Friday, January 21, 2011

കറുവാപ്പട്ടയും ചില സംശയങ്ങളും


നാട്ടിൽ ഒരു വർഷം മുൻപ് പോയപ്പോൾ വാങ്ങിയതാണ് ഇടതു വശത്തെ ഫോട്ടോയിലെ കറുവാപ്പട്ട. ശ്രീലങ്കൻ കറുവയാണെന്ന് പറഞ്ഞാണ് കടക്കാരൻ തന്നത്. കാണാനുള്ള ഭംഗി, പിന്നെ തീക്ഷ്‌ണമായ മണം ഒക്കെ കണ്ടപ്പോൾ വാങ്ങികൊണ്ടുവന്നു. ഫോട്ടോയെടുക്കുക എന്നൊരു ദുർദ്ദേശവും കൂടിയുണ്ടായിരുന്നുവെന്നു കൂട്ടിക്കോളു. അതു കൊണ്ട് ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരുന്നു. പക്ഷേ ഇപ്രാവശ്യം നാട്ടിൽ വെച്ച് കേരളകൗമുദി പത്രത്തിൽ ഒരു വാർത്ത വായിക്കാനിടയായി. ഇപ്പോൾ വരുന്ന കറുവപ്പട്ട പലതും ഒറിജിനലല്ലെന്ന്. കാസ്യ എന്ന തരമാണത്രേ കൂടുതലും മാർക്കറ്റിൽ.

ഹിന്ദുവിൽ വന്ന വാർത്തയിവിടെ കാണാം. കാസ്യ കഴിച്ചാൽ കരളിനും വൃക്കയ്ക്കും ദോഷകരമെന്നു പറയുന്നു. പല രാജ്യങ്ങളിലും അത് നിരോധിച്ചിട്ടുള്ളതായാണ് ആ വാർത്തയിൽ പറയുന്നത്.

ഒറിജിനൽ കറുവാപ്പട്ടയും കാസ്സിയയും തമ്മിലുള്ള വ്യത്യാസങ്ങളായി ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലാവുന്നത്. ശരിക്കുള്ള കറുവയ്ക്ക് ലേശം മധുരമുണ്ടായിരിക്കുമെന്നും നിറം അധികം ഇരുണ്ടതായിരിക്കില്ലെന്നും പെട്ടെന്ന് ഒടിയുന്നതരവുമാണെന്നുമാണ്.സിലോൺ കറുവയാണ് ഏറ്റവും നല്ലത് എന്നും കണ്ടു.

കാസ്യയുടെ നിറം ഇരുണ്ടതും കട്ടികൂടുതലും മണം വളരെ തീക്ഷ്ണവുമായിരിക്കും. ചുരുളുകളായി വരുന്നതിന് “ഌ” ആകൃതിയായിരിക്കും. അങ്ങനെ നോക്കുമ്പോൾ എനിക്ക് കടക്കാരൻ ശ്രീലങ്കൻ പട്ടയാണെന്നു പറഞ്ഞു തന്നത് കാസ്യയാണ്. ഈപറഞ്ഞ ഗുണങ്ങളൊക്കെ അതിനുണ്ട്.

വലതുവശത്തേത് നല്ല കറുവാപ്പട്ടയാണെന്നു ഞാൻ കരുതുന്നു. മണം മറ്റേതിന്റെയത്ര തീക്ഷ്ണമല്ല പറഞ്ഞതു പോലെ മധുരം തോന്നുന്നുണ്ട്. പക്ഷേ ചുരുളായല്ലാതെ ചീന്തികിട്ടുന്നതും പുറംതൊലിയോടു കൂടിയതും പൊടിരൂപത്തിലുള്ളതുമായ കാസ്യ എങ്ങനെ തിരിച്ചറിയാമെന്നത് എനിക്കിപ്പോഴും കീറാമുട്ടിയായി നിൽക്കുന്നു. നമ്മുടെ നാട്ടിൽ കറുവാപ്പട്ട ചുരുളായല്ലല്ലോ മിക്കവാറും വിൽക്കാറ്. കാസ്യ കറുവപ്പട്ടയേക്കാൾ വില വളരെ കുറവാണെന്നാണ് വായിച്ചതിൽ നിന്നും മനസ്സിലാവുന്നത്. (പക്ഷേ എന്റെ കൈയ്യിൽ നിന്നു കാശ് അയാളതിനു കൂടുതൽ വാങ്ങി. ഇനി നമ്മുടെ നാട്ടിൽ ചുരുളായി പട്ട വരുന്നത് ചുരുക്കമായതിനാലാണോ ആവോ) യു.എസ്സിലാണിത് കൂടുതൽ ഉപയോഗിക്കുന്നതെന്നു കാണുന്നു. ഞാൻ കണ്ടിട്ടുള്ള വെസ്റ്റേൺ ഫുഡ് ഫോട്ടോസിൽ മിക്കതിലും കാണാറുള്ളത് കാസ്യയാണ്.

