Wednesday, June 13, 2007

കള്ളനെ പുടിച്ചാച്ച്

മാതളത്തിന്റെ പോസ്റ്റില്‍ മാതളവും ഞാന്‍ വാങ്ങി വെച്ചിരുന്ന കോഴിമുട്ടയും കിളിക്കൂട്ടില്‍ ഉണ്ടായിരുന്ന കിളിമുട്ടയും കട്ടു തിന്ന ഒരു കള്ളനെ കുറിച്ചു പറഞ്ഞിരുന്നു. അവസാനം കള്ളനെ കൈയ്യോടെ പിടിച്ചു.

ഒരു ദിവസം രാവിലെ കൊക്ക് ഒരു പ്രത്യേകശബ്ദമുണ്ടാക്കുന്നതു ശ്രദ്ധയില്‍ പെട്ടു.ഇതുവരെ അത്തരത്തില്‍ ശബ്ദമുണ്ടാക്കി ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ജനലില്‍ കൂടി നോക്കിയിട്ട് ഒന്നും കണ്ടില്ല. എന്നാലൊന്ന് ബാല്‍ക്കണിയില്‍ ചെന്നു നോക്കാമെന്നു കരുതി ചെന്നപ്പോ കിളികൂടിനടുത്തു തന്നെ ഒരു വിദ്വാന്‍. അതിലെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിട്ട് അല്പദിവസമേ ആയിരുന്നുള്ളു അതുങ്ങള്‍ പേടിച്ച് വിറച്ച് അനങ്ങാതെയിരിക്കുന്നു. അച്ഛന്‍ കൊക്കുകളും അമ്മകൊക്കുകളും(2 കൂടുകളുണ്ടതില്‍) കൂടിനടുത്തു വരാതെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്നു. കൂട്ടിനു അണ്ണാറക്കണ്ണന്മാരും കാക്കകളും ഉണ്ട് ഒച്ചവെയ്ക്കാന്‍. പഴയ കിളിമുട്ടയുടെ ഓര്‍മ്മയിലുള്ള വരവാണ് കുരങ്ങന്റെത്.



ആകെപ്പാടെ ഒരു കള്ളലക്ഷണമവനു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുമോയെന്നു പേടിയായെനിക്ക്. അതിനെ ആ കൂട്ടിനടുത്തു നിന്നും ഓടിക്കാന്‍ ഞാന്‍ ഒരു പഴയ ഷൂവെടുത്തു ദിപ്പം നിന്നെ എറിയും എന്ന രീതിയില്‍ കുറച്ചു ആക്ഷന്‍സ് നടത്തി. അവന്‍ പതുക്കെ ഇരിന്നിടത്തുന്ന് താഴേയ്ക്കിറങ്ങി. ബാല്‍ക്കണിയിലേയ്ക്ക് ചാടാനുള്ള ഭാവമാണോയെന്നു പേടിച്ച് ഞാന്‍ ഓടാന്‍ റെഡിയായി വാതിലില്‍ ഒരു കൈ പിടിച്ച് കുറച്ചു ഫോട്ടോസ് എടുത്തു. വിറച്ചു എടുത്തത് കൊണ്ട് ഒന്നും നേരാവണ്ണം കിട്ടിയില്ല.മാത്രമല്ല അന്നേരം ഫോട്ടേയെക്കാള്‍ അതിനെ അവിടുന്ന് ഓടിക്കുക എന്നതായിരുന്നു മനസ്സില്‍. കുരങ്ങന്‍ പതുക്കെ മരത്തില്‍ നിന്നും ഇറങ്ങി ബില്‍ഡിംഗിന്റെ പുറകുവശത്തേയ്ക്ക് പോയി. അവിടുത്തെ കിളികളുടെ ശബ്ദം കുറച്ചു നേരം കേട്ടു. പിന്നെയെല്ലാം ശാന്തമായി. പിന്നെയും കുറേ നേരം വേണ്ടി വന്നു ആ കിളികള്‍ തിരികെ കൂട്ടിലെത്താന്‍.

പിന്നെ ഈ കിളികളും അണ്ണാറക്കണ്ണനുമെല്ലാം ഇങ്ങനെ ഒച്ചയുണ്ടാക്കുമ്പോ ഞാന്‍ പോയി നോക്കാറുണ്ട്. എന്റെ കുട്ടിക്കാലത്ത് കാക്കകള്‍ ഇങ്ങനെ ശബ്ദമുണ്ടാക്കി മൂര്‍ഖന്‍‌കുഞ്ഞിനെ കാണിച്ചു തന്നിട്ടുണ്ട്. ഇന്നലെയേയും കേട്ടു ഇതു പോലെ കോലാഹലം ഇപ്രാവശ്യം മൈനയും കുയിലും അണ്ണാനുമാണ് കൂടുതല്‍ ഒച്ച വെച്ചത്. മരത്തിന്റെ മുകളിലും താഴെയുമൊക്കെ നോക്കിയിട്ട് ഒന്നു കണ്ടില്ല. പിന്നെ സണ്‍ഷെയ്ഡില്‍ നോക്കിയപ്പോ ഒരു സുന്ദരന്‍ പൂച്ച.

