മഹാനന്ദി ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ആദ്യായി ഈ പൂവ് കണ്ടത്. കണ്ടപ്പോഴേ അതിന്റെ ഭംഗിയില്‍ ഞാന്‍ മയങ്ങി പോയെന്നു പറയാം. അവിടെ ഒരോ കോവിലിനുള്ളിലും വിഗ്രഹത്തില്‍ ഈ പൂവ് ചാര്‍ത്തിയിരിക്കുന്നത് കണ്ടു. കണ്ണു മുഴുവന്‍ പൂവിലായിരുന്നതിനാല്‍ ശ്രീകോവിലിലെ വിഗ്രഹവും അതിനു താഴെയുള്ള ഉറവയുമൊന്നും എന്റെ കണ്ണില്‍ പെട്ടിട്ടില്ല. കൂടെയുള്ളവരൊക്കെ ദൂരെയായിട്ടും ഞാനിങ്ങനെ പൂവിലും കണ്ണും നട്ട് മന്ദം മന്ദം നടന്നു. എങ്ങനെ ഇതിന്റെ പേരറിയുമെന്നായിരുന്നു ചിന്ത മുഴുവനും. അങ്ങനെ അവസാനം ഒരു പൂജാരിയുടെ മുന്നില്‍ ചെന്നു പെട്ടു. അങ്ങേരുടെ കൈയ്യില്‍ രുദ്രാക്ഷം വില്പനയ്ക്കുണ്ട്. അതില്‍ നിന്നും രണ്ടെണ്ണം വാങ്ങി ആരും അടുത്തില്ലാത്ത തക്കം നോക്കി പൂവിന്റെ പേരു ചോദിച്ചു. നാഗപത്മേശ്വര പൂവ്‌ലു എന്നാണെന്ന് പറഞ്ഞു. അതു മാത്രമല്ല കോവിലില്‍ നിന്നും ഒരു പൂവെടുത്ത് എന്റെ കൈയ്യിലും തന്നു. അപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു പൂവ് ചോദിച്ചിട്ട് ഒരു പൂന്തോട്ടം മുഴുവനും കിട്ടിയ സന്തോഷമായിരുന്നെനിക്ക്. അതു കൂടാതെ ആ പൂവുണ്ടാകുന്ന മരം പുറകുവശത്തുണ്ടെന്നും അതിനെ വലം വെച്ചാല്‍ നല്ലതാണെന്ന് പറഞ്ഞ് അങ്ങോട്ടേയ്ക്കുള്ള വഴിയും ചൂണ്ടി കാട്ടി.
അങ്ങനെ ആ ചെടി കാണാന്‍ കൂടെ ഉള്ളവരേയും വിളിച്ചു കൂട്ടി അങ്ങോട്ട് നടന്നു. മരത്തിലെ ഇലകളൊക്കെ പൊഴിഞ്ഞ് പുതിയ ഇലകള്‍ വരുന്നതേയുള്ളൂ. മരത്തിന്റെ തായ്തടിയില്‍ നിന്നും തന്നെയാണ് പൂക്കള്‍ വിരിയുന്നത്. അവിടെ താഴ്‌ഭാഗത്ത് പൂക്കളൊന്നും തന്നെ ഉണ്ടായിരുന്നില്ല കായ്കളും കണ്ടില്ല. പൂജയ്ക്കായി പൂക്കള്‍ പറിയ്ക്കുന്നത് കൊണ്ട് കായാവാന്‍ അവസരം കിട്ടാത്തതു കൊണ്ടാവാം. ഇതിന്റെ പൂവിന് ഹ്യദ്യമായ മണമായിരുന്നു.
വീട്ടിലെത്തി ഗൂഗിളില്‍ അല്പം അന്വേഷണം നടത്തിയപ്പോള്‍ മരത്തിന്റെ ഇംഗ്ലീഷ് പേര് cannonball tree എന്നാണെന്ന് മനസ്സിലായി. വടക്കേ അമേരിക്കയാണ് സ്വദേശം. കാഴ്ചയില്‍ പീരങ്കിയുണ്ടയോടുള്ള ഇതിന്റെ കായുടെ സാദൃശ്യമാണ് ഈ പേരു കിട്ടാന്‍ കാരണം. സംസ്ക്യതത്തില്‍ നാഗപുഷ്പമെന്നും തമിഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍ കോടിലിംഗാലു എന്നീ പേരുകളില്‍ അറിയപ്പെടുന്നു.(പക്ഷേ നാഗപത്മേശ്വരാ/നാഗപരമേശ്വരാ എന്നൊന്നും എവിടെയും കണ്ടില്ല) പൂവിന്റെ നടുവില്‍ ശിവലിംഗാക്യതിയില്‍ ഒരു കേസരവും അതിനു ചുറ്റും ലിംഗാക്യതിയിലുള്ള നിരവധി കേസരങ്ങളും അതിനെ സംരക്ഷിക്കുന്ന വിധത്തിലെ ഭാഗത്തിന് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്റെ രൂപസാമ്യവുമാണ് ഈ പേരുകള്‍ക്ക് കാരണം. അതു കൊണ്ടു തന്നെ ശിവക്ഷേത്രങ്ങളില്‍ ഈ പൂവിന് പ്രത്യേക സ്ഥാനമുണ്ട്.
ഈ പൂവ് പ്രധാനമായും ചുവപ്പ്, പിങ്ക്, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. പൂവിന് 6 ദളങ്ങളോട് കൂടി 5-6 സെ.മീ വലിപ്പത്തില്‍ കാണപ്പെടുന്നു. ഈ പൂവ് തേന്‍ ഉല്പാദിപ്പിക്കുന്നില്ല. ലിംഗാകൃതിയിലുള്ള കേസരങ്ങള്‍ പരാഗണത്തിനും പത്തിയുടെ ആകൃതിയിലുള്ളവ തേനീച്ചകളെ ആകര്‍ഷിക്കാനുമാണുള്ളത്. ലാര്‍വയ്ക്ക് കൊടുക്കാന്‍ വേണ്ടി പൂമ്പൊടി അന്വേഷിച്ചു പൂവിനുള്ളില്‍ കയറുന്ന തേനീച്ചയുടെ തലയിലും പുറത്തും ലിംഗാകൃതിയിലെ കേസരങ്ങള്‍ ഉരസി പൂമ്പൊടി പറ്റി പിടിക്കയും മറ്റു പൂവുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവയുടെ കേസരങ്ങളില്‍ അവ നിക്ഷേപിക്കപ്പെട്ടുമാണ് പരാഗണം നടക്കുന്നത്.