കൂടുതലിതിനെ കുറിച്ചറിയാവുന്നവർ ദയവായി സഹായകരമാവുന്ന വിവരങ്ങൾ പങ്കുവെയ്ക്കണമെന്നു അപേക്ഷിക്കുന്നു.

ഇവിടെയും ഇവിടെയും രണ്ടും തമ്മിൽ എങ്ങനെ തിരിച്ചറിയാമെന്നുണ്ട്.

13 comments:

 1. Typist | എഴുത്തുകാരി said...

  ഞാനും വായിച്ചിരുന്നു, പത്രത്തിൽ . സംശയം തീർക്കാനുള്ള അറിവ് എനിക്കുമില്ല.

 2. ആറങ്ങോട്ടുകര മുഹമ്മദ്‌ said...

  കട്ടി കുറഞ്ഞ കറുവപ്പട്ട തന്നെയാണ് ശുദ്ധന്‍.മധുരം കാണും.പൊടിപോലെ കിട്ടുന്നത് ഉപയോഗിക്കാതിരിക്കുക.വിദേശങ്ങളില്‍ വ്യാജന്‍ സുലഭം.കേരളത്തില്‍ നന്നായി വളരും.

 3. Sreedevi said...

  എനിക്കീ സംശയം ആദ്യമായി തോന്നിയത് നാട്ടിലെ കറുവ വെട്ടിയപ്പോള്‍ അവിടുന്ന് കൊടുത്തയച്ചത്‌ കണ്ടിട്ടാണ്.കടയില്‍ നിന്ന് വാങ്ങുന്നതില്‍ നിന്നും ഇളം നിറവും മധുരവും കട്ടി കുറവും ആയിരുന്നു അത്.ആളുകള്‍ക്ക് രോഗങ്ങള്‍ അധികരിക്കുന്നത് ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെ.

 4. യരലവ said...

  ഈയിടെ യായി, ഈ രൂപമാറ്റം ശ്രദ്ധിച്ചിരുന്നു. നല്ലപാതിയോട് പറഞ്ഞു നോക്കട്ടെ. അവരാ ഗവേഷിക്കാ‍ന്‍ നല്ലത്. ങ്ഹും. പിന്നെ നന്ദിയുണ്ട്.

 5. Jenith Kachappilly said...

  കേട്ടിട്ടുണ്ട് എന്നല്ലാതെ കരുവപ്പട്ടയെപ്പറ്റി യാതൊരു പിടിയുമില്ല എന്നിരുന്നാലും ഈ ശ്രമം നന്നായിട്ടുണ്ട്...

 6. ആഷ | Asha said...

  വില വ്യാജനു കുറവാണെങ്കിൽ ഗരം‌മസാലയിലും മറ്റു മസാലപ്പൊടികളും ലാഭം കൂട്ടാൻ വേണ്ടി കമ്പനിക്കാർ എപ്പോ ചേർത്തൂന്ന് ചോദിച്ചാ മതി. :(

 7. jayarajmurukkumpuzha said...

  valare shariyaya samshayam thanne.....

 8. sadu സാധു said...

