Wednesday, May 23, 2007

തിരിച്ചുവരവ് മൂന്നാം ഭാഗം

തിരിച്ചുവരവ് ,തിരിച്ചുവരവു രണ്ടാം ഭാഗം എന്നതിന്റെ തുടര്‍ച്ച.



ഇവിടെ ഈ കൂട്ടില്‍ മുട്ട വിരിഞ്ഞതേയുള്ളൂ. കുഞ്ഞുങ്ങളെ ചൂടില്‍ നിന്നു രക്ഷിക്കാന്‍ അമ്മ ചിറകു വിരിച്ചിരിക്കയാണ്. കുഞ്ഞിനെ കാണാന്‍ ലേശം പ്രയാസമാണെന്നു എനിക്കറിയാം എന്റെ ക്യാമറ കൊണ്ട് എനിക്ക് ഇത്രയുമേ സാധിക്കുന്നുള്ളൂ. അതു കൊണ്ട് എല്ലാവരും ക്ഷമിക്കൂ.പറന്നു ചെന്നു ആ സൈഡിലെ ഇല വകഞ്ഞു മാറ്റി ഫോട്ടോയെടുത്താലോ എന്നു വരെ ആലോചിച്ചു. എന്തു ചെയ്യാം ചിറകില്ലാണ്ടായി പോയില്ലേ.


മുകളിലെ ചിത്രത്തിലെ അമ്മക്കിളി രാവിലെ അല്പം വിശ്രമിക്കാനായി കൂട്ടില്‍ നിന്നും മാറിയപ്പോ എടുത്തത്. മൂന്നു മിടുക്കന്മാരുണ്ടീ കൂട്ടില്‍.


ദാ ഇവിടെ കുഞ്ഞുങ്ങള്‍ അല്പം കൂടി വളര്‍ന്നു കഴിഞ്ഞു. ആ അമ്മക്കിളിക്ക് ഒരു സ്വൈരവും കൊടുക്കുന്നില്ല രണ്ടും കൂടി. തീറ്റയ്ക്കു വേണ്ടി രണ്ടും ബഹളവും കൊത്തുമാണ് അമ്മയെ. ഫോട്ടോ വലുതാക്കിയാല്‍ അല്പം കൂടി വ്യക്തമാവും.


ഇവിടെയും അവരെ കാണാം ഇത് സോപ്പിന്‍ കായുണ്ടാകുന്ന മരത്തിലാണ് കൂടു കൂട്ടിയിരിക്കുന്നത്. മറ്റു പല കൂട്ടിലും കുഞ്ഞുങ്ങള്‍ പറക്കാന്‍ തക്കവണ്ണം ആയി കഴിഞ്ഞു.അമ്മ പക്ഷി തീറ്റയുമായി എത്തി കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറകേ കൂടും.തീറ്റ മുഴുവന്‍ കൊടുത്തു കഴിഞ്ഞാലും രക്ഷയില്ല പിന്നെയും അമ്മ പോവുന്നിടത്തെല്ലാം മരകൊമ്പിലൂടെ നടന്നും ചാടിയും പുറകേ കൂടും. ചില കുഞ്ഞുങ്ങള്‍ അടി തെറ്റി താഴെ വീഴാറുമുണ്ട്.

മൂന്നു നില കെട്ടിടത്തിന്റെ പൊക്കമുള്ള മരത്തില്‍ നിന്നും താഴെ വീണാല്‍ മിക്കപ്പോഴും മരണം തന്നെ ഫലം. എന്നാല്‍ അപൂര്‍വ്വമായി ചില മിടുക്കന്മാര്‍ ആ വീഴ്ചയില്‍ നിന്നും ജീവനോടെ രക്ഷപ്പെടാറുണ്ട്. അങ്ങനെയൊരുത്തനെ ഞാനിപ്പോ പരിചയപ്പെടുത്താം.

ഇവന്‍ കൊക്കുണ്ണി


രണ്ടു ദിവസം മുന്‍പ് ഉച്ചയ്ക്ക് ഞാന്‍ ബാല്‍ക്കണിയില്‍ നിന്നു താഴേയ്ക്ക് നോക്കിയപ്പോ ഒരുത്തന്‍ സ്റ്റൈലന്‍ ഉലാത്തല്‍. ഇടയ്ക്ക് കൊത്തി പെറുക്കലുമുണ്ട്. ഒരു വശത്തു നിന്നു മറ്റേ വശത്തു വരെ പോവും പിന്നെ തിരിച്ചും. കുറച്ചു കഴിഞ്ഞ് ഞാന്‍ താഴെ ചെന്നു. അവനു യാതൊരു കൂസലുമില്ല. അതു മാത്രമല്ല അവനെന്റെ കണ്‍‌മുന്‍പില്‍ വെച്ചു ഒരു തുമ്പിയെ പിടിച്ചു ശാപ്പിടുകയും ചെയ്തു. അവനാളൊരു മിടുക്കനാണെന്നെനിക്കു മനസ്സിലായി.


താഴെയുള്ള വീട്ടിലെ പയ്യന്‍ കപ്പലണ്ടി എറിഞ്ഞു കൊടുത്തപ്പോ അവന്‍ ഓടി വന്നു കൊത്തി നോക്കി. അവനു നല്ല വിശപ്പുണ്ടെന്നു മനസ്സിലായി. മീനോ മറ്റോ വാങ്ങി കൊടുത്താലോ എന്നു മനസ്സിലാലോചിച്ചു ഞാന്‍ തിരികെ വീട്ടിലെത്തി. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ അവന്‍ താഴെ ഉലാത്തുന്നതു ഞാന്‍ കണ്ടു. പിന്നെയവനെ കാണാണ്ടായി.
അവന്‍ ജീവനോടെ എവിടെയെങ്കിലും ഉണ്ടാവുമെന്നു വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.

ഈ താഴെ കാണുന്നതു അവന്റെ കൂടപ്പിറപ്പാണ്.എന്നാല്‍ അവന്റെ കൂടപ്പിറപ്പിനു അവനെ പോലെ ഭാഗ്യമുണ്ടായില്ല. വീഴ്ചയില്‍ അതു മരിച്ചു. ഇപ്പോ മൂന്നാമത്തെ കുഞ്ഞാണിങ്ങനെ താഴെ വീണു മരിക്കുന്നത്.



ദേ ഇവിടെ ഒരുത്തന്‍ പറക്കാന്‍ പരിശീലിക്കുകയാണ്.


കൂടുതല്‍ കൂടുതല്‍ സംഘങ്ങള്‍ അന്തിയുറങ്ങാന്‍ എത്തിചേര്‍ന്നു കൊണ്ടിരിക്കുന്നു. അന്തിയുറങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും cattle egret വിഭാഗക്കാരാണ്. cattle egret ന്റെ ഒരു കൂടു പോലും ഇവിടെ ഞാന്‍ കണ്ടില്ല ഇതുവരെ.



ചില സന്ധ്യാ ദ്യശ്യങ്ങള്‍





ഇത്രയും ക്ഷമയോടെ കണ്ടതിനു വളരെ നന്ദി. വെള്ള കൊക്കിന്റെ(little egret) ഒരു കൂടു പോലുമിപ്പോള്‍ എനിക്കു ഫോട്ടോയെടുക്കാന്‍ പാകത്തിനില്ല. കാണാന്‍ പാകത്തിനുണ്ടായിരുന്ന കൂട്ടിലെ മുട്ടയെല്ലാം കാറ്റില്‍ താഴെ പോയി.

59 comments:

  1. ആഷ | Asha said...

    തിരിച്ചു വരവ് മൂന്നാം ഭാഗം പുതിയ പോസ്റ്റ്

    പുതിയ പോസ്റ്റില്ലേ യെന്നു ഞാന്‍ പോവുന്നിടത്തെല്ലാം പുറകെ വന്നു ചോദിച്ചു എന്നെ ബ്ലാക്ക്മെയില്‍ ചെയ്തു കൊണ്ടിരുന്ന പ്രിയ ശാലിനിയ്ക്കായി സമര്‍പ്പണം!

  2. സാജന്‍| SAJAN said...

    ഠേ!!
    ആഷേ ഞാന്‍ ആദ്യം ഈ പോസ്റ്റിനൊരു തേങ്ങ അടിക്കട്ടേ!
    ഗംഭീരന്‍ വര്‍ക്കല്ലേ ചെയ്തു വച്ചിരിക്കുന്നത്:)

  3. മുസ്തഫ|musthapha said...

    നന്നായി... പടങ്ങളും വിവരണങ്ങളും

    പറക്കാന്‍ പരിശിലിക്കുന്ന പടങ്ങള്‍ സൂപ്പര്‍ :)






    ആ ഏഴാമത്തെ പടം വേണ്ടായിരുന്നു

  4. ഗുപ്തന്‍ said...

