Tuesday, January 22, 2008

ഒരു ക്യാരറ്റ് കേക്കിന്റെ കഥ

ഒരിടത്തൊരിടത്തൊരു ചെറുഗ്രാമത്തില്‍ ഒരു യുവതി താമസിച്ചിരുന്നു. അവള്‍ക്ക് ഗ്രാമങ്ങള്‍, നഗരങ്ങള്‍ തോറും കാഴ്ചകള്‍ കണ്ടങ്ങനെ ചുറ്റി നടക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അങ്ങനെയുള്ള ഒരു കറക്കത്തിനിടയിലാണ് അവള്‍ വിര്‍ച്ചല്‍ സിറ്റിയെന്ന നഗരത്തിലെത്തിപ്പെട്ടത്. അവിടെ അവള്‍ പല സുന്ദരന്മാരെ കാണുകയും പല സുന്ദരമാരേ പറ്റി കേള്‍ക്കുകയും ചെയ്തു. എന്നാല്‍ എക്സ്ട്രാ സ്പെഷ്യല്‍ ക്യാരറ്റ് കേക്ക് എന്ന യുവാവിനെ കുറിച്ച് കേട്ടമാത്രയില്‍ അവളവനില്‍ അനുരക്തയായി. അവന്റെ ഒരു ചിത്രം പോലും കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും കേട്ടറിവു വെച്ച് അവനൊരു സുന്ദരന്‍ തന്നെയായിരിക്കുമെന്നവള്‍ ഊഹിച്ചിരുന്നു. പേരിലെ എക്സ്ട്രാ സ്പെഷ്യല്‍ ആണോ അവനെ കണ്ടിട്ടുള്ള വിക്ടോറിയ ഫാര്‍മര്‍ എന്ന വനിതയുടെ വര്‍ണ്ണനയിലാണോ അവള്‍ വീണു പോയതെന്നു പറയാന്‍ വയ്യാ. എങ്ങനെയും അവനെ കണ്ടേ തീരുവെന്നവളുറപ്പിച്ചു. അവനെ ഒന്നു കാണാണമെങ്കിള്‍ അവള്‍ക്ക് ഏറേ കടമ്പകള്‍ കടക്കണമായിരുന്നു. അവ പലപേരുകളില്‍ ടീസ്പൂണുകളായും ടേബിള്‍ സ്പൂണുകളായും കപ്പുകളായും അവളുടെ മുന്നില്‍ നിരന്നു കിടന്നു.


മൈദ - 1 1/4 കപ്പ്
സോഡാപ്പൊടി - 1 1/2 ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത്- 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- 1/4 ടീസ്പൂണ്‍

മുട്ട - 2 ചെറുത്
സൂര്യകാന്തിയെണ്ണ - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
തൈര് / മോര് - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 1 കപ്പ് ( അളന്ന ശേഷം പൊടിച്ചത്)
വനിലാ എസന്‍സ് - 1/2 ടേബിള്‍സ്പൂണ്‍
Canned Crushed Pineapple Drained - 1/2 കപ്പ്
ക്യാരറ്റ് ചുരണ്ടിയത് - 1 കപ്പ്
തേങ്ങ ചുരണ്ടിയത് - 2 സ്പൂണ്‍
ചെറിയ കഷ്ണങ്ങളാക്കിയ അണ്ടിപരിപ്പ് - 1/2 കപ്പ്

ഇതില്‍ Canned Crushed Pineapple Drained എന്ന കടമ്പ അവള്‍ക്ക് അല്പം പ്രയാസമായി തോന്നി. അത് അവളെ പോലെ ഇടത്തരം കുടുംബത്തിലെയൊരാള്‍ക്ക് അപ്രാപ്യമായിരുന്നു. അതിനവള്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തി. പൈനാപ്പിള്‍ വാങ്ങി ചെറു കഷ്ണമാക്കി പഞ്ചസാരലായനിയില്‍ 5 മിനിറ്റ് തിളപ്പിച്ചു കഴിഞ്ഞപ്പോ അതും അവള്‍ക്ക് പ്രാപ്യമായി.


അതിനു ശേഷമവള്‍ അടുത്ത പടിയിലേയ്ക്ക് കടന്നു.

