Thursday, June 26, 2008

തടിചുരുളില്‍ ഒരു ചിത്രം (കരകൌശലം)


മുകളില്‍ കാണുന്നതു പോലൊരു ചിത്രം ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍

1.ഒരു ചിത്രം.

2.കറുത്തതോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഇരുണ്ട നിറത്തിലെ വെല്‍‌വെറ്റ് തുണി അല്ലെങ്കില്‍ സാധാരണ തുണി.
പിന്നെ ഒരു കാര്‍ഡ് ബോര്‍ഡ് ചിത്രത്തിന്റെ അളവില്‍ മുറച്ചതില്‍ തുണി ചുറ്റി പുറകില്‍ പശ വെച്ച് ഒട്ടിക്കുക. കാര്‍ഡ് ബോര്‍ഡില്ലാത്തതു കൊണ്ട് ഞാന്‍ വെല്‍‌വെറ്റ് തുണിയുടെ പുറത്താണ് ഇത് ഉണ്ടാക്കുന്നത്. എന്റെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് പച്ചനിറത്തിലെയാണ് വെല്‍‌വെറ്റാണ്. അതു കൊണ്ട് അതു ഉപയോഗിക്കുന്നു.

3.അടുത്തതായി വേണ്ടത് തടി ചിന്തേരിടുമ്പോള്‍ കിട്ടുന്ന തടിചുരുള്‍. വീട്ടില്‍ ആശാരിപണി എന്തെങ്കിലും ചെയ്യുമ്പോ അതില്‍ നിന്നും നല്ല നിറത്തിലും നീളത്തിലുമുള്ള ചുരുളുകളെടുത്ത് സൂക്ഷിച്ചു വെച്ചിരുന്നാല്‍ മതി. എന്നെ പോലെ കേരളത്തിനു വെളിയില്‍ താമസിക്കുന്നവര്‍ക്ക് ചില സമയം ഇത് കിട്ടാന്‍ ഇത്തിരി പ്രയാസപ്പെടേണ്ടി വരും. എന്റെ അനുഭവത്തില്‍ തടിപണി ചെയ്യുന്നവരോട് മര്യാദയ്ക്ക് ചോദിച്ചാല്‍ അവര്‍ സന്തോഷത്തോടെ തരാറാണ് പതിവ്. പിന്നെ വഴിയെ പോവുന്നവര് “കണ്ടാ പറയൂല്ലാ തീ കത്തിക്കാന്‍ വിറകു പോലുമില്ലാത്ത വീട്ടിലെയാണെന്ന് ” എന്ന ഭാവത്തിലൊക്കെ നോക്കിയെന്നു വരും. അതൊന്നും മൈന്‍ഡ് ചെയ്യാണ്ട് വാരി കൊണ്ട് വീട്ടില്‍ വന്നിട്ട് നല്ലത് നോക്കി തിരഞ്ഞെടുക്കുക.

4. ഒരു കത്രിക

5. ഫെവിക്കോള്‍

6. ഒരു ഷീറ്റ് വെള്ളകടലാസ് അല്ലെങ്കില്‍ ചിത്രത്തിന്റെ ഒരു കോപ്പി കൂടി.

ഇത്രയുമാണ് വേണ്ടത്.


ചിത്രത്തിന്റെ രണ്ടു കോപ്പിയുണ്ടെങ്കില്‍ അത് ഒരോ ഭാഗവും മുറിച്ചു വെയ്ക്കുക. ഇല്ലെങ്കില്‍ ഒരു വെളള കടലാസില്‍ ചിത്രം ട്രേസ് ചെയ്ത് അത് ഓരോ ഭാഗങ്ങളായി മുറിക്കുക. ഒറിജിനല്‍ ചിത്രത്തിലും മുറിച്ച ഭാഗങ്ങളിലും നമ്പര്‍ ഇട്ട് വെയ്ക്കുന്നത് നന്നായിരിക്കും. പിന്നീട് ഏതു ഭാഗത്താണ് വരിക എന്ന ചിന്താകുഴപ്പം ഉണ്ടാവില്ല.