    ലവന്മാരുടെ തിരിച്ചുവരവിടെ നില്‍ക്കട്ടെ... ആഷയുടെ തിരിച്ചുവരവ് ഗംഭീരമായി... അതിഗംഭീരമായി....

    ഈ ഫോട്ടൊകള്‍ പണ്ടുകാണിച്ച കുഞ്ഞുകാമറകൊണ്ടെടുത്തതാണെന്ന് വിശ്വസിക്കാന്‍ ഒരു പ്രയാസം...

    പ്രൊഫഷണല്‍ പക്ഷിനിരീക്ഷകരുടെ ഇടയില്‍ പോലും ശ്രദ്ധിക്കപ്പെടാവുന്ന പൂര്‍ണ്ണതയുണ്ട് ആഷയുടെ ഈ സീരീസിന്. അഭിനന്ദനങ്ങള്‍.

  5. SunilKumar Elamkulam Muthukurussi said...

    ആഷകുട്ട്യേ, ലാസ്റ്റ് നാല് പടങള്‍ -പറക്കാന്‍ പട്Tഹിക്കുന്ന 3 എണ്ണം അടക്കം- സൂപ്പര്‍. അവസാനത്തെ 2 എണ്ണം കലക്കന്‍. പൊക്കും ഞാന്‍ എല്ലാം പൊക്കും. -സു-

  6. Dinkan-ഡിങ്കന്‍ said...

    ആഷേച്ച്യ്യേ ഡിങ്കനെ പോലെ ഫുള്‍ടൈം കാട്ടിലും മേട്ടിലും ആണല്ലേ.
    പടംസ് എല്ലാം കിടിലന്‍ തന്നെ കേട്ടാ. എനിക്ക് നല്ല ക്യാമറ ഇല്ലാഞ്ഞിട്ടാ ഇല്ലെങ്കില്‍ ഡിങ്കവനത്തിലെ കമ്പ്ലീറ്റ് മൃഗങ്ങളുടെയും(ഉറുമ്പും,പച്ചപ്പയ്യും, ഈച്ചയും ഒക്കെ മൃഗം ആണെന്ന് ഡാര്‍വ്വിന്‍ ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്)പടംസ് ഡിങ്കന്‍ ഇട്ടേനെ..

    ഒഫ്.ടൊ
    ആഷ ചേച്ചി മരം കയറുമോ? അല്ലാ ആ കിളീടെ പടം എടുക്കാന്‍ ഒന്നുകില്‍ ക്രെയില്‍ ഷൊട്ട് അല്ലെങ്കില്‍ മരം കേറി ഷോട്ട് വേണം അതൊണ്ടാ. എന്നെകൊണ്ട് ഇത്രയേ പറ്റൂ. ഇനി ബാക്കി വരുന്നവര്‍ “മരംകേറി ആഷേ” ന്ന് വിളിച്ചാല്‍ പേറ്റന്റ് ഡിങ്കന്
    :) <-------- സ്മൈലി (മുങ്കൂര്‍ജാമ്യം)

  7. അപ്പൂസ് said...

    ആഷേച്ചിയേ, ആ കുഞ്ഞി കാമറ കളഞ്ഞിട്ടൊരു നല്ല കാമറ വാങ്ങെന്നേ..
    ഇതെവിടെയാ ഈ നാട്‌?

    നല്ല പടങ്ങള്‍.
    പിന്നെ പക്ഷിക്കൂടിന്റെ പടം പിടിക്കുന്നതിനോട് ഒരു ചെറ്യേ എതിര്‍പ്പുണ്ടേ.
    പണ്ടൊരു നേച്ചര്‍ ഗ്രൂപ്പുകാരു പഠിപ്പിച്ചതാ..
    അതു കേട്ടിട്ടുണ്ടെങ്കില്‍ ആവര്‍ത്തിക്കുന്നില്ല.

  8. സാല്‍ജോҐsaljo said...

    അതു വീണു മരിക്കുന്നതു വരെ നോക്കി നിന്നു അല്ലേ.....

    കൊള്ളാം കെട്ടോ...

  9. നിമിഷ::Nimisha said...

    ആ‍ഷേ,ഇത്രയും ബുദ്ധിമുട്ടി ഇത്രയും ഭംഗിയുള്ള പടങ്ങള്‍ എടുത്തതിന് അഭിനന്ദനങ്ങള്‍ പിന്നൊരു ഉമ്മയും :)

  10. ഗുപ്തന്‍ said...

    യ്യോ!!!

    qw_er_ty

  11. ഉണ്ണിക്കുട്ടന്‍ said...

    നിമിഷേ..ബുദ്ധ്മുട്ടില്ലെങ്കില്‍ മേലെ കൊടുത്തത് ഒരെണ്ണം ഇവിടേം ..:)

    ചുമ്മാ തമാശക്കു പറഞ്ഞതാട്ടാ..എനിക്കൊന്നും വേണ്ട..

  12. വിഷ്ണു പ്രസാദ് said...

    നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍...

  13. ആഷ | Asha said...

    സാജാ, നന്നായി ഞാനിവിടെ കറിയ്ക്കരയ്ക്കാന്‍ തേങ്ങയില്ലാതെ വിഷമിച്ചിരിക്കയായിരുന്നു.

    അഗ്രജാ, എഴാമത്തെ പടം പോസ്റ്റ് ചെയ്യണമോയെന്നു ഞാനും കുറെ സംശയിച്ചു.

    മനു, പക്ഷേ സൂം കുറവായതിനാല്‍ ഈ പടങ്ങള്‍ക്ക് ഇമേജ് ക്വാളിറ്റി വളരെ കുറവാണ്.

    സുനിലേട്ടോ, പൊക്കിക്കോളൂ നോ പ്രോബ്ലം.
    പടങ്ങള്‍ക്ക് ക്ലാരിറ്റി കുറവാണ്.

    ഡിങ്കാ, ഡിങ്കന്റെ ഭാരതപ്പുഴയുടെ പടമെടുത്ത ക്യാമറ കൊണ്ടൊരു കാച്ചങ്ങ് കാച്ചന്നേ.
    കിളിക്കൂടിന്റെ പടമെല്ലാം ടെറസ്സിന്റെ മുകളില്‍ നിന്നാണ്.
    മരംകേറിയെന്നോ ഇടി...കൂമ്പ്...വാട്ടല്‍...അതു കൊണ്ട് അതു വേണ്ടാ

    അപ്പൂസേ, ഇതു ഹൈദ്രാബാദ്. ഈ പടങ്ങള്‍ എല്ലാം ഞങ്ങളുടെ കോമ്പൌണ്ടിനുള്ളിലെ കാഴ്ചകള്‍.

    എന്താ കൂടിന്റെ പടം പിടിക്കുന്നതിനോട് എതിര്‍പ്പ്? എനിക്കറിയില്ല ഒന്നു പറഞ്ഞു തരൂ.
    പിന്നെ ഞാന്‍ ഈ കിളികളെ ഒന്നും അധികം ശല്യപ്പെടുത്തിയല്ല പടം പിടിക്കാറ്.

    സാല്‍ജോ ജോസഫ്,
    അതു വീഴുന്നതൊന്നും ഞാന്‍ കണ്ടില്ല കേട്ടോ. താഴെ കിടക്കുന്നതു മാത്രേ കണ്ടുള്ളൂ. പിന്നെ വീഴുന്ന സമയത്തു അവിടെ ഉണ്ടായാലും അതിന്റെ ജീവന്‍ നമ്മുടെ കൈയ്യിലല്ലല്ലോ ചുമ്മാ കണ്ടു നില്‍ക്കാനേ കഴിയൂ.

    നിമിഷാ, ഉമ്മയും അഭിനന്ദനവും കൈപ്പറ്റിയിരിക്കുന്നു. :)

    ഉണ്ണിക്കുട്ടാ, ഡോണ്ടൂ ഡോണ്ടൂ

    വിഷ്ണുമാഷേ, നന്ദിയുണ്ട്

    എല്ലാവര്‍ക്കും സ്നേഹവും നന്ദിയും

  14. deepdowne said...

    ആഷ, നന്നായിട്ടുണ്ട്‌ കേട്ടോ. ആ അവസാനത്തേതിനു തൊട്ടുമുന്‍പുള്ള ചിത്രം ഏറ്റവും ഇഷ്ടപ്പെട്ടു. ഇളംനിറത്തിലെ ബാക്ക്ഗ്രൗണ്ടിനെതിരെയുള്ള പച്ച കറുപ്പായി മാറിയ silhoette വളരെ മനോഹരം!

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:

    1)എനിക്കു മേല... എന്നാ പടങ്ങള്‍ ... എന്നാ വിവരണം... ഒരു അവാ‍ര്‍ഡ് തരട്ടേ...

    2)ആഷേച്ചിക്കു ഒരു ചിറകു വച്ചുതരാന്‍ പറ്റിയിരുന്നെങ്കില്‍...