1. മൈദ, കറുവാപ്പട്ടപൊടി, ഉപ്പ്, സോഡാപ്പൊടി എന്നിവ ഒന്നിച്ചു ചേര്‍ത്ത് 2-3 പ്രാവശ്യം അരിച്ചു വെച്ചു.

2. പൈനാപ്പിള്‍ കഷ്ണങ്ങള്‍ ‍പഞ്ചസാരപാനിയില്‍ നിന്നും ഊറ്റിയെടുത്ത് മിക്സിയില്‍ അരച്ചു വെച്ചു.പിന്നീട് ഒരു വലിയ പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി പതപ്പിച്ചു. അതിലേയ്ക്ക് തൈര്, എണ്ണ, പഞ്ചസാര, വനിലാ എസന്‍സ് എന്നിവ ഓരോന്നായി ചേര്‍ത്ത് പതപ്പിച്ചു. എല്ലാം നന്നായലിഞ്ഞു ചേര്‍ന്ന ശേഷം അരിച്ചു വെച്ചിരിക്കുന്ന മൈദമാവ് കുറേശ്ശേയായി തവി/സ്പാറ്റുലാ കൊണ്ട് ഇളക്കി ചേര്‍ത്തു. മാവ് കട്ടയില്ലാത്ത വിധത്തില്‍ എത്തിയ ശേഷം പൈനാപ്പിള്‍ അരച്ചതും, ക്യരറ്റ്, തേങ്ങാ, അണ്ടിപരിപ്പ് എന്നിവ ഓരോന്നായി ഇളക്കി ചേര്‍ത്തു.


തയ്യാറാക്കിയ മിശ്രിതം വശങ്ങളില്‍ വെണ്ണ പുരട്ടി മാവ് തൂവി, അടിയില്‍ ബട്ടര്‍പേപ്പര്‍ ഇട്ട 8” വലിപ്പമുള്ള പാത്രത്തില്‍ ഒഴിച്ച് 180ഡിഗ്രിയില്‍ നേരത്തെ ചൂടാക്കിയ Ovenല്‍ വെച്ച് ഒരു മണിക്കൂര്‍ ബേക്ക് ചെയ്തു.

ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം Ovenന്റെ വാതില്‍ തുറന്നപ്പോള്‍ ഇരുണ്ടനിറത്തിലെ വട്ടമുഖമുള്ള സുന്ദരന്‍ ഇതാ മുന്നില്‍. പിന്നീട് പലപ്പോഴും അവനവളുടെ വീട്ടില്‍ വിരുന്ന് വന്നു. അവനെ കണ്ടവര്‍ക്കൊക്കെയും അവന്‍ പ്രിയപ്പെട്ടവനായി. ഇനി നിങ്ങള്‍ക്കും അവനെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ കടമ്പകള്‍ എല്ലാം കടന്നാല്‍ നിങ്ങളുടെ വീട്ടിലും അവന്‍ വിരുന്നിനെത്തും. ഒരിക്കല്‍ കണ്ടാല്‍ അവന്‍ നിങ്ങളുടെയും മനം കവരുമെന്നതു തീര്‍ച്ച.


കഥ അങ്ങനെ അവസാനിച്ചു. ഇനിയല്പം കാര്യത്തിലേയ്ക്ക് കടക്കാം.

മൈദ മുതല്‍ ഇങ്ങോട്ടുള്ള സാധനങ്ങള്‍ തവി അല്ലെങ്കില്‍ സ്പാറ്റുല കൊണ്ട് ഇളക്കി ചേര്‍ത്താല്‍ മതി. ബീറ്റര്‍ ഉപയോഗിച്ച് അധികം അടിച്ചു പതപ്പിച്ചാല്‍ കേക്കിനു മാര്‍ദ്ദവം കുറയും.
മൈദ അരിച്ച ശേഷം അളക്കുന്നതാവും നന്ന്. പിന്നെ ക്യാരറ്റ് അളക്കുമ്പോള്‍ അമര്‍ത്തി അളക്കരുത്.

ഇത് 8 അല്ലെങ്കില്‍ 9 ഇഞ്ച് വലിപ്പത്തില്‍ ഒരു കേക്കുണ്ടാക്കാനുളള അളവുകളാണ്. ഇത്തരം രണ്ട് കേക്കുകളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ നേരെ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയാല്‍ മതി. എന്നെ പോലെ ഒരെണ്ണം മാത്രം ഉണ്ടാക്കുന്നവര്‍ക്ക് എളുപ്പത്തിനു വേണ്ടി എല്ലാ അളവുകളും പകുതിയാക്കി എഴുതിയെന്നു മാത്രം.

