Thursday, June 26, 2008

തടിചുരുളില്‍ ഒരു ചിത്രം (കരകൌശലം)


മുകളില്‍ കാണുന്നതു പോലൊരു ചിത്രം ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍

1.ഒരു ചിത്രം.

2.കറുത്തതോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഇരുണ്ട നിറത്തിലെ വെല്‍‌വെറ്റ് തുണി അല്ലെങ്കില്‍ സാധാരണ തുണി.
പിന്നെ ഒരു കാര്‍ഡ് ബോര്‍ഡ് ചിത്രത്തിന്റെ അളവില്‍ മുറച്ചതില്‍ തുണി ചുറ്റി പുറകില്‍ പശ വെച്ച് ഒട്ടിക്കുക. കാര്‍ഡ് ബോര്‍ഡില്ലാത്തതു കൊണ്ട് ഞാന്‍ വെല്‍‌വെറ്റ് തുണിയുടെ പുറത്താണ് ഇത് ഉണ്ടാക്കുന്നത്. എന്റെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് പച്ചനിറത്തിലെയാണ് വെല്‍‌വെറ്റാണ്. അതു കൊണ്ട് അതു ഉപയോഗിക്കുന്നു.

3.അടുത്തതായി വേണ്ടത് തടി ചിന്തേരിടുമ്പോള്‍ കിട്ടുന്ന തടിചുരുള്‍. വീട്ടില്‍ ആശാരിപണി എന്തെങ്കിലും ചെയ്യുമ്പോ അതില്‍ നിന്നും നല്ല നിറത്തിലും നീളത്തിലുമുള്ള ചുരുളുകളെടുത്ത് സൂക്ഷിച്ചു വെച്ചിരുന്നാല്‍ മതി. എന്നെ പോലെ കേരളത്തിനു വെളിയില്‍ താമസിക്കുന്നവര്‍ക്ക് ചില സമയം ഇത് കിട്ടാന്‍ ഇത്തിരി പ്രയാസപ്പെടേണ്ടി വരും. എന്റെ അനുഭവത്തില്‍ തടിപണി ചെയ്യുന്നവരോട് മര്യാദയ്ക്ക് ചോദിച്ചാല്‍ അവര്‍ സന്തോഷത്തോടെ തരാറാണ് പതിവ്. പിന്നെ വഴിയെ പോവുന്നവര് “കണ്ടാ പറയൂല്ലാ തീ കത്തിക്കാന്‍ വിറകു പോലുമില്ലാത്ത വീട്ടിലെയാണെന്ന് ” എന്ന ഭാവത്തിലൊക്കെ നോക്കിയെന്നു വരും. അതൊന്നും മൈന്‍ഡ് ചെയ്യാണ്ട് വാരി കൊണ്ട് വീട്ടില്‍ വന്നിട്ട് നല്ലത് നോക്കി തിരഞ്ഞെടുക്കുക.

4. ഒരു കത്രിക

5. ഫെവിക്കോള്‍

6. ഒരു ഷീറ്റ് വെള്ളകടലാസ് അല്ലെങ്കില്‍ ചിത്രത്തിന്റെ ഒരു കോപ്പി കൂടി.

ഇത്രയുമാണ് വേണ്ടത്.


ചിത്രത്തിന്റെ രണ്ടു കോപ്പിയുണ്ടെങ്കില്‍ അത് ഒരോ ഭാഗവും മുറിച്ചു വെയ്ക്കുക. ഇല്ലെങ്കില്‍ ഒരു വെളള കടലാസില്‍ ചിത്രം ട്രേസ് ചെയ്ത് അത് ഓരോ ഭാഗങ്ങളായി മുറിക്കുക. ഒറിജിനല്‍ ചിത്രത്തിലും മുറിച്ച ഭാഗങ്ങളിലും നമ്പര്‍ ഇട്ട് വെയ്ക്കുന്നത് നന്നായിരിക്കും. പിന്നീട് ഏതു ഭാഗത്താണ് വരിക എന്ന ചിന്താകുഴപ്പം ഉണ്ടാവില്ല.

ഇനി തടിചുരുള്‍ ഓരോന്നായി ഇസ്തിരിയിട്ട് നിവര്‍ത്തിയെടുക്കണം.

അതിനു ശേഷം മുറിച്ചു വെച്ചിരിക്കുന്ന കടലാസിനു പുറമേ ഫെവിക്കോള്‍ പുരട്ടി ചുരുള്‍ അതില്‍ ഒട്ടിച്ചെടുക്കണം. കടലാസിന്റെ അതേ അളവില്‍ തന്നെ ഒട്ടിക്കണമെന്നില്ല. എന്നാല്‍ കടലാസ് ഒട്ടും വെളിയില്‍ കാണാത്ത വിധത്തില്‍ വേണം ഒട്ടിക്കാന്‍.



ഇനി അതിന്റെ പുറകു വശത്തെ കടലാസിന്റെ ആകൃതിയില്‍ ചുരുള്‍ മുറിച്ചെടുക്കാം. എളുപ്പത്തിനു വേണ്ടിയാണ് ഈ കടലാസ് പ്രയോഗം.

