Wednesday, November 10, 2010

ലംബാടികൾ സീതപ്പഴങ്ങളുമായി വീണ്ടും

സീതപ്പഴത്തിന്റെ സീസൺ ഇവിടെ ഹൈദ്രാബാദിൽ പലപ്പോഴും ലംബാടികളുടെ വരവോടെയാണ് ആരംഭിക്കാറ്.
കാളവണ്ടികളിൽ സീതപ്പഴവും നിറച്ച് ഗ്രാമങ്ങളിൽ നിന്നും നഗരത്തിന്റെ പല പ്രാന്തപ്രദേശങ്ങളിലും അത് വിറ്റു തീരുന്നതു വരെ ക്യാമ്പു ചെയ്യാറ് ഇവർ പതിവ്. ഇപ്രാവശ്യവും നഗരത്തിലെ സ്ഥിരമായി വരാറുള്ള സ്ഥലങ്ങളിലെ റോഡരുകുകളിൽ അവർ ക്യാമ്പു ചെയ്തു കഴിഞ്ഞു.ഇവർ ക്യാമ്പു ചെയ്യുന്ന ബോവൻ‌പ്പള്ളി, ESI, ഇന്ദിരാപാർക്ക്, റഹ്‌മത്ത് നഗർ, എരഗഡ്ഢ എന്നിവിടങ്ങളിൽ പോയെങ്കിലും എരഗഡ്ഢയിൽ മാത്രമേ നാലു കാളവണ്ടികൾ കാണാൻ സാധിച്ചുള്ളൂ.
അന്വേഷിച്ചപ്പോൾ മിക്കവരും ഇപ്പോൾ ഓട്ടോ വാടകയ്ക്കെടുത്ത് അതിലാണു പഴങ്ങൾ കൊണ്ടു വരുന്നതെന്നാണ് പറഞ്ഞത്. ഗ്രാമങ്ങളിൽ കാളകളെ പലരും വിറ്റുകളയുകയാണത്രേ. ഹൈദ്രാബാദിൽ നിന്നും ഏകദേശം 50 കി.മീ. അകലെയുള്ള ഭൂവനഗിരിയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുമാണിവരുടെ വരവ്. വിറ്റുതീരുന്നതിനനുസരിച്ച് സീതപ്പഴങ്ങൾ ഗ്രാമങ്ങളിൽ നിന്നു വീണ്ടും കൊണ്ടു വരും. ഏകദേശം ഒരു മാസത്തോളമുണ്ടാവാറുണ്ട് അവരിവിടെ.
സീതപ്പഴത്തിന്റെ സീസൺ തീരുന്നതോടു കൂടി തിരികെ നാടുകളിൽ പോയി ചിലർ കൃഷിയും മറ്റു ചിലർ കൂലിപ്പണികളും ചെയ്താണു ജീവിതം പുലർത്തുന്നത്. ലംബാടികളുടെയടുക്കൽ നിന്നും സീതപ്പഴങ്ങൾ വാങ്ങി കച്ചവടം ചെയ്യുന്നവരും നഗരത്തിലുണ്ട്.

കാളവണ്ടികളെ പോലെ തന്നെ ലംബാടികളുടെ വർണ്ണാഭമായ തനതുവേഷവും ആഭരണങ്ങളും ധരിക്കുന്നവരും അവരുടെ ഇടയിൽ വളരെ കുറഞ്ഞു വന്നുകൊണ്ടിരിക്കയാണ്. മദ്ധ്യവയസ്സുള്ള കുറച്ചുപേർ മാത്രമേ ഇപ്പോഴതു ധരിച്ചു കണ്ടുള്ളൂ. മറ്റെല്ലാവരും സാധാരണ വേഷത്തിലേയ്ക്ക് വഴിമാറികഴിഞ്ഞു.ഫോട്ടോയെടുക്കുന്നതു കണ്ടപ്പോ വഴിയിൽ നിന്നും കുടിയിറക്കാൻ സർക്കാർ പറഞ്ഞു വിട്ടയാളാണോ ഞാനെന്നായിരുന്നു ചിലർക്ക് സംശയം. ലംബാടികൾ ഫോട്ടോസെടുക്കാൻ ചെന്നാൽ വളരെ ഡിമാന്റിംഗ് ആണെന്നു ചിലയിടത്ത് വായിച്ചിരുന്നു. പക്ഷേ എന്നോട് വളരെ സ്നേഹപൂർവ്വമായിരുന്നു മിക്കവരും പെരുമാറിയത്. പലരും എനിക്ക് കഴിക്കാൻ സീതപ്പഴങ്ങളും തന്നു.


