Monday, November 15, 2010

റോക്ക് വാക്ക് - ദുർഗ്ഗംചെരുവു













കഴിഞ്ഞമാസം അവസാനഞായറാഴ്ച fullhyd.com പരതികൊണ്ടിരുന്നപ്പോഴാണ് ആന്ധ്രാപ്രദേശ് പക്ഷിനിരീക്ഷണസംഘവും(BSAP) സൊസൈറ്റി റ്റു സേവ് റോക്ക്സും(STSR) സം‌യുക്തമായി നടത്തുന്ന റോക്ക് വാക്കിന്റെ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. സംഘം പുറപ്പെടുന്ന സമയം രാവിലെ 7 മണി. ഞാനതു കാണുമ്പോഴേയ്ക്കും സമയം 10 കഴിഞ്ഞിരുന്നു. അങ്ങനെ ആ യാത്ര നഷ്‌ടമായി. ഇവിടുത്തെ പക്ഷിനിരീക്ഷണസംഘത്തെ കുറിച്ച് മുൻപ് കേട്ടിരുന്നു പക്ഷേ പാറകൾ സംരക്ഷിക്കുന്നതിനായുള്ള സൊസൈറ്റിയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. അവിടെ കൊടുത്തിരുന്ന ലിങ്കു വഴി അവരുടെ വെബ്‌സൈറ്റിലെത്തി. വായിച്ചപ്പോൾ വളരെ താല്പര്യം തോന്നി. സംഘത്തിന്റെ പ്രസിഡന്റ് നരേന്ദ്ര ലൂദർ! ഞാൻ വായിച്ചു കൊണ്ടിരുന്ന ഹൈദ്രാബാദ് എന്ന പുസ്തകത്തിന്റെ രചയിതാവ്. അദ്ദേഹം ആ പുസ്‌തകം തുടങ്ങിയിരിക്കുന്നത് തന്നെ ഹൈദ്രാബാദിലെ പാറകളുടെ രൂപീകരണത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ്.

2500 മില്യൺ വർഷങ്ങൾ പഴക്കമുള്ള പാറകളാണത്രേ ഇവിടെയുള്ളത്. ഹിമാലയത്തേക്കാൾ പഴക്കമേറിയത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും കടുപ്പമേറിയതുമായ പാറക്കൂട്ടങ്ങളില്‍പ്പെടുമിത്. പക്ഷേ മനുഷ്യന്റെ കൈയ്യേറ്റം നിമിത്തം സിറ്റിയിലെ പാറക്കൂട്ടങ്ങളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടു കഴിഞ്ഞു. STSR ന്റെ ശ്രമഫലമായി ഹൈദ്രബാദ് അർബൻ ഡവലപ്മെന്റ് അതോറിറ്റി (HUDA) 1981ൽ 9 പാറകൂട്ടങ്ങളെ Natural Heritage ആയി പ്രഖ്യാപിച്ചു. വീണ്ടും STSR മുന്നോട്ടു വെച്ച 20 സ്ഥലങ്ങളിൽ 15 എണ്ണവും കൂടി പൈതൃകസ്വത്തിലുൾപ്പെടുത്തി. പാറകളെ Natural Heritage ആയി അംഗീകരിച്ച ഇന്ത്യയിലെ ഒരേയൊരു നഗരം ഹൈദ്രാബാദാണ്.