  ചേച്ചി നല്ല ഉപയോഗപ്രദമായ് പോസ്റ്റ്. എന്നിക്ക് ഒരു സംശയം. എന്റെ വിട്ടീൽ കറുവയും, അതിന്റെ ഇലയൊടു സാമ്യം ഉള്ളതും എന്നാൽ വലുപ്പതിലും ഗുണത്തിലും വ്യത്യാസം ഉള്ളത്തു മയ മറ്റോരു വൃക്ഷവും ഉണ്ടായിരുന്നു. അതിനെ ഞങ്ങൾ വയണ(വയന്ന) എന്നു പറയും മായിരുന്നു. ഇതാണോ നമ്മുടെ അപരൻ?

  കറുവ ഇല ചെറുതും മധുരവും എരിവും ചെറിയ തീക്ഷണതയുള്ളതുമായിരുന്നു.
  വയന്ന് എന്നാൽ വഴുവഴുപുള്ളതും ചെറിയ ചവർപ്പുള്ളതുമായിരുന്നു. എന്നാൽ വയന്ന നാട്ടിൽ ഇലയപ്പം ഉണ്ടാക്കുവാൻ എടുത്തിരുന്നു.

 9. ആഷ | Asha said...

  സാധു,
  അതു ശരിയാവാൻ സാധ്യതയുണ്ടല്ലോ ബാലകൃഷ്ണാ :)
  ഞാനങ്ങനൊരു കാര്യമേ ചിന്തിച്ചിരുന്നില്ല.പക്ഷേ എനിക്ക് വയണയുടെ ശാസ്‌ത്രീയനാമം അറിയില്ല. എന്തായാലും തപ്പി നോക്കട്ടേ.
  ഞങ്ങളും വീട്ടിൽ അടയുണ്ടാക്കാൻ അതിന്റെ ഇല ഉപയോഗിക്കാറുണ്ട്.

 10. sadu സാധു said...

  ആഷചേച്ചി വയന്ന കഴിച്ചാലും കറുവ കഴിച്ചാലും ഇൻഡ്യകാർക്ക് വലിയ ദോഷം ഒന്നു വരുമേന്നു തോന്നുന്നില്ല.നമ്മുടെ കാലവസ്ഥക്ക് മസാലയുടെ അമിതമായ ഉപയോഗം നല്ലതല്ല എന്നാണ് എനിക്കു തോന്നുന്നത്. എന്തായാലും മിതമായൽ നല്ലത്. (അമിതമായൽ അമൃതും വിഷം) . ചേച്ചി ബ്ലോഗിൽ ഇട്ടിട്ടുള്ള ലിങ്കുകൾ വച്ച് ഞാൻ ഗൂഗിൾ ചെയ്യത്പ്പോൾ കിട്ടിയ വിവരങ്ങൾ അനുസരിച്ച ഇതെല്ലാ ഒരു വർഗ്ഗതിന്റെ തന്നെ വക ഭേദങ്ങൾ ആണെന്നു കരുത്തുന്നു. കാല ദേശ സമയ ഭേദം അനുസരിച്ച ഔഷധങ്ങളുടെ പ്രക്രിതിയും മാറുന്നു. ഉദാഹരണതിന് മുരുങ്ങാഇല കഴിക്കുന്നത് നല്ലതാണ് . എന്നാൽ കർക്കിടക്കം പിറന്നാൽ മുരുങ്ങായില കഴികരുത്തെന്നും പറഞ്ഞുകേൾക്കുന്നു. ആ മാസതിൽ ഇതിന്ന് വിഷ സ്വഭാവം ഉള്ളതായാണ് അറിയുന്നത്. ഇത് ശാസ്ത്രിയമായി പരിഷിച്ച് നീരിഷിച്ച് പറയുവാന്നു. മറ്റും നമ്മുടെ ശാസ്ത്രീയമായ അറിവുകൾ വളർന്നു വരൂന്നതേയുള്ളൂ.


  http://www.holisticonline.com/herbal-med/_Herbs/h196.htm

 11. മഹേഷ്‌ വിജയന്‍ said...

  ഇന്നെവിടാണ് വ്യാജന്മാര്‍ ഇല്ലാത്തത്?
  ഇതേതായാലും പുതിയ അറിവാണ്. അടുത്ത തവണ കറുവാപ്പട്ട മേടിക്കാന്‍ പോകുമ്പോള്‍ പരീക്ഷിച്ചു നോക്കാം..

