Tuesday, May 29, 2007

പേരറിയാ പൂക്കളും തേനീച്ചകളും

എന്റെ അയല്‍വാസി ടെറസ്സില്‍ കുറച്ചു പൂച്ചെടികള്‍ വെച്ചിട്ടുണ്ട്. കിളിയുടെ പടമെടുക്കാന്‍ പോയപ്പോഴാണ് ചെടി നിറയെ പൂത്തു നില്‍ക്കുന്നതു കണ്ണില്‍ പെട്ടത്. എന്നാല്‍ കുറച്ചു പൂവിന്റെ പടമെടുത്തു കളയാം എന്നു കരുതി തുടങ്ങി. അപ്പോ ദാ ഒരുത്തന്‍ പറന്നു വന്നു പൂവിനുള്ളിലേയ്ക്കൊരു തലകുത്തി മറിയല്‍.



വരിക തലകുത്തിമറിയുക ഇതായിരുന്നു അവന്റെ സ്റ്റൈല്‍.



പക്ഷേ പോവുന്നതിനു മുന്‍പ് അടുത്തുള്ളൊരു ഇലയില്‍ അല്‍പം പുഷ് അപ്പ് കൂടി എടുത്തിട്ടാണ് ചേട്ടന്‍ പോയത്.

അതു കഴിഞ്ഞപ്പോ ദാ വരുന്നു അടുത്തയാള്‍ അവനാളൊരു കുഞ്ഞനായിരുന്നു. രണ്ടു കാലിലും പൂമ്പൊടി കൊണ്ടുള്ള ഷൂവൊക്കെ ഇട്ട് സ്റ്റൈലിലുള്ള വരവ്.



ഇനി അവന്റെ കുറച്ചഭ്യാസങ്ങള്‍









ഇതിനിടയില്‍ അടുത്ത വീട്ടിലെ അമ്മൂമ്മ സൂര്യനമസ്കാരം ചെയ്യാന്‍ ടെറസ്സില്‍ കേറി വന്നു. ഞാന്‍ വേഗം ക്യാമറ പിന്നിലൊളിപ്പിച്ചു ഞാനൊന്നുമറിഞ്ഞില്ല രാമനാരായണയെന്ന മട്ടില്‍ ഒരു നില്‍പ്പങ്ങ് നിന്നു. അമ്മൂമ്മ പോയി കഴിഞ്ഞ് സ്വസ്ഥമായി പടമെടുക്കാമെന്നു വിചാരിച്ചു. സൂര്യനമസ്കാരമൊക്കെ കഴിഞ്ഞ് എന്നെ കണ്ടതും അമ്മൂമ്മ കുശലപ്രശ്നമൊക്കെ നടത്തി. പക്ഷേ കുശലപ്രശ്നത്തിനിടയില്‍ ഒരു കടുംകൈ കൂടി ചെയ്തു. പൂവ് മുഴുവന്‍ പറിച്ചെടുത്തു. ഒന്നു പോലും ബാക്കി വെച്ചില്ല. ഞാന്‍ അവരു പോയ്കഴിഞ്ഞ് എന്തോ പോയ അണ്ണാനെ പോലെ കുറച്ചു നേരം കൂടി അവിടെ നിന്നിട്ടു പതുക്കെ തിരികെ പോന്നു.



അടുത്ത ദിവസം വീണ്ടും ചെന്നു കാത്തു നില്‍പ്പാരംഭിച്ചു.ആദ്യം വന്നതൊരു കറുത്ത തേനീച്ച. അവനാളൊരു വേന്ദ്രനായിരുന്നു. എന്റെ ഫോട്ടോയെടുക്കാനും മാത്രം നീ വളര്‍ന്നോ എന്നൊരു ഭാവം. ചലനങ്ങളില്‍ എല്ലാം വളരെ വേഗം. ഒരു ഫോട്ടോ പോലും നേരാംവണ്ണമെടുക്കാന്‍ സമ്മതിച്ചില്ല.



പിന്നീടെത്തിയ കക്ഷി ഇതാ



എനിക്കു യാതൊരു ജാടയുമില്ല എത്ര വേണേലും എടുത്തോ ഫോട്ടോയെന്നും പറഞ്ഞു.





