Tuesday, February 26, 2008

പഞ്ചാരയുടെ അസുഖമുള്ള ചോളം - ചില ദ്യശ്യങ്ങള്‍

കഴിഞ്ഞ ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോ കോണിന്റെ പുറംതൊലി വലിച്ചു പറിച്ചു കൊണ്ടിരിക്കുന്ന ഒരാളെ എന്റെ ശ്രദ്ധയില്‍ പെട്ടു. സ്വീറ്റ് കോണിനു വില കിലോ 22രുപ. പുറത്തെ തൊലിക്കും കൂടി എന്തിനാ 22 രുപ കൊടുക്കുന്നതെന്നു കരുതി അതു ലാഭിക്കാന്‍ വേണ്ടിയാണ് ഈ തൊലിയുരിച്ചില്‍ നടത്തുന്നതെന്നു മനസ്സിലായി. ആളു ബുദ്ധിമാനാണല്ലോയെന്നു മനസ്സിലോര്‍ത്തു.

പുള്ളി പോയി കഴിഞ്ഞ് ഞാനും സ്വീറ്റ് കോണ്‍ വെച്ചിരിക്കുന്നതില്‍ നിന്നും ഒന്നെടുത്തു തൊലി ഇത്തിരി മാറ്റി നോക്കി. നല്ല ഫ്രഷ്. വഴിയില്‍ ചോളം ചുട്ട് കൊടുക്കുന്നവരില്‍ നിന്നും വാങ്ങുമ്പോ ഇവിടെയുള്ളവര്‍ അല്ലിയില്‍ നഖം കൊണ്ടു കുത്തി നോക്കി ടെസ്റ്റ് ചെയ്യണതു കണ്ടിട്ടുണ്ട്. അതു കൊണ്ട് ഞാനും ഒന്നു കുത്തി നോക്കി ,പാലു പോലെ ഒരു സാധനം വെളിയില്‍ വരുന്നുണ്ട്. സാധാ ചോളം കുറച്ചു കൂടി കട്ടിയിലാണിരിക്കാറ് എന്തായാലും ഞാനും രണ്ടെണ്ണം വാങ്ങി. ഒരെണ്ണത്തിന്റെ മുഴുവന്‍ പുറംതൊലി കളഞ്ഞും മറ്റേത് ഒന്നു രണ്ടു പാളി നിര്‍ത്തി കൊണ്ടും.


പിന്നെ പിറ്റേ ദിവസമാണ് കോണിന്റെ കാര്യമോര്‍ത്തത്. എന്തിനും ഏതിനും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യണ സ്വഭാവമുണ്ടെനിക്ക് എന്നാ പിന്നെ ഇന്നു കോണിനെ കുറിച്ചു നോക്കാമെന്നു കരുതി. ഒരു സൈറ്റ് കിട്ടി വായിച്ചു വന്നപ്പോഴാണ് മനസ്സിലായത് ഞാന്‍ കാണിച്ചത് മണ്ടത്തരമായിരുന്നെന്ന്.

സ്വീറ്റ് കോണ്‍ വാങ്ങിയാല്‍ എത്രയും പെട്ടെന്ന് പാകം ചെയ്തു കഴിക്കണമത്രേ. സ്വീറ്റ് കോണില്‍ പഞ്ചസാര അന്നജത്തിന്റെ അനുപാതം 80:20 കാണുമെന്നും പറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അനുപാതം 20:80ആയി പോവും. പറിക്കുമ്പോള്‍ മ്യദുലമായിരിക്കുന്ന അല്ലികള്‍ അന്നജത്തിന്റെ അളവു കൂടി ഓരോ നിമിഷവും കട്ടിയായി കൊണ്ടിരിക്കും.ഓടി പോയി എന്റെ കോണുകളെടുത്തു നോക്കി സംഗതി ശരി തന്നെ. ഇന്നലെ കടയില്‍ വെച്ചു കണ്ടതിനേക്കാള്‍ കട്ടിയായി കഴിഞ്ഞു, പുറത്തെ തൊലി കളഞ്ഞതിനാണ് കൂടുതല്‍ കട്ടി.

തിളച്ച വെള്ളത്തില്‍ 5 മിനിറ്റ് ഉപ്പിടാതെ പുഴുങ്ങിയെടുത്തു . (ഉപ്പ് ഇട്ടാല്‍ വേവുമ്പോ ചോളം കൂടുതല്‍ കട്ടിയാവും.)
പുഴുങ്ങിയെടുത്ത് മുകളില്‍ വെണ്ണയും തടവി കഴിഞ്ഞപ്പോഴുള്ള രുപമാണ് താഴെ.