താഴെ അതിന്റെ മറുവശം.

എല്ലാ ഭാഗവും പൂര്‍ത്തിയായ ശേഷം തുണിയുടെ പുറത്ത് ചിത്രം കാര്‍ബണ്‍ ഉപയോഗിച്ച് പകര്‍ത്തുക.

ഇനി അതിന്റെ മുകളിലായി ഓരോ ഭാഗങ്ങളില്‍ ചുരുള്‍ ഒട്ടിച്ചു തുടങ്ങാം.

ഇതാ ചിത്രം പൂര്‍ത്തിയായ ശേഷം.



ലാന്റ്‌സ്ക്കേപ്പ് മാതിരിയും നിറവ്യത്യാസമുള്ള ചുരുളുകളുപയോഗിച്ച് ചെയ്യാന്‍ സാധിക്കും. എനിക്കത്രയും മെനക്കെടാന്‍ മടിയാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ചിത്രം ഇത്തരത്തില്‍ പരീക്ഷിച്ചു നോക്കൂ.


മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ക്കായി പഴയ ക്രാഫ്റ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍

പഞ്ഞപുല്ല് കൊണ്ടൊരു ചിത്രം


സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ്

ഗ്ലാസ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട്

ടിഷ്യൂപേപ്പര്‍ കൊണ്ടൊരു പൂവ്

Monday, June 23, 2008

അനുകരണം


ഇരുന്നിരുന്ന് ബോറടിച്ചു. അപ്പോ തുടങ്ങാല്ലേ? റെഡി, വണ്‍,ടൂ, ത്രീ, സ്റ്റാര്‍ട്ട്!











എന്റെ കഴുത്തൊടിഞ്ഞു കറക്കി കറക്കി. ഇനിയെന്നെ കൊണ്ടെങ്ങും പറ്റൂല്ലാ, വേറെ പണി നോക്ക്.

അപ്ഡേറ്റ് - 24/06/08

പുതുതായി രണ്ടു ചിത്രങ്ങള്‍ ചേര്‍ക്കയും. ആദ്യം പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ മുറയില്‍ ലേശം സ്ഥാനചലനം വരുത്തുകയും ചെയ്തതിട്ടുണ്ട്. അതിനാല്‍ കമന്റില്‍ ചിലര്‍ സൂചിപ്പിച്ച ചിത്രങ്ങളാവില്ല ആ സ്ഥാനത്ത് ഇപ്പോള്‍ ഉണ്ടാവുക.

വിനാശകാലേ വിപരീതബുദ്ധി എന്നു പറയാറില്ല. ഈ ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി അപ്ചേര്‍, എഫ് സ്റ്റോപ്പ് , മാനുവല്‍ ഫോക്കസിംഗ് , എക്സ്പോഷര്‍ ഇത്യാദി സംഗതികള്‍ ഒന്നു മാറ്റി പരീക്ഷിച്ചു പഠിച്ചു നോക്കാം എന്ന തോന്നല്‍ ഉണ്ടായത്. തല്‍‌ഫലമായി പല ചിത്രങ്ങളും വൈറ്റ് വാഷ് അടിച്ചതു പോലെയായി. ആ പഠിച്ചതിന്റെ കുഴപ്പങ്ങളൊക്കെ ഈ ചിത്രങ്ങളില്‍ ഉണ്ട്. അതൊക്കെ ക്ഷമിക്കുക പൊറുക്കുക.

Thursday, June 19, 2008

പരിണാമം



Wednesday, June 18, 2008

ഇരുതലശലഭം

സുന്ദരന്റെ നാട്ടുകവലയില്‍ പണ്ട് തേരാപാരാ ഇഴഞ്ഞു നടന്നിരുന്ന ഇരുതല മൂരി(രണ്ടു അറ്റവും തലകളുള്ള പാമ്പ്)യെ കുറിച്ച് കമന്റ്സില്‍ ചര്‍ച്ച നടന്നപ്പോഴാണ് നാട്ടില്‍ പോയപ്പോ രണ്ടു തലയില്ലെങ്കിലും മറ്റേ വശത്ത് ആളെ പറ്റിക്കാന്‍ തല പോലത്തെ ഡിസൈനും കൊണ്ടു നടക്കുന്ന ഈ ചിത്രശലഭത്തെ കണ്ട കാര്യം ഓര്‍ത്തത്. പറ്റിക്കല്‍ തലയും ഉണ്ടകണ്ണും കണ്ട് പിടിക്കാന്‍ വരുന്നവര്‍ പേടിച്ചോടുമായിരിക്കും.ആളുടെ കുടുംബപേരും ഇംഗ്ലീഷ് പേരും മലയാളം പേരും ഒന്നും അറിയില്ല. അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക.