    3)“അതു മാത്രമല്ല അവനെന്റെ കണ്‍‌മുന്‍പില്‍ വെച്ചു ഒരു തുമ്പിയെ പിടിച്ചു ശാപ്പിടുകയും ചെയ്തു”

    അവനെന്റെ മുന്നീന്നു ഒരു കൊച്ചിനെ കുത്തിക്കൊന്നു എന്ന് പറയുന്ന ഒരു എഫക്റ്റ്!!!!

    4) ഇതെല്ലാം കോമ്പൌണ്ടിനകത്താ..!!! എന്നേലും ഹൈദരാബാദ് വരികയാണേല്‍ ഒറപ്പായിട്ടും വരും ട്ടാ(വരണ്ടാ‍ാന്ന് പറഞ്ഞാപ്പോലും ;))

  16. ദേവന്‍ said...

    അങ്ങനെ ലവന്മാരു വിരിഞ്ഞിറങ്ങി- ദാണ്ടെ എത്തിപ്പോയി നെക്സ്റ്റ് ജനറേഷന്‍ കൊക്ക്!

    ഫോട്ടോകളെല്ലാം നന്നായി ആഷേ, വിവരണവും.

    അപ്പൂസേ,
    ഫോട്ടോഗ്രഫി പിടിയില്ലെങ്കിലും വൈല്‍ഡ്‌ ലൈഫ്‌ ടൂറിസ്റ്റുകള്‍ പാലിക്കേണ്ട കാര്യങ്ങള്‍ പിടിയുണ്ടേ (അതു ഫോട്ടോഗ്രഫര്‍ക്കും ചുമ്മാ നോക്കുന്നവനും ഒക്കെ )

    മുതിര്‍ന്ന കിളികളെ വിരട്ടുന്ന അത്ര അടുത്തു പോകരുത്‌- ചിലവ മുട്ടയും കൂടുമിട്ടുകളഞ്ഞ്‌ ഓടിക്കളയും.

    മണിക്കൂറുകളോളം അതിന്റെ കൂടിനു ചുറ്റും കറങ്ങി തിരിയരുത്‌ - കൂടു വയ്ക്കാന്‍ സേഫ്‌ ആയ ഇല്ലം അല്ലെന്ന് തോന്നി ചിലപ്പോ അടുത്ത സീസണ്‍ തുടങ്ങി ലവന്മാര്‍ അവിടെ കൂടു കെട്ടില്ല.

    ലൈറ്റ്‌, സ്ക്രീനുകള്‍, ഫ്ലാഷ്‌ തുടങ്ങിയ കൂടിന്റെ പരിസരത്തു കൊണ്ടു വച്ച്‌ കിളിയെ ഭയപ്പെടുത്തരുത്‌.

    ആഷയുടെ കോമ്പൌണ്ടിലെ കൊറ്റില്ലമായതുകൊണ്ട്‌ ലവന്മാര്‍ക്ക്‌ മനുഷ്യര്‍ അടുത്തൊക്കെയുണ്ടെന്നുള്ളത്‌ ഭയമാവില്ലല്ലോ? (ടെറസിലെയും ജനാലയിലെയും ആളിനെ കൊക്ക്‌ ഭയക്കില്ലെന്നു സാരം)

  17. Unknown said...

    ആഷേ, നൈസ് പടംസ്.
    ഇതില്‍ ആ പറക്കാന്‍ പഠിക്കണേന്റെ താഴെ ഉള്ള പടം നൊസ്റ്റാള്‍ജീയ ഉണ്ടാക്കി. ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ വളപ്പിലെ മരങ്ങളിലായിരുന്നു ആ നഗരത്തിലെ സകല കൊക്കുകളും അന്തിയുറങ്ങിയിരുന്നത് . വൈകീട്ട് എല്ലാം കൂ‍ൂടെ കൂട്ടത്തോടെ പറന്ന് വരുന്നത് മുകളിലെ ടെറസിലിരുന്നാല്‍ കാണാം. ആ ടെറസ്സീല്‍ നിന്ന്നും നോക്കൂന്ന്ന ഒരു ഫീ‍ലിംഗ് ഈ പടത്തിനു.ഇവിടെ കൊടുത്ത പല രംഗങ്ങളും അന്ന് അവിടെ കണ്ടിരുന്നു.

  18. Praju and Stella Kattuveettil said...

    നല്ല പടങ്ങളും വിവരണങ്ങളും.. ഇതിന്റെ കഠിച്ചാപൊട്ടാത്ത പേരൊക്കെ റിസേര്‍ച്ചു ചെയ്തെടുത്തു അല്ലേ. കിളിക്കൂടിന്റെ പഠം ബാല്‍ക്കണിയില്‍ നിന്നെടുത്തതാണോ

  19. വേണു venu said...

    ആഷേ, നല്ല ചിത്രങ്ങളും നല്ല വിവരണങ്ങളും.:)

  20. ആഷ | Asha said...

    deepdowne,
    എന്തുവാ ഈ silhoette?
    photography terms ഒന്നും എന്നോടു പറയല്ലേ. ഒന്നും മനസ്സിലാവൂല്ലാ :)

    ചാത്തന്‍സ്, ധൈര്യായി പോന്നോളൂ.

    ദേവേട്ടാ,അപ്പോ അതൊക്കെയാണ് ഫോട്ടോഗ്രാഫേഴ്സ് പാലിക്കേണ്ട മര്യാദകള്‍ അല്ലേ.
    ഫ്ലാഷ് ഉപയോഗിക്കാറില്ല, ലൈറ്റ്, സ്ക്രീന്‍ മുതലായവ ഇല്ല. കുറച്ചു നേരമേ ചുറ്റിതിരിയാറുള്ളൂ.
    ആദ്യത്തെ രണ്ടു ഫോട്ടോയിലെ കൂട് എന്റെ വീടിനു തൊട്ടടുത്താണ്. ഞങ്ങള്‍ ബാല്‍ക്കണിയിലൂടെ ദിവസവും കാണുന്നവരാണ്. അത് ഒട്ടും ഭയം പ്രകടിപ്പിക്കാറില്ല.
    അടുത്ത ബില്‍ഡിംഗിനടുത്തുള്ള കൂട്ടിലുള്ളവ മാത്രമേ ഭയം അല്പം പ്രകടിപ്പിക്കാറുള്ളൂ.
    ദീപാവലിയ്ക്ക് ഇവിടെ കാതടപ്പിക്കുന്ന ഒച്ചയാണ് പടക്കത്തിന്റെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്തിയുറങ്ങാന്‍ വരുന്ന കൊക്കുകള്‍ ദീപാവലി ദിവസം ശബ്ദം കേട്ടു പറന്നു പോയി പിന്നെ കുറേ ദിവസത്തേയ്ക്ക് വരാതായിട്ടുണ്ട്.

    ഡാലി, ഇവിടെയേ സിറ്റിയിലെ മറ്റിടങ്ങളുമായി താ‍രതമ്യം ചെയ്യുമ്പോ കുറച്ച് മരങ്ങളുള്ളൂ. അതാ ഇവിടെ തമ്പടിക്കാന്‍ കാരണമെന്നു തോന്നുന്നു ഈ കൊറ്റികളും മറ്റു കിളികളും.
    ഇവിടെയും ടെറസ്സില്‍ സന്ധ്യയ്ക്ക് പറന്നിറങ്ങുന്ന കാഴ്ച നല്ല രസമാണ്.

    തരികിട, ഈ കിളികളുടെ പേരുകള്‍ പറഞ്ഞു തന്നത് ദേവേട്ടനും കൈപ്പള്ളിയുമാണ്. അവരാണ് പ്രചോദനം.
    ടെറസ്സില്‍ നിന്നും എടുത്തതാണ് കൂടിന്റെ പടങ്ങളെല്ലാം.

    വേണുചേട്ടാ വളരെ നന്ദി

    എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി

  21. അപ്പൂസ് said...

    ആഷേച്ചിയേ,അപ്പൂസീ പറയുന്നതില്‍ എന്തെങ്കിലും കുറ്റപ്പെടുത്തല്‍ തോന്നിയാല്‍ ക്ഷമിക്കണേ.

