Wednesday, February 4, 2009

പഴുത്ത മുളക് അച്ചാർ


ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം ഇവിടെ മാർക്കറ്റിൽ കാണാറുള്ള ചുവന്നമുളകാണിത്. ഓരോ വർഷവും കാണാറുണ്ടായിരുന്നെങ്കിലും ഇത് എന്തിനാ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ വർഷമാണ് പഠിച്ചത്. മുളകുബജിക്ക് ഉപയോഗിക്കുന്ന മുളകിലും നീളമുണ്ടിതിന് അതോ അതേ വെറൈറ്റി തന്നയോ ഇതെന്നറിയില്ല. എന്തായാലും എരിവു കുറവും മാംസം കൂടുതലുമുള്ള തരമാണ്. കഴിഞ്ഞവർഷം പരീക്ഷണാർത്ഥം ഉണ്ടാക്കി നോക്കി. വിചാരിച്ചതിലും വേഗത്തിൽ കുപ്പി കാലിയായി. അടുത്ത ബാച്ച് ഉണ്ടാക്കി ഫോട്ടോസ് എടുത്ത് ബ്ലോഗിലും ഇടാമെന്നു കരുതി പക്ഷേ അപ്പഴേക്കും മുളകിന്റെ സീസൺ കഴിഞ്ഞുപോയിരുന്നു. അതിനാൽ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു ഈ പോസ്റ്റ് തയ്യാറാക്കാൻ.

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറാണിത്. തെലുങ്കിൽ ഇതിനു “പണ്ടു മിരുപ്പക്കായ് പച്ചടി”യെന്നു പറയും.
ഇതിന് ആവശ്യമുള്ള സാധനങ്ങൾ

ചുവന്നമുളക് - 1 കിലോ
ഉപ്പ് - 1/4 കിലോ (പൊടിയുപ്പോ കല്ലുപ്പോ ഉപയോഗിക്കാം).
വാളൻ‌പുളി - 1/4 മുതൽ 1/2 കിലോ വരെ (എരിവു തീരെകുറവും പുളി കൂടുതലും വേണ്ടവർ 1/2 കിലോ ഉപയോഗിക്കാം. അല്ലെങ്കിൽ ആദ്യമുണ്ടാക്കുമ്പോൾ 1/4 കിലോ പുളിയിൽ ഉണ്ടാക്കി നോക്കിയിട്ട് പോരായെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർക്കാം). ഇവിടെ ഞങ്ങൾക്ക് കിട്ടുന്ന വാളൻപുളി നാട്ടിൽ കിട്ടുന്നതുമായി കുറച്ചു വ്യത്യാസമുണ്ട്.

മുളക് ഞെട്ടു കളയാതെ തന്നെ വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. അതിനു ശേഷം നന്നായി തുടച്ച് ഞെട്ടും കളഞ്ഞ് ഫാനിന്റെ കീഴിൽ 1-2 മണിക്കൂർ ഉണക്കിയെടുക്കുക.മുളകും കല്ലുപ്പും കൂടി മിക്സിയിൽ ചതച്ചെടുക്കുക. നല്ലതു പോലെ അരച്ചെടുക്കേണ്ട ആവശ്യമില്ല.

എന്നിട്ട് ഒരു കുപ്പിയിലോ ഭരണിയിലോ മുളകും വാളൻപുളിയും ഇടവിട്ട് ഇടവിട്ട് നിറച്ചു കാറ്റു കയറാത്തവിധത്തിൽ അടച്ചു സൂക്ഷിക്കുക.ഇത് മാസങ്ങളോളം കേടുകൂടാതിരിക്കും. 4-5 ദിവസമാകുമ്പോൾ അതിൽ നിന്ന് ഒരാഴ്‌ചത്തേക്ക് ഉപയോഗിക്കാൻ വേണ്ട അളവിൽ മുളകെടുത്ത് മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക. ഇനിയിതിൽ കടുകു വറുത്തൊഴിക്കണം.