ഇനി തടിചുരുള്‍ ഓരോന്നായി ഇസ്തിരിയിട്ട് നിവര്‍ത്തിയെടുക്കണം.

അതിനു ശേഷം മുറിച്ചു വെച്ചിരിക്കുന്ന കടലാസിനു പുറമേ ഫെവിക്കോള്‍ പുരട്ടി ചുരുള്‍ അതില്‍ ഒട്ടിച്ചെടുക്കണം. കടലാസിന്റെ അതേ അളവില്‍ തന്നെ ഒട്ടിക്കണമെന്നില്ല. എന്നാല്‍ കടലാസ് ഒട്ടും വെളിയില്‍ കാണാത്ത വിധത്തില്‍ വേണം ഒട്ടിക്കാന്‍.



ഇനി അതിന്റെ പുറകു വശത്തെ കടലാസിന്റെ ആകൃതിയില്‍ ചുരുള്‍ മുറിച്ചെടുക്കാം. എളുപ്പത്തിനു വേണ്ടിയാണ് ഈ കടലാസ് പ്രയോഗം.

താഴെ അതിന്റെ മറുവശം.

എല്ലാ ഭാഗവും പൂര്‍ത്തിയായ ശേഷം തുണിയുടെ പുറത്ത് ചിത്രം കാര്‍ബണ്‍ ഉപയോഗിച്ച് പകര്‍ത്തുക.

ഇനി അതിന്റെ മുകളിലായി ഓരോ ഭാഗങ്ങളില്‍ ചുരുള്‍ ഒട്ടിച്ചു തുടങ്ങാം.

ഇതാ ചിത്രം പൂര്‍ത്തിയായ ശേഷം.



ലാന്റ്‌സ്ക്കേപ്പ് മാതിരിയും നിറവ്യത്യാസമുള്ള ചുരുളുകളുപയോഗിച്ച് ചെയ്യാന്‍ സാധിക്കും. എനിക്കത്രയും മെനക്കെടാന്‍ മടിയാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ചിത്രം ഇത്തരത്തില്‍ പരീക്ഷിച്ചു നോക്കൂ.


മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ക്കായി പഴയ ക്രാഫ്റ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍

പഞ്ഞപുല്ല് കൊണ്ടൊരു ചിത്രം


സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ്

ഗ്ലാസ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട്

ടിഷ്യൂപേപ്പര്‍ കൊണ്ടൊരു പൂവ്

26 comments:

  1. evuraan said...

    ആഷയെ സമ്മതിച്ചിരിക്കുന്നു..!

    ഉഗ്രന്‍..! ഇനീം ഇങ്ങനെയുള്ള ഒരുപാട് ലേഖനങ്ങള്‍ പോരട്ടേ..!

  2. ജിജ സുബ്രഹ്മണ്യൻ said...

    സമ്മതിച്ചു തന്നിരിക്കുന്നു..പക്ഷേ ഞാന്‍ ഈ പരിപാടിക്കില്ല കേട്ടോ..ക്ഷമ എന്നതു എന്റെ ഏഴയലത്തു കൂടെ പോയിട്ടില്ല..തന്നെയുമല്ല ഇതു ഞാന്‍ ഉണ്ടാക്കിയാല്‍ ഗണപതി ആവില്ല ഹനുമാന്റെ രൂപം ആകും..കോളെജില്‍ ബയോള്‍ജിയുടെ റെക്കോഡ് വരപ്പിക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ...

  3. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഹഹ ക്ഷമയുടെ നെല്ലിപ്പലക കണ്ടുകാണുമല്ലൊ ചേച്ചീ.. കലക്കന്‍ തന്നെ,, അപ്പോള്‍ ആരും തേങ്ങ ഉടച്ചീല്ലെ.. ശ്ശൊ കഷ്ടമായിപ്പോയി,.. എന്നാ പിന്നെ ഗണപതിയ്ക്ക് തേങ്ങ എന്റെ വക (((((((((((((((ഠോ))))))))))))))

  4. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    കലക്കന്‍

  5. Kiranz..!! said...

    ഇനി തടിചുരുള്‍ ഓരോന്നായി ഇസ്തിരിയിട്ട് നിവര്‍ത്തിയെടുക്കണം

    എന്റത്തിക്കാവിലമ്മച്ചീടമ്മച്ചീ..!!

