Saturday, February 19, 2011

അതുല്യേച്ചിയും ഡോൿലയും

















അതുല്യേച്ചി കാരണം ഡോൿല ഞാൻ വിജയകരമായി ഉണ്ടാക്കിയ സന്തോഷവാർത്തയെല്ലാവരെയും അറിയിക്കുന്നു.

atulya sharma - ഡോക്ല പ്രിയേടെ റെസിപ്പീ... സേം സേം ഈസി പിക്ക്. ബട്ട്, ശരിയ്ക്ക്,ഞാൻ ചെയ്യാറു, 1 ഗ്ലാസ് കടലപരിപ്പ്, ഒരു സ്പൂൺ പച്ചരി, 1 സ്പൂണ ഉ.പരിപ്പ് എന്നിവ 8 മണിക്കൂർ കുതിർത്തി അത് രാവിലെ തരിതരിപ്പായിട്ട് അധികം ലൂസാവാതെ, അരച്ച് ഒരു 4 മണീക്കൂർ ഫെർമന്റിനു വയ്ക്കുക. എന്നിട്ട് അതിലേയ്ക്ക് തൈരു പുളിച്ചത് 1/2 ഗ്ലാസ്സ് ഒഴിച്ച്, ഉപ്പ് ചേർത്ത് എണ്ണ തടവിയ തട്ടിലേയ്ക്ക് വയ്ക്കുക. പ്രിയയുടെ ഫ്ലോപ്പായിട്ടുണ്ടെങ്കിൽ, ഇനോ പഴേതാവും, അല്ലെങ്കിൽ ഇഞ്ചി പച്ചമുളക് എന്നിവ കടൽമാവ് എന്നിവയിലേയ്ക്ക് ചേർത്താൽ ചിലപ്പോ അത് പഫ് അപ്പ് ആവൂല്ല :( പിന്നെ താളിച്ച് ഒഴിയ്ക്കുന്നതിനു മുമ്പ്, ഇതിലേയ്ക്ക് ചൂട് തിളച്ച വെള്ളം ഇറ്റിയ്ക്കണം, മുറിച്ച് വയ്ക്കുന്നതിലേയ്ക്ക്. എന്നാലെ സോഫ്റ്റ് ആയിട്ട് ഇരിയ്ക്കു. നല്ല കടലമാവ് എന്നതിലും വളരെ കാര്യമുണ്ട്, ഇനോ ഇട്ട് ഉണ്ടാക്കുകയാണെങ്കിൽ. പിന്നെ പുളിച്ച തൈർ കിട്ടിയില്ലെങ്കിൽ ലെമൺ ക്രിസ്റ്റലും ഇട്ട് ഉണ്ടാക്കാം. ഓവർ കുക്ക്ടും ആവരുത്. ഒരു 8 മിൻ സ്റ്റീം ഒക്കെ മതി, സിമ്മിൽ. താളിയ്ക്കുമ്പോ പചമുളകും മ്റ്റും ഇട്ട് അതിലേയ്ക്ക് മിക്സ് ചെയ്താ മതി. അല്ല ഇടണമെന്നുണ്ടെങ്കിൽ, പച്ചമുളക്ക് ഇഞ്ചി എന്നിവ അരച്ച് മാവിലേയ്ക്ക് ചേർക്കുക.





































ഗൂഗിൾ ബസ്സിൽ അതുല്യേച്ചി പറഞ്ഞുതന്നതിൽ നിന്നും അല്ലറചില്ലറ വ്യത്യാസങ്ങൾ ഞാൻ വരുത്തിയിരുന്നു.
കടലപരിപ്പും ഉഴുന്നുപരിപ്പും അരിയും തലേന്ന് രാത്രി കുതിർത്തത് പിറ്റേന്ന് വെള്ളം ഒട്ടും ചേർക്കാതെ തൈരു ചേർത്താണ് അരച്ചത്. പിന്നെ 5-6 മണിക്കൂറിനു ശേഷം അതിലേയ്ക്ക് അര റ്റീസ്പൂൺ സോഡാപ്പൊടിയും ഒരു സ്പൂൺ എണ്ണയും ഉപ്പും കൂടി ചേർത്തിളക്കി ഉടനെ തന്നെ ഇഡ്‌ഢലിത്തട്ടിൽ വെച്ച് ആവി കേറ്റി. (ഒട്ടും സമയം പോവാണ്ടിരിക്കാൻ പാത്രത്തിൽ മയം പുരട്ടി, ഇഡ്ഡലിത്തട്ട് അടുപ്പിൽ വെച്ച് ആവി വന്നതിനു ശേഷമായിരുന്നു ഉപ്പും എണ്ണയും സോഡാപ്പൊടിയുമൊക്കെ ചേർത്തത്). 8 മിനിറ്റായപ്പോൾ തന്നെ സംഗതി വെന്തുകിട്ടി. എനിക്ക് എന്നിട്ടും വെന്തോന്നു സംശയം കാരണം വീണ്ടും 2 മിനിറ്റു കഴിഞ്ഞാ എടുത്തത്. പിന്നെ വെറുതെ ചൂട് വെള്ളം ഇറ്റിക്കുന്നത് ഒഴിവാക്കിയിട്ട് കടുകു വറുത്തതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിച്ച് മേലെ ഒഴിച്ചു.


















എനിക്ക് ഡോൿലയുടെ കൂടെ സ്വീറ്റ് ചട്നിയാണു പ്രിയം. ഈന്തപ്പഴം ഇല്ലാതിരുന്നതു കൊണ്ട് അതിനു സ്വന്തമായൊരു റെസിപ്പി പരീക്ഷിച്ചു. പുളിവെള്ളവും ശർക്കരയും കൂടി തിളപ്പിച്ച് കുറുകി വന്നപ്പോൾ തേനും ജീരകം വറുത്തു പൊടിച്ചതും ചേർത്ത് അല്പനേരം കൂടി തിളച്ച ശേഷം ഇറക്കി. സംഗതി കൊള്ളാമായിരുന്നു.