എന്താ ക്ഷീണം ഒന്നുറങ്ങട്ടെ

ഇതുങ്ങടെ ചിലയ്ക്കലു കാരണം ഒന്നു സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുന്നില്ലല്ലോ.


ഒരു കുരങ്ങന്‍ മുട്ട കട്ടു തിന്നുന്നുവെച്ച് എന്നെ പോലുള്ള നിരപരാധികളേയും സംശയിക്കുന്നതു ശരിയാണോ?

ഇനി പാക്കറ്റ് പാല്‍ രാവിലെ എതോ ഒരുത്തന്‍ അടിച്ചോണ്ടു പോണതും എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ പോവുവാണോ?

ചേച്ചി പോയാട്ടേ... സത്യം പറയാല്ലോ ആ ചക്കി പൂച്ച ഇവിടെ വരാന്നു പറഞ്ഞിട്ടു വന്നതാ. ഞങ്ങളു ഭയങ്കര ലൌവാ.


N.B:- ഇതെല്ലാം ഇവന്‍ എന്നോടു തെലുങ്കില്‍ പറഞ്ഞ കാര്യങ്ങളാ. തെലുങ്കിലെഴുതിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ടു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയെന്നു മാത്രം.

46 comments:

  1. ആഷ | Asha said...

    മാതളത്തിന്റെ പോസ്റ്റില്‍ മാതളവും ഞാന്‍ വാങ്ങി വെച്ചിരുന്ന കോഴിമുട്ടയും കിളിക്കൂട്ടില്‍ ഉണ്ടായിരുന്ന കിളിമുട്ടയും കട്ടു തിന്ന ഒരു കള്ളനെ കുറിച്ചു പറഞ്ഞിരുന്നു. അവസാനം കള്ളനെ കൈയ്യോടെ പിടിച്ചു.

    പുതിയ പോസ്റ്റ്

  2. ഗുപ്തന്‍ said...

    അങ്ങനെ കള്ളനെ കിട്ടി അല്ലേ...
    കൊള്ളാംസ്....

    ആ പൂച്ചപ്പോസ്റ്റിലെ കമന്റ്സ് കിടിലം..
    ആ ലാസ്റ്റ് ഷോട്ടീല്‍ ലവന്‍ ആരെയാ ഒരു കണ്ണടച്ച് കാണീക്കുന്നെ???

  3. Rasheed Chalil said...

    ചിത്രങ്ങളും അടിക്കുറിപ്പും അസ്സലായി... എന്നാലും ഇത് തെലുങ്കന്മാര്‍ അറിയണ്ട.

  4. Unknown said...

    കൊള്ളാല്ലൊ കള്ളന്‍.....

  5. അപ്പൂസ് said...

    അമ്പടാ, കൊരങ്ങാ..!
    മുട്ട ഒക്കെ തിന്നു നല്ല ഗമണ്ടനായി ഇരിക്കുകയാ ! ആഷേച്ചിയുടെ ഭാഗ്യം അവന്റെ കയ്യീന്നു കൊള്ളാഞ്ഞത്.

    പൂച്ചപ്പടങ്ങളും അടിക്കുറിപ്പുകളും അസ്സലായി :)

  6. ettukannan | എട്ടുകണ്ണന്‍ said...

    "ഏമണ്ടീ പൂച്ചഗാരൂ.... ഭാഗുണ്ണാരണ്ടീ....?" ഹ ഹഹ.. the coolest one...

  7. asdfasdf asfdasdf said...

    ചിത്രങ്ങളും കമന്റുകളും നന്നായിരിക്കുന്നു.
    (ഓടോ : സതീശാ.. ഇരുട്ടാവുമ്പോഴേക്കും വീട്ടിലെത്തിക്കോളൂ...പടം കണ്ടിട്ട് കോഴിമുട്ടയും കിളിമുട്ടയും മാത്രമല്ല അവന്‍ അടിച്ചോണ്ടു പോകുക..:)
    qw_er_ty

  8. ഉണ്ണിക്കുട്ടന്‍ said...

    കുരങ്ങച്ചന്‍ ആളു കൊള്ളലോ..എറിയുന്ന പോലെ ഒക്കെ കാണിച്ചാല്‍ അവന്‍ വയലന്റ് ആകും കേട്ടോ.. പൂച്ച ആളൊരു സുന്ദരന്‍ തന്നെ...