ഇനി അതില്‍ പറഞ്ഞിരിക്കുന്ന ഗ്ലേസ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതു കേക്ക് അവനില്‍ നിന്നും പുറത്തെടുത്തയുടനെ കേക്കിനു പുറത്തൊഴിക്കുക. ഞാന്‍ ആദ്യമാദ്യം ഗ്ലേസ് ഒഴിക്കുമായിരുന്നു. ഇപ്പോ അതില്ലാത്തതായി കൂടുതല്‍ ഇഷ്ടം. അതില്‍ പറഞ്ഞ കോണ്‍സിറപ്പില്ലാത്തതിനാല്‍ അതിനു പകരമായി തേനാണ് ഉപയോഗിച്ചിരുന്നത്.
പിന്നെ ഫ്രോസ്റ്റിങ്ങില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ചെനിക്കറിയില്ല.

ബട്ടര്‍ പേപ്പര്‍ എങ്ങനെ കേക്ക്ടിന്നില്‍ ഇടാമെന്നത് അറിഞ്ഞു കൂടാത്തവര്‍ക്ക് ഈ ലിങ്ക് ഉപകാരപ്പെട്ടേക്കുമെന്നു കരുതുന്നു.

36 comments:

 1. വഴി പോക്കന്‍.. said...

  കമന്റിടുന്നില്ല...പകരം ഇമോട്ടയക്കുന്നു. ഇതെടുത്ത് യാഹൂ ഐം വിന്‍ഡൊയില്‍ ഇട്ടാല്‍ ഞാന്‍ ഉദ്ദേശിച്ചതു പിടികിട്ടും....

  =P~

 2. കുട്ടന്‍മേനൊന്‍ said...

  കാരറ്റ് കേക്കിനു എന്തിനാ കറുവാപ്പട്ട പൊടിച്ചത് ഇടുന്നത്. കാരറ്റിന്റെ കളര്‍ തന്നെ നല്ലതല്ലേ ?
  ബട്ടര്‍ പേപ്പറിനു പകരം പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൈദ പൊടി വിതറിയാലും മതിയാവും.

 3. Seena said...

  ആളൊരു സുന്ദരന്‍ തന്നെ..

 4. ദേശാടനകിളി said...

  വെര്‍തെ കൊതിപിടിപ്പിച്ച് വയറു കേടാക്കുവോ ആഷ. കൊതിപ്പിക്കുന്ന അവതരണം എന്നൊക്കെ പറയുന്നത് ഇതാണോ?

 5. ആഷ | Asha said...

  വഴിപോക്കാ, പിടികിട്ടി പിടികിട്ടി
  ഹ ഹ

  കുട്ടന്മേനോന്‍, കളറിനേക്കാള്‍ രുചിക്ക് വേണ്ടിയാണെന്നു തോന്നുന്നു കറുവാപ്പട്ട ഇതിലിടുന്നത്. അതിടാതെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല.
  പിന്നെ താഴെ മാത്രമേ ബട്ടര്‍പേപ്പര്‍ ഇട്ടിട്ടുള്ളൂ. സൈഡില്‍ ബട്ടര്‍ പുരട്ടി മൈദ വിതറി കൊട്ടി കളഞ്ഞാണ് ഉപയോഗിക്കാറ്. ഈ സുന്ദരനു താഴെ പേപ്പറിട്ടിട്ടില്ലെങ്കില്‍ ചിലസമയം പാത്രത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ഇത്തിരി മടിയാ. :)

  സീനാ, സീന കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചതു കൊണ്ടാണ് ഒരു ഉത്സാഹം വന്നത് ഇതു പോസ്റ്റാന്‍ :)

  ദേശാടനകിളി, അങ്ങടിങ്ങട് കിളി പറന്നു നടക്കണ സമയത്ത് ഇതങ്ങോട്ട് ഉണ്ടാക്കി കഴിക്കന്നേ. അപ്പോ കൊതിയും പിടിക്കില്ല വയറും കേടാവില്ല.

  നാലാള്‍ക്കും എന്റെ നന്ദി

 6. ശ്രീവല്ലഭന്‍ said...

  ippol oru carrot cake canteenil ninnum kazhichittu vannatheyullu. athinal comment itunnu.:-)

 7. ജ്യോനവന്‍ said...

