Wednesday, September 3, 2008

ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പി




ചായ, കോഫി ഒക്കെ നിർത്തീട്ട് കുറച്ചു കാലമായി. എന്നാലിനി ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പിയിലേക്ക് ഒരു തിരിച്ചുപോക്ക് നടത്താമെന്ന് കരുതി. അങ്ങനെ അന്വേഷണം ആദ്യം ഇവിടടുത്തെ കേരളാ സ്റ്റോറിൽ തുടങ്ങി. ചക്കരയുണ്ടോന്ന് ചോദിച്ചപ്പോ അയ്യോ, ഇപ്പോ തീർന്നു പോയല്ലോ അടുത്താഴ്ച കാണുമെന്നായിരുന്നു മറുപടി. എന്തായാലും അടുത്തയാഴ്ച സംഗതി കിട്ടുമെല്ലോന്ന് ആശ്വസിച്ചു തുടങ്ങിയപ്പോഴാണ് അവരുദ്ദേശിക്കുന്ന ചക്കരയും ഞാൻ പറയുന്ന ചക്കരയും രണ്ടും രണ്ടല്ലേന്ന് ഒരു സംശയം. ഞാനുദ്ദേശിച്ചത് കരുപ്പെട്ടി എന്ന ചക്കരയാണെന്നു പറഞ്ഞപ്പോഴാണ് സംഗതി ക്ലിയറായത്.(ഞങ്ങളുടെ നാട്ടിൽ പൊതുവേ പായസം ഉണ്ടാക്കാൻ എടുക്കുന്നത് ‘ശർക്കരയും’ കാപ്പിയുണ്ടാക്കാനെടുക്കുന്നതിനെ ‘ചക്കര’യെന്നുമാണ് പറയുന്നത്.)അങ്ങനൊരു സാധനം അവരുടെ കടയിൽ കൊണ്ടുവരാറേയില്ലെന്നു കേട്ടപ്പോ ആ പ്രതീക്ഷ തകർന്നു. പിന്നെ ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ചക്കര കുറെ കെട്ടി പൊതിഞ്ഞിങ്ങ് കൊണ്ടു പോന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടു കൂടാണ്ടിരിക്കുമെന്നു കടക്കാരൻ പറഞ്ഞു തന്നു.



ചക്കരക്കാപ്പി പലവിധത്തിൽ ഉണ്ടാക്കി കണ്ടിട്ടുണ്ട്. ചുക്കും കുരുമുളകും ചേർത്ത ചുക്കുകാപ്പി. പക്ഷേ ചുക്കുകാപ്പിയും ഞാനും തമ്മിൽ പണ്ടു മുതലേ ലേശം വിരോധത്തിലാ. കാരണം മറ്റൊന്നുമല്ല നല്ല എരിവും ചൂടും കൂടി ഒന്നിച്ചു ചെന്നാൽ അപ്പോ തുടങ്ങും എനിക്ക് എക്കിൾ. ചക്കരകാപ്പിയിൽ തേയിലയിട്ട് അല്ലെങ്കിൽ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ച് കാപ്പിയുണ്ടാക്കാറുണ്ട്. ചുക്കും എലയ്ക്കയും മാത്രം ചേർത്തുണ്ടാക്കാറുമുണ്ട്. എന്നാൽ ഇതിൽ എനിക്കേറ്റവും രുചികരവും ഗുണമുള്ളതുമായി തോന്നിയിട്ടുള്ള ഒരു പൊടിയാണ് മല്ലി-കാപ്പിപ്പൊടി.പ്രകൃതിജീവനാചാര്യൻ ശ്രീ.സി.ആർ.ആർ.വർമ്മയുടെതാണ് ഈ പാചകക്കുറിപ്പ്.

മല്ലി-കാപ്പിപ്പൊടി


1. മല്ലി - 100 ഗ്രാം.
2. ഉലുവ - 20 ഗ്രാം.
3. നല്ല ജീരകം - 20 ഗ്രാം.
4. ചുക്ക് - 10 ഗ്രാം.
5. ഏലയ്ക്ക - 10 ഗ്രാം.



ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങൾ. മല്ലിയും ഉലുവയും നല്ലജീരകവും വെവേറെ എണ്ണയൊന്നുമില്ലാതെ വറുത്തെടുക്കുക. ചുക്ക് കല്ലിൽ വച്ച് നന്നായി ചതച്ചാൽ പിന്നീട് മിക്സിയിൽ പൊടിക്കാൻ എളുപ്പമാവും. എലയ്ക്കാ പച്ചയ്ക്ക് തന്നെ ഇട്ടാൽ മതിയാകും.



ഇനി എല്ലാം കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. ഒട്ടും തരിയൊന്നുമില്ലാതെ പൊടിയണമെന്നൊന്നുമില്ല.



കാപ്പി ഉണ്ടാക്കുന്ന വിധം

ചക്കര ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ചക്കര നന്നായി അലിഞ്ഞു കഴിയുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് 3 ഗ്രാം എന്ന രീതിയിൽ മല്ലി-കാപ്പിപ്പൊടി ചേർക്കാം.(ഒന്നു രണ്ടു പ്രാവശ്യം ഉണ്ടാക്കി കഴിയുമ്പോ നിങ്ങളുടെ രുചിക്കനുസരണമായി കാപ്പിപ്പൊടിയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.) അത് ഒരു മിനിറ്റ് തിളച്ചു കഴിയുമ്പോൾ തീ കെടുത്തി പാത്രം ലേശം ചരിച്ചു വെച്ചാൽ 1-2 മിനിറ്റിനുള്ളിൽ മട്ട് മുഴുവൻ അടിയിൽ ഒരു വശത്ത് അടിയും. അതിനു ശേഷം കാപ്പി അരിപ്പയിൽ അരിച്ച് ഉപയോഗിക്കാം.



കരുപ്പെട്ടി തന്നെ ചേർക്കണമെന്ന് ഒരു നിർബന്ധവുമില്ല. കരുപ്പെട്ടി കിട്ടാൻ പ്രയാസമാണങ്കിൽ ശർക്കരയുപയോഗിച്ചും ഇത് തയ്യാറാക്കാം. ഈ കാപ്പിയിൽ ലേശം പാലൊഴിച്ചാൽ ചായയുടെ നിറത്തിലാവും. രുചിയും ലേശം വ്യത്യാസപ്പെടും. അതും എനിക്ക് വളരെ ഇഷ്ടമാണ്.

ഇനി ഒട്ടും ഇടിച്ചു പൊടിച്ചും മെനക്കെടാൻ താല്പര്യമില്ലാത്തവർക്കായി മറ്റൊരു സാധനം.


ശുദ്ധീകരിച്ച പനം കരുപ്പെട്ടി.

ചുക്ക്, എലയ്ക്ക, കുരുമുളക്, ജീരകം ഒക്കെ ചേർത്തുണ്ടാക്കുന്ന കരുപ്പെട്ടിയാണ്. ഒന്നുകിൽ ചുമ്മാ തിന്നാം. കാപ്പിയാക്കണമെങ്കിൽ ചുമ്മാ വെള്ളം ചേർത്തു തിളപ്പിച്ചാൽ മതി. ഒന്നും കൂടെ ചേർക്കേണ്ട കാര്യമില്ല.



അപ്പോൾ എല്ലാവർക്കും വിനായകചതുർത്ഥിയുടെയും ഓണത്തിന്റെയും റംസാനാശംസകൾ!

ചിയേഴ്സ്!


ഈ പോസ്റ്റ് മല്ലി-കാപ്പിപ്പൊടിയെ കുറിച്ച് കൂടുതൽ പറഞ്ഞു തന്ന ശ്രീ. നാണുകുട്ടൻ‌നായർക്കും, ശ്രീമതി. സരസ്വതിയമ്മയ്ക്കും ചക്കരകാപ്പി കുടിക്കാൻ എന്നെ ശീലിപ്പിച്ച എന്റെ അച്ഛനുമമ്മയ്ക്കുമായി സമർപ്പിക്കുന്നു.