ഇതിന്റെ കായ്കള്‍ക്ക് എകദേശം തേങ്ങയുടെ വലിപ്പമുണ്ടാവും. ഇത് മൂപ്പെത്താനായി എകദേശം 12 മുതല്‍ 18 മാസം വേണ്ടി വരും.കായുടെ വലിപ്പമനുസരിച്ച് 65 മുതല്‍ 550 വരെ വിത്തുകള്‍ കാണപ്പെടുന്നു. കട്ടിയുള്ള പുറം തോടിനുള്ളില്‍ 6 അറകളിലായി മാംസളഭാഗം കാണപ്പെടുന്നു.ഉള്ളിലെ ഭാഗത്തിന് ഇളം പൊന്മാന്‍ നീല നിറമാണ്. വായുവുമായുള്ള സമ്പര്‍ക്കത്തില്‍ അതു ഇരുണ്ട നിറമായി മാറുന്നു. കോഴി, പന്നി, കുരങ്ങ് തുടങ്ങി ജീവികള്‍ ആഹരിച്ച് അവയുടെ കാഷ്ടത്തിലും മലത്തിലുമൂടെയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്.പൂവുകള്‍ക്ക് ഹൃദ്യമായ മണത്തിനു വീപരീതമായി കായ്ക്ക് ചീഞ്ഞ മണവുമാണുള്ളത്. ഈ മരം 35 മീറ്ററോളം പൊക്കം വെയ്ക്കുമെന്ന് പറയുന്നു.
ശാസ്ത്രീയ നാമം COUROUPITA GUIANENSIS.
കുടുംബം - Lecythidaceae
ബ്രസീല്‍ നട്ടിന്റെ വകയിലെ സഹോദരനാണിദ്ദേഹം.
എനിക്ക് പൂവിന്റെ മുഴുവനായുള്ള ഫോട്ടോസ് എടുക്കാന്‍ സാധിച്ചില്ല. ചുരുങ്ങിയ സമയം കൊണ്ടുള്ള ഒറ്റകൈ അഭ്യാസത്തിലാണ് ഇത്രയും ഫോട്ടോസ് തന്നെ ഒപ്പിച്ചത്. അതിനാല്‍ കൂടുതല്‍ ഫോട്ടോകള്‍ക്കും വിവരങ്ങള്‍ക്കുമായി താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കുകളില്‍ കൂടി പോവാം.
1.നമ്മടെ മോഹനം ചുള്ളന്‍സും ഇതിന്റെ പടങ്ങള്‍ പോസ്റ്റിയിരുന്നു. അദ്ദേഹം കമന്റിട്ട ശേഷമാണ് അതെന്റെ ശ്രദ്ധയില്‍ പെട്ടത്.
2.ഇവന്റെ കുടുംബചരിത്രവും സ്വഭാവഗുണവുമിവിടുണ്ട്
3.കൂടുതല്‍ ചിത്രങ്ങള്‍
4. എന്നെ പോലെ പൂവിന്റെ പേരും തപ്പിപ്പോയ ഒരു ആസ്ട്രേലിയക്കാരന്റെ കഥ
ഈ മരവും പൂവുമൊക്കെ കണ്ടപ്പോ ഒരാഗ്രഹം എനിക്കും. ഈ മരം ഒരെണ്ണം വെച്ചു പിടിപ്പിക്കണമെന്ന്. ആര്‍ക്കെങ്കിലും ഇതിന്റെ വിത്തുകളോ തൈകളോ എവിടെ കിട്ടുമെന്ന് അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ. പിന്നെ നമ്മുടെ നാട്ടില്‍ ഈ പൂവിനെ എന്തു പേരിലാ വിളിക്കുന്നതെന്നും.
ഏല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വിഷുവാശംസകള്‍!
update 3rd september 2008
ബാഗ്ലൂർ ലാൽബാഗിലെ ഫ്ലവർഷോയോടു അനുബന്ധിച്ചു പ്രദർശനത്തിനു വെച്ചിരുന്ന നാഗലിംഗമരത്തിന്റെ കായ്.
Saturday, April 12, 2008
നാഗലിംഗപുഷ്പം
Subscribe to:
Post Comments (Atom)
56 comments:
ആഷാ- അതിമനോഹരം തന്നെ. ഇങ്ങനൊരു പൂവിനെപ്പറ്റി ആദ്യമാണറിയുന്നത്!
പൂവ്‌ലു സുന്ദര്‍ലു :) അതിനെപ്പറ്റി ഗവേഷണവും ചെയ്ത് പടങ്ങളുമെടുത്ത് ഞങ്ങളോടൊപ്പം പങ്കുവയ്ക്കാന്‍ കാണിച്ച സന്മനസ്സിനെ നമസ്ക്കരിക്കുന്നു.
വിഷു ആശംസകളോടെ..
മനോജ് ഇ. (എമ്പ്രാന്തിരി) “സ്വപ്നാടകന്” :)
കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണൂത്തിയിലുള്ള നഴ്സറിയില്‍ ഇതിന്റെ തൈകല്‍ ലഭ്യമാണ്.
നല്ല ലേഖനം. ഈ പൂവ് ഞാനും കണ്ടിട്ടുണ്ട്
തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജിന്റെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലേക്ക് പോകുന്നവഴിക്ക് ഒരു മരം ഉണ്ട്. നാഗലിംഗപ്പൂവെന്നാണ് അവിടുത്തെ ഒരു വിദ്യാര്‍ത്ഥിസുഹൃത്ത് അതിന്റെ പേരുപറഞ്ഞതെന്ന് ഓര്‍ക്കുന്നു. ഹൃദ്യമായ മണം എന്നൊക്കെ പറയുന്നത് അല്പം കടുത്തുപോയി :(
*********
btw, ഹൃദ്യം => hr^dyam
കൃഷ്ണന്‍ => kr^shNan
സ്വപ്നാടകന്,
വിഷു ആശംസകളോടെ..
മനോജ് ഇ. (എമ്പ്രാന്തിരി) “സ്വപ്നാടകന്” :)
ഇതു കണ്ടപ്പോ സംശയങ്ങളൊക്കെ മാറി കേട്ടോ :)
ശശി, പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട് :)
അനൂപ്, :)
ഗുപ്തന്‍, എനിക്ക് നല്ല മണമായാ തോന്നിയേ. അപ്പോള്‍ മലയാളത്തിലൂം നാഗലിംഗം തന്നെ അല്ലേ.
പിന്നെ കൃ... ഹൃ ..ഒക്കെ അറിയാം ചില സമയം മടിയായിട്ട് നേരാവണ്ണം ടൈപ്പാത്തതാ :)
ഇത്ര വിശദമായി പരിചയപ്പെടുത്തിയല്ലോ..നന്നായിട്ടുണ്ട് ട്ടാ..
ഈ നാഗപുഷപം എന്നുള്ള പേരിതിനു എങ്ങ്നെ വന്നു.നാഗവും ആരാധനയുമൊക്കെ ഒരു ഇന്ത്യന്‍ സംസ്കാരഠിന്റെ ഭാഗമല്ലേ
പോസ്റ്റ് നന്നായിട്ടുണ്ട്. ക്ലോസപ്പില്‍ പൂവിനൊരു പേടിപ്പിക്കുന്ന ലുക്ക്..
നല്ല പൂവാണല്ലൊ ആഷ.. ഒരു ട്രിപ്പില്‍ തന്നെ എല്ലാ ഫോട്ടൊയും എടൂത്തു വന്നിരികുവാണല്ലെ, എനിക്കു പിടികിട്ടി കെട്ടൊ..