    സംഭവം തകര്‍പ്പന്‍..!!

  6. നിരക്ഷരൻ said...

    ചെല്ലപ്പനാശാരി വരട്ടെ. ചിന്തേരിടുന്ന മരമൊന്നും ഇനി ആര്‍ക്കും അടുപ്പില്‍ തീ കൂട്ടാന്‍ കൊടുക്കുന്ന പ്രശ്നമില്ല. :) :)

  7. ദിലീപ് വിശ്വനാഥ് said...

    അസൂയ തോന്നുന്നു... എന്തിനാണെന്നല്ലേ... ക്രിയേറ്റീവ് ആയി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള മനസ്സിനും, പിന്നെ അതിനു വേണ്ടി കിട്ടുന്ന സമയത്തിനും.

    വളരെ നന്നായിട്ടുണ്ട്. ഇതില്‍ താല്പര്യമുള്ള പരിചയക്കാര്‍ക്ക് ലിങ്ക് അയച്ചുകൊടുത്തോട്ടേ?

  8. Dinkan-ഡിങ്കന്‍ said...

    “അക്കൊമ്പു ചെമ്മണ്ണടിയില്‍ കിളിര്‍ന്ന
    കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം
    കടയ്ക്കു രക്താംഗിതമായി വീഴ്കെ
    ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി.“
    ആ കൊമ്പ് എവിടെ സമ്മതിച്ച് തരില്ല. മറ്റൊരു ഹുസൈനെ ഇവിടെ വളര്‍ത്തില്ല...കൊമ്പ് വേണം..

    സംഗതി കലക്കന്‍ :)

  9. Mohanam said...

    ഹെന്റമ്മച്ചീ .... എന്തൊക്കെയാ വരണേ........
    പോരട്ടേ..പോരട്ടേ...

  10. ഗുപ്തന്‍ said...

    വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റില്‍ കിട്ടാന്‍ എളുപ്പമല്ലാത്ത ഒരു ഐറ്റംവിട്ടുപോയി

    7. കലാബോധം

    :)

  11. പാമരന്‍ said...

    superb!

  12. കരീം മാഷ്‌ said...

    ഹായ്!
    കാണാൻ ഭംഗിയുണ്ട്.
    പക്ഷെ ചുരുൾ നിവർത്താൻ ...!
    ഇതു തടിച്ചുരുളിൽ ഞാൻ ചെയതിട്ടില്ല!
    പക്ഷെ വൈക്കോലിലും ഇവിടെ ഇത്തപ്പനയോലയും ചെയ്തിട്ടുണ്ട്.

  13. siva // ശിവ said...

    ഇന്നഗ്നെയൊരെണ്ണം ഉണ്ടാക്കിത്തരാമോ?

    സസ്നേഹം,

    ശിവ

  14. ശ്രീ said...

    ആഷ ചേച്ചി...
    ഇതും കലക്കി കേട്ടോ. എത്ര നേരം ക്ഷമയോടെ ഇരുന്ന് പണി ചെയ്യണം ഇതൊന്നു ഈ രൂപത്തില്‍ ആക്കിയെടുക്കാന്‍... :)


    (സതീശേട്ടനറിയണ്ട, വല്ലടത്തും പോയി തടിച്ചുരുള്‍ പെറുക്കിക്കൊണ്ടു വരുന്ന കാര്യം!)
    ;)

  15. Sanal Kumar Sasidharan said...

    നാട്ടിലായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു..

  16. ധ്വനി | Dhwani said...

    തടി ചിന്തേരു ചുരുളില്ലാത്തതിനാല്‍ ഇതു ചെയ്യുന്നില്ല! (മടി കൊണ്ടൊ കഴിവു കേടു കൊണ്ടൊ അല്ല)

    ഈ കലാബോധത്തിനു മുന്നില്‍ ഒരു വണക്കം!