  അവതരണഭംഗിയുടെ ഉള്‍രുചി!

 8. മിന്നാമിനുങ്ങുകള്‍ //സജി.!! said...

  ആശേച്ചി അവതരണ രീതി കിടിലന്‍...ചുമ്മാ ഓരോന്ന് കൊതുപ്പിച്ച് കൊതുപ്പീച്ച് ഈ ഈ യുള്ളവനെ കൊണ്ട്
  മൈദ - 1 1/4 കപ്പ്
  സോഡാപ്പൊടി - 1/2 ടീസ്പൂണ്‍
  കറുവാപ്പട്ട പൊടിച്ചത്- 1/2 ടേബിള്‍സ്പൂണ്‍
  ഉപ്പ്- 1/4 ടീസ്പൂണ്‍

  മുട്ട - 2 ചെറുത്
  സൂര്യകാന്തിയെണ്ണ - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
  തൈര് / മോര് - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
  പഞ്ചസാര - 1 കപ്പ് ( അളന്ന ശേഷം പൊടിച്ചത്)
  വനിലാ എസന്‍സ് - 1/2 ടേബിള്‍സ്പൂണ്‍
  Canned Crushed Pineapple Drained - 1/2 കപ്പ്
  ക്യാരറ്റ് ചുരണ്ടിയത് - 1 കപ്പ്
  തേങ്ങ ചുരണ്ടിയത് - 2 സ്പൂണ്‍
  ചെറിയ കഷ്ണങ്ങളാക്കിയ അണ്ടിപരിപ്പ് - 1/2 കപ്പ്
  ഇത്രേം വാങ്ങിപ്പിക്കും അല്ലെ..?

 9. അതുല്യ said...

  ആശേ! ശ്ശോ എന്താ ഭംഗി എന്റെ ഭഗോതി കാണാന്‍. പെര്‍ഫക്റ്റായിട്ട്‌ വന്നൂന്ന് കണ്ടാലറിയാല്ലോ. കുറച്ച്‌ കാലം ഞാനുമിതൊക്കെ പയറ്റി, കേക്ക്‌ ഡെക്കറേഷന്‍ കോഴ്സും ഒക്കെ പോയി നോക്കി. എന്നാലും ഒരുപാട്‌ പാത്രം കഴുകേണ്ടി വരുമെന്ന കാര്യം എപ്പോഴും മടി കൂട്ടും. പിന്നെ മുട്ട - അതില്യാണ്ടെ എഗ്ഗ്‌ലെസ്സ്‌ ഒക്കെ ഉണ്ടാക്കിയാലും ഒരു ഗുമ്മ് ഉണ്ടാവെമില്ലാ. പിന്നെ വീട്ടില്‍ തിന്നാനും ആളില്ല. ഞാന്‍ അതോണ്ട്‌ കേക്ക്‌ നിര്‍ത്തി! എന്നാലും കേക്ക്‌ കാണാനെനിക്ക്‌ ഇഷ്ടമാണു. പിന്നെ എളുപ്പമായിട്ട്‌ ഞാന്‍ ചുമ്മ ഗോതമ്പ്‌ പൊടീം ഡാല്‍ഡേം പഞ്ചസാരെം തെച്ച്‌ ഉരുട്ടി ബിക്കറ്റുണ്ടാക്കും ഇടയ്ക്‌, അതാവുമ്പോ പാത്രം ഒരുപാട്‌ ആവില്ലല്ലോ! ആശേടെ ഈ ഉത്സാഹം കെടാണ്ടെ ഇരിയ്കട്ടെ ട്ടോ. വീട്ടില്‍ ഭര്‍ത്താവ്‌ പ്രോല്‍സാഹിപ്പിച്ചാലേ ഇതിനൊക്കെ പറ്റു എന്നാണു എന്റെ അനുഭവം. ഇവിടെ ശര്‍മ്മാജി, എന്ത്‌ തുടങ്ങിയാലും മുടക്കും, മുഖം വീര്‍പ്പിയ്കും, ചോട്‌ യാര്‍, ചലോ ബാഹര്‍ ചല്‍ക്ക്‌ ദോ ബച്ചേക്കോ ദേക്ക്‌ കര്‍ ആയേങ്കേന്ന്!