എന്തായാലും അടുത്ത റോക്ക് വാക്ക് മുടക്കരുതെന്ന് അന്നുറപ്പിച്ചു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് റോക്ക് വാക്ക് സംഘടിപ്പിക്കുന്നത്. ഈ മാസം മറ്റൊരു പരിപാടി ആ ദിവസമുള്ളതിനാൽ രണ്ടാമത്തെ ഞായറാഴ്ചയാണ് ദുർഗ്ഗം ചെരുവിലേയ്ക്കുള്ള നടത്തം. ഉച്ചതിരിഞ്ഞ് 3 മണിക്കാണു സമയം. ഞായറാഴ്ച ഉറക്കവും നഷ്‌ടപ്പെടുത്തേണ്ട കാര്യമില്ല. സൈറ്റിൽ കൊടുത്തിരുന്ന നമ്പറിൽ വിളിച്ചുറപ്പിച്ചു. ജൂബിലിഹിത്സ് ചെൿപോസ്റ്റാണു മീറ്റിംഗ് പോയിന്റ്. രണ്ടര കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നിറങ്ങി. ജൂബിലി ഹിൽ‌സ് അടുക്കാറായതും മഴ ചാറിതുടങ്ങി. അവിടെ ബസ്‌സ്റ്റോപ്പിൽ മദ്ധ്യവയസ്കയായ ഒരു മദാമ്മയും കുറച്ചുപേരും കൈയ്യിൽ എന്തോ നോട്ടീസും പിടിച്ച് നില്‍പ്പുണ്ട്. തൊപ്പിയും ബാഗുമൊക്കെ തൂക്കിയുള്ള നില്‍പ്പ് കണ്ടപ്പോൾ ഇതു തന്നെയാവും സംഘാംഗങ്ങളെന്നുറപ്പായി. ചെന്ന് റോക്ക് വാക്കിനായി വന്നതാണെന്നു പറഞ്ഞപ്പോൾ കൂട്ടത്തിലെ ഒരു ചെറിയ പെൺകുട്ടി എനിക്കും തന്നു നോട്ടീസൊരെണ്ണം. പാറയിലൂടെയുള്ള നടത്തത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചായിരുന്നത്. ശാരീരികമായി ഫിറ്റ് ആണെങ്കിൽ മാത്രം യാത്രയിൽ പങ്കെടുക്കുക. കഴിവതും ഗ്രിപ്പുള്ള ഷൂസ്, നീളൻ പാന്റ്സ്, തൊപ്പി മുതലായവ ധരിക്കുക. വെള്ളം കൂടെ കരുതുക. പാറകളുടെ വിടവുകളിൽ കൈയ്യിടാൻ ശ്രമിക്കാതിരിക്കുക തുടങ്ങി ശ്രദ്ധിക്കേണ്ട 9 നിർദ്ദേശങ്ങളും ഗ്രൂപ്പ് ലീഡറിന്റേതടക്കം 5 സൊസൈറ്റി അംഗങ്ങളുടെ മൊബൈൽ നമ്പറുകൾ അടങ്ങിയതായിരുന്നു നോട്ടീസ്. അത് വായിച്ചു കൊണ്ടിരുന്നപ്പോൾ മഴ തകർത്തു പെയ്‌തു തുടങ്ങി. ഞാനാകെ ആശങ്കയിലായി. നല്ല ചൂടാവുമെന്നു കരുതി വെള്ള പാന്റ്സാണു സൽ‌വാറിന്റെ കൂടെയിട്ടിരിക്കുന്നത്. കാലിലാണെങ്കിൽ സാധാരണ ചെരിപ്പും, കൂടാതെ ആദ്യത്തെ റോക്ക് വാക്കും. മഴത്തെ പാറകയറ്റത്തിൽ തെന്നിയടിച്ച് എവിടെയെങ്കിലും വീഴുമോയെന്നായി പേടി. ഇതിനിടയിൽ ഒരു ഡയറിയിൽ എല്ലാവരുടെയും പേരും ഫോൺനമ്പരും എഴുതി ഒപ്പിടുവിച്ചു. മഴ നനയാതിരിക്കാനായി ഞങ്ങൾ നിൽക്കുന്നതിന്റെ എതിർവശത്തുള്ള പെട്രോൾ പമ്പിൽ ഒരു വിദേശപെൺകുട്ടിയും പയ്യനും നില്‍പ്പുണ്ട്. ഞങ്ങളുടെ കൂട്ടത്തിലേയ്ക്കാണോയെന്നറിയാനായി കൈവീശി കാണിച്ചിട്ടും ശ്രദ്ധിക്കാതെയാണവരുടെ നില്‍പ്പ്. മഴ പതിയെ കുറഞ്ഞു തുടങ്ങി. കൂട്ടത്തിൽ നിന്നൊരാൾ അവരുടെ അരികിൽ പോയി അവരെ കൂട്ടികൊണ്ടു വന്നു. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ഞങ്ങളുടെ ഗ്രൂപ്പിനെ നയിക്കുന്നത് ഫ്രൗക്കേ എന്ന ജർമ്മൻ ലേഡിയാണ്. സൊസൈറ്റി അംഗങ്ങളായ വാസുവും രവിയും, നോട്ടീസ് വിതരണം ചെയ്ത ചെറിയ പെൺകുട്ടിയുടെ പേര് വാണി. ഫ്രൗക്കേയുടെ കൂടെ വന്നതാണവൾ അവളുടെ മൂന്നാമത്തെ യാത്രയാണിത്. എന്നെയും സതീഷിനെയും കൂടാതെ മറ്റൊരു കുടുംബം കൂടെയുണ്ട്. ശ്രീനിവാസും ഭാര്യയും മക്കളായ നിഖിലയും ഗോവിന്ദും. മറ്റൊരു ശ്രീനിവാസ് കൂടിയുണ്ട് N.V. ശ്രീനിവാസ് പിന്നെ രഘുറാമും. വിദേശി പെൺകുട്ടിയുടെയും പയ്യന്റേയും പേരുകൾ ഇനായും പേയ്റ്ററും അവരും ജർമ്മൻ‌കാരാണ്.

ഫ്രൗക്കേയുടെ കാറിനെ പിന്തുടർന്നു വരാനുള്ള നിർദ്ദേശത്തോടെ യാത്രയാരംഭിച്ചു. ദുർഗ്ഗംചെരുവിലേയ്ക്ക് ഹൈടെക്ക് സിറ്റിയിൽ നിന്നുള്ള വഴിയിലൂടെ ഞങ്ങൾ പോയിട്ടുണ്ട്. പക്ഷേ മറ്റേതോ വഴിയിലൂടെയാണു ഫ്രൗക്കേയുടെ യാത്ര. കുത്തനെയുള്ള ഒരു ഇറക്കവും കയറ്റവും കഴിഞ്ഞതോടെ വണ്ടി നിർത്തി എല്ലാവരും പുറത്തിറങ്ങി. മഴ പൂർണ്ണമായും മാറികഴിഞ്ഞു. ഞങ്ങൾ BNR ഹിൽ‌സിലാണ് എത്തിചേർന്നത്. ഒരു ചെറിയ ചെൿപോസ്റ്റ് കടന്ന് റോഡിനു നടുവിൽ തന്നെയുള്ള ഒരു പാറക്കൂട്ടത്തിനരുകിലേയ്ക്ക് ഫ്രൗക്കേ ഞങ്ങളെ കൂട്ടികൊണ്ടു പോയി. അതിന്റെ ചുറ്റിനും കല്ലു കൊണ്ട് തറകെട്ടിതിരിച്ചിട്ടുണ്ട്. ഹുഡയുടെ സംരക്ഷണലിസ്റ്റിൽ പെട്ട പാറകളിലൊന്നാണത്. പേര് ടോർട്ടോയിസ് റോക്ക്.
















