Wednesday, April 25, 2007

ഓറഞ്ച്

ഈ വാക്കിന്റെ ഉല്‍ഭവം പോലുംസംസ്ക്യതത്തില്‍ നിന്നാണ്.ഓറഞ്ചിന്റെ ജന്മദേശമെന്നു കരുതപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.


കയ്പ്പന്‍ പേര്‍ഷ്യന്‍ ഓറഞ്ച് കഴിച്ചു കൊണ്ടിരുന്ന യുറോപ്പിലെ സായിപ്പന്മാര്‍ നമ്മുടെ നാട്ടില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഓറഞ്ച് കടത്തി കൊണ്ടു ചെന്നശേഷാണ് മധുരമുള്ള ഓറഞ്ചിന്റെ രുചിയറിയുന്നതു തന്നെ. എന്നാല്‍ ഇപ്പോള്‍ നമുക്ക് ഓറഞ്ചിന്റെ ഉല്പാദനത്തില്‍ നാലാം സ്ഥാനം മാത്രമേയുള്ളു. ബ്രസീലും അമേരിക്കയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ ദേശീയപുഷ്പമാണ് ഓറഞ്ചിന്റെ പൂക്കള്‍, ദേശീയഫലം ഓറഞ്ചും.

ദിവസേന ഓറഞ്ചു കഴിക്കുന്നത് ചര്‍മ്മഭംഗിയ്ക്കും ആരോഗ്യത്തിനും അത്യുത്തമം. ഒരു ഓറഞ്ചില്‍ നിന്നും ഒരു ദിവസം മനുഷ്യശരീരത്തിനാവശ്യമായ വിറ്റാമിന്‍ സി ലഭിക്കുന്നു. ഗര്‍ഭിണികള്‍ ദിവസവും ഓറഞ്ച് കഴിച്ചാല്‍ ആരോഗ്യമുള്ള കുട്ടികള്‍ ഉണ്ടാവാന്‍ നല്ലതാണ്.





വിവരങ്ങള്‍ക്ക് കടപ്പാട്:-

www.wikkipedia.org
www.unctad.org
എ.സരസ്വതി ഭായിയുടെ “ഔഷധസസ്യങ്ങള്‍”


ചിത്രങ്ങള്‍ക്ക് സമര്‍പ്പണം :-


ജനാലയിലുടെ പ്രകാശം തന്നു സഹായിച്ച സൂര്യേട്ടനും
16രുപാ 90പൈസയ്ക്ക് ഒരു കിലോ ഓറഞ്ചു തന്ന റിലയന്‍സ് ഫ്രഷിനും.
അതു മേടിക്കാന്‍ കാശു തന്ന എന്റെ ഭര്‍ത്താവിനും
ഇനിയിപ്പോ വേറെ ആര്‍ക്കെങ്കിലും സമര്‍പ്പണം വേണമെങ്കില്‍ പറഞ്ഞാ മതി സമര്‍പ്പിച്ചേക്കാം.

Saturday, April 14, 2007

മാതളവും പിന്നെയൊരു മോഷണവും


മാതളത്തിന്റെ പൂമൊട്ടുകള്‍




കവിയെ കൊണ്ട് “മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു” എന്നു എഴുതിപ്പിച്ച മാതളപ്പൂ


കായായി രുപം പ്രാപിച്ചു തുടങ്ങുന്നു




മുകളിലത്തെ ചിത്രത്തിലെ അദ്ദേഹത്തെ ഒന്നു നിവര്‍ത്തിയെടുത്ത ചിത്രം


ഉള്ളിലെ അല്ലിക്ക് വെളുപ്പു നിറമുള്ള തരം മാതളങ്ങള്‍ മരത്തില്‍



ഇതാ വിളഞ്ഞു പഴുത്ത രണ്ടു സുന്ദരക്കുട്ടപ്പന്മാര്‍!




അയ്യോ അതിലൊരു സുന്ദരനെ കാണ്മാനില്ല.