വിഷു ആശംസകളുണ്ട്..:)
ഈ പൂവും മരവും ആദ്യമായാ കാണുന്നത്. (എന്നുവച്ചാല്‍ ബാക്കി ലോകത്തുള്ള സകല മരവും എനിക്ക് അറിയാം എന്ന്.) നന്ദി ആഷേ.
കരമന NSS college ല്‍ ഇത്തരം ഒരു മരമുണ്ട്, സര്‍പ്പഗന്ധിയെന്നാണ് അവിടതെയന്നതെ മേട്രന്‍ പറഞ്ഞുള്ളയറിവ്. പിന്നെയിതു കാണുന്നത് തിരുവനന്തപുരതെ സൂവിന്റെ വളപ്പിലാണ്. അവിടെയും സര്‍പ്പഗന്ധിയെന്ന പേരാണ് ഞാന്‍ കേട്ടത്
(may be തിരൊന്തരമായതിനാലാണൊയെന്നറിയില്ല, ക്ഷമീരു)
ഇത്രയും ഡീറ്റേയ്ല്ഡ് വിവരണം “ക്ഷ” പിടിച്ചൂ..നന്ദി :)
വിവരണവും ചിത്രങ്ങളും നന്നായി ഇഷ്ടപ്പെട്ടു
വിഷു ആശംസകള്‍
ചിത്രങ്ങളും അതിന്റെ പിന്നിലെ അന്വേഷണങ്ങളും നന്നായി... തികച്ചും വിജ്ഞാനപ്രദം.
"നാഗപുഷ്പം ചൂടിനില്‍ക്കും രാത്രീീീീ......
ചന്ദനപ്പൂമ്പുടവചാര്‍ത്തിയ രാത്രി..
കഞ്ചബാണ ദൂതിയായ് നിന്നരികിലെത്തി
ചഞ്ചലേ നിന്‍ വിപഞ്ചിക തൊട്ടുണര്‍ത്തീ..
നാഗപുഷ്പം ചൂടിനില്‍ക്കും രാത്രീീീീ......"
ഇനിയിപ്പോ പാട്ട് അങ്ങിനെയല്ല ഇങ്ങനെയല്ല എന്നൊന്നും പറഞ്ഞ് തലയില്‍ കയറാന്‍ വരണ്ട. ഇങ്ങനെ തന്നെയാന്ന് കരുതിയാ മതി...
ഇനി കാര്യ പരിപാടിയിലേക്ക് കടക്കട്ടെ..
“നല്ല പോസ്റ്റ്.. ആദ്യചിത്രം അതി മനോഹരം..നല്ല വിശദീകരണം..”
ങാ അത്ര മതി അഭിപ്രായം..! പിന്നെ, എല്ലാരും ഒരോ കോളജിന്റെ മുറ്റത്തെത്തിയല്ലോ ഇത് വായിച്ചപ്പോ... ങാ ഹാ... ! അത്രക്കായോ..!? ഞാനായിട്ടെന്തിനാ കുറക്കുന്നത്?
കണ്ണൂര്‍ SN കോളജിന്റെ വോളീബോള്‍ ഗ്രൌണ്ടിലേക്ക് പോകും വഴി ഞാനും കണ്ടു മരങ്ങള്‍. ഇതിന്റെ കായ്കള്‍ക്ക് എകദേശം നല്ല വലിപ്പമുണ്ടാവും. ഇത് മൂപ്പെത്താനായി എകദേശം 5 മുതല്‍ 6 മാസം വേണ്ടി വരും. 10 മുതല്‍ 40 വരെ കായ്ക്കള്‍ ഒരൊ മരത്തിലും കാണപ്പെടുന്നു. കട്ടിയുള്ള പുറം തോടിന്റെ ഉള്ളിന്റെ ഉള്ളില്‍ 1 അറയിലായി വെള്ള നിറത്തിലുള്ള മാംസളഭാഗം കാണപ്പെടുന്നു. ഹ്യദ്യമായത് എന്നോ ചീഞ്ഞത് എന്നോ പറയാന്‍ മാത്രം കായ്ക്ക് പ്രത്യേകിച്ച് മണമൊന്നുമില്ല. ഈ മരം 15-18 മീറ്ററോളം പൊക്കം വെയ്ക്കുമെന്ന് പറയുന്നു.
ശാസ്ത്രീയ നാമം : Cocos nucifera
കുടുംബം : Arecaceae
നാട്ടുകാര്‍ ആ മരത്തിനെ തെങ്ങ് എന്നാണ് പോലും വിളിക്കുന്നത്...
ആാാാ....... ഞാന്‍ പിന്നെ കൂടുതല്‍ അന്വേഷിക്കാന്‍ പോയില്ല...
ന്നാ ഞാന്‍ പോട്ടേ ആഷേച്ചീ...
:-)
പൂവിനെപ്പറ്റി ഗവേഷണവും ചെയ്ത് പടങ്ങളു...
ഇത്ര വിശദമായി പരിചയപ്പെടുത്തിയല്ലോ..നന്നായിട്ടുണ്ട് ...
ആഷേ...
എറണാകുളം മഹാരാജാസ് കോളേജിനു പുറകില്‍ ഈ മരമുണ്ട്. ബൊട്ടണി ലാബിന്റെ അരികില്‍.
ക്ലാസ്സുകഴിഞ്ഞാല്‍ ഈ പൂക്കളെ നോക്കി നില്‍ക്കുമായിരുന്നു.
വല്ലാതെ മോഹിപ്പിക്കുന്ന ഒരു ഗന്ധമാണീ പൂക്കള്‍ക്ക്.
ചിലര്‍ക്കിതു തീരെ പിടിക്കില്ല.
“സര്‍പ്പഗന്ധി“ എന്നാണു ഞങ്ങള്‍ വിളിക്കാറ്. രണ്ടും ഒന്നു തന്നെ, നാഗവും സര്‍പ്പവും.
അഭിലാഷങ്ങള്‍..."നാഗപുഷ്പം ചൂടിനില്‍ക്കും രാത്രീ... വേണ്ടാട്ടൊ.. ഇന്ദുപുഷ്പം തന്നെ മതി.
ആഷ,
നല്ല വിവരണം. ഞങളുടെ കുടുംബത്തില്‍ 2 മരം മുമ്പു ഉണ്ടായിരുന്നു . ഏകദേശം 30 മീറ്റര്‍ മുകളില്‍ പൊക്കവും ഉണ്ടായിരുന്നു. അന്ന് അതിനെ ശിവലിംഗം എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അതിന്‍റെ വേരുകള്‍ വളന്നു മതില്‍ ഇടിചുകളഞപ്പോള്‍ രണ്ടും വെട്ടി കളഞ്ഞു. കായ വീണു കിടക്കുനിടത് ഇഷ്ടം പോലെ തൈകളും ഉണ്ടാകും .പിന്നെ ഇതിന്‍റെ കായ വീണു കിടന്നാല്‍ മഴയത്ത് നാറ്റവും കൊതുകും പിന്നെ അട്ടയുട സുഖവാസവും ഫലം . തോടിന്നു കട്ടി കുടുതല്‍ കാരണം പെട്ടന്ന് കായ നശിക്കില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഇല പോഴിക്കുന്നതിനാല്‍ മുറ്റത്തോട് ചേര്ന്നു വയ്ക്കാനും ഒക്കില്ല...