  വിവരണം സൂപ്പര്‍ബ്‌! മടിയിലെങ്കില്‍ വീഡിയോ യൂറ്റൂബിലിടു പ്ലീസ്‌ ആര്‍ക്കെങ്കിലും ഹെല്‍പ്പാവട്ടെ. കേക്കിനു ഒരുപാട്‌ സൂക്ഷമത വേണ്ട കാര്യമല്ലേ? അതോണ്ട്‌ കാണുമ്പോ കുറെ ക്ലൂസ്‌ കിട്ടുല്ലോ.

  ഇപ്പോ ഭയങ്കര പനിയാ, അതൊണ്ട്‌ അല്‍പം കഞ്ഞീ വേണായിരുന്നു, ചൂടോടേ!

 10. സ്മൃതിപഥം said...

  ചന്ദന്മുട്ടികള്‍ക്കിടയില്
  കത്തി എരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
  ഓര്‍മ്മകളായ് ശേഷിക്കുന്ന
  ബലിച്ചോറുരുളകള്
  കൊത്തിയെടുത്തു ദൂരേയ്ക്കു
  പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്!
  നാമിന്നു,
  നെടുകെ കീറിയെറിഞഞ -
  നാക്കില പോലെ രണ്ടു ജന്മങ്ങള്

 11. ജാബു | Jabu said...

  സത്യം പറയാലോ...ഞാന്‍ വയിച്ചില്ല....വായിക്കാതെ ചിത്രങ്ങല്‍ കണ്ട്‌ തന്നെ ഒടുക്കത്തെ കൊതി...ഇനി അത്‌ വായിച്‌ അതുണ്ടാക്കണം എന്നെങ്ങാനും തൊന്നിയാല്‍...ദൈവമെ.....മുംബ്‌ ഒരിക്കല്‍ കുക്ക്‌ ചെയ്ദതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില.....

  ഇഷ്ടായി ട്ടാ......

 12. സാക്ഷരന്‍ said...

  വിവരണം കൊള്ളാം …

 13. ശ്രീ said...

  ആഷ ചേച്ചീ...

  നല്ലവിവരണം... ക്യാരറ്റ് കേക്ക് !
  :)

 14. ചന്തു said...

  താ... വീണ്ടും ഒരാള്‌ വന്നിരിക്കുന്നു കൊതിപ്പിക്കാനായി

 15. Vanaja said...

  ആഷേ സമ്മതിച്ചു തന്നിരിക്കുന്നു. എന്നെക്കൊണ്ടു പറ്റാത്ത കാര്യം. വീട്ടില്‍ അച്ഛന്‍ കാരറ്റു കൊണ്ട് ഉഗ്രന്‍ ഹല്‍‌വ ഉണ്ടാക്കും. അതു പക്ഷേ വളരെ എളുപ്പമാണ്.

  ഓ.ടോ

  ഈ കഥ കേട്ടപ്പോള്‍ എനിക്ക് മറ്റൊരു കഥയാണ് ഓര്‍മ്മ വന്നത്.

  ഒരിക്കല്‍ ഒരിടത്തൊരിടത്തൊരു ചെറുഗ്രാമത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി താമസിച്ചിരുന്നു.തന്റെ വീടിനടുത്തുള്ള ബേക്കറി കടയില്‍ നിന്നും കിട്ടുന്ന ബ്രൌണ്‍ നിറമുള്ള കേക്കായിരുന്നു അവളുടെ പഥ്യാഹാരം. മറ്റ് ആഹാരം കഴിക്കാന്‍ മടിയായിരുന്ന അവള്‍ക്ക് മൂന്നു നേരം കേക്കിനു പകരം ചോറു തിന്നണമെന്ന സംബ്രദായമുണ്ടാക്കിയവനെ/അവളെ എന്നെങ്കിലും കൈയ്യില്‍ കിട്ടിയാല്‍ കൊന്നുകളയണമെന്നു പോലും തോന്നിയിരുന്നു.