രണ്ടു പാറയുടെ മുകളിലേക്ക് കുറച്ചു പാറകൾ ഏതോ ഭീമാകാരൻ എടുത്തു വെച്ചത് പോലെയുണ്ട്. വാസു അതിനിടയിൽ അതിന്റെ മുകളിൽ കയറാനൊരു ശ്രമം നടത്തി.























കയറാനായി ഇനിയും ധാരാളം പാറകളുണ്ട് ഇവിടെയധികം സമയം കളയണ്ടയെന്നു പറഞ്ഞു കൊണ്ടു ഫ്രൗക്കേ നടത്തം തുടർന്നു. സംഘത്തിന്റെ ഫോട്ടോയെടുത്ത എന്നോട് നാളത്തെ പത്രത്തിന്റെ പേജ് 3 യിൽ ഉണ്ടാവുമോ പടമെന്നു ചോദിച്ചു കളിയാക്കി.



















റോഡിൽ നിന്നും ചെറിയൊരു വഴിയിലൂടെ ഒരു കാട്ടുപ്രദേശത്തു കൂടിയായിരുന്നു നടത്തം. അകലെ ഒരു വലിയ കെട്ടിടസമുച്ചയത്തിന്റെ പണി നടക്കുന്നത് കാണാം. വഴിയിൽ രണ്ടു തൂക്കണാം കുരുവികൂടുകളും ഒരു കൽകെട്ടിതിരിച്ച ടാങ്കും കണ്ടു. ഒരു വളവു തിരിഞ്ഞു കഴിഞ്ഞതും ഞങ്ങൾ ഒരു മലയുടെ ചരുവിലൂടെയായി യാത്ര.


ചാണകം വഴിയിൽ ഇടയ്ക്കൊക്കെ കിടപ്പുണ്ട്. ഇവിടെ കാട്ടുപന്നിയുടെ കാണാറുള്ള സ്ഥലമാണ് അതിനാൽ സൂക്ഷിച്ചു നടക്കാൻ നിർദ്ദേശം കിട്ടി. മലയ്ക്കു മുകളിൽ ഒരു കുരങ്ങനേയും ഇടയ്ക്കെവിടുന്നോ പൊങ്ങിപ്പറന്ന രണ്ടു മയിലുകളേയും കണ്ടു. വീണ്ടും പാറകൾക്കിടയിലൂടെ മുന്നോട്ട് കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ ഒരു കാ‍ണയുടെ അവശിഷ്ടം കാണാൻ സാധിച്ചു. അതും കഴിഞ്ഞ് വീണ്ടും മുന്നോട്ടു പോയപ്പോൾ ഒരു ചെറിയ അമ്പലത്തിനടുത്തെത്തി. അതിനു ചുറ്റുമുള്ള പാറകളൊക്കെ വെള്ളനിറം പൂശി ചുവപ്പു വരയും ഓം ഒക്കെ വരച്ചു വെച്ചിട്ടുണ്ട്. ഇതിനിടയിൽ രഘുറാം ഇനയോട് സംസാരം തുടങ്ങി. ഇനയ്ക്ക് വാ തുറക്കാനോ,മറ്റൊന്നും ശ്രദ്ധിക്കാനോ അവസരം കൊടുക്കാതെയാണു സംസാരം. ഞങ്ങൾ കുറച്ചു മരങ്ങൾക്കിടയിലൂടെ നടന്ന് മറ്റൊരു അമ്പലത്തിനടുത്തെത്തി.

















അവിടെ രണ്ടു വലിയ മരങ്ങളുണ്ട്. അതും കടന്ന് വീണ്ടും മുന്നോട്ടു നടന്നപ്പോ വെള്ളം ശക്തിയായി വീഴുന്നതിന്റെ ശബ്‌ദം കേട്ടു തുടങ്ങി. ഒരു ചെറിയ ടാങ്കുപോലെയുള്ളതിൽ നിന്നും ചതുരത്തിലെ ദ്വാരം വഴി വെള്ളം താഴേയ്ക്കൊഴുകുന്നു.













ദുർഗ്ഗംചെരുവു തടാകത്തിൽ നിന്നുള്ള വെള്ളമാണ് ഈ ടാങ്കിലേക്ക് എത്തുന്നതെന്നു ഫ്രൗക്കേ പറഞ്ഞു തന്നു. അതിനു മുന്നേ ഞങ്ങൾ കണ്ട കാണ ഖുത്തബ് ഷാഹികളുടെ കാലഘട്ടത്തിൽ ഗോൽക്കൊണ്ടയിലേയ്ക്ക് ദുർഗ്ഗംചെരുവിൽ നിന്നും ശുദ്ധജലമെത്തിക്കാനായി നിർമ്മിച്ച ചാലുകളാണവ.