    ചോദിച്ചതു കൊണ്ടു പറയുന്നു. അപ്പൂസ്‌ ഏകദേശം ഒരു വര്‍ഷം അംഗമായിരുന്നൊരു പ്രകൃതിസ്നേഹിക്കൂട്ടത്തിണ്റ്റെ നിയമാവലികളില്‍ അപ്പൂസിണ്റ്റെ ശരികളുമായി യോജിച്ചു പോവുന്നൊരു കാര്യം.
    ൧. പക്ഷികള്‍ കൂടു കൂട്ടുമ്പോ മനുഷ്യണ്റ്റെ ഉള്‍പ്പെടെ ഉള്ള കാണാക്കണ്ണുകളെ ഒരു പാടു പേടിയ്ക്കുന്നുണ്ട്‌.
    ൨. നമ്മള്‍ ആ കൂട്ടിനെ നിരീക്ഷിക്കുന്നതും പടം പിടിയ്ക്കുന്നതും പക്ഷിശത്രുക്കള്‍ക്ക്‌(കാക്കാ, പൂച്ചാ, കൊക്കരക്കോഴി...) കൂട്‌ കാണിച്ചു കൊടുക്കാന്‍ സാദ്ധ്യതയുണ്ട്‌.
    ൩. പക്ഷിക്കൂടിണ്റ്റെയും കുഞ്ഞുങ്ങളുടെയും പടങ്ങള്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. അതു കാണുന്തോറും കൂടുതല്‍ ആളുകള്‍ അത്തരം ഫോട്ടോകള്‍ എടുക്കാന്‍ പ്രേരിതരാവുന്നു. അവരെല്ലാവരും പക്ഷിയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വത്തെ മാനിക്കുന്നവരാവണമെന്നില്ല.
    ഇത്രയും മതി തല്‍ക്കാലം. ഇതില്‍ പോയിണ്റ്റ്‌ ൩ മാത്രമേ ഇവിടിപ്പോ അപ്പൂസിനു പറയാനുള്ളൂ.

    ഈ കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഒരു മാതിരി പ്രകൃതിബോധമുള്ള ആളുകള്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരങ്ങളില്‍ ഒരു നിയമമായി തന്നെ പക്ഷിക്കൂടിണ്റ്റെ പടങ്ങള്‍ പാടില്ലെന്നു പറയാറുണ്ട്‌.
    മേനകാ ഗാന്ധിയുടെ കൂടെ ചേര്‍ന്നു എന്നൊന്നും കരുതല്ലേ. പക്ഷേ നമ്മുടെ ഒരു കൌതുകത്തിനു വേണ്ടി മാത്രം കുറെ ജീവികളുടെ ജീവിതത്തെ കാക്കയ്ക്കും പരുന്തിനും ഇട്ടു കൊടുക്കാനൊരു അവസരമുണ്ടാക്കരുതെന്നു കരുതി മാത്രം.

    No photograph is worth sacrificing the well-being of the subject - യെന്നു ഏതൊ ഒരു പേരു കേട്ട പട്ടയടിക്കാരന്‍ പറഞ്ഞിട്ടുണ്ട്ത്രേ.

  22. ദിവാസ്വപ്നം said...

    അസാദ്ധ്യപോസ്റ്റ് ആഷച്ചേച്ചീ

  23. ആഷ | Asha said...

    അപ്പൂസേ, ആ കമന്റ് വായിച്ചപ്പോ ഓര്‍മ്മയിലോടിയെത്തിയത്
    ഈ പോസ്റ്റ്
    ആണ്.

    എന്റെ കണ്ണു തുറപ്പിച്ചതിനു നന്ദി. അത്രയും ആഴത്തില്‍ ചിന്തിച്ചിരുന്നില്ല അല്ലെങ്കില്‍ ചിന്തിക്കാന്‍ ശ്രമിച്ചില്ല.

    ഇനി മുതല്‍ ബ്ലോഗില്‍ പക്ഷിക്കൂടിന്റെ പടങ്ങള്‍ ഉണ്ടാവില്ല.

    ദിവാ, നന്ദി അനിയാ

  24. സൂര്യോദയം said...

    ചിത്രങ്ങളും വിവരണങ്ങളും ഉഗ്രന്‍....

  25. Anonymous said...

    ആഷക്കുട്ടീ..പടങ്ങളൊക്കെ ഇഷ്ടായി...നല്ല വിവരണവും..ന്നാലും ഹൈദ്രാബാദില്‍ ഇത്രേം പക്ഷികളുണ്ടെന്നു ഞാന്‍ സ്വപ്നേപി കരുതിയില്ലാട്ടോ..നല്ല ഭംഗി.

  26. തമനു said...

    ആഷ സാറേ ... ഇന്നലെ പോസ്റ്റ് കണ്ടിരുന്നു, കമന്റിടാന്‍ താമസിച്ചു എന്നേ ഉള്ളൂ...

    വളരെ മനോഹരമായിരിക്കുന്നു, ഫോട്ടോകളും അതിന്റെ അടിക്കുറിപ്പുകളും. എല്ലാ പടങ്ങളും വളരെ നന്ന്‌.

    ആ ഭീഷ്മ പ്രതിജ്ഞ വേണോ ...?

    ഓടോ: സതീശന്‍ സാറിനോട് കുറേക്കൂടി ഒരു നല്ല ക്യാമറ വാങ്ങിത്തരാന്‍ പറയൂ.

  27. അപ്പു ആദ്യാക്ഷരി said...

    ആഷേ...അഭിനന്ദനങ്ങള്‍ ഇത്രയും ഭംഗിയായി ഈ പോസ്റ്റ് ചെയ്തതിന്.

  28. കുടുംബംകലക്കി said...

    പടങ്ങളെപ്പറ്റി ഒന്നും പറയുവാനില്ല. അപ്പൂസിന്റെ അഭിപ്രായം മാനിച്ചതിന് അഭിനന്ദനങ്ങള്‍!

  29. അപ്പൂസ് said...

    നന്ദി ആഷേച്ചി..:)
    ഓ.ടോ:
    അപ്പൂസ് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാവില്ലെന്ന് ആരാ പറഞ്ഞത്. :)

    പിന്നേയ് silhouette എന്നു വെച്ചാല്‍,
    ഫോട്ടോഗ്രഫി യുമായി മാത്രം ബന്ധപ്പെട്ട പ്രയോഗമല്ല. ആഷേച്ചിടെ ആ പ്രൊഫൈലിലും (അപ്പൂസിന്റെ പ്രൊഫൈലിലും) ഒക്കെ കാണുന്ന ആ വെളിച്ചത്തെ പിന്നിലാക്കുന്ന ആ നിഴല്‍ രൂപങ്ങള്‍.

  30. ശാലിനി said...

    ആഷയുടെ പോസ്റ്റ് നോക്കിയിരുന്ന ഞാനിത് ഇപ്പോഴാണല്ലോ കണ്ടത്. സമര്‍പ്പണത്തിന് നന്ദി. നിങ്ങളെ പോലെ കഴിവുള്ളവര്‍ മടി പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ പുതിയ പോസ്റ്റെവിടെ എന്നു ചോദിക്കേണ്ടേ? :)

    ഇത്തിരി താമസിച്ചെങ്കിലും ഈ പോസ്റ്റ് വളരെ നന്നായി. ഒത്തിരി ഇഷ്ടപ്പെട്ടു. ഫോട്ടോകളും അതിന്റെ കൂടെ എഴുതുന്ന വിവരണങ്ങളും കൂടെ ചേര്‍ന്ന് ഈ ബ്ലോഗിനെ ആസ്വാദ്യകരമാക്കുന്നു.

    പിന്നെ ബിരിയാണിക്കുട്ടിക്ക് പറഞ്ഞുകൊടുത്ത കേക്കിന്റെ റെസിപ്പി ഇതുവരെ കിട്ടിയില്ല.

    സതീഷെവിടെ, ഇവിടെ കമന്റിലൊന്നും കണ്ടില്ലല്ലോ?

  31. Siju | സിജു said...

    ചിത്രങ്ങളിഷ്ടപെട്ടു.. വിവരണവും..
    പിന്നെ അപ്പൂസിന്റെ കമന്റും ഇഷ്ടപെട്ടു..

  32. Sathyardhi said...

    ഒരു ഫോട്ടോ മത്സരത്തില്‍ സമ്മാനം വാങ്ങാന്‍ കിളി കൂടു വച്ച മരത്തില്‍ വലിഞ്ഞു കയറുന്നവന്‍ ഹൂളിഗന്‍ ഫോട്ടോഗ്രാഫര്‍ ആണ്‌, ശരി.