അഞ്ചാം ക്ലാസിലെ വെക്കേഷന്, വീട്ടില്‍ ശല്യമുണ്ടാക്കണ്ട;മര്യാദപഠിക്ക്വേം ചെയ്യും എന്നീ കാരണങ്ങള്‍ വെച്ച് അച്ഛന്‍ എന്നെ യോഗ പഠിക്കാന്‍ വിട്ടു.ഒരുമാസക്കാലം നെയ്യാറിന്റെ കരയില്‍ ‘പറക്കും സ്വാമി’യുടെ ആശ്രമത്തില്‍!!
അവിടെ ആ ആശ്രമത്തിന്റെ മുറ്റത്ത് നിറയെ വലിയപൂക്കള്‍ വീഴ്ത്തുന്ന ഈ മരമുണ്ടായിരുന്നു.അന്ന് ഒരാള്‍ പറഞ്ഞപേര് “നാഗശയ്യ” എന്നായിരുന്നു.‘കണ്ടില്ലേ അതില്‍ ആയിരം തലയുള്ള പാമ്പും വിഷ്ണു കിടക്കുന്നപോലെ ഒരു പാമ്പന്‍ കട്ടിലും?’എന്നൊരു എക്സ്പ്ലനേഷനും!
ഇതിന്റെ ആകൃതിയില്‍ ഭക്തിയും ഭയവുമൊക്കെ ആരോ നിറച്ചുവക്കുന്നുവെന്ന് ഒരു തോന്നല്‍..
എന്തായാലും ആഷ,പടം നന്നായി.വിശദമായ വിവരണവും എറിച്ചു!
ആഷേച്ചീ ചേച്ചിയുടെ പുതിയ പോസ്റ്റ് കണ്ടു. അപ്പോള്‍ എനിക്ക് സത്യത്തില്‍ കരച്ചിലാണ്‍ വന്നത്, എന്താണെന്നോ ദേ ഇതൊന്നു നോക്കിയേ...
http://nerkaazchakal.blogspot.com/2008/01/blog-post_24.html
സംഭവം നടന്നത് ജനുവരിയിലാണേ...... എന്നോടു ദേക്ഷ്യം തോന്നല്ലേ
ഒരു കാര്യം മറന്നു
വിഷു ആശമ്സകള്‍
നല്ല വിവരണവും ചിത്രങ്ങളും.
വിഷു ആശംസകള്‍...
ആഷേ ഇതു സര്‍പ്പഗന്ധിതന്നെ. എത്രമരം കാണണം, കായംകുളത്തേക്ക് വാ.
നല്ല പോസ്റ്റ്, നല്ല വിവരണം, കീപ്പിറ്റപ്പ്.
മോഹനം ഇതേ വിഷയത്തില്‍ ഒരു പോസ്റ്റ് മുമ്പിട്ടു എന്നുകരുതി വീണ്ടും ആഷ ആ വിഷയത്തില്‍ ഒരു പോസ്റ്റിടുന്നതിന് തെറ്റൊന്നുമില്ല. ഉണ്ടോ? ഓരോരുത്തര്‍ക്കും അവരവരുംടെ ബ്ലോഗും പോസ്റ്റും.
പിന്നെ, സതീശനും ആഷയ്ക്കു വിഷു ആശംസകളും രണ്ടുദിവസം അഡ്വാന്‍സായി ഒരു വിവാഹ വാര്‍ഷിക ആശംസകളും നേരുന്നു.
അപ്പു, ദീപ
ഉണ്ണിമോള്‍, മനുക്കുട്ടന്‍
ആഷൂ..simply superb..
നാഗലിംഗപ്പൂക്കളെക്കുറിച്ച് കേട്ടിരുന്നു..സന്തോഷം കൂടുതലറിയാന്‍ കഴീഞ്ഞതില്‍.. നാഗലിംഗപ്പൂക്കളും,സര്‍പ്പഗന്ധിയും രണ്ടും,രണ്ടാണ്..
സര്‍പ്പഗന്ധിയെക്കുറിച്ചറിയാന്‍ http://sarpagandhi.blogspot.com
ഇവിടെ നോക്ക്യേ...
ഇതല്ലെ സര്‍പ്പ ഗന്ധി ആഗ്നെ?
http://sarpagandhi.blogspot.com/2007/11/blog-post_18.html
http://bp1.blogger.com/_pQzY5C3xQzw/R0B9UwqEF2I/AAAAAAAAAEk/M3fFcq9yNAc/s1600-h/Ravolfia%5B1%5D.jpg
ഇതെവിടെയൊക്കെയോ കണ്ടിട്ടുണ്ട്. ആ വലിയ കായ്‌കളാണ് എപ്പൊഴും ശ്രദ്ധിയ്ക്കുക. പൂക്കള്‍ അടുത്തു കാണാന്‍ സധിച്ചിരുന്നില്ല.
പോസ്റ്റ് അഭിനന്ദനാര്‍ഹം.
:)
മയൂര, ആഗ്നേയ, അപ്പു, കിച്ചു,യാരിദ്,
ഞങ്ങളുടെ നാട്ടിലും ഇതിനെ സര്‍പ്പഗന്ധിയെന്നു വിളിക്കുമെന്ന് അന്വേഷിച്ചറിഞ്ഞു. എന്നാല്‍ കേരളത്തില്‍ പ്രദേശികമായി സര്‍പ്പഗന്ധിയെന്നറിയപ്പെടുന്ന മൂന്ന് ചെടികളുണ്ടെന്നാണ് ഇപ്പോഴത്തെ എന്റെ അറിവ്.
1. അമല്പൊരി എന്ന പേരില്‍ അറിയപ്പെടുന്ന സര്‍പ്പഗന്ധി അഥവാ സര്‍പ്പഗന്ധ. അതാണ് മൈനയുടെ സര്‍പ്പഗന്ധിയെന്ന ബ്ലോഗില്‍ പറഞ്ഞ ചെടി.
മലയാളം വിക്കിയിലും കുറച്ചു കാര്യങ്ങളുണ്ട്.
ഇത് Indian snake root എന്ന പേരില്‍ അറിയപ്പെടുന്നു.
അതിന്റെ ശാസ്ത്രീയ നാമം- Rauwolfia serpentina.
സംസ്ക്യതത്തില്‍ സര്‍പ്പഗന്ധം,നാകുലി, സര്‍പ്പാദനീ, രക്തത്രിക എന്നും
ഹിന്ദിയില്‍ ചോട്ടാഛന്ദ് എന്നും
തമിഴില്‍ ശിവന്‍മേല്പൊടി എന്നും
തെലുങ്കില്‍ പാടലഗന്ധി എന്നും അറിയപ്പെടുന്നുവെന്ന് ഡോ. എസ് നേശമണിയുടെ ഔഷധസസ്യങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നു.
