Wednesday, September 3, 2008

ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പി




ചായ, കോഫി ഒക്കെ നിർത്തീട്ട് കുറച്ചു കാലമായി. എന്നാലിനി ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പിയിലേക്ക് ഒരു തിരിച്ചുപോക്ക് നടത്താമെന്ന് കരുതി. അങ്ങനെ അന്വേഷണം ആദ്യം ഇവിടടുത്തെ കേരളാ സ്റ്റോറിൽ തുടങ്ങി. ചക്കരയുണ്ടോന്ന് ചോദിച്ചപ്പോ അയ്യോ, ഇപ്പോ തീർന്നു പോയല്ലോ അടുത്താഴ്ച കാണുമെന്നായിരുന്നു മറുപടി. എന്തായാലും അടുത്തയാഴ്ച സംഗതി കിട്ടുമെല്ലോന്ന് ആശ്വസിച്ചു തുടങ്ങിയപ്പോഴാണ് അവരുദ്ദേശിക്കുന്ന ചക്കരയും ഞാൻ പറയുന്ന ചക്കരയും രണ്ടും രണ്ടല്ലേന്ന് ഒരു സംശയം. ഞാനുദ്ദേശിച്ചത് കരുപ്പെട്ടി എന്ന ചക്കരയാണെന്നു പറഞ്ഞപ്പോഴാണ് സംഗതി ക്ലിയറായത്.(ഞങ്ങളുടെ നാട്ടിൽ പൊതുവേ പായസം ഉണ്ടാക്കാൻ എടുക്കുന്നത് ‘ശർക്കരയും’ കാപ്പിയുണ്ടാക്കാനെടുക്കുന്നതിനെ ‘ചക്കര’യെന്നുമാണ് പറയുന്നത്.)അങ്ങനൊരു സാധനം അവരുടെ കടയിൽ കൊണ്ടുവരാറേയില്ലെന്നു കേട്ടപ്പോ ആ പ്രതീക്ഷ തകർന്നു. പിന്നെ ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ചക്കര കുറെ കെട്ടി പൊതിഞ്ഞിങ്ങ് കൊണ്ടു പോന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടു കൂടാണ്ടിരിക്കുമെന്നു കടക്കാരൻ പറഞ്ഞു തന്നു.



ചക്കരക്കാപ്പി പലവിധത്തിൽ ഉണ്ടാക്കി കണ്ടിട്ടുണ്ട്. ചുക്കും കുരുമുളകും ചേർത്ത ചുക്കുകാപ്പി. പക്ഷേ ചുക്കുകാപ്പിയും ഞാനും തമ്മിൽ പണ്ടു മുതലേ ലേശം വിരോധത്തിലാ. കാരണം മറ്റൊന്നുമല്ല നല്ല എരിവും ചൂടും കൂടി ഒന്നിച്ചു ചെന്നാൽ അപ്പോ തുടങ്ങും എനിക്ക് എക്കിൾ. ചക്കരകാപ്പിയിൽ തേയിലയിട്ട് അല്ലെങ്കിൽ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ച് കാപ്പിയുണ്ടാക്കാറുണ്ട്. ചുക്കും എലയ്ക്കയും മാത്രം ചേർത്തുണ്ടാക്കാറുമുണ്ട്. എന്നാൽ ഇതിൽ എനിക്കേറ്റവും രുചികരവും ഗുണമുള്ളതുമായി തോന്നിയിട്ടുള്ള ഒരു പൊടിയാണ് മല്ലി-കാപ്പിപ്പൊടി.പ്രകൃതിജീവനാചാര്യൻ ശ്രീ.സി.ആർ.ആർ.വർമ്മയുടെതാണ് ഈ പാചകക്കുറിപ്പ്.

മല്ലി-കാപ്പിപ്പൊടി


1. മല്ലി - 100 ഗ്രാം.
2. ഉലുവ - 20 ഗ്രാം.
3. നല്ല ജീരകം - 20 ഗ്രാം.
4. ചുക്ക് - 10 ഗ്രാം.
5. ഏലയ്ക്ക - 10 ഗ്രാം.



ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങൾ. മല്ലിയും ഉലുവയും നല്ലജീരകവും വെവേറെ എണ്ണയൊന്നുമില്ലാതെ വറുത്തെടുക്കുക. ചുക്ക് കല്ലിൽ വച്ച് നന്നായി ചതച്ചാൽ പിന്നീട് മിക്സിയിൽ പൊടിക്കാൻ എളുപ്പമാവും. എലയ്ക്കാ പച്ചയ്ക്ക് തന്നെ ഇട്ടാൽ മതിയാകും.



ഇനി എല്ലാം കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. ഒട്ടും തരിയൊന്നുമില്ലാതെ പൊടിയണമെന്നൊന്നുമില്ല.



