Monday, October 22, 2007

സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ് (കരകൌശലം)

സ്റ്റഫ്ഡ് ടോയിസ് ഉണ്ടാക്കാന്‍ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരു തുടക്കം തരാന്‍ വേണ്ടിയാണീ പോസ്റ്റ്.


ഫര്‍ തുണിയില്‍ ഒരു കുഞ്ഞു കോഴിക്കുഞ്ഞിനെ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.


1. കോഴിക്കുഞ്ഞിന്റെ പാറ്റേണ്‍ കട്ടി കടലാസില്‍ വെട്ടിയെടുത്തത്.(ഇവിടെ നിന്നും pdf ഡൌണ്‍ലോഡ് ചെയ്യാം.)

2. മഞ്ഞ ഷോര്‍ട്ട്ഫര്‍ തുണി
3. ചുവപ്പു വെല്‍‌വെറ്റ് തുണി
4. കറുപ്പ് വെല്‍‌വെറ്റ് തുണി
5. സിന്തെറ്റിക്ക് കോട്ടണ്‍(സ്റ്റഫിങ്ങിന്)
6. കത്രിക
7. നൂല്‍
8. ഫെവി ക്യുക്ക് & ഫെവി ഫിക്സ് പോലെ വീര്യം കൂടിയ പശ
9. സൂചി
10.സ്കെച്ച് പെന്‍ അല്ലെങ്കില്‍ ബോള്‍ പെന്‍




ആദ്യമേ മഞ്ഞഷോര്‍ട്ട്ഫറിന്റെ മറുവശത്ത് സൈഡ് ബോഡിയുടെ പാറ്റേണ്‍ വെച്ചു ചുറ്റും പേനകൊണ്ടു വരയ്ക്കുക.ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോഴും പാറ്റേണ്‍ വരയ്ക്കുമ്പോള്‍ തുണിയിലെ ഡൈറക്ഷനും പാറ്റേണിന്റെ ഡൈറക്ഷനും സമാന്തരമായിരിക്കണം. അതിനെ കുറിച്ച് കൂടുതല്‍ ഇവിടെയുണ്ട്.

ഇനി സൈഡ് ബോഡിയുടെ പാറ്റേണ്‍ തിരിച്ചു വെച്ച് ഒരെണ്ണം കൂടി വരയ്ക്കുക.

ഇനി അണ്ടര്‍ ബോഡി ഒരെണ്ണം. വിങ്ങ്സ് പാറ്റേണ്‍ രണ്ടെണ്ണം വരയ്ക്കുക.കഴിവതും തുണി ലാഭിക്കാന്‍ കഴിയുന്ന രീതിയില്‍ പാറ്റേണ്‍ വരച്ചെടുക്കുക. എന്നാല്‍ ഡൈറക്ഷന്‍ മാറി പോവുകയുമരുത്.

ചുവപ്പ് വെല്‍‌വെറ്റ് തുണിയില്‍ ചുണ്ടിന്റെ (beak)പാറ്റേണും കൂടി വരച്ച് മുറിച്ചെടുക്കുക.

മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാന്‍ ഇവിടെ നോക്കുക.

ഇനി അണ്ടര്‍ബോഡിയിലെ ‘എ’യും സൈഡ് ബോഡിയിലെ ‘എ’യും തമ്മില്‍ യോജിപ്പിച്ച് കെട്ടുകളിടുക. ഇനി അതേ പോലെ ബി യും ബി യുമായും യോജിപ്പിക്കുക. അങ്ങേയറ്റവും ഇങ്ങേയറ്റവും നടുക്കും ഓരോ കെട്ടുകളിടുകയാണെങ്കില്‍ തയ്ക്കുമ്പോള്‍ വളരെ എളുപ്പമായിരിക്കും.
എ മുതല്‍ ബി വരെ തയ്ക്കുക.

അതിനു ശേഷം സൈഡ് ബോഡിയുടെ രണ്ടാമത്തെ കഷ്ണവും അപ്പര്‍ ബോഡിയുമായി മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ യോജിപ്പിച്ച തയ്ക്കുക.