തെലുങ്കരുടെ രീതിയിൽ കടുകുവറുത്തൊഴിച്ചാൽ അതിനു പ്രത്യേകരുചി തന്നെയാണ്. അതിനാവശ്യമുള്ള സംഗതികൾ കടുക്, ജീരകം, കടലപരിപ്പ്, കറിവേപ്പില, കായം. വേണമെങ്കിൽ ഉഴുന്നുപരിപ്പും ചേർക്കാം. എല്ലാം മൂത്ത് ബൗൺ നിറമാവുമ്പോ വാങ്ങി മുളകരച്ചതിൽ ചേർത്ത് ഉപയോഗിക്കാം.എണ്ണ ലേശം കൂടുതൽ ചേർക്കേണ്ടി വരും. അച്ചാറിനു ആ‍ദ്യം ലേശം എരിവു തോന്നുമെങ്കിലും ഇരിക്കും തോറും എരിവു കുറഞ്ഞു വരും.


ഇനിയിപ്പോ കേരളാസ്റ്റൈലിൽ കപ്പയുടെ കൂടെ കൂട്ടാനാണെങ്കിൽ മുളകിൽ കടുകുവറുക്കാതെ, ഉള്ളിചതച്ചതും വെളിച്ചെണ്ണയും ചേർത്തിളക്കി പരീക്ഷിച്ചു നോക്കാം.


ഫ്രിഡ്ജിൽ വെച്ച മുളകുപയോഗിച്ച് അച്ചാറിട്ടാൽ കേടായി പോവാൻ സാധ്യതയുണ്ട്. അതിനാൽ വാങ്ങികൊണ്ടു വന്നു എത്രയും പെട്ടെന്നു ഉണ്ടാക്കിയാൽ അത്രയും നന്ന്.

സമർപ്പണം:- ഇതു പറഞ്ഞുതന്ന പാചകരത്നം സുധാഭാഭിക്ക്.

പ്രത്യേക‌അറിയിപ്പ്:- ഞാനുപയോഗിച്ച മുളകല്ലാതെ ഏരിവു കൂടിയ വല്ല മുളകും കൊണ്ടുണ്ടാക്കി കഴിച്ച് ബാത്ത്‌റൂമിൽ തപസ്സിരിക്കേണ്ടി വന്നാൽ അതിനു ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.

25 comments:

 1. Inji Pennu said...

  ആശാ ഭായ്
  ഈ മുളകിന്റെ തെലുങ്കു നാമം, അതിലൂടെ മലയാളം നാമം അല്ലെങ്കില്‍ ഇംഗ്ലീഷ് നാമം പറഞ്ഞ് തരുമോ?

 2. ആഷ | Asha said...

  ഇഞ്ചി, ഈ മുളകിന്റെ തെലുങ്കുനാമം ‘പണ്ടു മിർച്ചി അല്ലെങ്കിൽ പണ്ടു മിരുപ്പക്കായ്’ എന്നാണ്. അതിന്റെ അർത്ഥം പഴുത്ത മുളകെന്നേയുള്ളൂ. ഇംഗ്ലീഷ് നാമമാണ് എന്നെയും കുഴപ്പിക്കുന്നത്. മിർച്ചി ബജിക്ക് ഉപയോഗിക്കുന്ന അതേ മുളകു തന്നെയാണിതെന്ന് എന്റെ അയൽ‌വാസി പറയുന്നു. അത് ചെടിയിൽ നിന്നു തന്നെ പഴുക്കാൻ അനുവദിക്കുമെന്നു മാത്രം.