    ആഷേ..ഇഷ്ടായി.

    [അപ്പോ മുട്ട തിന്നതു കുരങ്ങനോ..പൂച്ചയോ..ആഷയോ..]

  9. വിചാരം said...

    ഗൊള്ളാം.. :)

  10. മുസ്തഫ|musthapha said...

    അവസാനത്തെ പടം കണ്ടപ്പോ ഒരു പാട്ട് വന്നു :)
    ഡപ്പ് ഡപ്പ് ആഷേച്ചി
    ഫോട്ടെടുക്കാന്‍ പോയപ്പോ
    ഡപ്പ് ഡപ്പ് പൂച്ചേട്ടന്‍
    കണ്ണിറുക്കി കാണിച്ചു...

    കള്ളനെ പിടിക്കാന്‍ കാണിച്ച ഈ ധൈര്യം കൊള്ളാം.

    പടങ്ങളും അടിക്കുറിപ്പുകളും നന്നായി.

    പക്ഷി, പൂവ്, തേനീച്ച... എല്ലാം വിട്ടിപ്പോ കൊരങ്ങ്, പൂച്ച കളിലേക്ക് തിരിഞ്ഞല്ലേ... :)

  11. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    അത് ശരി സ്വന്തായി സിഐഡി ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നിട്ടാ ഈ കൊലച്ചതി...
    കള്ളന്‍ മാതളം അടിച്ചോണ്ട് പോയോന്ന് പറഞ്ഞ് കരഞ്ഞത് കേട്ട് ചാത്തനാ ഷെര്‍ലൊക് ഹോംസിനു കൊടുത്ത അഡ്വാന്‍സ് വേസ്റ്റായാ?
    മര്യാദയ്ക്ക് കള്ളന്മാരും സിഐഡിയും കൂടി എന്റെ കാശു തിരിച്ചു തന്നോ..

    ഓടോ:: ആ സൈറ്റടി പടം ഗംഭീരം(അബദ്ധത്തില്‍ കിട്ടിയതാണേലും)എന്തോ ചാത്തന്റെ ക്ലോസപ്പ് എടുത്താലും മിക്കവാറും രണ്ട് കണ്ണോ‍ണ്ടും സൈറ്റടിക്കുന്ന സ്റ്റൈലാ :) ഇതൊരു രോഗമാ‍ണോ സിഐഡീ?

  12. കുറുമാന്‍ said...

    ആഷേ, ഇതും കലക്കി........ബ്ലോഗ്ഗ് ഫോട്ടോഗ്രാഫത്തി പട്ടം തന്നിരിക്കുന്നു:)

  13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ആഷയുടെ പല പോസ്റ്റും കണ്ടിട്ട്‌ കമന്റു ചെയ്യാന്‍ നോക്കി സാധിച്ചില്ല ഇതു വരെ . ഇതിനും കൂടി നോക്കട്ടെ. നല്ല പടങ്ങള്‍ അവയ്ക്കു ചേര്‍ന്ന വിശദീകരണങ്ങളും.

    പക്ഷെ കുരങ്ങിന്റെ നേരെ എറിയുന്ന ഭാവമൊന്നും കാണിക്കല്ലേ പ്രത്യേകിച്ച്‌ സ്ത്രീകള്‍ - ഇനി ആന്ധ്രയിലെ കുരങ്ങ്‌ എങ്ങനെ ഉള്ളതാണെന്നറിയില്ല.

  14. സുല്‍ |Sul said...

    ആഷക്ക് ബൂലോഗ ഫോട്ടോ ഗ്രാറ്റുവിറ്റി ഞാനും തന്നിരിക്കുന്നു :)

    പൂച്ചാലു കുരങ്ങാ‍ലു ലു ലുലു (ഓ നാവുളുക്കി) നന്നായിലു.
    -സുല്‍

  15. Anonymous said...

    kalakki ketto

    http://www.eyekerala.com

  16. ഏറനാടന്‍ said...

    ആഷേച്ചീയേ.. മാഗ്നറ്റിക്‌ ലെന്‍സ്‌ നല്ല പവറുള്ളത്‌ ഫിറ്റാക്കി എടുത്തതിനാലാവും സാദാ പൂച്ച വല്യ പുലിപ്പൂച്ച പോലെയായത്‌? ങ്‌ഹേ?

  17. Kaithamullu said...

    കുരങ്ങച്ചനെക്കണ്ട് പേടിച്ച ആഷ പൂച്ചക്കുട്ടനെ കണ്ടപ്പോഴേക്കും ഉഷാറായീന്ന് ആ ഫോട്ടോകള്‍ കണ്ടാലറിയാം.
    (ആഷയും ക്യാമെറയും അവിഭാജ്യ ഘടകങ്ങള്‍?)