വളരെയധികം ഔഷധഗുണമുള്ള ചെടിയാണിത്. രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, മാനസികരോഗത്തിന് ഷോക്കിനും പകരമുള്ള ഔഷധം എന്നിവയൊക്കെ ഈ ചെടിയുടെ വേരില്‍ നിന്നും ഉണ്ടാക്കുന്നു. സര്‍പ്പവിഷത്തിനെതിരായും നാട്ടുമരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുളള ലിങ്കുകള്‍ നോക്കാം.
http://212.204.218.231/pages/Indian%20Snakeroot.html
http://www.organoindia.org/index2.php?option=com_content&do_pdf=1&id=22
http://naturalmoms.org/botanical_materia_medica/RauwolfiaSerpentina.htm
2. ശവക്കോട്ടപച്ച,ശവനാറി, നിത്യകല്യാണി,ഉഷമലരി, എന്നീ പേരുകളിലറിയപ്പെടുന്ന ചെടി [Catharanthus (Madagascar Periwinkle)]. അതും ചിലയിടങ്ങളില്‍ സര്‍പ്പഗന്ധിയെന്ന പേരില്‍ വിളിച്ചു വരുന്നുണ്ട്. ഇതിനും ഔഷധഗുണം ഒത്തിരിയുണ്ട്.
http://biotech.icmb.utexas.edu/botany/perihist.html
3. ഈ പോസ്റ്റിലെ നാഗലിംഗപുഷ്പം. ഇതും കേരളത്തില്‍ പല സ്ഥലങ്ങളില്‍ സര്‍പ്പഗന്ധിയെന്ന പേരില്‍ അറിയപ്പെടുന്നു.
എന്റെ നാട്ടില്‍ തന്നെ ഈ മരം പല സ്ഥലത്തും ഉണ്ടെന്ന് വിവരം കിട്ടി. അതു കൊണ്ട് വിത്ത് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാവില്ലെന്ന് കരുതുന്നു.
മെലോഡിയസ് , നന്ദി.
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ , നാഗപുഷ്പം, നാഗലിംഗം എന്നിവ ഇന്ത്യന്‍ പേരുകളാണ്. cannon ball tree എന്നാണ് ഇംഗ്ലീഷ് പേര്. പീരങ്കിയുണ്ടയൊടുള്ള കായുടെ രൂപസാദ്യശ്യമാണ് ആ പേരു വരാന്‍ കാരണം.
മൂര്‍ത്തി, അതേയോ :)
യാരിദ്, ഹ ഹ മനസിലായി അല്ലേ :)
ദേവേട്ടാ, നന്ദി
പ്രിയ, നന്ദി
ഇത്തിരിവെട്ടം, നന്ദി
അഭിലാഷങ്ങള്‍, ഹ ഹ
അധികം ആ മരത്തിന്റെയും ഈ മരത്തിന്റെയും ചുവട്ടില്‍ നിന്നുള്ള അന്വേഷണം വേണ്ടാട്ടോ.Cocos nucifera യോ COUROUPITA GUIANENSIS കായോ തലയില്‍ വീണാല്‍ എപ്പം പണിതീര്‍ന്നൂന്ന് ചോദിച്ചാ മതി.
എം.എച്ച്.സഹീര്‍ , നന്ദി
പ്രവീണ്‍ ചമ്പക്കര, അങ്ങനെ ഈ മരം സ്വന്തമായി ഉണ്ടായിരുന്ന ഒരാളെ കണ്ടുമുട്ടിയതില്‍ സന്തോഷം. എനിക്ക് ഒരു സംശയം കൂടിയുണ്ട്. ഇതിന്റെ കായുടെ ഉള്ളിലുള്ള ഭാഗത്തിന് പൊട്ടിച്ചയുടനെ വെള്ള നിറമാണോ? അതു നിറം മാറി നീലയാവുന്നതാണോ?
പിന്നെ ഇതിന്റെ വേരുകളെ കുറിച്ച് വായിച്ച കൂട്ടത്തില്‍ കണ്ടിരുന്നു. ഇലപൊഴിക്കുന്നത് ഒരോ പ്രദേശത്തിന്റെ കാലാവസ്ഥയനുസരിച്ചാണെന്ന് തോന്നുന്നു. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യവും ചില സ്ഥലങ്ങളില്‍ അതിലും കൂടുതലും ഇത് ഇല പൊഴിക്കാറുണ്ടെന്ന് വായിച്ചിരുന്നു.
ഹരിയണ്ണന്‍, എത്രയെത്ര പേരുകളല്ലേ . നാഗശയ്യ, ശിവലിംഗം, സര്‍പ്പഗന്ധി, അങ്ങനെയങ്ങനെ
മോഹനം, ചുള്ളന്‍സിന്റെ ബ്ലോഗിലേയ്ക്ക് ഞാനൊരു ലിങ്ക് കൊടുത്തിട്ടുണ്ട്. മുഴുവനായും ഈ പൂവിന്റെ പടം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാമല്ലോ. വിരോധമുണ്ടാവില്ലെന്ന് കരുതുന്നു.
വാല്‍മീകി, നന്ദി
അപ്പൂ, മോഹനം അങ്ങനെയൊരു ഉദ്ദേശത്തിലല്ലാ പറഞ്ഞതെന്നു തോന്നുന്നു. ഒരാള്‍ ഒരു വിഷയത്തില്‍ പോസ്റ്റിട്ടാല്‍ മറ്റൊരാള്‍ക്ക് അതേ വിഷയത്തില്‍ ഇടാന്‍ പാടില്ലായെന്ന് ഞാനും കരുതുന്നില്ല. ഒരു വിഷയമാണെങ്കില്‍ പോലും എഴുതി വരുമ്പോള്‍ ഓരോത്തരുടെ അവതരണരീതി, എഴുതുന്നതിന്റെ ശൈലി എന്നിവ കൊണ്ട് വ്യത്യസ്തമാവുമല്ലോ പോസ്റ്റുകള്‍.
പിന്നെ അഡ്വാന്‍സ് വിവാഹവാര്‍ഷികാശംസകള്‍ക്ക് നന്ദിയും അഡ്വാന്‍സായി പറഞ്ഞിരിക്കുന്നു.
കിച്ചു, മണത്തിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. ഇവിടെ തന്നെ കണ്ടില്ലേ ഗുപ്തന് അതിന്റെ മണം ഒട്ടും തന്നെ ഇഷ്ടമായില്ലെന്ന് തോന്നുന്നു. എനിക്ക് നന്നായും തോന്നി.
ശ്രീ, കായ് കണ്ടിട്ടുണ്ടല്ലേ. ഞാന്‍ മറിച്ച് പൂവ് മാത്രമേ കണ്ടിട്ടുള്ളൂ. :)
ഏല്ലാവര്‍ക്കും നന്ദി നമസ്കാരം
കൊള്ളാം.. ഇതിന്റെ കായ്ക്ക് പൊതിച്ച തേങ്ങയുടെ വലിപ്പമുണ്ട്... പിന്നെ ഞാനും കുറച്ചു ഫോട്ടോ എടുത്തിട്ടുണ്ട്..
http://flickr.com/photos/blue-fern/2381702509/
http://flickr.com/photos/blue-fern/2171990265/
http://flickr.com/photos/blue-fern/440419594/
cheers
retheesh
-Happy Wedding anniversary-
-stella
ചാത്തനേറ്: എന്നാലും ആഷേച്ചി മലയാളിയാണോന്നൊരു സംശയം!! അത്രയ്ക്കങ്ങട് ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ അതിന്റെ കായോ തണ്ടോ വേരോ അടിച്ച് മാറ്റി വീട്ടില്‍ നട്ടുനോക്കുമായിരുന്നില്ലേ?