  എരിവു കുറഞ്ഞ നീളവും മാംസവും കൂടിയ ഏതെങ്കിലും തരം മുളകു കൊണ്ട് ഉണ്ടാക്കി നോക്കൂ. കൈലി കോങ്ങിന്റെ
  കുക്കറിഷോയിൽ മിക്കവാറും ഈ മുളക് പോലുള്ളതാണ് ഉപയോഗിച്ചു കാണാറ്. പക്ഷേ ഇംഗ്ലീഷ് പേര് നഹി മാലും. :(

 3. Suja said...

  മുൻപെങ്ങോ ഇതിനേക്കുറിച്ചു ആഷാഢം പറഞ്ഞിട്ടില്ലേ എന്നൊരു സന്ദേഹം! എന്തായാലും പോസ്റ്റിനു വെൽകം. ദൈവാധീനം... എനിക്കീ മുളകു ഇവിടെ കിട്ടില്ല. എന്നാലും ആ വേരിയേഷൻ നമ്പർ 3 (കപ്പയുടെ കൂടെ) കണ്ടപ്പോ വായിൽ വെള്ളമൂറി കേട്ടോ :(
  ഒടുവിലത്തെ പ്രത്യേക അറിയിപ്പിനു പ്രത്യേക നന്ദി :)

 4. Areekkodan | അരീക്കോടന്‍ said...

  ആഷേ... ഇതു കഴിക്കാന്‍ ഹൈദരാബാദില്‍ ഒന്നു കൂടി വരേണ്ടി വരുമോ?

 5. ശ്രീ said...

  ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള പോസ്റ്റ് എരിവുള്ളതാണല്ലോ.

  കണ്ടിട്ട് കൊതിയാകുന്നുണ്ട്.
  :)

 6. സു | Su said...

  ആഷ എവിടെപ്പോയിരുന്നൂ ഇത്രേം നാൾ? തിരക്കിലായിരുന്നോ? :)

  അധികമൊന്നും ഈ അച്ചാർ എനിക്കുവേണ്ട. ഒരു കിലോ ഇങ്ങോട്ടയച്ചാൽ മതി. ഞാനുണ്ടാക്കിയിരുന്നു കുറച്ചുകാലം മുമ്പ്.

  ശർക്കരയും ചേർക്കും ചിലർ. കടുകുപൊടിയും.

 7. കുമാരന്‍ said...

  കൊതിയാകുന്നു

 8. ബിന്ദു കെ പി said...

  കൊള്ളാം ആഷേ... ഇത് പണ്ട് ഹൈദ്രാബാദിലായിരുന്നപ്പോൾ തെലുങ്ക് ആന്റിമാരിൽ നിന്ന് ഉണ്ടാക്കാൻ പഠിച്ചിട്ടുണ്ട്. അവർ പക്ഷേ കുറച്ചു കടുകുപരിപ്പും കൂടി ചേർക്കാറുണ്ടായിരുന്നു.

 9. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:“അതിനാൽ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു ഈ പോസ്റ്റ് തയ്യാറാക്കാൻ”

  ഓ അതാണുകാരണം അല്ലേ ഇത്രെം വൈകാന്‍ ഒരു പോസ്റ്റിനു?

 10. Kichu $ Chinnu | കിച്ചു $ ചിന്നു said...

  വെല്‍ക്കം ബായ്‌ക്ക്! കുറേക്കാലമായിട്ട് പോസ്‌റ്റൊന്നും ഇല്ലായിരുന്നല്ലൊ..!
  ഈ സാധനം ഉണ്ടാക്കിത്തരാന്‍ ചിന്നൂനോട് പറഞ്ഞ് നോക്കട്ടെ.. !കിട്ടിയാലായി!

 11. കാന്താരിക്കുട്ടി said...

  അല്പം എരിവ് എനിക്ക് ഇഷ്ടമാ.നീളമുള്ള മുളകല്ലാതെ പഴുത്ത കാന്താരി മുളകു കൊണ്ട് ഞാൻ ഒന്നു ഉണ്ടാക്കി നോക്കട്ടേ.അല്പം വെളിച്ചെണ്ണ കരുതി വെച്ചിട്ടു വേണം കഴിക്കാൻ ന്നേ ഉള്ളൂ ല്ലേ !!

 12. NAUTILUS said...

  beautiful photos..

  love the warning!!!

 13. നിരക്ഷരന്‍ said...

  ഞാനീ ബ്ലോഗിൽ വരുന്നത് ആച്ചാറ് തിന്നാനും കാപ്പികുടിക്കാനുമൊന്നുമല്ല. കുറച്ച് നല്ല പടങ്ങൾ കാണാൻ വേണ്ടിയാണ്.