    പക്ഷേ ആഷ ചെയ്യുന്ന ഫോട്ടോഗ്രഫിക്ക്‌ ഒരു പര്‍പ്പസ്‌ ഉണ്ട്‌ എന്നതിനാല്‍ നിര്‍ത്തേണ്ടതില്ലെന്നാണ്‌ എന്റെ അഭിപ്രായം (ഓര്‍ണിത്തോളജിസ്റ്റും ഫോട്ടോഗ്രഫറും എന്ന രണ്ടു തൊപ്പിയും ഒന്നിച്ചിടുന്ന കൈപ്പള്ളിയാണ്‌ ഇതില്‍ അഭിപ്രായം എന്നെക്കാള്‍ ശരിക്കു പറയുക, ഇതെന്റെ സ്വന്തം, വ്യക്തിപരമായ, തെറ്റുകള്‍ ഉണ്ടായേക്കാവുന്ന, അമച്വര്‍ അഭിപ്രായം)

    പക്ഷികളെ അറിയാത്തതു മൂലം, അവയോട്‌ ഒരു സെന്‍സ്‌ ഓഫ്‌ ബിലോംഗിംഗ്‌ തോന്നാത്തതു മൂലം, അവയെ ശ്രദ്ധിക്കാത്തതു മൂലം ആളുകള്‍ വരുത്തുന്ന നാശം ഭയങ്കരമാണ്‌. അവയെ കാട്ടിക്കൊടുക്കാന്‍, അവ അന്തസ്സുള്ള ജീവിതം നയിക്കുന്ന ഒരു കൂട്ടമാണെന്നു പറഞ്ഞു കൊടുക്കാന്‍ അപ്പനും അമ്മയും മിനക്കെടാത്തതുകൊണ്ട്‌ പിള്ളേര്‍ കിളിക്കൂടിനിട്ടു കല്ലെറിയുന്നു. നാട്ടിലുള്ളവര്‍ക്ക്‌ നൂറനാട്‌ കൊറ്റില്ലത്തിന്റെ കഥ അറിയുമായിരിക്കുമല്ലോ, അതിനെ വിവരവും ബോധവും കണ്‍സേണും ഇല്ലാത്തവരില്‍ നിന്നും രക്ഷിക്കാന്‍ നടത്തുന്ന ബോധവല്‍ക്കരണവും.

    കിളിക്കൊരു കുടുംബം ഉണ്ടെന്നും അതില്‍ മക്കളുണ്ടെന്നും ആളുകള്‍ കാണണം, എങ്കിലേ അടുത്ത ദീപാവലിക്ക്‌ അവര്‍ എലിവാണം മരത്തിലേക്ക്‌ വിടും മുമ്പേ അതില്‍ തൂക്കണാം കുരുവി കൂടു കെട്ടിയിട്ടുണ്ടെന്ന് ഓര്‍ക്കൂ. കോഞ്ഞാട്ട പാര്‍ട്ടി മീറ്റിങ്ങിനു ആല്‍
    മരത്തിനു താഴെ മാലപ്പടക്കം കെട്ടുമ്പോള്‍ അതില്‍ കൊറ്റികള്‍ താമസമുണ്ടെന്ന് ഓര്‍ക്കൂ. ഒരു കിളിയെ കാണുമ്പോള്‍ അതിനെ എങ്ങനെ പൊരിച്ചടിക്കാം എന്നല്ലാതെ എന്തെങ്കിലും കൂടുതല്‍ ചിന്തിക്കൂ.

    ആളുകളെ കാട്ടിക്കൊടുക്കണം, അവരെ പഠിപ്പിക്കണം, അവരെ മനസ്സിലാക്കിക്കൊടുക്കണം, ഒരു ഓര്‍ണിത്തോളജിസ്റ്റിന്റെ ഏറ്റവും വലിയ കര്‍മ്മം അതാണ്‌. ആ പ്രോസസ്സില്‍ പക്ഷികള്‍ക്ക്‌ ശല്യം ഉണ്ടാക്കരുതെന്നേയുള്ളു.

    ശ്രദ്ധിക്കാത്ത, വിവരവും വികാരവും ഇല്ലാത്ത മനുഷ്യന്മാരാണു ഭൂരിപക്ഷം, അവര്‍ വരുത്തുന്ന വന്‍ നാശങ്ങള്‍ കാരണം പക്ഷികള്‍ നേരിടുന്ന ബുദ്ധിമുട്ട്‌ അതിഭയങ്കരമാണ്‌ . ഒരു കിളിക്കുഞ്ഞിന്റെ പടം കാട്ടി കുട്ടിയെ "മോനെ നിന്നെപ്പോലെ ഒരു വാവ കിളിയമ്മയ്ക്കും ഉണ്ട്‌" എന്നു പറഞ്ഞു കൊടുത്താല്‍ അവന്‍ പിന്നെ കല്ലെറിയില്ല, പടക്കം പൊട്ടിക്കാന്‍ നേരം മരത്തിലെ വാവ പേടിക്കാതെ അവന്‍ നോക്കിക്കൊള്ളും. അതിനെല്ലാം ഈ ചിത്രങ്ങള്‍ ആവശ്യമാണെന്നാണ്‌ എന്റെ അഭിപ്രായം. (എന്റെ മാത്രം അഭിപ്രായം, ഞാന്‍ പക്ഷി നിരീക്ഷകനുമല്ല, ഛായാഗ്രാഹകനുമല്ല)

  33. അപ്പൂസ് said...

    ദേവേട്ടാ,
    അപ്പൂസും ഈ പറഞ്ഞ രണ്ടും അല്ല.
    ഒരു കൌതുകത്തിനു മാത്രം പിടിച്ച കുറെ പടങ്ങള്‍ ദേവേട്ടന്റെ കമന്റില്‍ പറഞ്ഞിരിയ്ക്കുന്ന ആ ഒരു പ്രയോജനമെങ്കിലും ഉണ്ടാവട്ടേ എന്നു കരുതി ഇവിടെ ഇടാറുണ്ടെന്നു മാത്രം.

    ഈ പടങ്ങളൊക്കെ തന്നെ ഒരു വര്‍ഷം മുതല്‍ രന്ടു വര്‍ഷം വരെ പഴയതാണ്.

    വെറും നേരമ്പോക്കിനു മാത്രം ഈ പടം പിടുത്തം കൊണ്ടു നടന്ന സമയത്തു പോലും, പക്ഷിക്കൂടുകളുടെ അല്ല, പക്ഷികളുടെ പടം നന്നാവണം എന്ന ആഗ്രഹം ചില നേരത്ത് പക്ഷികള്‍ സ്വൈരയമായിരിക്കണം എന്ന ആഗ്രഹത്തിനു മുകളില്‍ കയറി വന്നിട്ടുണ്ട്. ആ രണ്ടു താല്പര്യങ്ങളും തുലനം ചെയ്തു കൊണ്ടു പോകല്‍ ഇത്തിരി പ്രയാസം തന്നെ ആയി തോന്നിയിട്ടുണ്ട്.

    പിന്നെയീ പ്രകൃതിക്കൂട്ടക്കാര്‍ പറഞ്ഞതില്‍ മുഴുവന്‍ കാര്യങ്ങളും ഇപ്പോ ഓര്‍മ്മയില്ല.
    എന്റെ കാമറ വളരെ അഡ്വാന്‍സ്ഡ് ആവാം, അതില്‍ 40 അടി ദൂരെയുള്ള പക്ഷിക്കൂടിന്റെ പടം തൊട്ടടുത്തെന്ന പോലെ എടുക്കാന്‍ കഴിഞ്ഞ്ഞേക്കാം.
    അല്ലെങ്കിലൊരു പക്ഷേ എന്റെ ജനലിന്റെ പിന്നിലൊളിച്ചിരുന്ന് പക്ഷി അറിയാതെ തന്നെ എനിക്കീ ചിത്രങ്ങള്‍ പകര്‍ത്താന്‍ പറ്റുമായിരിക്കാം.
    പക്ഷേ, ഇതു കണ്ടൊരാള്‍ നാളെ ഒരു കുഞ്ഞിക്കാമറയുമായി പക്ഷിക്കൂടിനു മുകളില്‍ വലിഞ്ഞു കയറി ലൈറ്റ് അപ്പ് ചെയ്ത് പാവം പക്ഷിക്കുഞ്ഞുങ്ങളെ മോഡലിങ്ങ് ചെയ്യിക്കാനുള്ള സാധ്യത ഈ പടങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകാവുന്ന നന്മകളെക്കാള്‍ കൂടുതലാണെന്നാണ് തോന്നിയിട്ടുള്ളത്.
    ഞാന്‍ സമ്മതിക്കുന്നു, ഇവിടെ ഫോട്ടോഗ്രഫി മത്സരമില്ല, ഇവിടെ അത്രയേറെ ഫോട്ടോഗ്രാഫര്‍മാര്‍ ഇല്ല, ഇതു കൊണ്ടൊക്കെ ഇവിടെ ഇത് കൊണ്ട് നല്ലതേ ഉണ്ടാവുകയുള്ളായിരിക്കാം.

