Thursday, June 21, 2007

കല്യാണവിശേഷങ്ങള്‍


ചെക്കനേയും കാത്ത്

ചെക്കനെ ഇതുവരെ കാണുന്നില്ലല്ലോ...ബന്ധുക്കളെല്ലാമെത്തി പെണ്ണാണെങ്കില്‍ മണ്ഡപത്തില്‍ കയറി നില്പ് തുടങ്ങീട്ട് മണിക്കൂറ് പലതായി.


എന്റെ മോളൂടെ കല്യാണം മുടങ്ങിയാല്‍ ഞാനെങ്ങനെ നാട്ടാരുടെ മുഖത്തു നോക്കും ങീ...ഹീ...




ചേച്ചിയേ വിഷമിക്കാതെ ചെക്കന്‍ വൈകിയാണെങ്കിലും എത്തുമായിരിക്കുമെന്നേ




ദാണ്ടേ ചെക്കന്‍ എത്തിപ്പോയ്


അങ്ങനെ മുകളിരിക്കുന്ന കാര്‍മികന്റെ മേല്‍നോട്ടത്തില്‍ ചടങ്ങുകള്‍ എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ പെട്ടെന്നല്ലേ നവദമ്പതികളുടെ ഭാവം മാറിയേ.

സദ്യയൊക്കെ കഴിഞ്ഞല്ലോ ഇനി എല്ലാരുമൊന്നു പോയ്‌തരാമോ? ഫോട്ടോഗ്രാഫര്‍ വേണമെങ്കില്‍ അല്പസമയം നിന്നോളൂട്ടോ


രണ്ടു പേരുമൊന്ന് നേരെ നോക്കിക്കേ...ആ...അങ്ങനെ തന്നെ


ഇനി ഒന്നു തല ചെരിച്ചേ...കൊള്ളാം കൊള്ളാം



ഇനിയുമധികനേരം അവിടെ ചുറ്റി കറങ്ങിയാല്‍‍ എന്നെയും പറപ്പിക്കുമെന്നു തോന്നിയതിനാല്‍ അവരെ അവരുടെ ലോകത്ത് തനിച്ചാക്കി തിരികെ പോന്നു.

Wednesday, June 13, 2007

കള്ളനെ പുടിച്ചാച്ച്

മാതളത്തിന്റെ പോസ്റ്റില്‍ മാതളവും ഞാന്‍ വാങ്ങി വെച്ചിരുന്ന കോഴിമുട്ടയും കിളിക്കൂട്ടില്‍ ഉണ്ടായിരുന്ന കിളിമുട്ടയും കട്ടു തിന്ന ഒരു കള്ളനെ കുറിച്ചു പറഞ്ഞിരുന്നു. അവസാനം കള്ളനെ കൈയ്യോടെ പിടിച്ചു.

ഒരു ദിവസം രാവിലെ കൊക്ക് ഒരു പ്രത്യേകശബ്ദമുണ്ടാക്കുന്നതു ശ്രദ്ധയില്‍ പെട്ടു.ഇതുവരെ അത്തരത്തില്‍ ശബ്ദമുണ്ടാക്കി ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ജനലില്‍ കൂടി നോക്കിയിട്ട് ഒന്നും കണ്ടില്ല. എന്നാലൊന്ന് ബാല്‍ക്കണിയില്‍ ചെന്നു നോക്കാമെന്നു കരുതി ചെന്നപ്പോ കിളികൂടിനടുത്തു തന്നെ ഒരു വിദ്വാന്‍. അതിലെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിട്ട് അല്പദിവസമേ ആയിരുന്നുള്ളു അതുങ്ങള്‍ പേടിച്ച് വിറച്ച് അനങ്ങാതെയിരിക്കുന്നു. അച്ഛന്‍ കൊക്കുകളും അമ്മകൊക്കുകളും(2 കൂടുകളുണ്ടതില്‍) കൂടിനടുത്തു വരാതെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്നു. കൂട്ടിനു അണ്ണാറക്കണ്ണന്മാരും കാക്കകളും ഉണ്ട് ഒച്ചവെയ്ക്കാന്‍. പഴയ കിളിമുട്ടയുടെ ഓര്‍മ്മയിലുള്ള വരവാണ് കുരങ്ങന്റെത്.