  വര്‍ഷങ്ങള്‍ കുറെ കടന്നു പോയി. അവള്‍ വിദേശത്ത് താമസമായി. അവിടെ പല വന്‍ നഗരങ്ങളിലും അവള്‍ ധനാഢ്യരായ പളപളപ്പുള്ള ഉടുപ്പുകളിട്ട പല കേക്കു സുന്ദരന്ന്മാരേയും കണ്ടൂ.പക്ഷേ അവരുടെ പുറം മോടിയില്‍ അവള്‍ മയങ്ങിയില്ല. തന്റെ ഗ്രാമത്തിലെ കേക്കു കുമാരന്റെ ഹൃദയനൈര്‍മല്യം അവര്‍ക്കാര്‍ക്കുമില്ലെന്ന് അവള്‍ മനസ്സിലാക്കി.അങ്ങനെയിരിക്കെ അവള്‍ തന്റെ നാട്ടിലുള്ള വേറൊരു യുവതിയോട് തന്റെ കേക്കു കുമാരന്റെ കാര്യം പറഞ്ഞു.അപ്പോള്‍ ആ യുവതി തന്റെയൊരു കേക്കനുഭവം അയവിറക്കി.

  അവള്‍ ഡിഗ്രിക്കു പഠിക്കുന്ന സമയം, ഒരിക്കല്‍ ഒരു വീട്ടില്‍ കല്യാണത്തലേന്നത്തെ പാര്‍ട്ടിക്കു പോയി. മുന്നിലെ പാത്രത്തില്‍ ഒരു കേക്കു കുമാരന്‍ അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. വായില്‍ റ്റൈറ്റാനിക്ക് ഓടിക്കാമെന്ന സ്ഥിതിയായെങ്കിലും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നോര്‍ത്ത് അവള്‍, നിന്നേക്കാള്‍ സുന്ദരെന്മാരെ കണ്ടിട്ടു ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല പിന്നെയാ നീ എന്ന മട്ടിലിരുന്നു. പെട്ടെന്നാണ് ഭാഗ്യം പവര്‍ കട്ടിന്റെ രൂപത്തിലെത്തിയത്.ഒറ്റ നിമിഷം. തന്റെ മുന്നിലിരുന്ന കേക്കു കുമാരനെയെടുത്തവള്‍ വായിലിട്ടെന്നു മാത്രമല്ല,ഇരു വശങ്ങളിലുമിരുന്നവരുടെ പാത്രത്തിലിരുന്നത് തന്റെ രണ്ടു കൈകളിലാക്കുകയും ചെയ്തു.ഭാഗ്യദോഷം ഇങനേമുണ്ടോ? കറണ്ടു പോയതു പോലെ പെട്ടെന്നു തിരിച്ചു വന്നു. അവിടെ കണ്ട കാഴ്ച!!!

  സോറി! ഈ കഥ പറയാതിരിക്കാന്‍ കഴിഞില്ല.

 16. പ്രയാസി said...

  ഇങ്ങനെ കേക്കുണ്ടാക്കി പോസ്റ്റിയാ മാത്രം പോരാ..

  ചെറിയ ഓരൊ പീസ് സെന്‍ഡെങ്കിലും ചെയ്യണം..!

  നന്നായി..കൊള്ളാട്ടാ..:)

 17. മയൂര said...

  കൊട് കൈ, ഇത് “ക്ഷ” പിടിച്ചു...:)

 18. അഗ്രജന്‍ said...

  കേക്ക് ഈസ് ഇഞ്ച്യൂറിയസ് ഫോര്‍ ഹെല്‍ത്ത്...
  മധുരം മധുരേന ശാന്തി...

  ഒരിക്കല്‍ കൂടെ പറയുന്നു... പാപം കിട്ടും പാപം :)

 19. ഏ.ആര്‍. നജീം said...

  ഹോ...ആ അവസാനത്തെ പടം കണ്ടാ....ങൂം..... അത് തിന്നയാളുടെ കാര്യം കട്ടപൊക... :)

 20. മന്‍സുര്‍ said...

  ആഷ...

  ക്യാ ഹേ ക്യാരറ്റ്‌ കേക്ക്‌
  കുച്‌ ബി സംജാ നഹി..ഹൂ ഹാ ഹം

  ബഹുത്‌ അച്ഛ....അഷാജീ

  നന്‍മകള്‍ നേരുന്നു

 21. നിരക്ഷരന്‍ said...
  This comment has been removed by the author.
 22. നിരക്ഷരന്‍ said...