ഇനി സൈഡ് ബോഡി പരസ്പരം യോജിക്കുന്ന രീതിയില്‍ സൈഡ് ബോഡിയിലെ എ മുതല്‍ ബി വരെ തയ്ക്കുക.
ഇപ്പോള്‍ എല്ലാഭാഗവും തയ്യലാല്‍ മൂടപ്പെട്ടു കഴിഞ്ഞു. അണ്ടര്‍ ബോഡിയില്‍ നടുക്ക് സ്ലിറ്റ് എന്നെഴുതി വരച്ചിരിക്കുന്ന അത്രയും ഭാഗം കത്രിക കൊണ്ട് മുറിക്കുക. ആ ദ്വാരത്തില്‍ കൂടി ഫറിന്റെ നല്ല ഭാഗം മുകളില്‍ വരുന്ന രീതിയില്‍ തിരിച്ചെടുക്കുക.


ഇനി താഴെയുള്ള ദ്വാരത്തില്‍ കൂടി കോട്ടണ്‍ നിറയ്ക്കുക. നന്നായി നിറച്ച ശേഷം ആ ദ്വാരം തയ്ച്ചു അടയ്ക്കുക.

ഇനി ചിറകുകള്‍ കഴുത്തിനു ഇരുഭാഗവും വരത്തക്കവണ്ണം മുകളിലെ ചിത്രത്തിലെ മാതിരി തയ്ച്ചു ചേര്‍ക്കുക.

ഇനി ചുവപ്പു തുണിയില്‍ മുറിച്ചു വെച്ചിരിക്കുന്ന ചുണ്ടിന്റെ പാറ്റേണ്‍ രണ്ടായി മടക്കി നടുഭാഗത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും അതേ നിറത്തിലെ നൂലു കൊണ്ട് മുന്‍ഭാഗത്ത് തയ്ച്ചു വെയ്ക്കുക. ഈ ചിത്രത്തിലെ പോലെ ചുണ്ട് വിടര്‍ന്നിരിക്കണം.

ഇനി കറുപ്പ് വെല്‍‌വെറ്റ് തുണിയില്‍ രണ്ടു വളരെ ചെറിയ വ്യത്തങ്ങള്‍ മുറിച്ചെടുത്ത് കണ്ണിന്റെ സ്ഥാനത്ത് പശ തേച്ച് ഒട്ടിക്കുക.


കോഴിക്കുഞ്ഞിതാ സുന്ദരക്കുട്ടപ്പനായി കഴിഞ്ഞു. സ്വന്തമായി ഇതുപോലെ മൂന്നാലെണ്ണമുണ്ടാക്കി ചെറിയൊരു ചൂരല്‍കൊട്ടയില്‍ വെച്ച് പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് കൊടുത്തു നോക്കൂ.

ഇതില്‍ എതെങ്കിലും ഭാഗത്തു സംശയമുണ്ടെങ്കില്‍ കമന്റിട്ടാല്‍ മതി ഞാന്‍ വിശദീകരിച്ചു തരാം.

ഫര്‍ ഒരു പരിചയപ്പെടല്‍

സ്റ്റഫ്ഡ് റ്റോയ്സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫര്‍(mohair) തുണിയെ കുറിച്ചും അതു എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും എനിക്കറിവുളളത് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ ഒരു ശ്രമം.

രോമത്തിന്റെ നീളമനുസരിച്ച് ഫര്‍ പല പേരില്‍ അറിയപ്പെടുന്നു.

ഇടത്തു നിന്നും വലത്തോട്ട് ലോങ്ങ് ഫര്‍, മീഡിയം ഫര്‍, മീഡിയത്തിനും ഷോര്‍ട്ടിനുമിടയിലുള്ള ഫര്‍, ഷോര്‍ട്ട് ഫര്‍
മുകളില്‍ അതിന്റെയെല്ലാം മറുപുറം.

ഇനി ഫറിന്റെ ഡൈറക്ഷണ്‍ കണ്ടുപിടിക്കാന്‍ തുണി വിരിച്ചിട്ട് മുകളില്‍ കൂടി കയ്യോടിക്കുക. താഴേയ്ക്ക് മിനുസമായി രോമം വരുന്ന ദിശ ഫറിന്റെ മറുഭാഗത്ത് അടയാളപ്പെടുത്തുക. ഒരിക്കലും നല്ല വശത്ത് അടയാളപ്പെടുത്തരുത്.

ഇത് ആ തുണിയുടെ മറുപുറം ഇവിടെ അടയാളപ്പെടുത്തുക.



മിക്ക പാറ്റേണിലും ഇതേ പോലെ ദിശ അടയാളപ്പെടുത്തിയിട്ടുണ്ടാവും അതും ഈ തുണിയിലെ ദിശയും സമാന്തരമായി വരുന്നവിധം വെച്ചു വേണം പാറ്റേണ്‍ അടയാളപ്പെടുത്തി മുറിക്കാന്‍.