അല്പം കൂടി മുന്നോട്ട് പോയതും ഞങ്ങളൊരു ബണ്ടിനരുകിലെത്തി. ദുർഗ്ഗംചെരുവിന്റെ ബണ്ടാണത്. അതിന്റെ ഒരറ്റത്തായി ചെറിയൊരു മുസ്ലിം പള്ളി കാണാം. മറ്റേയറ്റത്ത് നിന്നും നോക്കിയപ്പോൾ താഴെ പാറയിൽ കുറച്ചു ചെറുപ്പക്കാർ മീൻ പിടിക്കുന്നുണ്ട്.
























മരങ്ങളുടെ മറയില്ലാത്തിടത്തുകൂടി നോക്കിയാൽ തടാകത്തിന്റെ സുന്ദരമായ കാഴ്ച കാണാം. എതിർവശത്തെ ഭാഗം മുഴുവൻ വലിയ കെട്ടിടങ്ങൾ കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു.
































ദുർഗ്ഗമെന്നാൽ കോട്ടയെന്നും എത്തിചേരാൻ പ്രയാസമേറിയതെന്നും ചെരുവു എന്നാൽ തടാകമെന്നുമാണ് അർത്ഥം. പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ടതു കൊണ്ട് എത്തിച്ചേരാൻ വളരെ പ്രയാസമായതിനാലും പാറക്കൂട്ടത്തിനാൽ കാഴ്ചയിൽ മറഞ്ഞിരുന്നതിനാൽ സീക്രട്ട് ലേക്കെന്നും ഇത് അറിയപ്പെടുന്നു. പക്ഷേ ഇപ്പോൾ പലഭാഗങ്ങളും പാറകൂ‍ട്ടങ്ങളിടിച്ചു നിരത്തി ആ സ്ഥാനം കെട്ടിടങ്ങൾ കൈയ്യേറികഴിഞ്ഞു. ഈ തടകത്തിൽ നിന്നും ശുദ്ധജലം ചാലുകൾ വഴി ഗൊൽകൊണ്ടയുടെ അടുത്തുള്ള കട്ടോര ഹൗസ് എന്ന കുളത്തിലേയ്ക്കും അവിടെനിന്നും ഗൊൽകൊണ്ട കോട്ടയിലേയ്ക്കും ഖുത്തബ് ഷാഹി ശവകുടീരങ്ങളിലേയ്ക്കും കൊണ്ടു പോയിരുന്നു. തടാകത്തിലേയ്ക്ക് ബണ്ടിൽ നിന്നും ഇറങ്ങാൻ കല്‍പ്പടവുകളും കാണാൻ സാധിച്ചു. ബണ്ടിന്റെ അറ്റത്തായി കണ്ട ചെറിയ പള്ളിയാണ് തനാഷാ മസ്‌ജിത്ത്. തനാഷാ ഖുത്തബ്‌ഷാഹി രാജാക്കന്മാരിൽ അവസാനം ഭരണത്തിലിരുന്നയാളാണ്. മസ്‌ജിത്തിനു പുറകിലായി കുറച്ചു വലിയ വഴി കാണുന്നുണ്ട്. പക്ഷേ വാസു മസ്ജിത്തിനും അതിനോടു ചേർന്നുള്ള പാറയുടേയും ഇടയിലൂടെ അകത്തേയ്ക്ക് കയറി പോയി. അല്പം കഴിഞ്ഞ് ഞങ്ങൾക്ക് ആ വഴി വരാൻ സേഫാണെന്നറിയിച്ചു. അതു വഴിയായി പിന്നെ യാത്ര. രവി ഇതിനിടയിൽ താമസിച്ചു വന്ന രണ്ടംഗങ്ങൾക്കായി തിരികെ പോയി. കുറ്റിചെടികൾക്കും പാറക്കൂട്ടങ്ങൾക്കും ഇടയിലൂടെ നടന്നു ഇടയ്ക്ക് തടാകത്തിൽ നിന്നും അടിഞ്ഞ പ്ലാസിക്ക് ഉൾപ്പെടേയുള്ള വേസ്റ്റുകളും ചേർന്ന് അസഹ്യമായി നാറ്റമായിരുന്നു. ഞങ്ങൾ നടന്ന് ഒരു മലയുടെ താഴ്വാരത്തെത്തി. വഴിയൊന്നും കാണ്മാനില്ല. തോളൊപ്പം വളർന്നു നിൽക്കുന്ന ചെടികളൊക്കെ വകഞ്ഞു മാറ്റിയാണു നടന്നു പോകുന്നത്. ഈ ചെടികൾക്കിടയിലൂടെ ഫ്രൗക്കെ എങ്ങനെ വഴി മനസ്സിലാക്കുന്നു എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്. മലയുടെ മുകളിൽ കയറാനായി ഏറ്റവും ആയാസം കുറഞ്ഞ വഴി കാണിച്ചുകൊണ്ടാണ് വാസും ഫ്രൗക്കെയും മുന്നിൽ നടക്കുന്നത്. ഞങ്ങൾ കയറ്റം ആരംഭിച്ചു.