  പാചകക്കുറിപ്പ് ഇത്രയും വ്യത്യസ്തമായും അവതരിപ്പിക്കാമെന്ന് ഇപ്പോള്‍ മനസ്സിലായി. അഭിനന്ദനങ്ങള്‍. ഇനി ഇതൊന്ന് പരീക്ഷിച്ചുനോക്കാന്‍, മുഴങ്ങോടിക്കാരിയെ മണിയടിച്ചുനോക്കട്ടെ.

 23. K M F said...

  nannayirikkunn

 24. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഇത്രെം പാതകം ചെയ്യരുത് , പോരാഞ്ഞ് ഒരു ക്ലോസ്പ്പ് പടോം $%&^%#&#%&

 25. ആഗ്നേയ said...

  ആഷേ..ആഷേ...ആഷേ...
  ഞാനെന്തുചെയ്യും?സഹിക്കാന്‍ പറ്റുന്നില്ല..
  എന്തായാലും ആ പൈനാപ്പിള്‍ ജാറോടുകൂടെ ഞാനിങ്ങെടുത്തൂട്ടാ...ഇനി തരൂല്ല..

 26. Maheshcheruthana/മഹി said...

  ചുമ്മാ കൊതിപ്പിക്കുവ! അവതരണം ഇഷ്ടായി...

 27. കാലമാടന്‍ said...

  കൊള്ളാം, സഖാവേ...
  ------------------------------------------------
  (ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
  http://kaalamaadan.blogspot.com/2007/12/blog-post_28.htm

 28. അമൃതാ വാര്യര്‍ said...

  "പേരിലെ എക്സ്ട്രാ സ്പെഷ്യല്‍ ആണോ അവനെ കണ്ടിട്ടുള്ള വിക്ടോറിയ ഫാര്‍മര്‍ എന്ന വനിതയുടെ വര്‍ണ്ണനയിലാണോ അവള്‍ വീണു പോയതെന്നു പറയാന്‍ വയ്യാ. എങ്ങനെയും അവനെ കണ്ടേ തീരുവെന്നവളുറപ്പിച്ചു."

  "ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം Ovenന്റെ വാതില്‍ തുറന്നപ്പോള്‍ ഇരുണ്ടനിറത്തിലെ വട്ടമുഖമുള്ള സുന്ദരന്‍ ഇതാ മുന്നില്‍. പിന്നീട് പലപ്പോഴും അവനവളുടെ വീട്ടില്‍ വിരുന്ന് വന്നു. അവനെ കണ്ടവര്‍ക്കൊക്കെയും അവന്‍ പ്രിയപ്പെട്ടവനായി........"

  അവതരണ രീതി കൊള്ളാം...
  നന്‍മകള്‍ നേരുന്നു.......

 29. Mary said...

  Hi,

  How can i take the cake out of the cake tin? recently i bought an Oven(microwave). so i have glass cake dishes.I used to put butter on the dish, but cant take out the cake..
  I am sorry for commenting in english, but cant help it since I dont have malayalam installed...

 30. വയനാടന്‍ said...

  ആഷേ,
  ആശിച്ചുപോകുന്നുട്ടൊ....!!!
  ഇന്നാണ് പോസ്റ്റ് വായിച്ചത്. വായിച്ചപ്പൊ, രാജി(എന്റെ പ്രിയതമ)യോട് ഇതു ഒന്നു ഉണ്ടാക്കി താരാന്‍ പറയണമെന്നു തീരുമാനിച്ചു. കഴിച്ചിട്ടു പറയാട്ടൊ..
  നന്ദി

 31. ഉപാസന | Upasana said...

  ആഷേച്ചി

  ടേസ്റ്റി ടേസ്റ്റി...
  :)
  ഉപാസന

 32. പച്ചാളം : pachalam said...

  ഫോട്ടോഗ്രാഫ്സിനൊക്കെ ഒരു പ്രൊഫഷണല്‍ ടച്.

 33. ആഷ | Asha said...