  18. അപ്പൂസ് said...

    ഒന്നു കൂടി ഇതിലേ വന്നത്, പണിക്കര്‍ മാഷുടെ കമന്റ് കണ്ടിട്ടാ..
    ആഷേച്ചിയേ, നോട് ദ പോയന്റ്..

    ഓഫ്:
    മര്‍ക്കടസ്യ മുട്ടഭോജ്യം
    മദ്ധ്യേ നാഡീരോഗം

    എന്ന പോലിരിക്കുന്ന കുരങ്ങാണെങ്കില്‍ പിന്നേ നോക്കുകയേ വേണ്ട. :)
    qw_er_ty

  19. മുസാഫിര്‍ said...

    പടങ്ങളൊക്കെ നന്നായിരിക്കുന്നു.എങ്കിലും എനിക്ക് ആ സൈറ്റടിക്കുന്ന പൂച്ചയേയാണു ഇഷ്ടമായത്.

  20. deepdowne said...

    ഇവിടെ ഒരു പോസ്റ്റ്‌ വായിക്കുമ്പോള്‍ ഒരു നോവല്‍ വായിച്ച പ്രതീതി. എത്രയെത്ര കഥാപാത്രങ്ങളും എത്രയെത്ര സംഭവവികാസങ്ങളും! ഈ വണ്ടി ഇങ്ങനെ തന്നെ പോട്ടെ :)

  21. Siju | സിജു said...

    ആ ആഷ ടച്ചുള്ള പോസ്റ്റ്.. :-)

  22. ബിന്ദു said...

    ആഷേ.. ആ അവസാനത്തെ ഫോട്ടോ കണ്ടിട്ട്‌... അവനെ ഒന്നു സൂക്ഷിച്ചോളൂ ട്ടൊ. അടുത്തത്‌ നിങ്ങളുടേ അടുക്കളയിലെ മീഞ്ചട്ടി ആവാനുള്ള സകല സാധ്യതകളും കാണുന്നുണ്ട്‌. പോസ്റ്റ്‌ വളരെ ഇഷ്ടായി!

  23. Kumar Neelakandan © (Kumar NM) said...

    നന്നായിട്ടുണ്ട്. കണ്ണുകള്‍ ലെന്‍സാകുന്ന കാഴ്ചകള്‍ മനസു ക്യാമറയും. ഇതാണ് ആഷാഢം സ്റ്റൈല്‍. അതിനെ വിട്ടുകളയരുതു.

  24. Vanaja said...

    ഇവനാളൊരു പൂച്ചക്കണ്ണനാണല്ലോ!!!

    ആഷാ, ചിത്രങ്ങളും അടിക്കുറുപ്പുകളും ഗംഭീരം.

  25. Praju and Stella Kattuveettil said...

    ആഷേ..കുരങ്ങന്റെ പടം പിടിക്കുന്നതിനിടെ കാഴ്ചബംഗ്ലാവില്‍ പോയൊ എന്നു ചോദിക്കാന്‍ വരുവായിരുന്നു. അപ്പോഴാ മനസിലായെ അടുത്തതു പൂച്ചയുടെ പടമാണെന്നു... നല്ല പടങ്ങളാട്ടൊ.. കുരങ്ങനും മായി ഒളിച്ചു കളിയാ പണിയല്ലേ..

  26. ക്യാമറക്കണ്ണുമായ് | Girish babu said...

    നല്ല പടങ്ങള്‍....നല്ല അടിക്കുറിപ്പും

  27. മെലോഡിയസ് said...

    ആഷ ചേച്ചി, പടങ്ങളും കൂടെ കൊടുത്തിരിക്കുന്ന വിവരണവും അസ്സല്‍ ആയി. പ്രത്യേകിച്ച് ആ പൂച്ചയുടെ.
    ആശംസകള്‍!!

  28. സാജന്‍| SAJAN said...

    ആഷേ എനിക്കു അഞ്ചാമത്തെ പടത്തിന്റെ അടിക്കുറിപ്പാണ് ഇഷ്ടമായത്,
    പക്ഷേ അവസാനത്തെ പടം കണ്ടപ്പോള്‍ ഒരു തമിശയം , ആ പൂച്ചയെ കണ്ണിറുക്കി കാണിച്ചിട്ടല്ലേ അതും കണ്ണടിച്ച് കാണിച്ചത്, എന്നിട്ട് പൂച്ച കണ്ണടിച്ച് കാണിച്ചു എന്നു പറഞ്ഞ ലവനെ നാറ്റിച്ചു അല്ലേ,
    :):)
    പിന്നെ ഫോട്ടോസ് പതിവു പോലെ കലകലക്കന്‍:):)
    qw_er_ty

  29. അപ്പു ആദ്യാക്ഷരി said...