 12. KAILASA PATHI Chandra said...

  ഞാൻ തൃശ്ശൂരിൽ ജോലി ചെയ്യുന്ന സമയത്ത് ഓഫീസ് വളപ്പിൽ രണ്ടു കറുവ മരങ്ങൾ ഉണ്ടായിരുന്നു. ചിലർ അതിന്റെ തോൽ എടുക്കാൻ വരുമായിരുന്നു. അവരില നിന്നും ആണ് കറുവയുടെ ഗുണങ്ങൾ അറിഞ്ഞത്. ഞാനും അതിന്റെ തോൽ ഒരു കത്തി കൊണ്ട് ചെത്തി എടുത്തു വെയിലത്ത് ഉണക്കിയ ശേഷം തിന്നു നോക്കി. ഒരു ചെറു മധുരം ഉണ്ടായിരുന്നു. അന്ന് കുറച്ചു ചെത്തി ഉണക്കി വച്ചത് കാരണം ഇപ്പോൾ വാങ്ങാറില്ല. നെല്ലിയാമ്പതി പോലുള്ള പ്രദേശങ്ങളിൽ പോകുമ്പോൾ വനത്തിനുള്ളിൽ കറുവ യോട് സാമ്യമുള്ള ചില മരങ്ങൾ കണ്ടിട്ടുണ്ട്. കാസ്യ ആണോ എന്നറിയില്ല. ഏതായാലും പുറത്തു നിന്നും വാങ്ങാറില്ല. മിക്കയിടത്തും പാക്കറ്റിൽ കിട്ടുന്നത് തുറന്നു രുചിച്ചു നോക്കാനും കഴിയില്ലല്ലോ

 13. എ പി അബൂബക്കര്‍ said...

  കാസിയ ചില്ലറക്കാരനല്ല. കറുവയുമായി പുലബന്ധം പോലുമില്ലാത്ത യൂറോപ്യൻ നാടുകൾ റോഡരികിൽ അലങ്കാരമരമായി വെച്ചുപിടിച്ച മരം.

  അതിന്റെ കറ മാരകമായ കമറിൻ എന്ന വിശാംഷം വമിക്കുന്നതാണ്. അമേരിക്കയിലെ മിസിസിപ്പി സർവ്വകലാശാലയിൽ നടന്ന ഗവേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂറോപ്പിലും അമേരിക്കയിലും മറ്റ് പല രാഷ്ട്രങ്ങളിലും കാസിയ എലിവിഷത്തിലെ പ്രധാന ചേരുവയാണ്.

  കരൾ , വൃക്ക തകരാറിലാക്കുന്ന കാസിയയുടെ ഇറക്കുമതി ഇന്ത്യയിൽ ഔദ്യോഗികമായി നിരോധിച്ചിട്ട് 4 വർഷമായി.

  എന്നാൽ അവിശ്വസനീയമെന്ന് പറയട്ടേ.
  ആയുർവേദ മരുന്ന് കടകൾ ഉൾപ്പെടെ കേരളീയ വിപണിയിൽ ഇന്ന് കാസിയയല്ലാതെ കറുവപ്പട്ട കാണുന്നത് അപൂർവ്വം മാത്രം.

  കാരണം, കാസിയക്ക് അന്തരാഷ്ട്ര വിപണിവില 50 രൂപ. കറുവപ്പട്ടക്ക് 350.
  50 രൂപക്ക് വാങ്ങിയ കാസിയ 350 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്.

  അധികാരികൾ 100ൽ 7 പേർക്ക് വരാൻ സാധ്യയുണ്ടെന്ന് പറയപ്പെടുന്ന രോഗങ്ങളുടെ പേര് പറഞ്ഞു വാക്സിൻ കുത്തിവെക്കാൻ ഓടിനടക്കുകയാണ്.

  100ൽ 100പേർക്കും രോഗം വരുമെന്ന് ഉറപ്പുള്ള വിഷം ദിവസവും അകത്താക്കുന്നതിൽ തെല്ലും ആശങ്കയവർക്കില്ല.

  കാരണം, രോഗം വന്നാലേ മരുന്ന് ചിലവാകൂ