ഇനി മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ഒരിക്കലും ഫര്‍ ഇതേപോലെ കത്രിക വെച്ചു മുറിക്കരുത്. ഇങ്ങനെ മുറിച്ചാല്‍ രോമം മുറിഞ്ഞു പോവും.


അതൊഴിവാക്കാനായി കത്രിക രോമത്തിനിടയിലൂടെ കടത്തി വേണം മുറിക്കാന്‍. ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി നല്ല വശം മുകളില്‍ വരുന്ന വിധം കാണിച്ചെന്നേയുള്ളു. പക്ഷേ മുറിക്കുമ്പോള്‍ ചീത്തവശം മുകളില്‍ വരുന്ന രീതിയില്‍ വെച്ച് മുറിക്കുക.

കത്രിക രോമത്തിനിടയിലൂടെ കടത്തി മുറിച്ചാല്‍ ചിത്രത്തില്‍ ഇടതു വശത്തു കാണുന്നതു പോലെ രോമം ഒന്നും മുറിഞ്ഞു പോവാതെ കിട്ടും. എന്നാല്‍ രോമത്തിനു മുകളില്‍ കൂടി മുറിച്ചാല്‍ വലതു വശത്തേതു പോലെ രോമം മുറിഞ്ഞു പോവും.

ഫെറിനെ കുറിച്ച് ഒരു എകദേശ ധാരണ കിട്ടിയെന്നു കരുതുന്നു. ഇനി ഷോര്‍ട്ട് ഫെര്‍ കൊണ്ട് ഒരു കോഴിക്കുഞ്ഞിനെ എങ്ങനെയുണ്ടാക്കാം എന്നിവിടെ കാണാം.

Wednesday, October 17, 2007

പ്രാവുകള്‍ കുറുകുന്നു...

1941 മുതല്‍ ഇവിടെ ഹൈദ്രാബാദിലെ കോട്ടിയിലുള്ള പ്രാവുകള്‍ക്കായുള്ള ഗോപുരം. കടകളാല്‍ ചുറ്റപ്പെട്ട് ത്രികോണാക്യതിയില്‍ കിടക്കുന്ന ഒരു തുണ്ട് സ്ഥലം.


ഞങ്ങളകത്തേയ്ക്കു ചെന്നതും തീറ്റ തിന്നു കൊണ്ടിരുന്ന പ്രാവുകള്‍ കൂട്ടമായി പറന്നു തുടങ്ങി.


ഈ സ്ഥലത്തിനു തൊട്ടടുത്താണ് ഗോകുല്‍ ചാറ്റ്. ഹൈദ്രാബാദില്‍ സ്ഥോടനമുണ്ടായ സ്ഥലങ്ങളിലൊന്ന്.


അന്നും ഈ പാവങ്ങള്‍ ഇതേ പോലെ പറന്നു പൊങ്ങിയിട്ടുണ്ടാവാം. ആ കട ഇപ്പോള്‍ അടഞ്ഞു കിടപ്പാണ്.




ഈ മഞ്ഞ നിറത്തില്‍ കാണുന്ന നിലം മണ്ണല്ല. പ്രാവുകള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുത്തിരിക്കുന്ന ബജ്‌റയാണ്. കാലു പുതയുന്ന കനത്തിലുണ്ടായിരുന്നു അത്. അതു കണ്ടപ്പോഴ് പ്രാവുകള്‍ക്കിവിടെ സുഖജീവിതമാണെന്നു മനസ്സിലായി.



കുറച്ചു പേര്‍ ഈ കൂടുകള്‍ കൈയ്യടക്കി വെച്ചിട്ടുണ്ട്. വളരെയധികം പ്രാവുകളുള്ളതിനാല്‍ ബാക്കിയുള്ളവര്‍ അടുത്തുള്ള കെട്ടിടങ്ങളിലാവാം താമസം.


അന്തേവാസികള്‍ തീറ്റ കഴിഞ്ഞു വിശ്രമത്തില്‍.



അല്പം കഴിഞ്ഞപ്പോള്‍ പ്രാവുകള്‍ തിരികെയെത്തി തുടങ്ങി.



വീണ്ടും പറന്നു, തിരികെയത്തി. അതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.

