എന്റെ അയല്‍വാസി ടെറസ്സില്‍ കുറച്ചു പൂച്ചെടികള്‍ വെച്ചിട്ടുണ്ട്. കിളിയുടെ പടമെടുക്കാന്‍ പോയപ്പോഴാണ് ചെടി നിറയെ പൂത്തു നില്‍ക്കുന്നതു കണ്ണില്‍ പെട്ടത്. എന്നാല്‍ കുറച്ചു പൂവിന്റെ പടമെടുത്തു കളയാം എന്നു കരുതി തുടങ്ങി. അപ്പോ ദാ ഒരുത്തന്‍ പറന്നു വന്നു പൂവിനുള്ളിലേയ്ക്കൊരു തലകുത്തി മറിയല്‍.
വരിക തലകുത്തിമറിയുക ഇതായിരുന്നു അവന്റെ സ്റ്റൈല്‍.
പക്ഷേ പോവുന്നതിനു മുന്‍പ് അടുത്തുള്ളൊരു ഇലയില്‍ അല്‍പം പുഷ് അപ്പ് കൂടി എടുത്തിട്ടാണ് ചേട്ടന്‍ പോയത്.
അതു കഴിഞ്ഞപ്പോ ദാ വരുന്നു അടുത്തയാള്‍ അവനാളൊരു കുഞ്ഞനായിരുന്നു. രണ്ടു കാലിലും പൂമ്പൊടി കൊണ്ടുള്ള ഷൂവൊക്കെ ഇട്ട് സ്റ്റൈലിലുള്ള വരവ്.
ഇനി അവന്റെ കുറച്ചഭ്യാസങ്ങള്‍
ഇതിനിടയില്‍ അടുത്ത വീട്ടിലെ അമ്മൂമ്മ സൂര്യനമസ്കാരം ചെയ്യാന്‍ ടെറസ്സില്‍ കേറി വന്നു. ഞാന്‍ വേഗം ക്യാമറ പിന്നിലൊളിപ്പിച്ചു ഞാനൊന്നുമറിഞ്ഞില്ല രാമനാരായണയെന്ന മട്ടില്‍ ഒരു നില്‍പ്പങ്ങ് നിന്നു. അമ്മൂമ്മ പോയി കഴിഞ്ഞ് സ്വസ്ഥമായി പടമെടുക്കാമെന്നു വിചാരിച്ചു. സൂര്യനമസ്കാരമൊക്കെ കഴിഞ്ഞ് എന്നെ കണ്ടതും അമ്മൂമ്മ കുശലപ്രശ്നമൊക്കെ നടത്തി. പക്ഷേ കുശലപ്രശ്നത്തിനിടയില്‍ ഒരു കടുംകൈ കൂടി ചെയ്തു. പൂവ് മുഴുവന്‍ പറിച്ചെടുത്തു. ഒന്നു പോലും ബാക്കി വെച്ചില്ല. ഞാന്‍ അവരു പോയ്കഴിഞ്ഞ് എന്തോ പോയ അണ്ണാനെ പോലെ കുറച്ചു നേരം കൂടി അവിടെ നിന്നിട്ടു പതുക്കെ തിരികെ പോന്നു.
അടുത്ത ദിവസം വീണ്ടും ചെന്നു കാത്തു നില്‍പ്പാരംഭിച്ചു.ആദ്യം വന്നതൊരു കറുത്ത തേനീച്ച. അവനാളൊരു വേന്ദ്രനായിരുന്നു. എന്റെ ഫോട്ടോയെടുക്കാനും മാത്രം നീ വളര്‍ന്നോ എന്നൊരു ഭാവം. ചലനങ്ങളില്‍ എല്ലാം വളരെ വേഗം. ഒരു ഫോട്ടോ പോലും നേരാംവണ്ണമെടുക്കാന്‍ സമ്മതിച്ചില്ല.
പിന്നീടെത്തിയ കക്ഷി ഇതാ
എനിക്കു യാതൊരു ജാടയുമില്ല എത്ര വേണേലും എടുത്തോ ഫോട്ടോയെന്നും പറഞ്ഞു.
തേന്‍ കുടിക്കാന്‍ പോലും ധ്യതിയില്ല. പൂവിനെ തൊട്ടും തലോടിയും ചുറ്റി നടന്നും...അങ്ങനെയങ്ങനെ...
പിന്നെ ബൂലോകരോടൊരു അഭ്യര്‍ത്ഥന. ഈ പൂവിന്റെ പേരൊന്നും ചോദിച്ചു എന്നെ സമ്മര്‍ദ്ദത്തിലാക്കിയേക്കരുത്.നിങ്ങള്‍ക്കു ഇഷ്ടമുള്ള പേരു വിളിക്കാന്‍ അനുവാദം തന്നിരിക്കുന്നു.
ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം
അപ്പൂസ് ക്രോപ്പ് ചെയ്തു തന്നത്.
സമര്‍പ്പണം:- ഈ ചെടികള്‍ നട്ടു വളര്‍ത്തിയ ആ അമ്മൂമ്മയുടെ പേരക്കിടാവിന്.