ആഷ
ഇതിന്‍റെ കായ വെള്ള നിറം എന്ന് പറയാം..ഒരു മഞ്ഞ കലര്ന്ന വെള്ള നിറം. തോടിനു നല്ല കട്ടി ഉണ്ട്. മരം വണ്ണം വയ്ക്കുനതിനു അനുസരിച്ച് വേരുകളും മുകളിലേക്ക് പൊങ്ങി വരും. മരം ഒരു സോഫ്റ്റ് വുഡ് അന്ന് എന്ന് തോനുന്നു . പാഴ് തടി ആയാണ് നല്കിയത് . ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ഇല പൊഴിച്ചു കണ്ടിട്ടുണ്ട്. ആ സമയം കായും അതുണ്ടാകുന്ന തണ്ടും മാത്രമെ കാണാന്‍ സാധിക്കു. കായ വീണു കിള്ര്‍ക്കുനതുകൊണ്ട് ഇതു നില്കുന്നതിന്റെ ചുവട്ടില്‍ ഇഷ്ടം പോലെ തൈകള്‍ മഴക്ക് ശേഷം കാണാം
അഷേച്ചീ എനിക്കു വിരോധം ഒന്നും ഇല്ലാ - സ്ന്തോഷമേയുള്ളൂ. ചേച്ചി അവിടെ ചോദിച്ചതിനു മറുപടി അവിടെത്തന്നെ ഇട്ടിട്ടുണ്ട്.
അപ്പുവണ്ണോ ഞാന്‍ അങനെ പറഞ്ഞോ , പലതവണ വായിച്ചു നോക്കിയിട്ടും ഞാന്‍ കണ്ടില്ലാ.... എനിക്കു വിരോധം ഉണ്ടെന്ന് അഷേച്ചി പോലും കരുതും എന്നു തോന്നുന്നില്ലാ... അണ്ണനും അതിന്റെ പടം എടുക്കാം , ഞാന്‍ എടുത്ത പടാം കായംകുളത്തിനടുത്തുള്ള പന്മന ആശ്രമത്തില്‍ നിന്നാണ്
Great ! Kudos to the effort ....
http://www.flickr.com/photos/challiyan/2334356381/
ദാ ഇറത തൃശൂരിലെ മൃഗശാലയില് നിന്നെടുത്തതാണ്. വിത്ത് അവിടെ കിട്ടണം
പൂവിനെ എനിക്ക് പരിചയം ഉണ്ട് ആഷാ. ആ മരത്തിന്റെ ഇംഗ്ലീഷിലെ പേരും അറിയാമായിരുന്നു. പിന്നെ ഇത് കിട്ടുന്ന ഒരു സ്ഥലം എനിക്കറിയാം.മറനാട്ട് മനയില്‍ ഒരു വലിയ മരം ഞാന്‍ കണ്ടു. മലപ്പുരം വരെ പോയാല്‍ കാര്യം നടക്കും. എന്തായാലും പൂവിനെപ്പറ്റിയുള്ള ബാക്കി വിവരങ്ങള്‍ക്കും പോസ്റ്റിനും നന്ദി.
ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി.പൂജാരി ഒരു പൂവ് എടുത്ത് തന്നപ്പോള്‍,
“ഒരു പൂ മാത്രം ചോദിച്ചു
ഒരു പൂക്കാലം നീ തന്നു ”
എന്ന പാട്ട് പാടാന്‍ തോന്നിയില്ലേ ?
(ഞാന്‍ ഓടി.)
ആഷാജീ നല്ല പടം നല്ല വിക്ഞാനപ്രദമായ പോസ്റ്റ്.
ആഷാ,ഈ നാഗലിംഗപ്പൂവ് നമ്മുടെനാട്ടിലും
കണ്ടിട്ടുണ്ട്,പിറവത്തുള്ള ഒരു ആശ്രമത്തില്‍.
ഇന്നിവിടെ വന്ന് കുറെ അവിടെയിവിടെയൊക്കെ ക്ലിക്കി,
ബ്ലോഗിനുപയോഗമാകുന്ന കുറെ വിവരങ്ങള്‍ കിട്ടിട്ടൊ.കുറെ നന്ദി.
വിക്കിയിലുള്ള ബ്ലോഗ്ഗിങ്ങ്ടിപ്പ്സൊക്കെ ഇപ്പോഴാണ്‍ കാണുന്നതു തന്നെ.
കോട്ടയം ശാസ്ത്രി റോഡിന്റെ അരികുകളില്‍ വലിയ നിര തീര്‍ത്തു നില്‍കുന്ന ഇവയുടെ പൂക്കള്‍ എന്നെയും ഒരുപാടക്ഷിച്ചിട്ടുണ്ട്. ഈ പറയുന്ന തേങ്ങ മുഴുപ്പുള്ള കായയും പിന്നെ ഈ ചിത്രങ്ങളിലെ പൂക്കളും ഒരു പാടോര്‍മ്മകള്‍ കൊണ്ടു വന്നു.
നല്ല പോസ്റ്റ്
ഈ മരം ഞാനും കണ്ടിട്ടുന്റ്... അതിനെക്കുറിചിത്രയും വിവരം നല്‍കിയതിനു നന്ദി
ee maravum kandittilla pookkalum kandittilla. pookkale sradhichirunnilla sradhikkaan maathramulla oru vivaranam undaayathu kondu ithoru thudakkamaakkunnu nandi.
ഞാന്‍ കണ്ടിട്ടുണ്ടോ എന്ന് കുറെ ആലോചിച്ചു..പക്ഷെ എന്തായാലും തല്‍ക്കാലം ഇല്ലന്നു തോന്നുന്നു..പക്ഷെ ഊ ചിത്രങങളും വിവങ്ങളും കൊണ്ട് ഞാന്‍ ഒരു എക്സ്പേര്‍ട്ടായില്ലെ ഇനി ആരെങ്കിലും ഈ പൂവിനെക്കുറിച്ചൊന്നും ചോദിക്കുകയേവേണ്ടു..നന്ദി..
തൃശൂര് കാഴ്ചബംഗ്ലാവിലാണോ ഇത് കണ്ടിട്ടുള്ളത്?
ഓര്‍മ്മയില്ല.
എന്തായാലും പൂക്കള്‍ ഇഷ്ടപ്പെട്ടില്ല അന്ന്.
തണ്ട് തുളച്ചുവരുന്ന കള്ളിപ്പൂക്കള്‍ കാണുമ്പോഴും ഒരു തരം ഭയമാണ്.