വാസു ഒരു വലിയ പാറയുടെ മുകളിൽ കയറി ഞങ്ങളെ അങ്ങോട്ടു വിളിച്ചു. അങ്ങോട്ടേയ്ക്കുള്ള വഴിയിൽ ഗോവിന്ദ് (ശ്രീനിവാസന്റെ മകൻ) രണ്ടു പാറയുടെയിടയിലുള്ള വിടവിലേയ്ക്ക് വീണു. അധികം ആഴമില്ലാഞ്ഞതിനാൽ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇതിനിടയിൽ വാണിയും നിഖിലയും നല്ല കൂട്ടായി കഴിഞ്ഞു.കഥകളൊക്കെ പറഞ്ഞു കൊണ്ടാണ് രണ്ടിന്റേയും നടപ്പ്. രഘുറാം ഇടയ്ക്കെപ്പഴോ ഇന പ്രതിഷേധമറിയിച്ചതോടെ പേയ്റ്ററിനോടായി കത്തിവെയ്ക്കൽ. ഉയരത്തിലെത്തിയപ്പോൾ തടാകം താഴെ കാണുന്നുണ്ട്. ഏറ്റവും മുകളിലത്തെ വലിയ പാറക്കൂട്ടത്തിൽ കയറാനായി മാർഗ്ഗമൊന്നും കാണാഞ്ഞതിനാൽ ഞങ്ങൾ താഴേയ്‌ക്കിറങ്ങാൻ തീരുമാനിച്ചു.

മുകളിലേയ്ക്ക് കയറുന്നതിനേക്കാൾ പ്രയാസമായിരുന്നു താഴേയ്ക്കുള്ള ഇറക്കം. പാറയുടെ മുകളിൽ നിന്ന് വാസുവിന്റെ നിർദ്ദേശമനുസരിച്ച് ഫ്രൗക്കെ ഒരു പാറയിലൂടെ ഊർന്ന് താഴേക്കിറങ്ങി. പുറകെ ഞങ്ങൾ ഓരോരുത്തരും. ഇറങ്ങുമ്പോ ചവിട്ടേണ്ടയിടവും മറ്റും വാസു വ്യക്തമായി പറഞ്ഞു തരുന്നുണ്ടായിരുന്നു. അപ്പഴേയ്ക്കും സൂര്യൻ അസ്‌തമിച്ചു തുടങ്ങിയിരുന്നു.













ഏറ്റവും താഴെ എല്ലാവരും എത്തിചേർന്നപ്പോൾ അവിടെ രവിയും വേറെ രണ്ട് സജീവാംഗങ്ങളും ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു.
എല്ലാവരേയും ഫ്രൗക്കേയും വാസുവും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.





ഇനി വളരെ വേഗത്തിൽ നടന്നാലേ 20 മിനിറ്റു കൊണ്ട് പൂർണ്ണമായും ഇരുട്ടും മുന്നേ കാട്ടുപന്നികളുടെ ശല്യമുള്ള സ്ഥലം കടന്ന് തുടങ്ങിയിടത്തെത്താൻ പറ്റുവെന്ന പറഞ്ഞു കൊണ്ട് ഫ്രൗക്കെ മുന്നേ നടന്നു തുടങ്ങി. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ദുർഗ്ഗം ചെരുവു ബണ്ടിനരികിൽ തിരികെയെത്തി. അവിടെ നിന്നും വന്ന വഴിയെ തിരികെ നടന്നു തുടങ്ങി.

ഓരോ റോക്ക് വാക്കും വ്യത്യസ്‌തമാണെന്നു ഫ്രൗക്കേ പറഞ്ഞു. കുത്തനേയുള്ള ചില സ്ഥലങ്ങളിൽ ചെറുപ്പക്കാർ പാറയിൽ അള്ളിപിടിച്ചു കയറുമെന്നും മറ്റുള്ളവർ താഴെ ആയാസം കുറഞ്ഞ പാതയിലൂടെ പാറയെ വലം വച്ച് നടക്കുമെന്നും പറഞ്ഞു തന്നു. അങ്ങനെ റോക്ക് വാക്കിന്റെ ഓരോ വിശേഷങ്ങളും കേട്ട് ഞങ്ങൾ തുടങ്ങിയിടത്ത് തിരികെയെത്തി.

അവിടെ വെച്ച് ഫൗക്കേ ഫ്ലാസ്കിൽ കൊണ്ടു വന്ന ചായയും ബിസ്ക്കറ്റും എല്ലാവർക്കും വിതരണം ചെയ്‌തു. നവംബർ 21 നു ഗോൽകൊണ്ടയിൽ വെച്ചു നടത്തുന്ന ഏരിയൽ ഡാൻസിന് ക്ഷണിച്ചു കൊണ്ട് അതിന്റെ ലഘുലേഖകൾ എല്ലാവർക്കും തന്നു.

