  അതുല്യേച്ചി, രണ്ടു പ്രാവശ്യം കേക്കുണ്ടാക്കിയാണ് പടങ്ങള്‍ എല്ലാം എടുത്തത്. ഇനി വീഡിയോ കൂടി വയ്യ. മടി തന്നെ കാരണം. :)
  പനിയൊക്കെ പണ്ടേ മാറിയിട്ടുണ്ടാവുമല്ലോ അതു കൊണ്ട് കഞ്ഞി തരണില്ല.
  പിന്നെ ഭര്‍ത്താവിന്റെ പ്രോത്സാഹനം എനിക്ക് നന്നേയുണ്ട്. ഞാന്‍ പുതുതായി എന്തുണ്ടാക്കിയാലും കുറച്ചു കൂട്ടുകാരുണ്ട് അവരെ വിളിപ്പിക്കും എന്തിനാന്നോ ആദ്യം അവരെ തീറ്റിച്ച്, വയറു കേടാവുമെങ്കില്‍ അവരുടെ കേടായിക്കോട്ടേയെന്ന് വിചാരിച്ച്. ഹ ഹ

  സ്മൃതിപഥം, സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല :(

  ജാബു, ഹ ഹ

  ചന്തു, എടുത്തോ

  വനജ, കഥ സൂപ്പര്‍. ആ വെറൊരു യുവതിയുടെ കറണ്ടു വന്നപ്പോഴുള്ള അവസ്ഥയോര്‍ത്ത് ഞാന്‍ ചിരിച്ചു പോയി.

  പ്രയാസി, ഞാന്‍ സെന്റിയാരുന്നല്ലോ. കിട്ടിയില്ലേ?

  മയൂര, കൈ തന്നിരിക്കുന്നു. :)

  അഗ്രജന്‍, ഇനി പാവയ്ക്ക് ഉലുവ കേക്ക് ഉണ്ടാക്കി പോസ്റ്റാം മതിയോ.

  നജീം, അത്രയ്ക്ക് വേണ്ടാരുന്നു.

  നിരക്ഷരന്‍, മണിയടിച്ചിട്ട് എന്തായി?

  ചാത്തന്‍കുട്ടി,$%&^%#&#%&= 45765373557
  ഫോണ്‍ നമ്പരാരുന്നല്ലേ. ഹാ ഷിഫ്റ്റ് അടിച്ചിട്ടാണോ നമ്പര്‍ ടൈപ്പുന്നേ? ഞാന്‍ ബുദ്ധിമതിയായതു കൊണ്ട് കണ്ടുപിടിച്ചു.

  ആഗ്നേയ, പൈനാപ്പിള്‍ എടുത്തോ എന്നിട്ടാ ജാറിങ്ങ് തിരികെ തരണേ. പൊട്ടിച്ചു പൊട്ടിച്ചു ഇപ്പോ ആകെ രണ്ടേ ബാക്കിയുള്ളൂ.

  മേരി, അടിയില്‍ ബട്ടര്‍ പേപ്പര്‍ ഇട്ടിട്ട് ഉണ്ടാക്കൂ. സൈഡില്‍ ചുറ്റിനും കത്തി കൊണ്ട് ഒന്നു ചുറ്റിച്ചിട്ടു കമഴ്ത്തിയാ മതി. ഞാന്‍ ബട്ടര്‍പേപ്പര്‍ കേക്ക് ടിന്നില്‍ ഇടുന്നതിന്റെ ലിങ്ക് കൊടുത്തിരുന്നല്ലോ പോസ്റ്റില്‍. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നോക്കൂ എന്താ ചെയ്യണ്ടതെന്നു മനസ്സിലാവും. പിന്നെ സൈഡിലും കൂടി പേപ്പര്‍ ഇട്ടാല്‍ പിന്നെ ഒട്ടും പേടിക്കേണ്ട. ചെയ്തു നോക്കൂ.

  ഇത് ഒന്നാം ലിങ്ക്,
  ഇത് രണ്ടാം ലിങ്ക്

  വയനാടന്‍, പറഞ്ഞു ഉണ്ടാക്കിച്ചോ?

  ഉപാസന, താങ്ക്യൂ താങ്ക്യൂ

  ശ്രീവല്ലഭന്‍,ജ്യോനവന്‍,സജി,സാക്ഷരന്‍,ശ്രീ ,മന്‍‌സൂര്‍,കെ.എം.എഫ് , മഹി,കാലമാടന്‍,അമ്യതാ വാര്യര്‍,പച്ചാളം,
  എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.

 34. siji said...

  hi asha,i tried this and it came out very well.my husband and children loved it...........thank you so much....i used to add nutmeg powder along with cinnamon.could u pls post any other cake recepies?????????????ur presentation is very nice.....keep it up.

 35. Anonymous said...

  ehh... thank you for this style ))

 36. Anonymous said...

  а все таки: отлично!! а82ч