വിനായകനിമജ്ജനത്തിന്റെ ഈയവസരത്തില്‍ എന്റെ വിനായക പൂജ ഒരു ചിത്രം ചെയ്തു കൊണ്ടാവട്ടെയെന്നു കരുതി.
അധികം ചിലവില്ലാത്തതും എന്നാല്‍ വളരെ എളുപ്പത്തിലും ഭംഗിയിലും ചെയ്യാന്‍ സാധിക്കുന്ന ഒരു പടമാണ് ഇവിടെ വിശദീകരിക്കാന്‍ പോണത്.
അതിനു ആവശ്യമുള്ള സാധനങ്ങള്‍ .
ഇവിടെ ഞാന്‍ എളുപ്പത്തിനു വേണ്ടി ഹാന്‍ഡ് മെയിഡ് പേപ്പറാണുപയോഗിച്ചിരിക്കുന്നത്. പ്ലേവുഡും ഉപയോഗിക്കാം. പേപ്പറുപയോഗിക്കുമ്പോള്‍ സാദാ പശ മതിയാവും. എന്നാല്‍ തടിയില്‍ ആണു ചെയ്യുന്നതെങ്കില്‍ ഫെവിക്കോള്‍ ഉപയോഗിക്കേണ്ടി വരും. പിന്നെ വേണ്ടതു പഞ്ഞപ്പുല്ല് അഥവാ റാഗിയാണ്. റാഗി തന്നെ വേണമെന്നില്ലാ പകരം കടുക്, മണ്ണ്, മറ്റെന്തെങ്കിലും ധാന്യങ്ങളിലെതെങ്കിലും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപയോഗിക്കാം.
പശ തേച്ചു പിടിപ്പിക്കാനായി ഒരു പഴയ ബ്രഷ് കൂടെ കരുതുക. കൈ ചീത്തയാവാതിരിക്കും.
ഇഷ്ടമുള്ള ഒരു പടവും അതു പകര്‍ത്താനായി ഒരു കാര്‍ബണ്‍ പേപ്പറും. പേപ്പര്‍ ഓറഞ്ചു നിറമായതിനാല്‍ ഞാനിവിടെ വെള്ള കാര്‍ബണാണ് ഉപയോഗിച്ചിരിക്കുന്നത്.
മഷി തീര്‍ന്ന ഒരു ബോള്‍ പെനോ പെന്‍സിലോ കൊണ്ട് ചിത്രം കാര്‍ബണുപയോഗിച്ച് പേപ്പറിലേയ്ക്ക് പകര്‍ത്തുക.
പിന്നീട് ഓരോ കള്ളികളിലായി പശ തേച്ചു പിടിപ്പിക്കുക. ഇവിടെ ഫെവിക്കോളാണ് തേച്ചത്. പക്ഷേ പേപ്പറില്‍ ഫെവിക്കോള്‍ തേക്കുമ്പോള്‍ അതു തേച്ച അത്രയും ഭാഗം ഉയര്‍ന്നു വരും.
റാഗി മുകളില്‍ വിതറുന്നതിനു പിശുക്കു കാണിച്ചാല്‍ ഒരേ പോലെ എല്ലായിടവും വരില്ല. ആ ഭാഗം തന്നെ രണ്ടാമതു ചെയ്താല്‍ ഭംഗി കുറയും ഒരേ നിരപ്പിലും കിട്ടില്ല.
അങ്ങനെ ഒരു കള്ളി പൂര്‍ത്തിയായി. വലിയ കള്ളിയാണെങ്കില്‍ ഒരു സമയം ഒരു കള്ളിയില്‍ പശ തേച്ച് റാഗി വിതറി ചെയ്യുക. ചെറിയ കള്ളികളാണെങ്കില്‍ മൂന്നാലെണ്ണം ഒരുമിച്ചു ചെയ്യാം. പശ ഉണങ്ങുന്നതിനു മുന്നേ റാഗി വിതറിയിരിക്കണം അത്രയും ഉള്ളൂ കാര്യം.
എങ്ങനെയുണ്ട് നമ്മുടെ വിനായകന്റെ രൂപമാറ്റം. തടിയിലാണെങ്കില്‍ ചിത്രം പൂര്‍ത്തിയായ ശേഷം ക്ലിയര്‍ വാര്‍ണീഷ് അടിക്കുന്നതു നന്നായിരിക്കും. റാഗി കേടാവാതിരിക്കും.
