ്ടു.

  തഞ്ചാവൂരിലാണ് ഏറ്റവും വലിയ ശിവലിംഗം.
  ആഷേച്ചി പോയിട്ടുണ്ടോ?

  എന്റെ പുതിയ പോസ്റ്റ് കണ്ടൊ?

 21. നിരക്ഷരന്‍ said...

  പുതിയ അറിവുകള്‍ക്ക് നന്ദി. എന്റെ ഭാരതപര്യടനത്തില്‍ മഹാനന്ദി ഉള്‍പ്പെടുത്തിയിരിക്കുന്നു.

  5 അടി ആഴത്തില്‍ വെള്ളം നിലനിര്‍ത്തുന്ന നിര്‍മ്മാണരീതിയെ നമിക്കാതെ വയ്യ. 200-250 എണ്ണത്തിന്റെ ചപ്പാത്തിക്കെട്ടുമായി വരുന്ന കക്ഷികളെ ഇഷ്ടപ്പെട്ടു. എണ്ണം എങ്ങനെ ഇത്ര കൃത്യമായി മനസ്സിലായി. അവര് അമ്പലത്തില്‍ കയറിയ തക്കത്തില്‍ ചപ്പാത്തിക്കെട്ട് തുറന്ന് എണ്ണിനോക്കിയോ ? :) (ഞാന്‍ ഓടി മറഞ്ഞു)

 22. വാല്‍മീകി said...

  നല്ല പടങ്ങളും കിടിലന്‍ വിവരണവും. ഇനി അവിടെ പോകേണ്ടി വരില്ല.

 23. ശ്രീ said...

  ആഷ ചേച്ചീ...
  നല്ല വിവരണം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ ഒരു പ്രതീതി, ആ ചിത്രങ്ങള്‍ കൂടി കണ്ടപ്പോള്‍. എന്നെങ്കിലും ഒന്നു പോകണം.
  :)

 24. ദൈവം said...

  നന്നായിട്ടുണ്ട് :)

 25. ആഷ | Asha said...

  യാരിദ് വഴിപോക്കനോ, ഓഹോ അവിടെം ഒക്കെ സന്ദര്‍ശിച്ചു കഴിഞ്ഞുവല്ലേ.
  നിരക്ഷരന്റെ കമന്റ് കാരണമാണ് എനിക്കാളിനെ പെട്ടെന്ന് മനസ്സിലായത്. ഇനി പേരുമാറ്റം ഇല്ലല്ലോ അല്ലേ :)

  നിരക്ഷരന്‍, പോസ്റ്റ് വായിച്ചിട്ട് തിരികെ വരാം എന്നു പറഞ്ഞു പോയാളെ കാണാണ്ടായപ്പോ ഞാന്‍ കരുതി ഇനി പോസ്റ്റു വായിച്ചു നേരെ മഹാനന്ദിയിലേയ്ക്ക് വിട്ടോയെന്ന് ;)
  ഭാരതപര്യടനത്തിനു ചേര്‍ക്കാന്‍ ഒരു സ്ഥലം കൂടി പറയാം. ബേലം ഗുഹലു അഥവാ ബേലം ഗുഹ. പുറമേ നോക്കിയാല്‍ സമതല പ്രദേശം ഉള്ളില്‍ 3 കി.മീ. നീളമുള്ള ഗുഹ. അതില്‍ 2 കി.മീറ്ററോളം ആളുകള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ഒരു മണിക്കൂര്‍ കാണാനുള്ളതേയുള്ളു കേട്ടോ. വിക്കിയില്‍ കൂടുതല്‍ വിവരങ്ങളുണ്ട്. താല്പര്യം തോന്നുന്നെങ്കില്‍ പോവൂ.

  nidhin, ഞാന്‍ ആ ക്ഷേത്രങ്ങളിലൊന്നും പൊയിട്ടില്ല മോനേ. പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല കേട്ടോ. ഉടനെ തന്നെ കാണുന്നതായിരിക്കും. ആ പോസ്റ്റ് കണ്ട ശേഷം ഈ കമന്റിനു മറുപടിയെഴുതണമെന്നാ കരുതിയേ പക്ഷേ സാധിച്ചില്ല :)