    ആഷേ..
    ഇതു കലക്കി (ലു)..

  30. സാരംഗി said...

    ചിത്രങ്ങളും വിവരണവും കൊള്ളാംസ്..പൂച്ചയെ ഭയങ്കര ഇഷ്ടമായി..എന്താണാവോ അതിന്റെ പേര്‍?

  31. Retheesh said...

    ഫോട്ടോകള്‍ വളരെ നന്നായിരിക്കുന്നു (കുരങ്ങ് ഒഴിച്ച്..അതിന്' മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നതിനാല്‍ കണ്ണടക്കുന്നു- പൂച്ചയെ പോലെയല്ല) അതിലും നന്നായിരിക്കുന്നത് അടിക്കുറിപ്പുകള്‍ തന്നെ.... ഒബ്ജക്റ്റും പ്രതലവും ഏകദേശം ലയിച്ചിരിക്കുന്ന നിറമല്ലാതിരുന്നെങ്കില്‍ മാര്‍ജ്ജാരന്‍ ഇതിലും സുന്ദരനായേനെ...പിന്നേ...ഷൂ പഴയതാണെങ്കിലും കളയാനൊരു മടി...അല്ലേ...

  32. സാല്‍ജോҐsaljo said...

    ഒന്നിനേം വെറുതെ വിടരുത്. ക്യാമറായും കൊണ്ടിങ്ങനെ നടന്നോ. അടുപ്പത്തെന്തൊ കരിയുന്ന മണം. ചെല്ല്, കള്ളനെ ഞാന്‍ കൈകാര്യം ചെയ്തോളാ‍ാം.. ഹാ‍ാ.. അല്ല പിന്നെ....



    ഉഗ്രനേയ്:!!!

  33. ശാലിനി said...

    ആഷേ എനിക്ക് ആ അവസാനത്തെ കുറിപ്പാണ് ഇഷ്ടപ്പെട്ടത്. ഫോട്ടോകള്‍ പതിവുപോലെ നന്നായിരിക്കുന്നു.

    കുയിലും അണ്ണാനും മൈനയും - ഇതെന്താ നമ്മുടെ നാടിനേക്കാള്‍ നല്ല സ്ഥലമാണെന്നു തൊന്നുന്നല്ലോ. ഹൈദരാബാദ് എന്നാല്‍ ഒരുതരം ഉണങ്ങിയ സ്ഥലമെന്നാണ് ഞാന്‍ കരുതിയത്.

    ഇപ്പോഴാണാറിഞ്ഞത് പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന്.

  34. :: niKk | നിക്ക് :: said...

    ആഷമ്മോ, ഗള്ളനെ പിടിച്ചല്ലേ ? ഗൊള്ളാംസ്‌ :)

  35. Mohanam said...

    അഷേച്ചിയേ അപ്പോ ഞാന്‍ കണ്ടത്‌ അവിടയാ അല്ലേ....

    എന്താ...

    ഇതന്നെ....
    http://chickmohan.googlepages.com/kurang
    ഹ ഹ ഹ ..............

  36. Kaippally said...
    This comment has been removed by the author.
  37. Kaippally said...

    പോരാ!

    36നും വേണ്ടി ഇതില്‍ ഒന്നും കാണുന്നില്ലാ.

  38. ആഷ | Asha said...

    മനൂ, ആരെയായിരിക്കും ? ;)

    ഇത്തിരിവെട്ടം,
    വക്കാരിമഷ്ട കഴിഞ്ഞദിവസം അദ്ദേഹം

    ഉല്‍ഘാടിച്ച ബ്ലോഗുകളെ കുറിച്ചു

    പറഞ്ഞിരുന്നു അപ്പോഴാണ് ഞാനോര്‍ത്തത് എന്റെ

    ബ്ലോഗില്‍ ആദ്യം കമന്റിട്ടത് ആരാന്നു.

    താങ്കള്‍ തന്നെ :)

    എന്തായാലും തെലുങ്കന്മാരറിയില്ല.ഞാന്‍

    പറഞ്ഞാല്‍ ഒട്ടും അറിയില്ല എന്റെ തെലുങ്ക്

    അത്രയ്ക്ക് കേമമാണേ.

    പൊതുവാള്‍,വിചാരം, വല്യമ്മായി,അനില്‍,

    അപ്പൂസ്, അതല്ലേ ഞാന്‍ ഓടാന്‍ റെഡിയായി

    നിന്നതു. അവന്‍ പോയികഴിഞ്ഞും ശരീരം മുഴുവനൊരു

    വിറ.