Tuesday, October 9, 2007

ലംബാടികളും സീതപ്പഴങ്ങളും

സീതപ്പഴത്തിന്റെ സീസണാവുമ്പോ കാണുന്ന കാഴ്ചകളിലൊന്ന്. ഗ്രാമങ്ങളില്‍ നിന്നും സീതപ്പഴവും നിറച്ച് വരിവരിയായി നഗരത്തിന്റെ തെരുവോരങ്ങളില്‍ കിടക്കുന്ന കാളവണ്ടികള്‍.


ഒരു ലംബാടി ഇളമുറക്കാരി കച്ചവടത്തിനായുള്ള സ്ഥലം വ്യത്തിയാക്കുന്ന തിരക്കില്‍.

“തെരുവിലാണെങ്കിലെന്ത് നമ്മള്‍ താമസിക്കുന്ന സ്ഥലം വ്യത്തിയാക്കിയിടണ്ടേ.”




കച്ചവടത്തിനായി സീതപ്പഴങ്ങള്‍ ഒരുക്കുന്ന തിരക്കില്‍


ഇനി വാങ്ങാന്‍ ആളെ തിരഞ്ഞുള്ള കാത്തിരിപ്പ്.


ആകെ തിരക്കോട് തിരക്ക്. മുഴുവന്‍ വേഗം വിറ്റു തീര്‍ന്നാലല്ലേ തിരികെ നാട്ടിലേയ്ക്ക് പോവാനാവൂ.


മുതിര്‍ന്നവര്‍ കച്ചവടത്തിന്റെ തിരക്കിലാവുമ്പോള്‍ നാല്‍ക്കാലികളെ നോക്കാനുള്ള ചുമതല ഈ ഇളമുറക്കാര്‍ക്കാണ്.

ഈ മുകളിലെ പയ്യന്മാര്‍ക്ക് അവരുടെ പടമെടുക്കുന്നതിലും സന്തോഷം താഴെ കാണുന്ന അവരുടെ കാളകളുടേത് എടുക്കുന്നതിലായിരുന്നു. നാല്‍ക്കാലികള്‍ അവരുടെ ജീവിതത്തിന്റെ വളരെ വലിയൊരു ഭാഗമായി തോന്നി.

തിരക്കൊന്നൊഴിഞ്ഞപ്പോള്‍ ഫോട്ടോയൊന്ന് എടുക്കുമോയെന്നു ചോദിച്ചു അമ്മച്ചി പോസിംഗില്‍. പുറകില്‍ ലിവളിതെന്തിനുള്ള പുറപ്പാടാ എന്ന ഭാവത്തില്‍ കെട്ടിയോന്റെ എത്തിനോട്ടം.


ഇവര്‍ ലംബാടി ഗോത്രക്കാര്‍ ഈ കടും നിറത്തിലെ വസ്ത്രങ്ങളും അതില്‍ പിടിപ്പിച്ചിട്ടുള്ള കണ്ണാടികളും ആഭരണങ്ങളും ലംബാടി സ്ത്രീകളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് പ്രത്യേകതയൊന്നുമില്ലാത്ത സാധാ ഗ്രാമീണന്റെ വസ്ത്രധാരണമാണ്.

ഇത്രയും കണ്ടു ക്ഷീണിച്ചതല്ലേ ഇതിരിക്കട്ടെ.വലിയ കുട്ടയിലെ വേണമോ അതോ ചെറിയതിലെ വേണമോയെന്നു നിങ്ങള്‍ തീരുമാനിച്ചോളൂ.

പക്ഷേ എന്നെ പോലെ ആക്രാന്തം കാണിക്കരുത്. കഴിഞ്ഞ സീസണ്‍ തുടങ്ങിയപ്പോ തന്നെ ആക്രാന്തം മൂത്തു കുട്ടയോടെ വാങ്ങി വീട്ടിലെത്തി വെട്ടി വിഴുങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ സീതപ്പഴത്തിന്റെ മണമടിക്കുമ്പോഴേ ആകെയൊരു വല്ലായ്മ. പിന്നെ ആ വര്‍ഷം കഴിക്കാന്‍ സാധിച്ചില്ല. അതു കൊണ്ട് പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന വിചാരത്തില്‍ കഴിക്കുക.

Wednesday, October 3, 2007

ലവനും കുശനും

അതോ നകുലനും സഹദേവനുമോ?




എറ്റവും കൂടുതല്‍ വ്യത്യാസം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!
ചിത്രം വലുതാക്കി കാണാന്‍ ശ്രമിക്കണേ.