ആകെപ്പാടെ ഒരു കള്ളലക്ഷണമവനു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുമോയെന്നു പേടിയായെനിക്ക്. അതിനെ ആ കൂട്ടിനടുത്തു നിന്നും ഓടിക്കാന്‍ ഞാന്‍ ഒരു പഴയ ഷൂവെടുത്തു ദിപ്പം നിന്നെ എറിയും എന്ന രീതിയില്‍ കുറച്ചു ആക്ഷന്‍സ് നടത്തി. അവന്‍ പതുക്കെ ഇരിന്നിടത്തുന്ന് താഴേയ്ക്കിറങ്ങി. ബാല്‍ക്കണിയിലേയ്ക്ക് ചാടാനുള്ള ഭാവമാണോയെന്നു പേടിച്ച് ഞാന്‍ ഓടാന്‍ റെഡിയായി വാതിലില്‍ ഒരു കൈ പിടിച്ച് കുറച്ചു ഫോട്ടോസ് എടുത്തു. വിറച്ചു എടുത്തത് കൊണ്ട് ഒന്നും നേരാവണ്ണം കിട്ടിയില്ല.മാത്രമല്ല അന്നേരം ഫോട്ടേയെക്കാള്‍ അതിനെ അവിടുന്ന് ഓടിക്കുക എന്നതായിരുന്നു മനസ്സില്‍. കുരങ്ങന്‍ പതുക്കെ മരത്തില്‍ നിന്നും ഇറങ്ങി ബില്‍ഡിംഗിന്റെ പുറകുവശത്തേയ്ക്ക് പോയി. അവിടുത്തെ കിളികളുടെ ശബ്ദം കുറച്ചു നേരം കേട്ടു. പിന്നെയെല്ലാം ശാന്തമായി. പിന്നെയും കുറേ നേരം വേണ്ടി വന്നു ആ കിളികള്‍ തിരികെ കൂട്ടിലെത്താന്‍.

പിന്നെ ഈ കിളികളും അണ്ണാറക്കണ്ണനുമെല്ലാം ഇങ്ങനെ ഒച്ചയുണ്ടാക്കുമ്പോ ഞാന്‍ പോയി നോക്കാറുണ്ട്. എന്റെ കുട്ടിക്കാലത്ത് കാക്കകള്‍ ഇങ്ങനെ ശബ്ദമുണ്ടാക്കി മൂര്‍ഖന്‍‌കുഞ്ഞിനെ കാണിച്ചു തന്നിട്ടുണ്ട്. ഇന്നലെയേയും കേട്ടു ഇതു പോലെ കോലാഹലം ഇപ്രാവശ്യം മൈനയും കുയിലും അണ്ണാനുമാണ് കൂടുതല്‍ ഒച്ച വെച്ചത്. മരത്തിന്റെ മുകളിലും താഴെയുമൊക്കെ നോക്കിയിട്ട് ഒന്നു കണ്ടില്ല. പിന്നെ സണ്‍ഷെയ്ഡില്‍ നോക്കിയപ്പോ ഒരു സുന്ദരന്‍ പൂച്ച.

എന്താ ക്ഷീണം ഒന്നുറങ്ങട്ടെ

ഇതുങ്ങടെ ചിലയ്ക്കലു കാരണം ഒന്നു സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുന്നില്ലല്ലോ.


ഒരു കുരങ്ങന്‍ മുട്ട കട്ടു തിന്നുന്നുവെച്ച് എന്നെ പോലുള്ള നിരപരാധികളേയും സംശയിക്കുന്നതു ശരിയാണോ?

ഇനി പാക്കറ്റ് പാല്‍ രാവിലെ എതോ ഒരുത്തന്‍ അടിച്ചോണ്ടു പോണതും എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ പോവുവാണോ?

ചേച്ചി പോയാട്ടേ... സത്യം പറയാല്ലോ ആ ചക്കി പൂച്ച ഇവിടെ വരാന്നു പറഞ്ഞിട്ടു വന്നതാ. ഞങ്ങളു ഭയങ്കര ലൌവാ.


N.B:- ഇതെല്ലാം ഇവന്‍ എന്നോടു തെലുങ്കില്‍ പറഞ്ഞ കാര്യങ്ങളാ. തെലുങ്കിലെഴുതിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ടു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയെന്നു മാത്രം.

Saturday, June 9, 2007

കപ്പലണ്ടിയേ...കടലേയ്...

വഴിയോരകാഴ്ചകള്‍ ഒന്നാം ഭാഗം



ഇവിടെ വഴിയോരത്ത് സര്‍വ്വസാധാരണമായി കാണുന്ന ചില കാഴ്ചകള്‍ ഇതാ നിങ്ങള്‍ക്കായി


ഒരു ചാറ്റ്വാലാ. സഞ്ചരിക്കുന്ന ഭക്ഷണശാലയാണ് അദ്ദേഹത്തിന്റെ തലയില്‍.

തന്റെ കച്ചവടസ്ഥാപനം വഴിയില്‍ വെച്ച് ഉറങ്ങി പോയ ഒരു കച്ചവടക്കാരനെ മുകളില്‍ കാണാം.