ആഹാ ഞാന്‍ ആയിടു എന്തിനാ ഇനി കുറയ്ക്കുന്നെ .. ചങ്ങനാശേരി എസ് ബി കോളേജിന്റെ ഓഫീസിനു അടുത്ത് ഉണ്ട് ഇതിന്റെ ഒരു മരം ... നാഗലിംഗം എന്ന് ബോട്ടണികാര് ബോര്‍ഡ് വെച്ചിരിക്കുന്നു .... അതിന്റെ കൂടെ ഒരു ഇടിവെട്ട് പേരു ഉണ്ട് (ശാസ്ത്ര നാമം ) .പിന്നെ തിരുവനന്തപുരം ബോണകാടു വെള്ളച്ചാട്ടം കാണാന്‍ കാട്ടിലൂടെ നടന്നപോള്‍ ഇതിനെ കണ്ടിരുന്നു ..... കായ് പൊട്ടിച്ചു നോക്കി ഞാന്‍ എന്റെ കൈ വെറുതെ കുളംആയി. ഫുഡ്ബോള്‍ കളിക്കാന്‍ നല്ലതാണു എന്ന് പറയപെടുന്നു
രതീഷ്, ഫോട്ടോസ് ഒക്കെ കണ്ടു കേട്ടോ. പൊതിച്ച തേങ്ങേടെ അത്രേമേ ഉള്ളോ? ഞാന്‍ കണ്ടിട്ടില്ല കായ് . അതു കൊണ്ട് കരുതിയിരുന്നത് പൊതിക്കാത്ത തേങ്ങയുടെ അത്രയും വലിപ്പമുണ്ടെന്നായിരുന്നു.
സ്റ്റെല്ലാ, ഒത്തിരിയൊത്തിരി സന്തോഷം തോന്നി ഇങ്ങനെ ഓര്‍ത്തിരുന്ന് വന്ന് ആശംസിച്ചതില്‍. അതിനു മറുപടി പറയാന്‍ ഇത്രയും വൈകിയതില്‍ ക്ഷമിക്കണോട്ടോ. എന്തേ ഇപ്പോ ആളെ കാണ്മാനേയില്ലല്ലോ?
കുട്ടിചാത്തോ, എന്നിട്ട് വേണം എനിക്ക് അവിടുളളവരുടെ തല്ലു മേടിച്ചു കൂട്ടാന്‍ അല്ലേ. ഒന്നാമതേ ഞാന്‍ പേടിച്ചു പേടിച്ചാ ഫോട്ടോ എടുത്തത് ആരേലും വന്നു ഫോട്ടോയെടുക്കാന്‍ പറ്റൂല്ലാന്ന് പറഞ്ഞാലോന്ന് കരുതി. അപ്പോ പിന്നെ വേര് മാന്താന്‍ കൂടി നിന്നാലോ? :))
പ്രവീണ്‍, നന്ദി ഇതൊക്കെ പറഞ്ഞു തന്നതിന്. :)
മോഹനം, സാരമില്ല പോട്ടേ ചുള്ളന്‍സ്
ചെള്ളിയാന്‍, പടം കണ്ടു കേട്ടോ.
രാഹുല്‍, നന്ദി :)
നിരക്ഷരന്‍, എന്നിട്ട് വേണം വല്ല അനാവശ്യമാ പറയണതെന്ന് വിചാരിച്ച് തെലുങ്കന്‍ പൂജാരി എനിക്കിട്ട് തല്ലാന്‍ അല്ലേ. നിരക്ഷരന്‍ മഹാനന്ദിയില്‍ പോവുമ്പോ പാടിയാ മതി . ഓരോരുത്തര് ഓരോ ഐഡിയാകളും കൊണ്ട് ഇറങ്ങിക്കോളൂ. ചാത്തന് വേര് നിരക്ഷരന് പാട്ട് ഇനിയടുത്തതെന്താണാവോ?
ഏറനാടന്‍, നന്ദി.
ഭൂമിപുത്രി, ആ ലിങ്കുകളൊക്കെ പ്രയോജനപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ധ്വനി, ഈ പോസ്റ്റിട്ടതു കൊണ്ട് നാട്ടില്‍ ഈ മരമുളള പല സ്ഥലങ്ങളും അറിയാന്‍ പറ്റി. :)
കിച്ചു&ചിന്നു, നന്ദി.
ഷിഹാബ്, ഇനി മുതല്‍ ശ്രദ്ധിക്കൂ. :)
കാണാമറയത്ത്, ഹ ഹ
അനിലന്‍, ത്യശൂര്‍ മ്യഗശാലയില്‍ തന്നെയാവും. അവിടെ നിന്നും എടുത്ത ഫോട്ടോസ് ചെള്ളിയാന്‍ ഫ്ലിക്കറില്‍ ഇട്ടിട്ടുണ്ട്.
http://www.flickr.com/photos/challiyan/2334356381/
നവരുചിയന്‍, ആഹാ ഫുഡ്‌ബോള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന മിടുക്കന്മാരുമുണ്ടോ? പുതിയ പുതിയ അറിവുകള്‍. :)
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.
നല്ല പോസ്റ്റ്.നല്ല വിശദീകരണം
ഞാന്‍ ഈ പൂവ് ആദ്യം കാണുന്നത് കര്‍ണാടകത്തില്‍ വെച്ചു ആണ്.
നല്ല പോസ്റ്റ് എന്ന് ഞാന്‍ ഒന്നു കൂടി...
ഇങ്ങനൊരു പൂവിനെപ്പറ്റി ആദ്യമാണറിയുന്നത്!പോസ്റ്റ് നന്നായിട്ടുണ്ട്.
മരത്തിന്റെ പേരിനു കാരണം പൂവും അതിന്‍റെ കേസരവുമൊന്നുമല്ല..
മരം തന്നെയാണ്. മരത്തിലെ പൂക്കളുണ്ടാവൂന്ന ശാഖകള്‍ നാഗങ്ങളെന്ന പോലെ മരത്തിന്നെ ചുറ്റി വളഞ്ഞിരീക്കൂം. മരം ലിംഗമായി കരൂതിയാല്‍ അതിനെ ഈ നാഗങ്ങള്‍ ചുറ്റി വളഞ്ഞിരീക്കുന്ന പോലെ, അതിനെ ആരാധിക്കുന്ന പോലെ ഇരിക്കും. അതാണു പേരിനു പിന്നിലെ രഹസ്യം.
റഫ: മാത്യ താമരക്കാട്: കേരളത്തിലെ കാട്ടൂപൂക്കള്‍. കേരള സാഹിത്യ അക്കാദമി..
മുല്ലപ്പൂ, നന്ദി
ഷിബു, നന്ദി
ചെള്ളിയാന്‍,മാത്യൂ താമരക്കാടിന്റെ വാദഗതി സത്യമാണെങ്കില്‍ കൂടി ആ പൂവും മരവും കാണുന്ന ഒരാള്‍ക്ക് മരത്തെ ലിംഗമായി സങ്കല്പിക്കുന്നതിലും എളുപ്പം ആ പൂവിന്റെ നടുവിലെ ഭാഗത്തെ ലിംഗവും സര്‍പ്പവുമായി സങ്കല്പിക്കുന്നതാവും.