  വല്ലപ്പോഴും ഇതുപോലൊക്കെ ഓരോ പോസ്റ്റ് ഇറക്കണം. ഇതുപോലെ കിടിലൻ പടങ്ങൾ ചേർത്ത്.

 14. Kumar Neelakantan © said...

  ടച്ചിങ്സ്!
  ഇവനാണ് ടച്ചിങ്ങ്സ്!!

  ഇവന്റെ ഒപ്പം വേണ്ട അനുസാരികള്‍:-
  1.വോഡ്ക (സ്മിര്‍നോഫ്/അബ്‌സൊല്യൂട്ട് - അല്ലെങ്കില്‍ എന്തരു ബ്രാന്റായാലും മതി) 2.മിക്സറില്‍ ചേറുതായി പൊടിച്ചെടുത്ത ഐസ്
  3. തണ്ണിമത്തന്‍ ജൂസ് കുരുകളഞ്ഞത്.
  4. ഉപ്പ് പാകത്തിനു

  പാചകം ചെയ്യേണ്ട രീതി
  ആദ്യമായി ക്രിസ്റ്റല്‍ ഗ്ലാസ് എടുക്കുക. അതിനെ ഫ്രിഡ്ഗിന്റെ ഐസുണ്ടാക്കുന്ന ചേമ്പറില്‍ (ചില്ലര്‍) മിനിമം 15 മിനുട്ട് വച്ച് തണുപ്പിക്കുക.
  ഉപ്പ് ഒരു പേപ്പറില്‍ നിരത്തിയിടുക
  പേപ്പറില്‍ നിരത്തിയ ഉപ്പില്‍ ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത ഗ്ലാസ് കമിഴ്ത്തിക്കറക്കുക. അപ്പോള്‍ അതിന്റെ അരികുകളില്‍ ഉപ്പ് പൊടി ചേര്‍ന്നിരിക്കും. ആ ഗ്ലാസിലേക്ക് ഒരു പെഗ് (അല്ലെങ്കില്‍ അവനവന്റെ കപ്പാസിറ്റിപോലെ അരയോ ഒന്നരയോ) ഒഴിക്കുക. തണ്ണിമത്തന്‍ ജൂസ് ചേര്‍ക്കുക. സിപ്പ് സിപ്പായി അടിക്കുക. ഓരോ പുതിയ സിപ്പിനും ഗ്ലാസി ചെറുതായി തിരിക്കണം. ഓരോ സിപ്പിനും ഒപ്പം ഗ്ലാസിന്റെ മുകളിലെ അരികില്‍ ഉള്ള ഉപ്പ് അകത്തേക്ക് ചുണ്ടിലേക്ക് വരാനാണ്. അങ്ങനെ അവസാനത്തെ സിപ്പില്‍ ഗ്ലാസ് ഒരു റൌണ്ട് കറങ്ങിവരണം. ഹതാണ്.!

  തണ്ണി മത്തന്‍ ജൂസിനു പകരം ടൊമാറ്റോ ജൂസും നല്ലതാണ്.

  ഇവന്‍ റെഡിയായി കഴിഞ്ഞാല്‍ ആഷ ഇവിടെ പറഞ്ഞ “പഴുത്ത മുളക് ടച്ചിങ്ങും ചേര്‍ത്ത്” ഗ്ലാസ് കറക്കി അടിച്ചോളൂ.. അടിച്ച് കറങ്ങിക്കോളൂ..

  ആഷയുടെ ചിത്രങ്ങള്‍ വളരെ മനോഹരം. മറ്റു ഫോട്ടോ ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രൊഫഷണല്‍ സ്വഭാവം ഇവിടുത്തെ ചിത്രങ്ങള്‍ക്കുണ്ട്.

 15. ആഗ്നേയ said...