ഇവിടെ വിഭവങ്ങള്‍ വ്യക്തമായി കാണാം. എന്തു ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ. ഓര്‍ഡര്‍ കൊടുത്താല്‍ നിമിഷനേരത്തിനുള്ളില്‍ സാധനം റെഡി.ഒരു കടലാസ് കുമ്പിളില്‍ കടലയോ പൊരിയോ ഇടുക അല്പം സവാള വിതറുക ഉപ്പും മുളകുപൊടിയും കൂടി മിക്സു ചെയ്ത ഒരു കുപ്പി ഉണ്ടാവും കൈയ്യില്‍ അത് ഒന്നു കുടയുക നാരങ്ങാനീര് അല്പം ഇറ്റിക്കുക എന്നിട്ട ആ കടലാസ് കുമ്പിള്‍ ഒന്നു കുലുക്കി കൈയ്യിലേയ്ക്ക് തരും. എന്താ രസം!


നമ്മുടെ നാട്ടിലെ പോലെ വറുത്ത കപ്പലണ്ടിയും പട്ടാണിയും കിട്ടും കേട്ടോ. എങ്കിലും എനിക്ക് വറുത്ത കപ്പലണ്ടിയേക്കാള്‍ ഇഷ്ടം പുഴുങ്ങിയ കപ്പലണ്ടിയാണ്.


ഒരു കപ്പലണ്ടി വില്പനക്കാരന്‍. അനുവാദത്തോടു കൂടിയാട്ടോ ഫോട്ടോയെടുത്തത്. ഫോട്ടോയെടുത്തോട്ടേയെന്നു ചോദിച്ചപ്പോ ആ ചേട്ടനു വല്യസന്തോഷം.


തൊണ്ടോടു കൂടി കപ്പലണ്ടി പുഴുങ്ങുന്നത്. അതിങ്ങനെ തിളച്ചുകൊണ്ടേയിരിക്കും.


തിളച്ച വെള്ളത്തില്‍ നിന്നും വാരി ചൂടോടെ കുമ്പിളിലാക്കി തരും.


വേറെയെങ്ങും വെച്ചെടുക്കാന്‍ സ്ഥലമിഞ്ഞതു കൊണ്ട് ഒരു കപ്പലണ്ടി തൊണ്ടു പൊളിച്ചു മടിയില്‍ വെച്ചെടുത്തത്.

വഴിയരികിലെ ഭക്ഷണം സാധാരണ കഴിക്കാറില്ലാത്ത എന്നെ എന്റെ തെലുങ്ക് കൂട്ടുകാരി ഒരിക്കല്‍ പുഴുങ്ങിയ കപ്പലണ്ടി വാങ്ങിച്ചു നിര്‍ബന്ധിച്ചു കഴിപ്പിച്ചു. അതിനു ശേഷം ഞാനതിന്റെ ആരാധികയായി മാറി പോയി.ഇതാ നിങ്ങള്‍ക്കായി അതിന്റെ റെസിപ്പീ.

കപ്പലണ്ടി തോട്ടത്തില്‍ നിന്നും പറിച്ച ഉടനെ കിട്ടുകയാണെങ്കില്‍ നേരിട്ട് വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുക. അല്ല ഉണക്ക കപ്പലണ്ടിയാണെങ്കില്‍ തൊണ്ടില്ലാത്തത് ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. വെള്ളമൂറ്റി ഒരു ദിവസം കൂടി വെയ്ക്കാന്‍ ക്ഷമയുണ്ടെങ്കില്‍ മുള വരും ഗുണം കൂടും. അത് 5-10 മിനിറ്റ് ഇഡ്ഢലി കുട്ടകത്തില്‍ ആവി കേറ്റുക.(ആവി കേറ്റുമ്പോള്‍ ബഹിര്‍ഗമിക്കുന്ന മണം എന്റെ ഒരു വീക്ക്നെസാ)
ഇനി അതില്‍ അല്പം മുളകുപൊടി, ഉപ്പ്, മല്ലിയില, നാരങ്ങാനീര് എന്നിവ നിങ്ങളുടെ രുചിക്കനുസരിച്ച് ചേര്‍ത്തിളക്കുക.
കഴിക്കാന്‍ റെഡി!

തൊണ്ടില്ലാത്ത കപ്പലണ്ടി ഇത്തരത്തില്‍ ഉണ്ടാക്കി വില്‍ക്കുന്നതിന്റെ പടം കിട്ടിയില്ല. എപ്പോഴെങ്കിലും പിടികിട്ടും അന്നേരം പോസ്റ്റ് ചെയ്യാട്ടോ.

മഴയുള്ള ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ഇത് ഉണ്ടാക്കി ചൂടോടെ മഴയും ആസ്വദിച്ചൊന്നു കഴിച്ചു നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.