Friday, January 21, 2011

കറുവാപ്പട്ടയും ചില സംശയങ്ങളും


















നാട്ടിൽ ഒരു വർഷം മുൻപ് പോയപ്പോൾ വാങ്ങിയതാണ് ഇടതു വശത്തെ ഫോട്ടോയിലെ കറുവാപ്പട്ട. ശ്രീലങ്കൻ കറുവയാണെന്ന് പറഞ്ഞാണ് കടക്കാരൻ തന്നത്. കാണാനുള്ള ഭംഗി, പിന്നെ തീക്ഷ്‌ണമായ മണം ഒക്കെ കണ്ടപ്പോൾ വാങ്ങികൊണ്ടുവന്നു. ഫോട്ടോയെടുക്കുക എന്നൊരു ദുർദ്ദേശവും കൂടിയുണ്ടായിരുന്നുവെന്നു കൂട്ടിക്കോളു. അതു കൊണ്ട് ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരുന്നു. പക്ഷേ ഇപ്രാവശ്യം നാട്ടിൽ വെച്ച് കേരളകൗമുദി പത്രത്തിൽ ഒരു വാർത്ത വായിക്കാനിടയായി. ഇപ്പോൾ വരുന്ന കറുവപ്പട്ട പലതും ഒറിജിനലല്ലെന്ന്. കാസ്യ എന്ന തരമാണത്രേ കൂടുതലും മാർക്കറ്റിൽ.

ഹിന്ദുവിൽ വന്ന വാർത്തയിവിടെ കാണാം. കാസ്യ കഴിച്ചാൽ കരളിനും വൃക്കയ്ക്കും ദോഷകരമെന്നു പറയുന്നു. പല രാജ്യങ്ങളിലും അത് നിരോധിച്ചിട്ടുള്ളതായാണ് ആ വാർത്തയിൽ പറയുന്നത്.

ഒറിജിനൽ കറുവാപ്പട്ടയും കാസ്സിയയും തമ്മിലുള്ള വ്യത്യാസങ്ങളായി ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലാവുന്നത്. ശരിക്കുള്ള കറുവയ്ക്ക് ലേശം മധുരമുണ്ടായിരിക്കുമെന്നും നിറം അധികം ഇരുണ്ടതായിരിക്കില്ലെന്നും പെട്ടെന്ന് ഒടിയുന്നതരവുമാണെന്നുമാണ്.സിലോൺ കറുവയാണ് ഏറ്റവും നല്ലത് എന്നും കണ്ടു.

കാസ്യയുടെ നിറം ഇരുണ്ടതും കട്ടികൂടുതലും മണം വളരെ തീക്ഷ്ണവുമായിരിക്കും. ചുരുളുകളായി വരുന്നതിന് “ഌ” ആകൃതിയായിരിക്കും. അങ്ങനെ നോക്കുമ്പോൾ എനിക്ക് കടക്കാരൻ ശ്രീലങ്കൻ പട്ടയാണെന്നു പറഞ്ഞു തന്നത് കാസ്യയാണ്. ഈപറഞ്ഞ ഗുണങ്ങളൊക്കെ അതിനുണ്ട്.

വലതുവശത്തേത് നല്ല കറുവാപ്പട്ടയാണെന്നു ഞാൻ കരുതുന്നു. മണം മറ്റേതിന്റെയത്ര തീക്ഷ്ണമല്ല പറഞ്ഞതു പോലെ മധുരം തോന്നുന്നുണ്ട്. പക്ഷേ ചുരുളായല്ലാതെ ചീന്തികിട്ടുന്നതും പുറംതൊലിയോടു കൂടിയതും പൊടിരൂപത്തിലുള്ളതുമായ കാസ്യ എങ്ങനെ തിരിച്ചറിയാമെന്നത് എനിക്കിപ്പോഴും കീറാമുട്ടിയായി നിൽക്കുന്നു. നമ്മുടെ നാട്ടിൽ കറുവാപ്പട്ട ചുരുളായല്ലല്ലോ മിക്കവാറും വിൽക്കാറ്. കാസ്യ കറുവപ്പട്ടയേക്കാൾ വില വളരെ കുറവാണെന്നാണ് വായിച്ചതിൽ നിന്നും മനസ്സിലാവുന്നത്. (പക്ഷേ എന്റെ കൈയ്യിൽ നിന്നു കാശ് അയാളതിനു കൂടുതൽ വാങ്ങി. ഇനി നമ്മുടെ നാട്ടിൽ ചുരുളായി പട്ട വരുന്നത് ചുരുക്കമായതിനാലാണോ ആവോ) യു.എസ്സിലാണിത് കൂടുതൽ ഉപയോഗിക്കുന്നതെന്നു കാണുന്നു. ഞാൻ കണ്ടിട്ടുള്ള വെസ്റ്റേൺ ഫുഡ് ഫോട്ടോസിൽ മിക്കതിലും കാണാറുള്ളത് കാസ്യയാണ്.

കൂടുതലിതിനെ കുറിച്ചറിയാവുന്നവർ ദയവായി സഹായകരമാവുന്ന വിവരങ്ങൾ പങ്കുവെയ്ക്കണമെന്നു അപേക്ഷിക്കുന്നു.

ഇവിടെയും ഇവിടെയും രണ്ടും തമ്മിൽ എങ്ങനെ തിരിച്ചറിയാമെന്നുണ്ട്.