    മര്‍ക്കടസ്യ മുട്ടഭോജ്യം
    മദ്ധ്യേ നാഡീരോഗം
    എന്തരിത് ഒന്നും

    മനസ്സിലായില്ല

    ഏട്ടുകണ്ണാ, പൂച്ചഗാരു ബാഗുന്നാരണ്ടി
    അധികം പറഞ്ഞു കൊളവാക്കുന്നില്ല

    കുട്ടമ്മേനൊനേ...ഡോണ്ടു ഡോണ്ടു ;)

    ഉണ്ണിക്കുട്ടാ, അവന്‍ അറ്റ്ലീസ്

    ഇളിച്ചെങ്കിലും കാണിക്കുമെന്നാ ഞാന്‍

    പ്രതീക്ഷിച്ചത് പക്ഷേ വികാര രഹിതനായി

    ഇറങ്ങി പോയി. കണ്ടില്ലായിരുന്നേ

    വീട്ടിനുള്ളിലും കേറിയേനേ.

    മുട്ട തിന്നതു അവന്‍ തന്നെ മുഴുവന്‍

    തിന്നോയെന്നു ചോദിച്ചാല്‍ ഇല്ല പകുതി

    നിലത്തും ടേബിളിലും ഇട്ടിട്ടു പോയി. അതു

    കഴുകാന്‍ ഞാന്‍ പെട്ട പാട് ! ഉളുമ്പു നാറ്റം

    മാറാന്‍ പെര്‍ഫ്യും പിന്നെ ലോഷനും

    എല്ലാമടിച്ചു അവസാനം എല്ലാം കൂടി ചേര്‍ന്നു

    ഒട്ടും സഹിക്കാത്ത മണമായി :(

    അഗ്രജോ, പാട്ടു കലക്കി ഹ ഹ

    ചാത്തോ, അതു രോഗം തന്നെ.
    കണ്ണൂകടി എന്നാണു ആ അസുഖത്തിന്റെ പേരു. ചെറിയ

    ഈര്‍ക്കില്‍ കഷ്ണം വളച്ച് പോളകള്‍ക്കിടയിലായി

    കുത്തി നിര്‍ത്തുക. ഇതാണ് അതിന്റെ ചികിത്സ.

    ഇതു കൊണ്ടും മാറിയില്ലെങ്കില്‍ വേറെ പല

    പ്രയോഗങ്ങളുമുണ്ട്.
    പേടിക്കണ്ടാ

    കൊടുത്ത അഡ്വാന്‍സ് കള്ളന്റെ കൈയ്യിന്നു

    വാങ്ങിച്ചോ ഞാന്‍ തരൂല്ലാ
    ഞാന്‍ പറഞ്ഞില്ലല്ലോ കാശു കൊടുക്കാന്‍.

    കുറുമാന്‍സ്, ആ പട്ടം പറത്തി കളിക്കാന്‍

    പറ്റുവോ?

    ഇന്‍ഡ്യാഹെറിറ്റേജ്‌ , എന്തേ സ്ത്രീകളെ

    കൂടുതല്‍ ആക്രമിക്കുവോ കുരങ്ങന്മാര്‍?

    എനിക്കധികമറിയില്ല കുരങ്ങിനെ കുറിച്ച്.

    സുല്‍, ഗ്രാറ്റുവിറ്റി കാഷോ ചെക്കോ? (കാഷ്

    മതിയെന്നേ)

    ഏറനാടന്‍, മാഗ്നെറ്റിക്ക് ലെന്‍സോ? എന്റെ

    കൈയ്യിലോ നല്ല കഥ!

    കൈതമുള്ള് , :)

    മുസാഫിര്‍, ഹ ഹ

    deepdowne, ശരീട്ടോ

    കുമാറേട്ടാ, വിട്ടു കളയരുതെന്നാണ് എന്റേയും

    ആഗ്രഹം. :)

    വനജ, എന്താ ചെയ്കയല്ലേ ഈ പൂച്ചകളെല്ലാം

    പൂച്ചകണ്ണന്മാരായാല്‍ ;)

    തരികിട, എല്ലാം വീട്ടിലെ തന്നെയാ
    ക്യാമറക്കണ്ണുമായ് ,മെലോഡിയസ് ,സിജു, നന്ദി
    സാജാ, ഭയങ്കരം തന്നെ കണ്ടുപിടുത്തം ;)

    അപ്പുഗാരു, നന്ദിലു

    ബിന്ദു, ഇതിനെ ഞാന്‍ ആ ദിവസം മാത്രേ കണ്ടുള്ളൂ.