    പക്ഷേ എങ്കില്‍ പോലും ഈ കമന്റും ഇതിനോടു ചേര്‍ത്തു വായിച്ചു പോവട്ടെ ഇതു കണ്ടു പോവുന്നവര്‍.
    ഒരു കൊച്ചു കാര്യത്തെ ചൊല്ലി ഒരുപാടു വാചകങ്ങള്‍ പറഞ്ഞു.
    എന്നാലും, ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിക്കാണിക്കുന്നെന്നു തോന്നല്ലേ..
    എന്തോ, കൂടുതലൊന്നും പറയാനില്ലെങ്കില്‍ കൂടി ഞാന്‍ പക്ഷിക്കൂട് പടം പിടുത്തത്തെ കുറിച്ചുള്ള ഈ പിടിവാശി ഉപേക്ഷിക്കാന്‍ തയ്യാറല്ല :)

  34. Inji Pennu said...

    എന്തായാലും ഫോട്ടോയെടുത്താല്‍ കിളികള്‍ക്ക് ഉപദ്രവമോ എന്നുള്ള സംവാദം ഒക്കെ കഴിഞ്ഞ് രണ്ട് പ്ലേറ്റ് ചിക്കണ്‍ ഫ്രൈ പോരട്ടെ :)

    എന്റെ പ്രശ്നം അതാണ്. ഹിപ്പൊക്രസി എന്ന ഒരു അസുഖം എന്നെ വല്ലാതെ വേട്ടയാടുന്നു. അപ്പൊ കോഴി പക്ഷിയല്ലെ? എനിക്ക് പക്ഷികളെ ഒക്കെ സ്നേഹിക്കണമെന്നുണ്ട്, അവയെ ഒക്കെ ആരും ഉപദ്രവിക്കണമെന്നുണ്ട്, പക്ഷെ ചിക്കണോ താറാവൊ ഫ്രൈ അതും മുളകൊക്കെ പുരട്ടി ഫ്രന്റില്‍ കൊണ്ടോന്ന് വെക്കുമ്പൊ... :(
    ഒരു കൊല്ലം വരെ വെജിറ്റേറിയന്‍ ആയി നോക്കി. എവിടെ? എന്നിട്ട് ഉറുമ്പിനേം പാറ്റേനേം ഒക്കെ കൊല്ലുമ്പൊ? ഭയങ്കര കഷ്ടമാണ് ഈ ലോകത്തില്‍ ജീവിക്കാന്‍! :(

  35. ദേവന്‍ said...

    ഇഞ്ചീ, വയലന്‍സിന്റെ കാര്യം ഒഴിച്ചാല്‍ കോഴിയെ തിന്നുന്നതും കുയിലിനെ കാറ്റപല്‍റ്റ്‌ കൊണ്ട്‌ എറിഞ്ഞു കൊല്ലുന്നതും രസത്തിനു കാട്ടില്‍ കയറി രണ്ടു വരയാടിനെ കൊല്ലുന്നതും ഉപ്പിലിട്ട്‌ വച്ച്‌ തിന്നുന്നതും തമ്മില്‍ ഒരു സാമ്യവുമില്ല.

    നമ്മള്‍ കോഴിയെ തിന്നുന്നതുകൊണ്ട്‌ ആരോ കോഴിയെ വിരിയിക്കുന്നുണ്ട്‌. ചത്ത കുയിലിനു പകരം ആരും കുയില്‍ മുട്ട വിരിയിക്കുന്നില്ല. ആകെ 2000-3000 വരയാടേ ലോകത്തുള്ളു, വെടിയിറച്ചി എന്നും പറഞ്ഞ്‌ അതിലൊന്നിനെ കൊന്നാല്‍ അതിന്റെ അംഗസംഖ്യയില്‍ കുറവുണ്ടായി, ഇക്കണ്ട വെടിക്കാര്‍ ആരും ക്യാപ്റ്റിവിറ്റിയില്‍ വരയാടിനെ വളര്‍ത്തി കാട്ടില്‍ വിടുന്നില്ല ഉവ്വോ?

    എഗ്രെറ്റ്‌ വംശനാശം വന്ന പക്ഷിയല്ല, പക്ഷേ ചുമ്മാതിരിക്കുന്ന അതിനെ ഉപ്ദ്രവിക്കാന്‍ അവകാശമില്ല നമുക്ക്‌. തിന്നാനായി ക്യാപ്റ്റിവിറ്റിയില്‍ കോഴി വളരുന്നു എന്നതുകൊണ്ട്‌ അതിന്റെ കൂടു പൊളിച്ച്‌ കുഞ്ഞിനെ പിടിച്ചു കറിയാക്കുന്നത്‌ ഭക്ഷണത്തിന്റെ പേരിലും ന്യായീകരിക്കാന്‍ ആവില്ല.
    (കേരളത്തില്‍ കാക്കകളുടെ എണ്ണം കുറയുന്നെന്ന് കൈപ്പള്ളി. ഇന്ത്യന്‍ കഴുകന്‍ അതിവേഗം വംശനാശം നേരിടുന്നെന്ന് റെഡ്‌ ലിസ്റ്റ്‌- തിന്നതാണോ ആരെങ്കിലും?)

    വെജിറ്റേറിയന്‍ ആകുന്നെങ്കില്‍ ആരോഗ്യത്തെ കരുതി മതി. കോടാനുകോടി ജീവികള്‍ ജീരകവെള്ളം തിളപ്പിക്കുമ്പോഴും ചത്തു പോകുന്നുണ്ട്‌, അതുകൊണ്ട്‌ വയലന്‍സിന്റെ കാര്യം കള. പ്രകൃതിയെ ഉപദ്രവിക്കുന്നത്‌ ഇതുമായി ബന്ധപ്പെടുത്താതെ തന്നെ
    നിര്‍ത്താം.

  36. deepdowne said...

    ആഷ, silhouette ഒരു ഫൊട്ടോഗ്രഫി പദമല്ല. ആണെങ്കിലും ആ അറിവെനിക്കില്ല. പൊതുവായുള്ള വാക്കാണ്‌. മലയാളത്തില്‍ അതിനെ എങ്ങനെയാണ്‌ പറയുന്നതെന്നറിയാത്തതുകൊണ്ട്‌ ഇംഗ്ലീഷില്‍ത്തന്നെ എഴുതിയെന്നു മാത്രം. അര്‍ത്ഥം അപ്പൂസ്‌ വിശദീകരിച്ചുകഴിഞ്ഞു; സ്പെല്ലിങ്ങും ശരിയാക്കി. ഞാനെഴുതിയതില്‍ u ഇല്ല ;)

  37. Kaippally said...

    ആഷ
    വളരെ നല്ല പരിശ്രമം. ചിത്രങ്ങളെ കാള്‍ നിങ്ങള്‍ക്കുണ്ടായ ആ അനുഭവമാണു് എനിക്ക് അതിമനോഹരമായി തോന്നിയത്.
    ചിത്രങ്ങളും വളരെ നന്നായി.

    ജീവിതത്തിന്റെ ഭാഗമാണല്ലോ മരണവും. മരിച്ചുവീണ പക്ഷിയുടെ ചിത്രം ആവശ്യമാണു്. മനുഷ്യരുടെ അര്‍ത്ഥശൂന്യമായ വിശ്വാസങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രകൃതിയില്‍ സ്ഥാനമില്ല.

    അപ്പൂസ് കരുതുന്നത് സംരക്ഷണ മേഖലയില്‍ ജീവിക്കുന്ന പക്ഷികളെ, മരത്തില്‍ കയറി ചിത്രീകരിക്കുന്നതിനെ കുറിച്ചാണു്. പക്ഷികളെ ശല്യം ചെയ്യാതെ അടുത്തുള്ള കെട്ടിടത്തില്‍ നിന്നും ചിത്രം എടുക്കുന്നതില്‍ തെറ്റില്ല.

    പിന്നെ ദേവന്‍ പറഞ്ഞ കാര്യങ്ങളെ എനിക്കും പറയാനുള്ളു.

    മാത്രമല്ല. ഇതുപോലുള്ള ചിത്രങ്ങള്‍ നാട്ടുക്കാരെ ബോധവല്‍ക്കരിക്കാനും സഹായിക്കും. സാധാരണ നഗരവാസികള്‍ക്ക് കാണാന്‍ അവസരമില്ലാത്ത കാഴ്ചകള്‍ കാണിച്ചുകൊടുക്കലാണല്ലോ Wildlife Photographer ചെയുന്ന ഏറ്റവും വലിയ സേവനം.

    അപ്പുസ്സ് പറഞ്ഞ point 1, 2, 3, ഞാന്‍ പൂര്‍ണമായിം യോജിക്കുന്നു. പക്ഷെ നാലാമതു പറഞ്ഞത് എനിക്ക് തമാശയായി തോന്നി.

    പക്ഷി മൃഗാതികളുടെ പടം പിടിച്ച കാണിച്ചുകൊടുത്താല്‍ നാട്ടുകാരെല്ലാം കാശു മുടക്കി കാമറയെല്ലാം വാങ്ങി പടം പിടിക്കാന്‍ കാട്ടില്‍ പോകുമെന്നൊ? ഇതിന്റെ വല്ല studyയും ആരെങ്കിലും നടത്തിയിട്ടുണ്ടോ?

    Wildlife Photographers ന്റെ ശല്യം കാരണം ഏതെങ്കിലും പക്ഷി വര്‍ഗ്ഗത്തിനു് വംശനാശം സംഭവിച്ചിട്ടുണ്ടോ?

    അപ്പൂസ്സ്. Fibreoptic Photographyയും, IR photographyയും പക്ഷികളെ ചിത്രീകരിക്കാന്‍ വികസിപ്പിച്ചിട്ടുണ്ട്. താങ്കള്‍ പറയുന്നത്ര serious അപരാധം ഒന്നും ഇവിടെ ആരും കാണിച്ചിട്ടില്ല.