ഞങ്ങളുടെ കൂട്ടത്തിലെ മിന്നുംതാരങ്ങൾ കുഞ്ഞുമണികളായാ നിഖിലയും വാണിയും തന്നെയായിരുന്നു. ഗോവിന്ദ് വീഴ്ച കഴിഞ്ഞതോടു കൂടി “കണ്ടാൽ കയറാൻ എളുപ്പമാണെന്നു തോന്നും പക്ഷേ അത്ര എളുപ്പമല്ല മമ്മീന്ന് ” അമ്മയോട് പറയണുണ്ടായിരുന്നു. എന്റെ വെളുത്ത പാന്റ്സ് പകുതിഭാഗം കാവിനിറത്തിലാ‍യി. അടുത്ത പ്രാവശ്യം വാക്കിംഗ് ഷൂ തന്നെയിട്ടു വരുന്നതാണു സുരക്ഷിതം എന്നു എനിക്ക് സംഘാംഗങ്ങളുടെ ഉപദേശം കിട്ടി. സാധാരണ ഞാൻ ഇവിടുള്ള പാർക്കുകളിൽ ശലഭങ്ങളുടെ പടം പിടിക്കാനായി കാട്ടിൽ കയറിയാൽ അന്ന് ദേഹം മുഴുവൻ ചൊറിച്ചിലായിരിക്കും. പക്ഷേ ഇവിടെ ഇത്രയും ചെടികൾക്കിടയിലൂടെ മുട്ടിയുരുമ്മിപോയിട്ടും ചൊറിച്ചിലെന്നൊരു സംഗതിയേ അനുഭവപ്പെട്ടില്ല. വഴിയിൽ ഉഴിഞ്ഞ, ചെറൂള, തഴുതാമ, മറ്റു പല ഭംഗിയുള്ള ചെറിയ പൂക്കളുള്ള ചെടികളും കണ്ടു. നടത്തമവസാനിച്ചതും ക്ഷീണത്തേക്കാൾ അധികം ഉന്മേഷമാണെനിക്കനുഭവപ്പെട്ടത്.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന പഴച്ചൊല്ല് പോലെ ഈ പ്രായത്തിലും ഇത്രയും ചുറുചുറുക്കോടെ നടക്കുന്ന ഫ്രൗക്കേയുടെ പൂമ്പൊടി ഇത്തിരി എന്റെ മേലേയും വീണുകാണുമായിരിക്കും. അത്രയ്ക്ക് എനിക്ക് ബഹുമാനം തോന്നിയ വ്യക്തിത്വം.
20 വർഷത്തിനു മേലേയായി ഫ്രൗക്കേ ഹൈദ്രാബാദിൽ താമസമായിട്ട്. ഇന്ത്യാടുഡേയിൽ വന്ന ഒരു ന്യൂസ് ആർട്ടിക്കിൾ ഇവിടെ വായിക്കാം. മറ്റൊരു നാട്ടിൽ നിന്നും ഇവിടെയെത്തി നമ്മുടെ പൈതൃകത്തെ സംരക്ഷിക്കാനായുള്ള അവരുടെ അഭിനിവേശത്തിനും പ്രയത്നത്തിനും ഒരു വലിയ സല്യൂട്ട്!

മുൻ‌കൂർ ജാമ്യം :- ലെൻസിന്റെ ഓട്ടോഫോക്കസ് നഷ്ടപ്പെട്ടതിനാൽ പല ചിത്രങ്ങളും നേരാംവണ്ണം ഫോക്കസായിട്ടില്ല. എന്റെ കണ്ണിന്റെ ഫോക്കസും കുറഞ്ഞു തുടങ്ങീന്ന് തോന്നുന്നു. ക്ഷമിക്കുക.

Wednesday, November 10, 2010

ലംബാടികൾ സീതപ്പഴങ്ങളുമായി വീണ്ടും

സീതപ്പഴത്തിന്റെ സീസൺ ഇവിടെ ഹൈദ്രാബാദിൽ പലപ്പോഴും ലംബാടികളുടെ വരവോടെയാണ് ആരംഭിക്കാറ്.
















കാളവണ്ടികളിൽ സീതപ്പഴവും നിറച്ച് ഗ്രാമങ്ങളിൽ നിന്നും നഗരത്തിന്റെ പല പ്രാന്തപ്രദേശങ്ങളിലും അത് വിറ്റു തീരുന്നതു വരെ ക്യാമ്പു ചെയ്യാറ് ഇവർ പതിവ്. ഇപ്രാവശ്യവും നഗരത്തിലെ സ്ഥിരമായി വരാറുള്ള സ്ഥലങ്ങളിലെ റോഡരുകുകളിൽ അവർ ക്യാമ്പു ചെയ്തു കഴിഞ്ഞു.



















ഇവർ ക്യാമ്പു ചെയ്യുന്ന ബോവൻ‌പ്പള്ളി, ESI, ഇന്ദിരാപാർക്ക്, റഹ്‌മത്ത് നഗർ, എരഗഡ്ഢ എന്നിവിടങ്ങളിൽ പോയെങ്കിലും എരഗഡ്ഢയിൽ മാത്രമേ നാലു കാളവണ്ടികൾ കാണാൻ സാധിച്ചുള്ളൂ.
















അന്വേഷിച്ചപ്പോൾ മിക്കവരും ഇപ്പോൾ ഓട്ടോ വാടകയ്ക്കെടുത്ത് അതിലാണു പഴങ്ങൾ കൊണ്ടു വരുന്നതെന്നാണ് പറഞ്ഞത്. ഗ്രാമങ്ങളിൽ കാളകളെ പലരും വിറ്റുകളയുകയാണത്രേ. ഹൈദ്രാബാദിൽ നിന്നും ഏകദേശം 50 കി.മീ. അകലെയുള്ള ഭൂവനഗിരിയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുമാണിവരുടെ വരവ്. വിറ്റുതീരുന്നതിനനുസരിച്ച് സീതപ്പഴങ്ങൾ ഗ്രാമങ്ങളിൽ നിന്നു വീണ്ടും കൊണ്ടു വരും. ഏകദേശം ഒരു മാസത്തോളമുണ്ടാവാറുണ്ട് അവരിവിടെ.
