    പിന്നെ ഈ പടം പിടിച്ച കൈക്കും ഒരു വണക്കം! പടങ്ങളെല്ലാം തന്നെ കലാഭംഗിയുള്ളവ!

  17. ആഷ | Asha said...

    ഏവൂരാന്‍, ആഗ്രഹമൊക്കെയുണ്ട് ഒരു പാട് പോസ്റ്റണമെന്ന് പക്ഷേ മടിയാണ് പുറകോട്ട് വലിക്കുന്നത് :)

    കാന്താരിക്കുട്ടി, ട്രേസിംഗ് ഷീറ്റ് വെച്ചു പകര്‍ത്തിയാ പോരേ. എനിക്കും വരയ്ക്കാന്‍ കഴിവൊന്നുമില്ല.

    സജി, ഇതെന്നാ തേങ്ങായ്ക്കകത്ത് ബോംബ് വെച്ചാണോ പൊട്ടിക്കണേ. പേടിച്ചു പോയല്ലോ കൊച്ചനേ. ;)

    പ്രിയാ, നന്ദി

    കിരണ്‍സ്, ഹ ഹ

    നിരക്ഷരന്‍, മുഴുവന്‍ മരവും കൊണ്ട് പടമുണ്ടാക്കി ഹോള്‍‌സെയില്‍ വില്പനയ്ക്കുള്ള പരിപാടിയാണോ?

    വാല്‍മീകി, ലിങ്കയക്കാന്‍ എന്തിനാ അനുവാദം. ധൈര്യായി അയക്കൂ.

    ഡിങ്കന്‍, കൊമ്പ് ചിന്തേരിട്ട് മിനുക്കാന്‍ കൊടുത്തിരിക്കയാ. ഡിങ്കനെ ഒത്തിരി കാലായല്ലോ കണ്ടിട്ട്. സുഖം തന്നെയല്ലയോ :)

    മോഹനം, നന്ദി

    ഗുപ്തന്‍, :)

    പാമരന്‍, നന്ദി

    കരീം മാഷ്, ചുമ്മാ ഉണക്ക വൈക്കോലെടുത്താല്‍ മതിയോ? അതോ ഏതെങ്കിലും വിധത്തില്‍ പാകപ്പെടുത്തിയോ ഡൈ ചെയ്തോ എടുക്കണോ? ഒന്നു വിശദീകരിക്കാമോ?

    ശിവ, ഇവിടെ ഞങ്ങളുടെ വീട്ടില്‍ വന്നു കൊണ്ടു പോകാമെങ്കില്‍ ഇതു തന്നെ തന്നേക്കാം. ഇനിയൊരെണ്ണം ഉണ്ടാക്കാന്‍ മടിയാണ്. മെനക്കേട് നന്നായുണ്ട് :)

    ശ്രീ, ഇത് പോസ്റ്റ് ചെയ്ത അതേ ദിവസം ഉണ്ടാക്കിയതാണ്. രാവിലെ ട്രേസിംഗ്, ഇസ്തിരിയിടല്‍ മുതല്‍ തുടങ്ങി വൈകിട്ട് അവസാനിച്ചു. ലൈറ്റ് പോവുന്നതിനു മുന്നേ തീര്‍ക്കാനുള്ള തത്രപ്പാടില്‍ ചെറിയ ഭാഗങ്ങളുടെ ആകൃതിയിലും സ്ഥാനത്തിനുമൊക്കെ ഇത്തിരി വ്യത്യാസം വന്നു. കുറച്ചു കൂടി സാവകാശത്തിലും ശ്രദ്ധയിലും ചെയ്തിരുന്നേല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു.


    സനാതനന്‍, കരീം മാഷ് പറഞ്ഞ പോലെ പനയോലയില്‍ ഒന്നു ശ്രമിച്ചു നോക്കി കൂടേ? അല്ലെങ്കില്‍ പഞ്ഞപ്പുല്ലിലോ കടുകിലോ മണലിലോ നോക്കൂ.