തേന്‍ കുടിക്കാന്‍ പോലും ധ്യതിയില്ല. പൂവിനെ തൊട്ടും തലോടിയും ചുറ്റി നടന്നും...അങ്ങനെയങ്ങനെ...









പിന്നെ ബൂലോകരോടൊരു അഭ്യര്‍ത്ഥന. ഈ പൂവിന്റെ പേരൊന്നും ചോദിച്ചു എന്നെ സമ്മര്‍ദ്ദത്തിലാക്കിയേക്കരുത്.നിങ്ങള്‍ക്കു ഇഷ്ടമുള്ള പേരു വിളിക്കാന്‍ അനുവാദം തന്നിരിക്കുന്നു.

ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം




അപ്പൂസ് ക്രോപ്പ് ചെയ്തു തന്നത്.






സമര്‍പ്പണം:- ഈ ചെടികള്‍ നട്ടു വളര്‍ത്തിയ ആ അമ്മൂമ്മയുടെ പേരക്കിടാവിന്.

Wednesday, May 23, 2007

തിരിച്ചുവരവ് മൂന്നാം ഭാഗം

തിരിച്ചുവരവ് ,തിരിച്ചുവരവു രണ്ടാം ഭാഗം എന്നതിന്റെ തുടര്‍ച്ച.



ഇവിടെ ഈ കൂട്ടില്‍ മുട്ട വിരിഞ്ഞതേയുള്ളൂ. കുഞ്ഞുങ്ങളെ ചൂടില്‍ നിന്നു രക്ഷിക്കാന്‍ അമ്മ ചിറകു വിരിച്ചിരിക്കയാണ്. കുഞ്ഞിനെ കാണാന്‍ ലേശം പ്രയാസമാണെന്നു എനിക്കറിയാം എന്റെ ക്യാമറ കൊണ്ട് എനിക്ക് ഇത്രയുമേ സാധിക്കുന്നുള്ളൂ. അതു കൊണ്ട് എല്ലാവരും ക്ഷമിക്കൂ.പറന്നു ചെന്നു ആ സൈഡിലെ ഇല വകഞ്ഞു മാറ്റി ഫോട്ടോയെടുത്താലോ എന്നു വരെ ആലോചിച്ചു. എന്തു ചെയ്യാം ചിറകില്ലാണ്ടായി പോയില്ലേ.


മുകളിലെ ചിത്രത്തിലെ അമ്മക്കിളി രാവിലെ അല്പം വിശ്രമിക്കാനായി കൂട്ടില്‍ നിന്നും മാറിയപ്പോ എടുത്തത്. മൂന്നു മിടുക്കന്മാരുണ്ടീ കൂട്ടില്‍.


ദാ ഇവിടെ കുഞ്ഞുങ്ങള്‍ അല്പം കൂടി വളര്‍ന്നു കഴിഞ്ഞു. ആ അമ്മക്കിളിക്ക് ഒരു സ്വൈരവും കൊടുക്കുന്നില്ല രണ്ടും കൂടി. തീറ്റയ്ക്കു വേണ്ടി രണ്ടും ബഹളവും കൊത്തുമാണ് അമ്മയെ. ഫോട്ടോ വലുതാക്കിയാല്‍ അല്പം കൂടി വ്യക്തമാവും.


ഇവിടെയും അവരെ കാണാം ഇത് സോപ്പിന്‍ കായുണ്ടാകുന്ന മരത്തിലാണ് കൂടു കൂട്ടിയിരിക്കുന്നത്. മറ്റു പല കൂട്ടിലും കുഞ്ഞുങ്ങള്‍ പറക്കാന്‍ തക്കവണ്ണം ആയി കഴിഞ്ഞു.അമ്മ പക്ഷി തീറ്റയുമായി എത്തി കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറകേ കൂടും.തീറ്റ മുഴുവന്‍ കൊടുത്തു കഴിഞ്ഞാലും രക്ഷയില്ല പിന്നെയും അമ്മ പോവുന്നിടത്തെല്ലാം മരകൊമ്പിലൂടെ നടന്നും ചാടിയും പുറകേ കൂടും. ചില കുഞ്ഞുങ്ങള്‍ അടി തെറ്റി താഴെ വീഴാറുമുണ്ട്.