സീതപ്പഴത്തിന്റെ സീസൺ തീരുന്നതോടു കൂടി തിരികെ നാടുകളിൽ പോയി ചിലർ കൃഷിയും മറ്റു ചിലർ കൂലിപ്പണികളും ചെയ്താണു ജീവിതം പുലർത്തുന്നത്. ലംബാടികളുടെയടുക്കൽ നിന്നും സീതപ്പഴങ്ങൾ വാങ്ങി കച്ചവടം ചെയ്യുന്നവരും നഗരത്തിലുണ്ട്.

















കാളവണ്ടികളെ പോലെ തന്നെ ലംബാടികളുടെ വർണ്ണാഭമായ തനതുവേഷവും ആഭരണങ്ങളും ധരിക്കുന്നവരും അവരുടെ ഇടയിൽ വളരെ കുറഞ്ഞു വന്നുകൊണ്ടിരിക്കയാണ്. മദ്ധ്യവയസ്സുള്ള കുറച്ചുപേർ മാത്രമേ ഇപ്പോഴതു ധരിച്ചു കണ്ടുള്ളൂ. മറ്റെല്ലാവരും സാധാരണ വേഷത്തിലേയ്ക്ക് വഴിമാറികഴിഞ്ഞു.



























































ഫോട്ടോയെടുക്കുന്നതു കണ്ടപ്പോ വഴിയിൽ നിന്നും കുടിയിറക്കാൻ സർക്കാർ പറഞ്ഞു വിട്ടയാളാണോ ഞാനെന്നായിരുന്നു ചിലർക്ക് സംശയം. ലംബാടികൾ ഫോട്ടോസെടുക്കാൻ ചെന്നാൽ വളരെ ഡിമാന്റിംഗ് ആണെന്നു ചിലയിടത്ത് വായിച്ചിരുന്നു. പക്ഷേ എന്നോട് വളരെ സ്നേഹപൂർവ്വമായിരുന്നു മിക്കവരും പെരുമാറിയത്. പലരും എനിക്ക് കഴിക്കാൻ സീതപ്പഴങ്ങളും തന്നു.


















എടുത്ത ഫോട്ടോസിൽ ചിലത് പ്രിന്റ് എടുത്തത് കൊടുക്കാനായി ഞാൻ വീണ്ടും പോയിരുന്നു. ഫോട്ടോ കിട്ടാത്ത ചിലര് പരിഭവം പറഞ്ഞു. പോർട്രേറ്റ് കൊടുത്തവർക്കൊക്കെ ഫുൾസൈസ് എടുക്കാഞ്ഞതിലായി പരിഭവം. അങ്ങനെ ആകെ രസകരമായിരുന്നു സംഭവം.

















എനിക്ക് രണ്ടാമത് പോയപ്പോ തിരിച്ചറിയാൻ പറ്റാതിരുന്നൊരാളാണ് താഴെ ഫോട്ടോയിൽ. ആദ്യം പോയപ്പോ ആടയാഭരണങ്ങളൊന്നുമില്ലാതെ വലതുവശത്തേതിലെ പോലെയായിരുന്നു നില്പ്. രണ്ടാമതു ചെന്നപ്പോ ആ ഫോട്ടോ ഇടതുവശത്തെ രൂപം കൈക്കലാക്കി. ഇവരെന്തിനാ ആ ഫോട്ടോ മേടിച്ചതെന്നു കരുതി ഫോട്ടോയിലെ ആളെ അന്വേഷിച്ചപ്പോഴാണ് ഞാൻ തന്നെയതെന്നു മറുപടി പറഞ്ഞ് എന്നെ അമ്പരിപ്പിച്ചത്.

Monday, October 18, 2010

സബ്‌ജാ
















ഫലൂദ പലരും കഴിച്ചിട്ടുണ്ടാവും. അതിലുപയോഗിക്കുന്ന സബ്‌ജാ(Subja seeds) അല്ലെങ്കിൽ തുക്‌മാരിയ (Tukmaria)യും മിക്കവരും കണ്ടിട്ടുണ്ടാവും. എന്നാൽ അതിന്റെ ചെടി കണ്ടിട്ടുണ്ടോ?

കഴിഞ്ഞയാഴ്‌ച സീതപ്പഴത്തിന്റെ എക്സിബിഷൻ കാണാൻ അവസരം കിട്ടി. ഹൈദ്രാബാദിലെ പബ്ലിക്ക് ഗാർഡൻസിലെ ഹോർട്ടികൾച്ചറൽ ഓഫീസിലായിരുന്നു വെച്ചായിരുന്നു. എക്സിബിഷൻ കണ്ട ശേഷം ആ ഓഫീസിലെ വളപ്പിലെ ചെടികളും നോക്കി കുറച്ചുപേർ ചുറ്റിനടപ്പുണ്ടായിരുന്നു. അതിലൊരു സ്‌ത്രീ സബ്‌ജായെന്നു പറഞ്ഞ് രാമതുളസി പോലെയുള്ള ഒരു ചെടിയുടെ ഇല നുള്ളി മണക്കുന്നതു കണ്ടു.

