എടുത്ത ഫോട്ടോസിൽ ചിലത് പ്രിന്റ് എടുത്തത് കൊടുക്കാനായി ഞാൻ വീണ്ടും പോയിരുന്നു. ഫോട്ടോ കിട്ടാത്ത ചിലര് പരിഭവം പറഞ്ഞു. പോർട്രേറ്റ് കൊടുത്തവർക്കൊക്കെ ഫുൾസൈസ് എടുക്കാഞ്ഞതിലായി പരിഭവം. അങ്ങനെ ആകെ രസകരമായിരുന്നു സംഭവം.

എനിക്ക് രണ്ടാമത് പോയപ്പോ തിരിച്ചറിയാൻ പറ്റാതിരുന്നൊരാളാണ് താഴെ ഫോട്ടോയിൽ. ആദ്യം പോയപ്പോ ആടയാഭരണങ്ങളൊന്നുമില്ലാതെ വലതുവശത്തേതിലെ പോലെയായിരുന്നു നില്പ്. രണ്ടാമതു ചെന്നപ്പോ ആ ഫോട്ടോ ഇടതുവശത്തെ രൂപം കൈക്കലാക്കി. ഇവരെന്തിനാ ആ ഫോട്ടോ മേടിച്ചതെന്നു കരുതി ഫോട്ടോയിലെ ആളെ അന്വേഷിച്ചപ്പോഴാണ് ഞാൻ തന്നെയതെന്നു മറുപടി പറഞ്ഞ് എന്നെ അമ്പരിപ്പിച്ചത്.

11 comments:

 1. Bindhu Unny said...

  ഇഷ്ടമായി വിവരണവും പടങ്ങളും. പ്രിന്റെടുത്ത് കൊടുക്കാന്‍ തോന്നിയ നല്ല മനസ്സ്. :)

 2. mini//മിനി said...

  വളരെക്കാലത്തിനു ശേഷം സീതപ്പഴം കണ്ടു, നല്ല ഫോട്ടോകൾ...

 3. സുനിൽ കൃഷ്ണൻ(Sunil Krishnan) said...

  ആശാ,

  നന്നായിരിക്കുന്നു ഫോട്ടോയും വിവരണവും..ഭുവനഗിരി യാത്ര എന്നാണ്? അതറിയാന്‍ കാത്തിരിയ്ക്കുന്നു....

  ആശംസകള്‍

 4. ചേച്ചിപ്പെണ്ണ് said...

  like it .. nalla post asha..
  manassupole ..

 5. പഞ്ചാരക്കുട്ടന്‍ said...

  ഈ പോസ്റ്റ്‌ ഇഞ്ചി പെണ്ണിന്റെ ബസ്സില്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു.വായിച്ചായിരുന്നു.ഈ ആത്തക്ക തന്നെ അല്ലെ സീതപ്പഴം(custard apple)

  എന്റെ വലയിലേക്ക് സ്വാഗതം

 6. ജെസ്സ് said...

  aa roopamaatam kollaalo ashechchi..

 7. krishnakumar513 said...

  നന്നായിരിക്കുന്നു വിവരണവും,ചിത്രങ്ങളും..

 8. ശ്രീനാഥന്‍ said...

  നല്ല ചിത്രങ്ങളും വിവരണവും

 9. ആഷ | Asha said...

  എല്ലാവർക്കും വളരെ നന്ദി :)

  സുനിൽ, മിക്കവാറും ജനുവരീലെ നടക്കൂന്ന് തോന്നുന്നു.

  പഞ്ചാരക്കുട്ടൻ, ആത്തച്ചക്ക തന്നെ സീതപ്പഴം.

 10. ഏറനാടന്‍ said...

  സീതപ്പഴം പരിചയപ്പെടുത്തിയ നല്ല വിവരണത്തിന് നന്ദി.

 11. അബു ജുനൈദ said...

  nannayirikkunnu vivarannavum pictursum.