കാണാണ്ടു പോയ സുന്ദരന്‍




വിഷുവൊക്കെയല്ലേ എല്ലാവരും ഈ സുന്ദരന്റെ ഒരോ അല്ലികള്‍ എടുത്തോളൂട്ടോ


ഇനി ഞാന്‍ തുറക്കാത്ത മറ്റേ സുന്ദരനെന്തു പറ്റിയെന്നു പറയാം
അദ്ദേഹത്തെ മേശപ്പുറത്തു വെച്ചിട്ട് ഞാനൊന്നു പുറത്തു പോയി. കാറ്റു കയറട്ടെയെന്നു കരുതി ജനല്‍ അടയ്ക്കാതെയായിരുന്നു പോയത്. രണ്ടാം നിലയായതിനാല്‍ കള്ളന്‍ പട്ടാപ്പകല്‍ ജനാല വഴി അകത്തു കയറില്ലയെന്നൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നുവെന്നു കൂട്ടിക്കോളൂ. അങ്ങനെ ഞാന്‍ പുറത്ത് പോയി തിരികെ വന്നപ്പോ കണ്ട കാഴ്ച!

തറയില്‍ നാലു മുട്ടതോട്. ഞാന്‍ പോയ ശേഷം മഴ പെയ്തിരുന്നു. കാറ്റില്‍ മുട്ട വെച്ചിരുന്ന കവര്‍ നിലത്തു വീണു പൊട്ടിയതാവും എന്നു കരുതി. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു തെളിയിക്കുന്ന ചില തെളിവുകള്‍ എന്റെ ശ്രദ്ധയില്‍ പെടാന്‍ തുടങ്ങി. കടിച്ചു പറിച്ച രീ‍തിയില്‍ നമ്മുടെ മറ്റേ സുന്ദരന്‍,കാല്‍ ഭാഗം രുചി നോക്കിയ മട്ടില്‍ ഒരു പാക്കറ്റ് ഹലുവാ (കേരളാ സ്റ്റോറില്‍ നിന്നും തലേദിവസം വാങ്ങിയത് )

ഞാന്‍ ഷെര്‍ലക്ക് ഹോംസ് രീതിയില്‍ അന്വേഷണം ആരംഭിച്ചു. കള്ളന്റെ കാല്പാദങ്ങള്‍ മുട്ടയില്‍ ചവിട്ടിയതിനാല്‍ തറയില്‍ പല സ്ഥലത്തും കാലടയാളങ്ങള്‍ കാണപ്പെട്ടു. പിന്നെ ആഹാര രീതി.നിരീക്ഷണവും എന്റെ കൂര്‍മ്മബുദ്ധിയും കൂടി പ്രവര്‍ത്തിച്ചപ്പോള്‍ കള്ളനെ കാണാതെ തന്നെ അത് ആരാണെന്നു എനിക്ക് പുടി കിട്ടി. ഒരു കുരങ്ങന്റെ കറുത്ത കരങ്ങള്‍ ആയിരുന്നു ഇതിന്റെ പിന്നില്‍! ഇദ്ദേഹം വീണ്ടും സന്ദര്‍ശിക്കുമോയെന്ന് പേടിച്ച് ഇപ്പോ വീട്ടിലുള്ളപ്പോഴും കതകും ജനലുകളും അടച്ചാണിപ്പോ എന്റെ ഇരിപ്പ്.

രണ്ടു വര്‍ഷം മുന്‍പ് ഒരു കുരങ്ങച്ചന്‍ അടുക്കളവാതിലില്‍ കൂടി ഇങ്ങനെയൊരു സന്ദര്‍ശനം നടത്തിയിരുന്നു. എന്നെ കണ്ടതും എന്നെ നോക്കിയോരു ഇളി. സംഗതി പിശകാണെന്നു കരുതി ഞാന്‍ മുന്‍‌വശത്തേയ്ക്ക് ഓടി. ഇത് കണ്ട അയല്‍‌പക്കത്തെ അല്പം പ്രായമുള്ള സ്ത്രീ “ഒരു കുരങ്ങനെ കണ്ടിട്ടാണോ മോളിങ്ങനെ പേടിക്കുന്നത്. ഞാന്‍ ഇപ്പോ ഓടിച്ചു തരാം”എന്നും പറഞ്ഞു ഒരു ചൂലുമെടുത്ത് അടുക്കളയിലേക്ക് വെച്ചടിച്ചു. പിന്നെ ഞാന്‍ കേട്ടത് ഒരു കൂവലും പോയതിന്റെ ത്രിബിള്‍ സ്പീഡില്‍ പാഞ്ഞു വരുന്ന അവരെയുമാണ്. ആ സീന്‍ ഇപ്പോഴോര്‍ക്കുമ്പോള്‍ പോലും എനിക്കു ചിരി വരും. അന്ന് എന്റെ നഷ്ടം 2 കിലോ ഗോതമ്പായിരുന്നു. അത് കൂടോടെയെടുത്ത് ബാല്‍ക്കണിയുടെ അരമതിലില്‍ ഇരുന്ന് പൊട്ടിച്ച് മുഴുവന്‍ ഗോതമ്പും താഴെ കളഞ്ഞു. തീറ്റയുടെ ദൌര്‍ലഭ്യമാവും ഇദ്ദേഹത്തെ വീടുവീടാന്തരം കയറിയിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു.ഈ രണ്ടു സന്ദര്‍ശനങ്ങളും മഴ തുടങ്ങിയ ശേഷമായിരുന്നു.