അതു രാമതുളസിയല്ലേയെന്നു ചോദിച്ച എന്നോട് അവരതു ഫലൂദയിൽ ഉപയോഗിക്കുന്ന കുരുവിന്റേതാണെന്നു പറഞ്ഞു തന്നു. കണ്ടാൽ രാമതുളസിയോട് നല്ല സാമ്യമുണ്ട്. എന്നാൽ മണം വ്യത്യാസമുണ്ട്. ഇലയ്ക്ക് രാമതുളസിയുടെ ഇലയുടേതിലും കട്ടി തോന്നി.





വിക്കിയിൽ ഇങ്ങനെ കാണുന്നു.


Basil seeds

When soaked in water the seeds of several basil varieties become gelatinous, and are used in Asian drinks and desserts such as falooda or sherbet. Such seeds are known variously as sabza, subza, takmaria, tukmaria, tukhamaria, falooda, selasih (Malay/Indonesian) or hột é (Vietnamese). They are used for their medicinal properties in Ayurveda, the traditional medicinal system of India and Siddha medicine, a traditional Tamil system of medicine. They are also used as popular drinks in Southeast Asia.

തുളസിയുടെ അരിയായ ഇതിന് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ “കറുത്ത കസ്‌കസ്” എന്നു പേരു വന്നുവെന്നു മനസ്സിലാവുന്നില്ല. അരിക്ക് കാഴ്‌ചയിൽ എള്ളിനോട് കുറച്ച് സാമ്യമുണ്ട്. എന്നാലും വലുപ്പം അതിലും കുറവാണ്.























വെള്ളത്തിലിട്ടാൽ 5 മിനിറ്റിനുള്ളിൽ കുതിർന്ന് വാൽ‌മാക്രി പരുവത്തിലാവും.

















ഫലൂദ ഞാനിതുവരെ കഴിച്ചിട്ടില്ല. എന്നാൽ കുഞ്ഞുന്നാളിൽ സബ്‌ജ ചേർത്ത പനനൊങ്കിന്റെ സർബ്ബത്ത് തിരുവനന്തപുരത്തു നിന്നും കുടിച്ചതോർമ്മയുണ്ട്. ഞങ്ങളുടെ നാട്ടിൽ(ആലപ്പുഴ)ഇത് ഞാനധികം ഉപയോഗിച്ച് കണ്ടിട്ടില്ല. ഇവിടെ (Hyderabad)ധാരാളം പ്രാവശ്യം ഫലൂദ മെനുവിലും കടകളുടെ മുന്നിലും എഴുതിവെച്ച് കണ്ടിട്ടുണ്ട്. പാരഡൈസ് ഹോട്ടലിലെ ഫലൂദ വളരെ നല്ലതാണെന്നു സൈറ്റിൽ ഒരാൾ എഴുതി കണ്ടു. അപ്പോ ഇനിയെന്നെങ്കിലും പാരഡൈസിൽ പോവുമ്പോൾ തന്നെ “കന്നികുടി” നടത്തികളയാം. വെറുതെ കൊള്ളാത്തയെവിടെയെങ്കിലും പോയി ആക്രാന്തം മൂത്ത് കുടിച്ച് ഫലൂദ എന്നു കേട്ടാലേ ഓടണ്ട അവസ്ഥയിലായി പോയാലോ.



സബ്‌ജ കൊണ്ട് വീട്ടിലൊരു പരീക്ഷണം നടത്തിനോക്കി. പേരക്കാ ജ്യൂസിൽ 7അപ്പും സബ്‌ജയും ചേർത്ത്, ഞാൻ കോളാവിരോധിയായതിനാൽ, വീട്ടിൽ വന്ന അതിഥിക്ക് മേൽ പരീക്ഷിച്ചു. :))
പരീക്ഷണം വിജയമായിരുന്നുവെന്നാണു പുള്ളിക്കാരി പറഞ്ഞത്.ദാ അതിന്റെ പടം.























സബ്‌ജയെ കുറിച്ച് കൂടുതലറിയാവുന്നവർ അതിവിടെ പങ്കുവെച്ചാൽ ഉപകാരമായിരുന്നു. ബോട്ടാണിക്കൽ പേരിന്റെ കാര്യത്തിൽ കൺ‌ഫ്യൂഷനായതിനാൽ കൂടുതലന്വേഷിച്ചിട്ട് ചേർക്കാമെന്നു വിചാരിക്കുന്നു.

Friday, August 20, 2010

കാട്ടുതൃത്താവ്

കാട്ടുതൃത്താവിനെ കുറിച്ച് അധികം വിവരങ്ങൾ മലയാളത്തിൽ കാണുന്നില്ല. ആകെയുള്ളത് ഈ വിക്കി പേജാണ്. ഇതിന്റെ പടങ്ങൾ തപ്പി വരുന്നവർക്ക് ഈ പോസ്റ്റ് ഉപകരപ്പെടുമെന്നു പ്രതീക്ഷിച്ചു കൊണ്ട് ഇടുന്നു.

Common Name - Hoary Basil
Botanical Name - Ocimum americanum or Ocimum canum
Malayalam - കാട്ടുതൃത്താവ്, kaattu thrithaavu, kattu thrithaavu





കാട്ടുതൃത്താവിന്റെ കതിര്