തെലുങ്കിലെ ഇതിന്റെ പേര് "കോട്ടിലിംഗലു " എന്നു വെച്ചാല്‍ ആയിരം ലിംഗങ്ങള്‍ എന്നര്‍ത്ഥം. അത് പൂവിന്റെ നടുവിലെ ശിവലിംഗരൂപസാമ്യവും ചുറ്റുമുള്ള നിരവധി കേസരങ്ങളും കാരണം ഉണ്ടായ പേരാണ്.
http://bp2.blogger.com/_XI1WCY_X1Eo/SAC1b7MJ9WI/AAAAAAAAA94/WGL3u7-gk50/s1600-h/koti+lingalu.JPG
ഈ ചിത്രം നോക്കിയാല്‍ അടുത്ത് കാണാം.
എനിക്ക് ഇതിനെ കുറിച്ച് ഗൂഗിള്‍ സേര്‍ച്ചില്‍ നിന്നും കിട്ടിയ അറിവേയുള്ളൂ.
ഇവിടെ ഇതു പങ്കുവെച്ചതിന് വളരെ നന്ദി.
http://www.flickr.com/photos/sanandk/2161828946/
ഈ ഒരു പടം നോക്കൂ. എന്നിട്ട് പറയൂ.
കേസരത്തെ കേരളത്തില്‍ നാഗങ്ങളായും ആന്ധ്രയില്‍ ലിംഗമായും സങ്കല്പിക്കുന്നു.. ആന്ധയില്‍ കോടി ലിംഗം എന്ന് പറയുകയാണെങ്കില്‍ നടുക്കുള്ളത് എന്താണ്‍? ഒരോരുത്തരുടേയും ഭാവനകള്‍ മാത്രമാണോ പേരിനടിസ്ഥാനം?
Challiyan, ആ പടം കണ്ടിട്ട് അങ്ങനെ തോന്നണുണ്ട്. പിന്നെ കേരളത്തില്‍ നാഗങ്ങളായി കരുതുന്ന ആ ഭാഗം തന്നെയാണ് ആന്ധ്രയിലും നാഗങ്ങളായി കരുതുന്നത്. അതിനു എതിര്‍ഭാഗത്തെ (ഞാന്‍ ലിങ്ക് തന്ന ചിത്രത്തിലെ താഴത്തെ ഭാഗത്തെ) ആണ് അവര്‍ ശിവലിംഗങ്ങളായി സങ്കല്പിക്കുന്നത്. അത് എണ്ണത്തില്‍ ഒത്തിരിയുള്ളത് കൊണ്ടാണ് ‘കോടികണക്കിന് ലിംഗങ്ങള്‍’ എന്നര്‍ത്ഥം വരുന്ന പേരെന്നാണ് എന്നോട് ഒരു തെലുങ്ക് സ്ത്രീ പറഞ്ഞു തന്നത്.
ആഷാഡം,
പോസ്റ്റും കമന്ടുകളും വളരെ നന്നായിരിക്കുന്നു.
ഈ മരം തിരുവനന്തപുരത്തു നാലു സ്ഥലത്തു കണ്ടിട്ടുണ്ട്. ഏജീസ് ഓഫീസിലും മ്യൂസിയംപാര്‍ക്കിലും 1972 മുതല്‍ കാണുന്നുണ്ട്. പഴയ എഞ്ചിനീയറിംഗ് കോളജ് വളപ്പിലും അരുവിപ്പുറത്തെ ശ്രീനാരായണ ഗുരു ആശ്രമത്തിലും 2008 ല്‍ ആണു കണ്ടതു.
പഴയ എഞ്ചിനീയറിംഗ് കോളജ് വളപ്പിലെ മരം വളരെ ഇളയതാണു; അരുവിപ്പുറത്തെ ശ്രീനാരായണ ഗുരു ആശ്രമത്തിലെ രണ്ടു മരങ്ങളില്‍ ഒന്നു വളരെ പ്രായമായതും.
ഇതിനു പലരും പല പേരാണു പറയുന്നതു. നാഗലിംഗ പുഷ്പം നാഗലിംഗ മരം നാഗ ഗന്ധ്ധി എന്നൊക്കെ.
മ്യൂസിയംപാര്‍ക്കിലെ മരത്തില്‍ വിവരങ്ങള്‍ എഴുതി വച്ചിട്ടുണ്ടു.
MYRTACEAE
Couroupitaguianensis
Cannon ball tree
നാഗലിംഗം
Hab: Trop. S.America
ഇത്രയും മരങ്ങള്‍ കണ്ടപ്പോള്‍ ഒരു പ്രത്യേകത ഉള്ളതുപോലെ തോന്നി. മൂന്നു സ്ഥലങ്ങളിലേയും മരങ്ങള്‍ ഗേറ്റിനടുത്തു ഇടതു വശത്തായി കാവല്‍ക്കാരനെ പോലെ ആണു നില്‍ക്കുന്നതു. ഇതില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടോ? ഗേറ്റിനടുത്തു ഇടതു വശത്തായി ഈ മരങ്ങള്‍ നടുന്നതിന്ടെ പുറകില്‍ എന്തെങ്കിലും കീഴ്വഴക്കമോ വിശ്വാസമോ ഉണ്ടോ?
മറ്റുള്ളവര്‍ കണ്ടവ എന്തെങ്കിലും പ്രത്യേകത ഉള്ള സ്ഥലങ്ങളിലാണോ നില്‍ക്കുന്നത്?
ആഷ...
ഞാനും ഒരു ഹൈദരബാദ് കാരി ആണ്....
നാട്ടില്‍ പുല്‍പള്ളി (വയനാട്) അവിടെ സീതാ ദേവി അന്വലത്തില്‍ ഈ മരം (ചെറുതാണ്) നില്‍പ്പുണ്ട്...
പിന്നെ പാല(കൊട്ടയം ഡിസ്റ്റ്)ടൌണില്‍ തന്നെ ഉള്ള ഒരു ശിവ ക്ഷേത്രത്തില്‍ ഇതിന്റെ വലിയ ഒരു മരം ഉണ്ട്...കടപാട്ടുര്‍ അന്വലം എന്നാണ് പേര്... അവിടെ നാഗലിംഗപൂക്കള്‍ എന്നാണ് പറയുന്നത്... കുഞ്ഞിലെ മുതല്‍ എന്നെ ആകര്‍ഷിക്കുന്ന പൂക്കള്‍ ആണിത്... ഈ പ്രാവശ്യവും നാട്ടില്‍ പോയപ്പൊള്‍ കുറെ നേരം നൊക്കി നിന്നു....
തൃശൂർ സാഹിത്യ അക്കാഡമിയിൽ വരൂ നാഗലിംഗ പൂക്കളും അതിന്റെ കായ്കളും കാണാം, താൽപര്യമുള്ളവർക്ക് വിത്ത് ശേഖരിക്കയും ചെയ്യാം.
തൃശൂർ സാഹിത്യ അക്കാഡമിയിൽ വരൂ നാഗലിംഗ പൂക്കളും അതിന്റെ കായ്കളും കാണാം, താൽപര്യമുള്ളവർക്ക് വിത്ത് ശേഖരിക്കയും ചെയ്യാം.
Post a Comment