    സാരംഗി, ഇതു ഒരു വഴിപോക്കന്‍ പൂച്ചയാ

    പേരറിയില്ല,

    രതീഷ്, എങ്ങനെയാ പഴയതാണെങ്കിലും കളയുകാ

    സാല്‍ജോ, കള്ളനെ കൈകാര്യം ചെയ്യാന്‍ പോയ ആരോ

    വലിയ വായില്‍ കരയുന്ന ഒച്ച കേള്‍ക്കുന്നല്ലോ ;)

    ശാലിനി, അതു നമ്മള്‍ താമസിക്കുന്ന പ്രദേശം

    പോലെയിരിക്കും. ഇവിടെ ഞങ്ങള്‍ താമസിക്കുന്ന

    ചുറ്റുവട്ടത്ത് മരങ്ങള്‍ ഉള്ളതു കൊണ്ട്

    കിളികളൊക്കെ വരുന്നുവെന്നു മാത്രം.

    നിക്ക്, അവസാനം അങ്ങനെ പിടിച്ചു.

    ചുള്ളാ, എന്തായിത് ;)

    കൈപ്പള്ളി, എന്റെ കഴിവിന്റെ പരമാവധി

    മെച്ചപ്പെടുത്താം.

    എല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും.

  39. വിപിന്‍ said...

    ആഷേ..
    പടങ്ങളും കഥയും ഒരുപോലെ നന്നായി.
    മരച്ചില്ലയ്ക്കിടയില്‍ നിന്നു ക്ലിക്കിയതിനാല്‍ അല്‍പ്പം വെളിച്ചം കുറവായിപ്പോയൊ?
    ..................................
    ഞാന്‍ മലയാളം സംസാരിക്കുന്ന പൂച്ചകളെ മാത്രമേ കണ്ടിട്ടുള്ളു. പൂച്ചകള്‍ തെലുങ്ക് സംസാരിക്കുമെന്നത് പുതിയ അറിവാണ്.
    ഈ പൂച്ചകള്‍ പെണ്ണുങ്ങളെ കാണുമ്പോള്‍ മാത്രമാണോ സൈറ്റടിക്കുന്നത്? എങ്കില്‍ സൂക്ഷിക്കണം.

  40. Unknown said...

    ഫോട്ടോസും കമന്റും ഒരു പോലെ കൊള്ളാം.

  41. Unknown said...

    avasaanathey 2 pics- Ugran. enikkee kurangaammaare pandey ishtaa, bt Ash'ey'dey 2-3 post'ukal vaayichappo, levaney oru villain pattikayil njaan pathukkey cherhtu thudangi! ivammaarudeyokkey ororo vikruthikaley- baakkiyollonte jeevanil thottu kalichittu veno levanokkey vikruthi kaattaan !! Ashey- thante bhaavanyum kalaanaipunyavum affaaram !

  42. ശ്രീ said...

    കാണാന്‍‌ കുറേ വൈകി...
    എന്നാലും ഉഗ്രന്‍‌
    അവസാനത്തെ രണ്ടു മൂന്നെണ്ണം നന്നായി ഇഷ്ടപ്പെട്ടു
    :)

  43. veekevee said...

    ആഷേ..
    പടങ്ങളും കഥയും വളരെ വളരെ നന്നായിടുണ്ടു.
    ഇനിയും പ്രതീക്ഷിക്കുന്നു

  44. നിരക്ഷരൻ said...

    ഒന്ന് രണ്ട് സംശയങ്ങളുണ്ട് ആഷേ

    1.ക്യാമറ ഫുള്‍ ടൈം ചാര്‍ജ്ജ് ചെയ്ത് മേശപ്പുറത്ത് തന്നെ വെച്ചിരിക്കുകയാണോ പതിവ് ?
    2.പടങ്ങളെടുക്കുമ്പോള്‍ത്തന്നെ അടിക്കുറിപ്പുകളും അനുബന്ധകഥകളും മനസ്സിലോടിയെത്തുമോ? അതോ പിന്നീട് ആലോചിച്ചെടുക്കുന്നതാണോ ?
    3.“പടം പിടുത്തം ഉണ്ട് നാളെ പത്ത് മണിക്ക് ഗാര്‍ഡനില്‍ എത്തണ്ണം “ എന്ന് ആദ്യമേ തന്നെ പൂച്ച, കുരങ്ങന്‍, ഉറുമ്പ്, തുടങ്ങിയ സഹജീവികളോട് ചട്ടം കെട്ടുമോ അതോ ....
    (ഞാന്‍ ഓടി)
    4.ഒരു ശിഷ്യനായി പരിഗണിക്കുന്നതിന് അവശ്യം വേണ്ട യോഗ്യതകള്‍‌ എന്താണ് ?