    ധ്വനി, ഹ ഹ പറഞ്ഞതപ്പടി ഞാന്‍ വിശ്വസിച്ചിരിക്കുന്നു.


    എല്ലാവര്‍ക്കും എന്റെ നന്ദി.

  18. നാടന്‍ said...

    demo കാണിച്ചപ്പോള്‍ ഉണ്ടാക്കിയ ആ sample ഇങ്ങയച്ചേക്കൂ ...

  19. ഒരു സ്നേഹിതന്‍ said...

    നന്നായിരിക്കുന്നു....
    ആഷയുടെ ക്ഷമ സമ്മദിചിരിക്കുന്നു...

    ഞാന്‍ ചെറുപ്പത്തില്‍ ഒരുപാടു പൂക്കള്‍ വര്ണ്ണകടലാസു കൊണ്ടെല്ലാം ഉണ്ടാക്കിയിരുന്നു....
    ഇപ്പൊ ടെചെല്ലാം വിട്ടു....

  20. ഹരീഷ് തൊടുപുഴ said...

    ആഷാ, താങ്കള്‍ ഒരു ജീനിയസ്സ് തന്നെ; അഭിനന്ദനങ്ങള്‍...

  21. Anonymous said...

    Gomen kudasai.

  22. Unknown said...

    ആശേച്ചീ, സ്വന്തം ബ്ലോഗിനെ ഇത്രയും ക്രിയാത്മകവും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദവുമായ രീതിയിലും ഉപയോഗിക്കുന്നതിന് അഭിനന്ദനങ്ങള്‍!

    കൂടുതല്‍ എന്താ പറയാ, തിരോന്തരത്തില്‍ പറഞ്ഞാല്‍, തള്ളേ(ഞാന്‍ ചേച്ചീനെ കണ്ടിട്ടില്യാട്ടോ, വയസ്സും അറിയില്യ.. ) ങ്ങള് പുലിയന്ന്യെ...

    ഇനി ഞങ്ങള് തൃശ്ശൂക്കാരാണെങ്കി ദേ ഇത്രേം ഒള്ളൂ..

    എന്തുട്ടാ പെഡ, കലക്കീട്ടാ.. കിടു...

  23. ഗൗരിനാഥന്‍ said...

    സമ്മതിച്ചു...ക്ഷമ ക്ഷമ എന്നു പറയുന്നതു വല്ല സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടുമൊ ആവൊ? അതു 10 കിലൊ ഇല്ല്യാതെ ഇതു ഞാന്‍ ചെയ്തു തീരില്ല്യ. എന്തായാലും എന്റെ സുഹ്രുതിന്റെ മകനു ലിങ്ക് അയചിട്ടുണ്ട്.. അവനു സ്കൂളില്‍ ഇതിരി വ്യത്യസ്തമായി എന്തുണ്ടാക്കാം എന്ന് ചോദിച്ചിരുന്നു. ആഷയെ സമ്മതിചു...........

  24. ഗൗരിനാഥന്‍ said...

    സമ്മതിച്ചു...ക്ഷമ ക്ഷമ എന്നു പറയുന്നതു വല്ല സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടുമൊ ആവൊ? അതു 10 കിലൊ ഇല്ല്യാതെ ഇതു ഞാന്‍ ചെയ്തു തീരില്ല്യ. എന്തായാലും എന്റെ സുഹ്രുതിന്റെ മകനു ലിങ്ക് അയചിട്ടുണ്ട്.. അവനു സ്കൂളില്‍ ഇതിരി വ്യത്യസ്തമായി എന്തുണ്ടാക്കാം എന്ന് ചോദിച്ചിരുന്നു. ആഷയെ സമ്മതിചു...........

  25. nandakumar said...

    adengappaaaa.!!
    kalakkiyirikkunu... congrads.

    (sorry for english, cafeyil malayalam work cheyyunnilla)

  26. കാവാലം ജയകൃഷ്ണന്‍ said...

    nice and informative

    regards
    Jayakrishnan Kavalam