  ആഹഹ്‍ാ...ഒരു കൊല്ലമായി എന്നൊട് ഇതിപ്പോതരാം ഇപ്പോ തരാംന്നു പറയുന്നു..പോട്ടം പിടിക്കാന്‍ പോയതാല്ലേ?:-)
  ഞാന്‍ റെഡ് ചില്ലിപിക്കിളും,ഗ്രീന്‍ ചില്ലി പിക്കിളും റെഡിമെയ്ഡ് വാങ്ങാറുണ്ട്..സ്റ്റഫ്ഡ് പറാത്തക്കൊപ്പം ഇതും,തണുത്ത മിന്റ് റൈത്തയും സൂപ്പര്‍കോംബിനേഷനാ..:-)
  എന്തായാലും ഇതുണ്ടാക്കട്ടെ..അവസാനത്തെ സ്റ്റാറ്റ്യൂട്ടറി വാണിംഗിനു നന്ദി :-)

 16. അഗ്രജന്‍ said...

  മേലില് ഉച്ച സമയത്ത് ഞാന് ആഷേടെ ബ്ലോഗില് വരില്ല :)

 17. Bindhu Unny said...

  ഈ മുളകിന്റെ സീസണ്‍ ആവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നോ ബ്ലോഗില്‍ പോസ്റ്റിടാന്‍? കുറേക്കാലം കൂടിയാണല്ലോ.

  ഇങ്ങനത്തെ മുളക് ഇവിടെ മാര്‍ക്കറ്റില്‍ കണ്ടു. വാങ്ങി ഈ അച്ചാര്‍ പരീക്ഷിച്ചുനോക്കണം. :-)

 18. [ boby ] said...

  ആശേച്ചി, എരിവുള്ള പോസ്റ്റ്... ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്നു ല്ലേ... സമ്മതിച്ചിരിക്കുന്നു... ചിത്രങ്ങള്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍...

  കുമാറേട്ടാ... വോഡ്ക്കക്കാരന്‍ ആണല്ലേ... തകര്‍പ്പന്‍ വിവരണം തന്നെ... ഇരുന്നു അടിച്ച് കഴിഞ്ഞ പോലെ തോന്നുന്നു...

 19. ഗുപ്തന്‍ said...

  ആഷേ വെല്‍ക്കം ബാക്ക് :)

 20. H Vishnu said...

  കുറെ നാളായി ഇവിടെയെങ്ങും ഇല്ലായിരുന്നു അല്ലെ? തിരിച്ചു വരുന്നതു മുളകും കൊണ്ടാണല്ലോ...

 21. മോഹനം said...

  കുറേക്കാലത്തിനി ശേഷം വന്നപ്പോ മുളകും കൊണ്ട്... ഹും ....

  അല്ലാ.. ഒരു സ(ദം )ശയം  മുളക് ഉണക്കാന്‍ ഫാനിന്റെ അടിയില്‍ തന്നെ വയ്ക്കണമെന്ന് നിര്‍ബന്ധം വല്ലതും ഉണ്ടോ?... അതുപോലെ ചതച്ചെടുക്കാന്‍ മിക്സിയും വേണമെന്നുണ്ടോ ?......

  ഒരു സംശയം ചോദിച്ചതാണേ.... യ്യോ...തല്ലല്ലേ...............

 22. ജിജു | jiju said...

  ആഷചേച്ചി, വായിക്കുമ്പോ തന്നെ നാവില്‍ വെള്ളമൂറുന്നു... നല്ല പോസ്റ്റ്... (ങേ?? നല്ല അച്ചാര്‍ ;)

 23. ദീപു ! Deepu said...

  RED CHILLES.........

 24. ശ്രീലാല്‍ said...

  എരിഞ്ഞ് തുള്ളാൻ ഞാനില്ല.. ആഷാഢത്തിലെ ഫോട്ടോകളെപ്പറ്റി കുമാറേട്ടൻ പറഞ്ഞത് പെർഫെക്റ്റ്.

 25. പിരിക്കുട്ടി said...

  hayyo...
  naavil vellamoorunnu...
  ithu sadhaa erivillaatha mulaku kondu undaakki nokkatte