    ആഷ ഇനിയും പടങ്ങള്‍ എടുക്കണം. ധൈര്യമായിട്ട് തന്നെ പടങ്ങള്‍ എടുക്കണം. ഒന്നോ രണ്ടോ പക്ഷി കുഞ്ഞുങ്ങള്‍ ചത്തു പോയാലും പതിനായിരം പക്ഷികുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആ ചിത്രങ്ങള്‍ ചിലപ്പോള്‍ വഴിയൊരിക്കിയേക്കാം.

    കുറെ പഴഞ്ജന്‍ ആചാരങ്ങളും മണ്ടന്‍ നിയമങ്ങളും ഭയന്നാല്‍ ലോകത്ത് ഒരു wildlife photographyയും ഉണ്ടാവില്ല.

    Ornithologists പഠനത്തിനായി അനേകം പക്ഷികളെ പിടിക്കാറുണ്ട്. അവയെ taxidermy ചെയ്തും DNA സൂക്ഷിക്കാനായി Tissue and blood samples സൂക്ഷിക്കറുമുണ്ട്. ഇതെല്ലാം പഠനത്തിന്റെ ഭാഗമാണു്. ഇതു് നാട്ടുകാര്‍ എല്ലാം ചെയ്യുന്നില്ലല്ലോ.

    ആഷയുടെ ചിത്രം കണ്ടു ജനത്തിനു് പക്ഷികളെ സ്നേഹിക്കാനും പ്രകൃതിയെ ബഹുമാനിക്കാനും പഠിക്കട്ടേ. കൂടിന്റെയും കുഞ്ഞുങ്ങളുടേയും പടം കണ്ടെങ്കിലും ജനങ്ങള്‍ ഇവയെ വെടിവെച്ച് കൊല്ലാതിരിക്കട്ടെ.

    Its easy to stand by and lecture others about the perils and percieved consequences of taking pictures of birds nests.

    Wildlife photography is not about fancy lenses vcameras, tripods, and all that. Its all about knowledge, patience and courage. I doubt those are easy to come by.

    Asha you have done nothing so terrible that deserves this admonishing.

  38. ആഷ | Asha said...

    സൂര്യോദയം, നന്ദി :)
    സാരംഗി, ഇനിയുമൊത്തിരിയുണ്ട് ചേച്ചി
    തമനുചേട്ടാ,ക്യാമറ ഉടനെയില്ല :)
    അപ്പുവേ, നന്റി :)
    കുടുംബംകലക്കി, :)
    അപ്പൂസ്, silhouette ന്റെ അര്‍ത്ഥം പറഞ്ഞു തന്നതിനു വളരെ നന്ദി. ഫോട്ടോഗ്രഫിയെ കുറിച്ചു മാത്രമല്ല എന്റെ ഇംഗ്ലീഷ് പരിഞ്ജാനത്തെ കുറിച്ചും നാട്ടുകാരറിഞ്ഞു ;)

    ശാലിനി, എത്തിയല്ലോ വൈകിയാണങ്കിലും അതു തന്നെ സന്തോഷം. കേക്കിന്റെ റെസിപ്പി ഞാന്‍ ഞാന്‍ മെയില്‍ അയക്കാട്ടോ.
    സിജു, നന്ദി :)

    deepdowne, ആ u ഇല്ലാഞ്ഞതല്ലേ ഈ കുഴപ്പത്തിനൊക്കെ കാരണം. ആ യൂ ഉണ്ടാരുന്നേ എനിക്ക് എപ്പോ പുടികിട്ടിയെന്നു ചോദിച്ചാ പോരേ.[ഇനിയിപ്പോ യൂ വില്‍ പിടിച്ചു തടി തപ്പാം ;)]

    കൈപ്പള്ളി, പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. 6 വര്‍ഷത്തെ പരിചയമാണ് ഈ കൊറ്റികളുമായി. കൂടു വീടിനോടു ഇത്രയും അടുത്തു നില്‍ക്കുന്നതിനാല്‍ ഇവ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

    ഇഞ്ചീസ്, ഹൈദ്രാബാദീ ചിക്കന്‍ ബിരിയാണി ആയാലോ? പാഴ്സലയച്ചേക്കാട്ടോ പിന്നെ ഇതു ഹൈദ്രാബാദിയല്ല വളിച്ച ബിരിയാണിയാണെന്നൊന്നും പറഞ്ഞേക്കരുത്.

    ദേവേട്ടാ, കൈപ്പളളി, അപ്പൂസ്,
    നിങ്ങള്‍ ഓരോരുത്തരുടേയും അഭിപ്രായം ഞാന്‍ മാനിക്കുന്നു.മൂവരുടെയും മനസ്സില്‍ പരിസ്ഥിതിയ്ക്കും ജീവജാലങ്ങള്‍ക്കും നല്ലതു വരണമെന്ന ചിന്തയാണെന്നുമറിയാം.

    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

  39. Navi said...

    കൊള്ളാം...ഇഷ്ട്ടായീ...

  40. ശ്രീ said...

    വളരെ മനോഹരമായിട്ടുണ്ട്...

  41. :: niKk | നിക്ക് :: said...

    ആഷ മാഷേ മരത്തില്‍ ‘കയറി’യെടുത്ത ചിത്രങ്ങള്‍ കലക്കി. അഡ്വഞ്ചറസ് :) തള്ളക്കിളിയുടെ ഞോണ്ട് കിട്ടാഞ്ഞത് ഭാഗ്യം :)

    പക്ഷെ, താങ്ക്സ് ഗോസ് ടു ശാലിനി എന്റെ കൂട്ടുകാരി :)

  42. അശോക് said...

    This one is really good. Very Nice..

  43. അലിഫ് /alif said...

    ആഷ,
    ഈ സീരീസില്‍ വന്ന എല്ലാ ചിത്രങ്ങളും വിവരണങ്ങളും ഒരുപാട് ഇഷ്ടമായി, ഒപ്പം ഇത്തരമൊരു ഉദ്യമത്തിനു ശ്രമിക്കുന്ന ആഷയുടെ നല്ല മനസ്സും. ഇതൊക്കെ തന്നെയേയുണ്ടാവുകയുള്ളൂ നാളത്തെ കുട്ടികള്‍ക്ക് കാട്ടികൊടുക്കുവാനായിട്ട് എന്നാണെനിക്ക് തോന്നുന്നത്..തുടരുക.
    ആശംസകള്‍

  44. Mohanam said...

    പടങ്ങള്‍ എല്ലാം മഹാമോശം ,യ്യേ ഇങ്ങനാണോ പടം പിടിക്കുന്നത്‌. ഞാനെങ്ങാനും ആയിരിക്കണം. ഇതൊക്കെ കണ്ടപ്പോള്‍ എനിക്കു വിളിക്കാന്‍ തോന്നുന്നു - മരം കേറി, ഫ്ലറ്റിന്റെ മുകളില്‍ കേറി, ബാല്‍ക്കണിയില്‍ കേറി.....
    ഹവൂ ഇത്രയും പറഞ്ഞപ്പൊ എന്താ ഒരു സമാധാനം.

    സത്യമായും ഞാന്‍ അസൂയ കൊണ്ടു പറയുന്നതല്ലാ..... ഹും.

  45. Mohanam said...

    പടങ്ങള്‍ എല്ലാം മഹാമോശം ,യ്യേ ഇങ്ങനാണോ പടം പിടിക്കുന്നത്‌. ഞാനെങ്ങാനും ആയിരിക്കണം. ഇതൊക്കെ കണ്ടപ്പോള്‍ എനിക്കു വിളിക്കാന്‍ തോന്നുന്നു - മരം കേറി, ഫ്ലറ്റിന്റെ മുകളില്‍ കേറി, ബാല്‍ക്കണിയില്‍ കേറി.....
    ഹവൂ ഇത്രയും പറഞ്ഞപ്പൊ എന്താ ഒരു സമാധാനം.

    സത്യമായും ഞാന്‍ അസൂയ കൊണ്ടു പറയുന്നതല്ലാ..... ഹും.

  46. sandoz said...

    അത്‌ ശരി...ഇങ്ങനെയൊരു തകര്‍പ്പന്‍ അങ്കംവെട്ട്‌ ഇവിടെ നടന്നിരുന്നോ......

    ഉം..കൊള്ളാം.....നമ്മുടെ ഫോട്ടോഗ്രാഫേഴ്സ്‌ ശരിക്ക്‌ പണിയെടുക്കുന്നുണ്ട്‌.അതിന്റെ റിസള്‍ട്ടുമുണ്ട്‌.

  47. അങ്കിള്‍. said...