  വനജ, സൂ & സജി,

  അന്നു അവിടെ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടി പറഞ്ഞിരുന്നു ആന്ധ്രയിലെ പല അമ്പലത്തിലും ഇതേയവസ്ഥയുണ്ടെന്ന്. പോയിട്ട് വളരെ ഇഷ്ടപ്പെട്ട് ഒരു അമ്പലമുണ്ട് ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം. അവിടെ കാണിക്കയില്ല. ടിക്കറ്റില്ല. പണമുള്ളവനും ഇല്ലാത്തവനും അവിടെ തുല്യര്‍. അതിനെ കുറിച്ച് വായിച്ചപ്പോഴാണ്‍ ഈ അമ്പലങ്ങള്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്‍ കാരണം മനസ്സിലായത്. endowments department ഏറ്റെടുത്ത ക്ഷേത്രങ്ങളിലാണ്‍ വി. ഐ. പീ പാസും ടിക്കറ്റുമെല്ലാം. ചില്‍ക്കൂര്‍ അമ്പലം അവരേറ്റെടുക്കാതിരിക്കാന്‍ വേണ്ടി ഉള്ള ഓണ്‍ലൈന്‍ പെറ്റീഷനും കണ്ടു. ഗവണ്മെന്റ് ഏറ്റെടുത്താല്‍ ആ ക്ഷേത്രത്തിന്റെ അവസ്ഥയും ഇതു പോലെയാവും.ചില്‍ക്കുറില്‍ പുറത്ത് മാത്രമേ കച്ചവടക്കാരുള്ളൂ മഹാനന്ദിയില്‍ പുറത്ത് കച്ചവടം കുറവും അകത്ത് കൂടുതലുമാണെന്ന് മാത്രം.

  വഴിപോക്കന്‍, നന്ദി

  തമനു, ചിലപ്പോള്‍ അവിടെ പ്രവേശനം നിഷേധിക്കാനുള്ള കാരണം അതാവും.
  ഞങ്ങള്‍ ഒരു സുഹ്യത്തിന്റെ കുടുംബത്തോടൊപ്പം അവരുടെ വണ്ടിയിലാണ് പോയത്. :)

  കിച്ചു, നന്ദി

  ലിജുവേ, ഹ ഹ

  ഗുപ്തന്‍, സൂര്യകാന്തിക്ക് കണ്ണു കിട്ടാണ്ടിരിക്കാന്‍ പോസ്റ്റ് ഒരു മൂലയ്ക്ക് ഇരുന്നോട്ടേന്ന് കരുതി :)

  ബിന്ദു, അതൊക്കെയാ ബിന്ദു ഇപ്പഴത്തെ കാര്യങ്ങള്‍ :(

  പി.ആര്‍, :)

  കുട്ടിചാത്താ, അതു ഞങ്ങളുടെ സുഹ്യത്തിന്റെ ബുദ്ധിയായിരുന്നു. സതീഷേട്ടനു നോ ക്രെഡിറ്റ്സ്

  മൂര്‍ത്തി, മനോജ്, പ്രിയ, നന്ദി :)

  വാല്‍മീകി, സമയവും സൌകര്യവും പോലെ പോവൂ. എന്റെ ശ്രദ്ധയില്‍ പെടാത്ത പല കാര്യങ്ങളും ഇനിയുമുണ്ടാവും :)

  ശ്രീ, ശരി :)

  ദൈവം, നന്ദി.

  എല്ലാവര്‍ക്കും നന്ദി നമസ്കാരം

 26. സാദിഖ്‌ മുന്നൂര്‌ said...

  ഓലമേഞ്ഞ നടപ്പാതയിലൂടെ നടന്ന് അകത്തേയ്ക്കുള്ള വാതിലിലെത്തിയപ്പോള്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തി. ടിക്കറ്റ് എടുക്കണമത്രേ. അപ്പോഴാണ് മുന്നിലുള്ള ബോര്‍ഡ് കണ്ടത് സാധാ ദര്‍ശനത്തിനു 5 രൂപ. 50 രുപ ടിക്കറ്റാണേല്‍ സ്പെഷ്യല്‍ ദര്‍ശനവും നടത്താം. സിനിമാ തിയറ്ററില്‍ കയറും പോലെ ശിവനെ ദര്‍ശിക്കാനും ടിക്കറ്റ്!
  നല്ല നിരീക്ഷണം. നന്നായി.

 27. Pisharody Krishnakumar said...


  അടിപൊളി...

 28. Jo जो جو ജോ said...

  ഇന്നാണ് വായിക്കുന്നത്, എൻ പി ടി യുടെ പ്ലസിലെ ലിങ്ക് വഴി... നല്ല വിവരണവും ഫോടോസും ...