നിങ്ങള്‍ക്ക് ഞാനുപയോഗിച്ച അതേ ചിത്രമോ അല്ലെങ്കില്‍ വേറെയെതെങ്കിലുമോ വേണമെങ്കില്‍ ഇവിടെ ഞെക്കിക്കോളൂ
ഇവിടെയും കുറച്ച് ചിത്രങ്ങളുണ്ട്.
അലീഫ് ജിയുടെ കമന്റും കൂടി ചേര്‍ത്തു വായിച്ചാലേ ഈ പോസ്റ്റ് പൂര്‍ണ്ണമാവൂ എന്നു തോന്നുന്നു. അതിനാല്‍ അതു കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
മണല്‍ കൊണ്ട് ചെയ്യുമ്പോള്‍ ചില സൂത്രപണികള്‍ ഒക്കെയുണ്ട്. സാധാരണ പശയേക്കാളും നല്ലത് ഫെവിക്കോള്‍ MR ആണ്. അത് കുറച്ച് എടുത്ത് വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ നല്ല ഫിനിഷ് കിട്ടും. മണല്‍ ഒരിക്കലും കൈകൊണ്ട് വിതറരുത്. പ്ലാസ്റ്റിക് കൊണ്ടുള്ള ചായ അരിപ്പ് കൊണ്ട് മെല്ലെ അരിച്ചരിച്ച് ഇടുക. ഇത് അത്രവലിയ പടമൊന്നുമല്ലങ്കില്‍ ഒരുമിച്ച് തന്നെ ചെയ്യാം, വെള്ളത്തില്‍ കലക്കിയിരിക്കുന്നതിനാല്‍ ഫെവിക്കോള്‍ പെട്ടന്ന് ഉണങ്ങില്ല. ആദ്യത്തെ ലേയര്‍ ഇട്ട് ചെറുതായി ഒന്ന് ഉണങ്ങി കഴിമ്പോഴേക്കും , മണല്‍ അപ്പാടെ തട്ടികളഞ്ഞ്, ഒട്ടിയിരിക്കുന്ന മണലിന്റെ പുറത്ത് ഒരിക്കല്‍ കൂടി വെള്ളം- ഫെവിക്കോള്‍ ലായനി പുരട്ടുക, വീണ്ടും മണല്‍ അരിപ്പയിലൂടെ വിതറുക. ഉണങ്ങികഴിയുമ്പോള്‍ തട്ടികളഞ്ഞ് വൃത്തിയാക്കിയാല്‍ ഏകദേശം ഒരേ കണക്കില്‍ മണല്‍ പറ്റിപിടിച്ചിരിക്കും. ഇനി ഈ ചിത്രങ്ങള്‍ക്ക് ചിലഭാഗങ്ങളില്‍ കൂടുതല്‍ ഘനം വെപ്പിക്കണമെങ്കില്‍ ആ ഭാഗത്ത് മാത്രം പശപുരട്ടി മണല്‍ അരിപ്പയിലൂടെ ഇട്ട് ആവര്‍ത്തിച്ചാല്‍ മതി.
ഇനി മണലില്‍ കളര്‍ മിക്സ് ചെയ്തും പല തരം പാറ്റേണ്‍ ഉണ്ടാക്കാം. ഇതിനു മണല്‍ അരിച്ചത് പോസ്റ്റര്‍ കളറുമായി ചേര്‍ത്ത് ഉണക്കിയെടുക്കുക. ചെറിയ നനവോടെ ചീത്തയായ അലൂമിനിയം പാത്രത്തിലോ മറ്റോ ഇട്ട് വറുത്ത് എടുത്താല്‍ കളര്‍ ഇളകി പോകുകയില്ല. ഈ മണലും ചിത്രത്തിനുപയോഗിക്കുമ്പോള്‍ അരിപ്പയിലൂടെ തന്നെ വീഴ്ത്തുക.
മണല്‍, കടകളില്‍ പലനിറങ്ങളില്‍ കിട്ടുന്ന 'ഫ്ലേക്സ്' (ഇത് സ്ക്രീന്‍ പ്രിന്റിങ്ങിനു ഉപയോഗിക്കുന്നതാണ്) തുടങ്ങിയവ ഉപയോഗിക്കാം. ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉറുമ്പ് കേറുവാന്‍ സാധ്യതയുണ്ട്, അതിനു വാര്‍ണിഷ് അടിച്ചാല്‍ മതി, അത് നിറം ഇല്ലാത്ത (ക്ലിയര്‍) matt വാര്‍ണിഷ് ആയാല്‍ നന്നായിരിക്കും.
കരകൗശല വിദ്യകള്‍ ഇനിയും പോരട്ടെ..
ആശംസകളോടെ
-അലിഫ്