മൂന്നു നില കെട്ടിടത്തിന്റെ പൊക്കമുള്ള മരത്തില്‍ നിന്നും താഴെ വീണാല്‍ മിക്കപ്പോഴും മരണം തന്നെ ഫലം. എന്നാല്‍ അപൂര്‍വ്വമായി ചില മിടുക്കന്മാര്‍ ആ വീഴ്ചയില്‍ നിന്നും ജീവനോടെ രക്ഷപ്പെടാറുണ്ട്. അങ്ങനെയൊരുത്തനെ ഞാനിപ്പോ പരിചയപ്പെടുത്താം.

ഇവന്‍ കൊക്കുണ്ണി


രണ്ടു ദിവസം മുന്‍പ് ഉച്ചയ്ക്ക് ഞാന്‍ ബാല്‍ക്കണിയില്‍ നിന്നു താഴേയ്ക്ക് നോക്കിയപ്പോ ഒരുത്തന്‍ സ്റ്റൈലന്‍ ഉലാത്തല്‍. ഇടയ്ക്ക് കൊത്തി പെറുക്കലുമുണ്ട്. ഒരു വശത്തു നിന്നു മറ്റേ വശത്തു വരെ പോവും പിന്നെ തിരിച്ചും. കുറച്ചു കഴിഞ്ഞ് ഞാന്‍ താഴെ ചെന്നു. അവനു യാതൊരു കൂസലുമില്ല. അതു മാത്രമല്ല അവനെന്റെ കണ്‍‌മുന്‍പില്‍ വെച്ചു ഒരു തുമ്പിയെ പിടിച്ചു ശാപ്പിടുകയും ചെയ്തു. അവനാളൊരു മിടുക്കനാണെന്നെനിക്കു മനസ്സിലായി.


താഴെയുള്ള വീട്ടിലെ പയ്യന്‍ കപ്പലണ്ടി എറിഞ്ഞു കൊടുത്തപ്പോ അവന്‍ ഓടി വന്നു കൊത്തി നോക്കി. അവനു നല്ല വിശപ്പുണ്ടെന്നു മനസ്സിലായി. മീനോ മറ്റോ വാങ്ങി കൊടുത്താലോ എന്നു മനസ്സിലാലോചിച്ചു ഞാന്‍ തിരികെ വീട്ടിലെത്തി. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ അവന്‍ താഴെ ഉലാത്തുന്നതു ഞാന്‍ കണ്ടു. പിന്നെയവനെ കാണാണ്ടായി.
അവന്‍ ജീവനോടെ എവിടെയെങ്കിലും ഉണ്ടാവുമെന്നു വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.

ഈ താഴെ കാണുന്നതു അവന്റെ കൂടപ്പിറപ്പാണ്.എന്നാല്‍ അവന്റെ കൂടപ്പിറപ്പിനു അവനെ പോലെ ഭാഗ്യമുണ്ടായില്ല. വീഴ്ചയില്‍ അതു മരിച്ചു. ഇപ്പോ മൂന്നാമത്തെ കുഞ്ഞാണിങ്ങനെ താഴെ വീണു മരിക്കുന്നത്.



ദേ ഇവിടെ ഒരുത്തന്‍ പറക്കാന്‍ പരിശീലിക്കുകയാണ്.


കൂടുതല്‍ കൂടുതല്‍ സംഘങ്ങള്‍ അന്തിയുറങ്ങാന്‍ എത്തിചേര്‍ന്നു കൊണ്ടിരിക്കുന്നു. അന്തിയുറങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും cattle egret വിഭാഗക്കാരാണ്. cattle egret ന്റെ ഒരു കൂടു പോലും ഇവിടെ ഞാന്‍ കണ്ടില്ല ഇതുവരെ.



ചില സന്ധ്യാ ദ്യശ്യങ്ങള്‍





ഇത്രയും ക്ഷമയോടെ കണ്ടതിനു വളരെ നന്ദി. വെള്ള കൊക്കിന്റെ(little egret) ഒരു കൂടു പോലുമിപ്പോള്‍ എനിക്കു ഫോട്ടോയെടുക്കാന്‍ പാകത്തിനില്ല. കാണാന്‍ പാകത്തിനുണ്ടായിരുന്ന കൂട്ടിലെ മുട്ടയെല്ലാം കാറ്റില്‍ താഴെ പോയി.