ഇപ്രാവശ്യമെത്തിയ കുരങ്ങന്‍ കിളിക്കൂട്ടിലെ മുട്ടകളും ശാപ്പിട്ടെന്നാ തോന്നുന്നേ. എന്നാലും കുരങ്ങാ‍ അത് വേണ്ടായിരുന്നു.പാവം കിളി അത് മുട്ട പോയതോടെ കൂടുപേക്ഷിച്ചു പോയി.

N.B:- എന്റെ കൂടെ കാടും മലയും താണ്ടി ഈ ഫോട്ടോകള്‍ എടുക്കാന്‍ സഹായിച്ച എന്റെ കൊച്ചു കൂട്ടുകാരായ ദിലീപിനും സുഗന്ധയ്ക്കും പടമെടുക്കുമ്പോള്‍ മരം പിടിച്ചു കുലുക്കിയും ഇടയ്ക്കു തല കൊണ്ടു വന്നും എന്റെ പടമെടുപ്പിനു പാര പണിയാന്‍ ശ്രമിച്ച ബാബുവിനും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

Friday, April 6, 2007

പരസ്പരസഹായസമിതി


നിങ്ങള്‍ എന്താ കാണുന്നേ? ഒരു മനോഹരമായ പനിനീര്‍പുഷ്പം അല്ലേ. ഞാനും അങ്ങനെ അതിന്റെ ഭംഗിയാസ്വദിച്ചങ്ങനെ നില്‍ക്കുവായിരുന്നു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരോ അതിനകത്ത് ഒളിച്ചിരിക്കുന്നതായി തോന്നി.
ദാണ്ടേ ആളെ പുടികിട്ടി. ഒരു ഉറുമ്പച്ചന്‍. പക്ഷേ ഇദ്ദേഹം ഒളിച്ചും പതുങ്ങിയും ഇതെവിടേയ്ക്കാണു പോവുന്നതെന്നറിയാന്‍ എനിക്കൊരു കൌതുകം തോന്നി ഞാന്‍ അദ്ദേഹത്തെ പിന്‍‌തുടര്‍ന്നു. ആ യാത്ര എന്നെക്കൊണ്ടെത്തിച്ചത് കൊണ്ടും കൊടുത്തുമുള്ള അധോലോക ജീവിതത്തിന്റെ ഉള്ളറകളിലാണ്.

കട്ടുറുമ്പിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കട്ടുറുമ്പും കറവപ്പശുക്കളും.

പാലു കറന്നു കുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഉറുമ്പിനെ ഈ ചിത്രത്തില്‍ കാണാം. ഇനി നമുക്ക് ഇതിനു പിന്നില്‍ നടക്കുന്ന കളികളിലേക്ക് വരാം.