അപ്ഡേറ്റ് - 24/06/08

ചിത്രശലഭത്തിന്റെ പേര് - മങ്കി പസില്‍ (Monkey Puzzle)
Binomial name - Rathinda amor
കൂടുതല്‍ വിവരങ്ങള്‍
ഇവിടെയും ഇവിടെയും വായിക്കാം
ഈ വിവരങ്ങള്‍ അന്വേഷിച്ചറിയിച്ച ചെള്ളിയാനും പറഞ്ഞു തന്ന ബാലകൃഷ്ണന്‍ വളപ്പിലിനും നന്ദി.


ജീവന്‍ രക്ഷിച്ച അടവ്

മുകളിലെ ചിത്രത്തിലെ മങ്കി പസില്‍ ശലഭത്തെ ശ്രദ്ധിച്ചാല്‍ അറിയാം ആ മറുവശത്തെ പറ്റിക്കത്സ് തല അതിന്റെ ജീവന്‍ രക്ഷിച്ചുവെന്ന്. ആ ഭാഗം മുഴുവനായി നഷ്ടപ്പെട്ടിരിക്കുന്നു. കൊന്നു തിന്നാന്‍ വന്നവന്‍ തലയെന്നു കരുതി പിടികൂടിയത് പുറകുഭാഗത്താണെന്ന് തോന്നുന്നു.


ചിറകു ഒതുക്കിയിരിക്കുമ്പോഴുള്ള ആ ഭംഗിയത് ചിറകു വിരിച്ചിരിക്കുമ്പോള്‍ തോന്നുന്നില്ല. മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത് ഈ ശലഭം ചിറകൊതുക്കിയിരുന്നു പുറകിലെ ചിറക് വിറപ്പിച്ചു കൊണ്ടിരിക്കും. ശ്രദ്ധ പുറകുവശത്ത് കിട്ടാനുള്ള മറ്റൊരു അടവ്.

ഇനി വേറെ രണ്ടു പറ്റിക്കലുകാര്‍. കണ്ടാല്‍ “കാക്ക തൂറിന്നാ തോന്നുന്നേ” എന്നും പറഞ്ഞ് നമ്മള്‍ പോവേയുള്ളൂ.


ഇതാ അടുത്തയാള്‍.



ഈ രണ്ടു പേരേയും കണ്ടു മുട്ടിയത് കറിവേപ്പിലാണ്. പക്ഷേ രണ്ടാളുടെയും ഇരിക്കേണ്ട സ്ഥലം പരസ്പരം മാറി പോയോന്നാ എന്റെ സംശയം. ആദ്യത്തെ “കാക്ക തൂറി”യുടെ ഡിസൈന്‍ കറിവേപ്പിന്റെ തടിയുടെ അതേ പോലെ തന്നെ. അവിടെ ഇരുന്നാല്‍ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടും. അതു തന്നെ പച്ച ഡിസൈന്‍‌കാരന്‍ ഇലയിലോ പച്ച തണ്ടിലോ ഇരുന്നാലും സംഭവിക്കും.

നിങ്ങള്‍ക്ക് കണ്ടിട്ടെന്ത് തോന്നുന്നു? ഇവര്‍ ഇരിക്കേണ്ട സ്ഥലം പരസ്പരം മാറി പോയോ? അതോ എന്റെ ചിന്തയുടെ കുഴപ്പമാണോ?


അപ്ഡേറ്റ്
19/06/08

ഈ പുഴുക്കള്‍ രണ്ടും ഒരേ ശലഭത്തിന്റേതാണോന്ന് നാഷണല്‍ ജോഗ്രഫിക്കലില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ സംശയം തോന്നുന്നു. അതില്‍ പറയുന്നതനുസരിച്ച് സോളോ ടെയില്‍ വിഭാഗത്തിലെ ചിത്രശലഭത്തിന്റ് പുഴുക്കള്‍ ആദ്യകാലങ്ങളില്‍ കിളികളുടെ കാഷ്ഠത്തിന്റെ രൂപത്തിലും പിന്നീട് വളര്‍ച്ച പൂര്‍ത്തിയാവുന്നതിനോടുത്ത് പച്ചനിറത്തിലേയ്ക്ക് നിറം മാറാറുണ്ടെത്രേ. അങ്ങനെയെങ്കില്‍ അവര്‍ ഇരിക്കേണ്ട സ്ഥാനം മാറിയിട്ടുണ്ടാവില്ല. ഇലകളില്‍ കാഷ്ഠം വീണതു പോലെ ആദ്യത്തെയാള്‍ ഇല തിന്നാനായി ഇലയിലും വളര്‍ച്ച പൂര്‍ത്തിയാവാറായപ്പോള്‍ പ്യൂപ്പയാവാന്‍ വേണ്ടി പച്ചനിറക്കാരന്‍ തടിയിലും ഇരുന്നതാവാം.



Monday, June 9, 2008

black week



ഇഞ്ചിപെണ്ണിനോടും കേരള്‍സ്.കോമിനെതിരെ പോരാടുന്ന മറ്റു ബ്ലോഗര്‍മാര്‍ക്കും ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും ഈ കരിവാരത്തില്‍ പങ്കുചേരുന്നു.