    ആഷേ, ഈ പടങ്ങളെല്ലാം ഞാന്‍ മുമ്പ്‌തന്നെ ഇവിടെവന്ന്‌ കണ്ടിരുന്നു. ഈയിടക്ക്‌ കമന്റിടാന്‍ ചെറിയ പേടി തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ഒന്നും മിണ്ടാതെ പടങ്ങള്‍ കണ്ട്‌ തിരിയെപ്പോയി.

    എന്റെ ബ്ലോഗില്‍ വന്ന്‌ പറഞ്ഞ ആശ്വാസവാക്കുകള്‍ക്ക്‌ നന്ദി. ഏവൂരാന്റെ കമന്റിലുള്ള ഒരു 'മൊട' പ്രയോഗം കണ്ടില്ലേ. അതെന്താണെന്ന്‌ ഇതുവരെ അറിയാന്‍ കഴിഞ്ഞില്ല. അതിലേ ഉള്ളൂ പ്രയാസം. സാരമില്ലാ, പോട്ടേ അല്ലേ?. ഞാന്‍ ചിരിച്ചു.
    qw_er_ty

  48. Sapna Anu B.George said...

    ആഷക്കുഞ്ഞെ,നമ്മള്‍ ആദ്യമായാണ്‍, ഉഗ്രന്‍ പടങ്ങള്‍ ഇതിന്നും ഇവിടെ ഇരിക്കെണ്ടതല്ല. എന്നിരുന്നാലും അതിനു ചേരുന്ന എഴുത്തിന്റെ ശൈലിയും, നന്നായിരിക്കുന്നു ആഷേ.

  49. Raghavan P K said...

    നല്ല ഫൊട്ടോവും അതിനൊത്ത വിവരണവും.
    ബ്ലോഗിലെ മുത്തുക്കള്‍!
    നന്മകള്‍ നേരുന്നു.

  50. അനു said...

    അമ്പതടിച്ചേ.......... :)

    ഫോട്ടോയെല്ലാം ആഷയുടെ വകയാണോ... നന്നായിട്ടുണ്ട്..

  51. കുറുമാന്‍ said...

    പതിവൂപോലെ തന്നെ നല്ല ചിത്രങ്ങളും, വിവരണവും. ആഷാ കങ്കാരുലേഷന്‍സ്

  52. Vanaja said...

    Asha, nice photos
    പൊട്ടോ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു ചില കമണ്റ്റുകളില്‍ നിന്നു മനസ്സിലായി. ഞാന്‍ ലവിടിട്ട ജീവീടെ ഫോട്ടോവിനും ഇനി എന്തെങ്കിലും പ്രശ്നമുണ്ടോ എന്തോ? നടുവിനു ചവിട്ടേട്ട ആളുടെ തലക്ക്‌ ഇടിയും, വെട്ടും, ഏറും, കൂടി കിട്ടിയാല്‍ എങ്ങനെയിരിക്കുമോ എന്തോ കാണാന്‍?

  53. Pramod.KM said...

    നല്ല പടങ്ങള്‍.

  54. Unknown said...

    The last 4 pics r really good Asha. Last but one is the Best! Appreciate a lot, ur love for the nature! Awaiting Ur 'ThirichuVaravu'

  55. thoufi | തൗഫി said...

    നല്ല പടങ്ങളും ആകര്‍ഷകമായ വിവരണവും.
    പക്ഷികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും
    ഒരു നിമിഷമെങ്കിലുമോര്‍ക്കാന്‍
    ഈ പോസ്റ്റ് സഹായിച്ചു.

    അപ്പൂസിന്റെയും ദേവേട്ടന്റെയും കൈപ്പള്ളിയുടെയും
    നിരീക്ഷണങ്ങളിലൂടെ കൂടുതല്‍ കാര്യങ്ങള്‍
    അടുത്തറിയാനും കഴിഞ്ഞു.അത് തന്നെയായിരിക്കണം
    ഈ പോസ്റ്റിന്റെ ഏറ്റവും വലിയ ഗുണവും.

    തിരിച്ചുവരവ് തുടര്‍ന്ന്കൊണ്ടേയിരിക്കട്ടെ.
    ---മിന്നാമിനുങ്ങ്

  56. veekevee said...

    ആഷേ പടംസ് നന്നായിട്ടുണ്ട്‌ കേട്ടോ
    പിന്നെ വിവരണങളും അടിപൊളിതന്നെ

  57. pts said...

    ഇഷ്ടപ്പെട്ടു.

  58. sree said...

    ആഷേടെ കൊക്കുകളുടെ സാമ്രാജ്യം നേരില്‍ കണ്ടവരാരെങ്കിലും ഉണ്ടോ ഇവിടേ? അപാരമാണ്.ട്ടോ. അതിവിശാലമായ ഒരു വെളിമ്പ്രദേശം,നിറയെ തിങ്ങിനിറഞ്ഞ മരങ്ങള്‍, മൈസൂര്‍പാലസിന്റെ മട്ടുപ്പാവില്‍ നിന്ന് സൈലന്റ്വാലിയിലേക്ക് ഒരു വ്യൂ കിട്ടിയാല്‍ എങ്ങനെയിരിക്കും..ചുമ്മാ സങ്കല്‍പ്പിച്ചു നോക്കൂന്നെ...അവിടെ ആ സ്വപനതുല്യമായ വനഭൂവിലാണ് ആഷേടെ വിരുന്നുകാര്‍ വരുന്നത്, ആഷേടെ കാമറക്ക്ണ്ണുകള്‍ക്കു വേണ്ടി പോസ് ചെയ്യുന്നത്. ആ ദൃശ്യം കണ്ട് ധന്യരായവര്‍ വേറെയുമുണ്ടെങ്കില്‍ കൂട്ടരെ..നമ്മള്‍ ഭാഗ്യംചെയ്തവര്‍!!

    [ആഷേ..തല്ലല്ലെ..ഒരു ഉഗ്രന്‍ ഊണിന് ഇത്രയൊക്കെയേ എന്നെക്കൊണ്ട് തരാന്‍ പറ്റൂ ;)]

  59. idiot of indian origin said...

    ആഷ !!
    (അതാണെന്റെ പേര് ;-)

    മനസ്സില്‍ തട്ടിയത് മരിച്ചു കിടക്കുന്ന, ഭാഗ്യമില്ലാത്ത കൂടപിറപ്പിന്റെ പടം .
    സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാം . ഭീഷ്മ പ്രതിജ്ഞയുടെ
    ഒന്നും ആവശ്യമില്ല !
    മനസ്സിന്‍റെ നൈര്‍മല്ല്യം, ആര്‍ദ്രത ഇതൊക്കെയാണ് പ്രസക്തം .
    കുട്ടിക്യത് വേണ്ടുവോളം ഉണ്ട് . ഈ ഒരൊറ്റ പോസ്റ്റില്‍ നിന്നും തന്നെ ഉദാഹരണങ്ങള്‍ നിരത്താം ഞാന്‍ .
    " അവന് നല്ല വിശപ്പ്‌ ഉണ്ടെന്നു മനസ്സിലായി . മീനോ മറ്റോ വാങ്ങി കൊടുത്താലോ എന്ന് മനസ്സില്‍ ആലോചിച്ചു "
    " അവന്‍ ജീവനോടെ എവിടെയെങ്കിലും ഉണ്ടാവും എന്ന് വിശ്വസിക്യാന്‍ തന്നെയാണ് എനിക്യിഷ്ടം "
    മരിച്ചു കിടക്കുന്ന കുഞ്ഞി കിളിയുടെ ചിത്രത്തിന് തലവാചകം " ആണ്ടെ കെടക്കണ് ചത്ത്‌ മലച്ച്. ഹീ ഹീ ഹീ " എന്ന് കൊടുത്തുമില്ല ! "ചത്തു " എന്ന് പോലും അല്ല , മരിച്ചു എന്നാണു കുട്ടി വിവക്ഷിചിരിക്യുന്നത് !
    അങ്ങിനെയുള്ള ആഷ മനസ്സു കൊണ്ടു പോലും ഒരു കിളികൂടിന്റെ സന്തുലിതയില്‍ അസ്വാരസ്യം വിതറും എന്ന് തോന്നുന്നില്ല . ദേവന്‍റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്യുന്നു .
    മുട്ട തോട് പൊട്ടി, കുഞ്ഞി കൊക്കും, വട്ടകണ്ണും പ്രപഞ്ചത്തിന്റെ മായികതയിലെക്യു ഉണരുന്ന നിമിഷം നിന്‍റെ ക്യാമറ കണ്ണുകളാല്‍ ഒപ്പിയെടിക്കൂ .
    അതിന് വേണ്ടി മരം കേറി എന്ന വിളി കേള്‍ക്കേണ്ടി വന്നാലും, ഇലകള്‍ അല്പം വകഞ്ഞ് മാറ്റേണ്ടി വന്നാലും സാരമില്ല ! the end product, i am sure, will be beneficial to humanity. move on aasha . happy clicking.