black carpenter ants (camponotus pennsylvanicus) എന്നറിയപ്പെടുന്ന ഉറുമ്പിന്റെ പ്രധാന ആഹാരങ്ങളില്‍ ഒന്നാണ് മുഞ്ഞ(aphids)യുടെ മധുരമുള്ള വിസര്‍ജ്ജം. രണ്ടു കൂട്ടരും പരസ്പരം സഹായിച്ചു ജീവിച്ചു പോകുന്നു. മുഞ്ഞയുടെ വര്‍ഗ്ഗശത്രുക്കളായ വണ്ടുകളേയും വെട്ടിലുകളേയും ഉറുമ്പ് കൂട്ടം ചേര്‍ന്ന് തുരത്തിയോടിച്ച് അതിനെ രക്ഷിക്കുന്നു. അതിനു പ്രത്യുപകാരമെന്നൊണം ചെടികളുടെ നീരുറ്റി കുടിച്ച് മുഞ്ഞ പുറംതള്ളുന്ന ദ്രവം ഉറുമ്പുകള്‍ക്ക് ആഹാരമായി നല്‍കുന്നു. ഭക്ഷണം തീരുമ്പോള്‍ ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് എടുത്തു കൊണ്ടു പോകയും തണുപ്പുകാലത്തില്‍ നിന്നും മുഞ്ഞയെ രക്ഷിക്കാന്‍ ഉറുമ്പ് അതിനെ കൂട്ടില്‍ കൊണ്ടു പോയി പരിപാലിക്കയും ചെയ്യാറുണ്ട്.

Tuesday, April 3, 2007

തിരിച്ചുവരവ് രണ്ടാം ഭാഗം

തിരിച്ചു വരവ് എന്ന പോസ്റ്റിന്റെ തുടര്‍ച്ച



അതില്‍ ഉണ്ടായിരുന്ന കൂടും മുട്ടയും ഒരു ദിവസം കാറ്റില്‍ തകര്‍ന്നു. ശ്രദ്ധിച്ചാല്‍ അറിയാം ആ കൂടിനു അധികം കെട്ടുറപ്പും ഉണ്ടായിരുന്നില്ല. ഈ കൊക്കുകള്‍ പലതും പഴയ ഉപേക്ഷിക്കപ്പെട്ട കൂടുകള്‍ ഉണ്ടെങ്കില്‍ പുതിയവ ഉണ്ടാക്കാന്‍ മെനക്കെടാറില്ല.

കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട ഒരു രസകരമായ കാഴ്ച, ഒരു മാവില്‍ മൂന്ന് പഴയ കൂടുണ്ടായിരുന്നു. മൂന്നു കൊക്കു ദമ്പതികളെത്തി. മൂന്നു കൂട്ടര്‍ക്കും ഒരു കൂടു തന്നെ വേണം. അവസാനം വഴക്കു മൂത്ത് ആരും കൂടു സ്വന്തമാക്കിയില്ല. ഈ വര്‍ഷവും വീടിനു തൊട്ടടുത്തെ മരത്തില്‍ കൂടുണ്ടാക്കാനുള്ള സ്ഥലത്തിനു വേണ്ടി ഇത്തരത്തിലൊരു വഴക്കു നടന്നു.

ആ വഴക്കാളി സംഘത്തിലെ രണ്ടു പേരാണീ ചിത്രത്തില്‍.

എന്നാല്‍ ഈ വഴക്കൊക്കെ നടന്നപ്പോള്‍ മറ്റൊരാള്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതെ വളരെ തിരക്കിലായിരുന്നു.


സ്വന്തമായി ഉണ്ടാക്കിയ വീട്ടില്‍ പണി പൂര്‍ത്തിയാക്കിയ ശേഷം.


മറ്റൊരു കൂട്ടില്‍ അടയിരുപ്പ് ആരംഭിച്ചു കഴിഞ്ഞു.


ഞാന്‍ ചെന്നപ്പോള്‍ എന്നോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹം എഴുന്നേറ്റു വണങ്ങുന്ന രംഗം.



ഈ കൂട് ഇവരുണ്ടാക്കിയതല്ല. കഴിഞ്ഞ വര്‍ഷം ചാരനിറത്തിലെ കൊക്കുണ്ടാക്കി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പോയ ശേഷം വെള്ളനിറത്തിലെ മറ്റൊരു കൂട്ടര്‍ കൂടി ഉപയോഗിച്ച് ഉപേക്ഷിച്ച കൂടാണിത്.


വേറേയും കൂടുകളൊത്തിരിയുണ്ട് പക്ഷേ ഇലകള്‍ക്കു മറവിലായതിനാല്‍ ചിത്രങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാണ്.
ഇനിയും കാറ്റ് വില്ലനായി ഇവരുടെ ജീവിതത്തില്‍ കടന്നു വരാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ...
(തുടരും)