    എന്തൊക്കെയായാലും സംഗതികള്‍‌ മൊത്തത്തില്‍ ഉഷാര്‍, ഉഗ്രന്‍, അടിപൊളി, അത്യുഗ്രന്‍, അസാദ്ധ്യം, കലക്കന്‍, കിടുക്കന്‍.

    ഇത്രയുമൊക്കെ പറഞ്ഞില്ലേ,(മണിയടിച്ചില്ലേ-പിന്നേം ഓടി.) ! ഇനിയെങ്കിലും ശിഷ്യനാക്കൂ പ്ലീസ്.

  45. ആഷ | Asha said...

    അരുവിക്കരക്കാരന്‍, അതെ. അതിനു മങ്ങലുണ്ട്. മുന്‍പൊരു പോസ്റ്റില്‍ ആ കള്ളനെ കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ആളെ കിട്ടിയപ്പോ ഇട്ടുവെന്ന് മാത്രം.

    ശ്രീ, വൈകിയാണെങ്കിലും കാണാന്‍ വന്നതിനു നന്ദി.

    വിനോദേ, നന്ദി

    നിരക്ഷരന്‍,
    സംശയങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറയാം
    1. എന്റെ ക്യാമറയിലെ ബാറ്ററികള്‍ എപ്പോഴും ചാര്‍ജ്ജ് ചെയ്തായിരിക്കും ഇരിക്കാറ്. കൂടാതെ ഞാന്‍ ക്യാമറ അലമാരിയില്‍ അല്ല സൂക്ഷിക്കാറ് അതെന്റെ ഹാന്‍ഡ് ബാഗില്‍ ഇരിക്കാറാണ് പതിവ്. ക്യാമറ എന്റെ സന്തതസഹചാരിയാണ്.

    2. പടമെടുക്കുമ്പോ(പക്ഷികള്‍,മ്യഗങ്ങള്‍ & പൂക്കള്‍) അടിക്കുറിപ്പുകളേയും പോസ്റ്റുകളേയും മനസ്സില്‍ കണ്ടു കൊണ്ട് ഏടുക്കാറില്ല. പടങ്ങള്‍ ഒക്കെ കണ്ട ശേഷം നല്ലതെന്ന് തോന്നുകയാണെങ്കില്‍ പോസ്റ്റിടാമെന്ന് വിചാരിക്കയും അപ്പോ മനസ്സില്‍ തോന്നുന്നതെന്തോ അതു എഴുതി വെയ്കയുമാണ് പതിവ്. എന്നാല്‍ കരകൌശലം & പാചകം കാറ്റഗറിയിലെ പടങ്ങളൊക്കെ തന്നെ പോസ്റ്റ് ഇടാന്‍ വേണ്ടി മാത്രം എടുക്കാറാണ് പതിവ്.

    3. ഏയ് ചുമ്മാ പറഞ്ഞാലൊന്നും അവരൊന്നും വരൂല്ലാ അവരുടെ പബ്ലിസ്റ്റിനെ കണ്ടു അപ്പോയ്മെന്റ് വാങ്ങി അഡ്വാന്‍സ് മണിയും കൊടുത്ത് അവര് പറയണ സമയത്ത് നമ്മള്‍ ചെല്ലണം. പുരിഞ്ജിതാ?

    4. കടലോളം ക്ഷമ, ആവശ്യത്തിലധികം മണ്ടത്തരം, വായില്‍ തോന്നിയത് കോതയെ കൊണ്ട് പാടിക്കാന്‍ പറ്റുക എന്നിവയാണ് യോഗ്യതകള്‍. മണിയടിയും ഓട്ടവും അധികയോഗ്യതയായി പരിഗണിച്ചിരിക്കുന്നു.
    ഈ യോഗ്യതകളൊക്കെയുണ്ടെങ്കില്‍ ശിഷ്യനാക്കുന്ന കാര്യം ആലോചിക്കാം.

    ഈ പഴയ പോസ്റ്റുകള്‍ ഒക്കെ കുത്തിയിരുന്നു കണ്ടതിനാല്‍ ക്ഷമ വേണ്ടുവോളമുണ്ടെന്ന് മനസ്സിലായി. വളരെ നന്ദി.

  46. നിരക്ഷരൻ said...

    കുറച്ച് വൈകിയാണെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നു. എനിക്ക് കടലോളം ക്ഷമ ഉണ്ടെന്ന് മനസ്സിലായില്ലേ ? അതുകൊണ്ട് ഞാനിതാ ശിഷ്യപ്പെട്ടിരിക്കുന്നു. ഇതാ പിടിച്ചോ ഗുരോ.. വെറ്റിലയും, അടക്കയും,ഒറ്റരൂപാ നാണയവും. :) :)