കാപ്പി ഉണ്ടാക്കുന്ന വിധം

ചക്കര ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ചക്കര നന്നായി അലിഞ്ഞു കഴിയുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് 3 ഗ്രാം എന്ന രീതിയിൽ മല്ലി-കാപ്പിപ്പൊടി ചേർക്കാം.(ഒന്നു രണ്ടു പ്രാവശ്യം ഉണ്ടാക്കി കഴിയുമ്പോ നിങ്ങളുടെ രുചിക്കനുസരണമായി കാപ്പിപ്പൊടിയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.) അത് ഒരു മിനിറ്റ് തിളച്ചു കഴിയുമ്പോൾ തീ കെടുത്തി പാത്രം ലേശം ചരിച്ചു വെച്ചാൽ 1-2 മിനിറ്റിനുള്ളിൽ മട്ട് മുഴുവൻ അടിയിൽ ഒരു വശത്ത് അടിയും. അതിനു ശേഷം കാപ്പി അരിപ്പയിൽ അരിച്ച് ഉപയോഗിക്കാം.



കരുപ്പെട്ടി തന്നെ ചേർക്കണമെന്ന് ഒരു നിർബന്ധവുമില്ല. കരുപ്പെട്ടി കിട്ടാൻ പ്രയാസമാണങ്കിൽ ശർക്കരയുപയോഗിച്ചും ഇത് തയ്യാറാക്കാം. ഈ കാപ്പിയിൽ ലേശം പാലൊഴിച്ചാൽ ചായയുടെ നിറത്തിലാവും. രുചിയും ലേശം വ്യത്യാസപ്പെടും. അതും എനിക്ക് വളരെ ഇഷ്ടമാണ്.

ഇനി ഒട്ടും ഇടിച്ചു പൊടിച്ചും മെനക്കെടാൻ താല്പര്യമില്ലാത്തവർക്കായി മറ്റൊരു സാധനം.


ശുദ്ധീകരിച്ച പനം കരുപ്പെട്ടി.

ചുക്ക്, എലയ്ക്ക, കുരുമുളക്, ജീരകം ഒക്കെ ചേർത്തുണ്ടാക്കുന്ന കരുപ്പെട്ടിയാണ്. ഒന്നുകിൽ ചുമ്മാ തിന്നാം. കാപ്പിയാക്കണമെങ്കിൽ ചുമ്മാ വെള്ളം ചേർത്തു തിളപ്പിച്ചാൽ മതി. ഒന്നും കൂടെ ചേർക്കേണ്ട കാര്യമില്ല.



അപ്പോൾ എല്ലാവർക്കും വിനായകചതുർത്ഥിയുടെയും ഓണത്തിന്റെയും റംസാനാശംസകൾ!

ചിയേഴ്സ്!


ഈ പോസ്റ്റ് മല്ലി-കാപ്പിപ്പൊടിയെ കുറിച്ച് കൂടുതൽ പറഞ്ഞു തന്ന ശ്രീ. നാണുകുട്ടൻ‌നായർക്കും, ശ്രീമതി. സരസ്വതിയമ്മയ്ക്കും ചക്കരകാപ്പി കുടിക്കാൻ എന്നെ ശീലിപ്പിച്ച എന്റെ അച്ഛനുമമ്മയ്ക്കുമായി സമർപ്പിക്കുന്നു.

Tuesday, July 15, 2008

പെട്ടീ...പെട്ടീ...

ശിങ്കാരപ്പെട്ടീ...
പെട്ടി തുറന്നപ്പോ...








കപ്പലണ്ടി കിട്ടി!

Tuesday, July 8, 2008

ദശപുഷ്പം

നമ്മുടെ നാട്ടിൽ കളയായി വളരുന്ന എന്നാൽ വളരെയധികം ഔഷധമൂല്യമുള്ള പത്തു ചെടികളാണ് ദശപുഷ്പത്തിൽ പെടുന്നത്. കർക്കിടകക്കഞ്ഞിയിൽ ചേർക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്കും ദശപുഷ്പം ചൂടുന്ന ചടങ്ങുണ്ട്. രക്തസംബദ്ധമാ‍യ ഹീമോഫീലിയ എന്ന അസുഖം ദശപുഷ്പം കഴിച്ചു നിശേഷം മാറിയൊരാള്‍ ഞങ്ങളുടെ നാട്ടിലുണ്ട്. ദശപുഷ്പത്തിൽ പെടുന്ന ചെടികളെ അറിയാതവർക്കായി ഇവിടെ ഓരോന്നായി പരിചയപ്പെടുത്താമെന്ന് കരുതി. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഡി.പി.ഇ.പി പാഠ്യപദ്ധതിയില്‍ പഠിക്കുന്ന 3-ം ക്ലാസിലെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനുണ്ടിത്. അതു കാരണം അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഈ ചെടികള്‍ അറിയില്ലെങ്കില്‍ പോലും കുഞ്ഞുങ്ങള്‍ക്ക് ഇതെല്ലാം വളരെ പരിചിതമാണ്. കഴിയുമെങ്കില്‍ നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ ഇത്തരം ചെടികള്‍ പറഞ്ഞു പരിചയപ്പെടുത്തി കൊടുക്കാന്‍ ശ്രമിച്ചാല്‍ വളരെ നന്നായിരിക്കും.

ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ ഓരോ ചെടിയുടെയും കൂടുതൽ ചിത്രങ്ങളുള്ള പോസ്റ്റുകളിൽ പോവാം.നിങ്ങളുടെ നാട്ടില്‍ ഏതെങ്കിലും ചെടി വേറെ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതു കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരിക്കും.



1. പൂവാങ്കുറുന്തൽ / പൂവാം‌കുരുന്നില - Vernonia cinerea


പൂവാംകുരുന്നിലയും കറിവേപ്പിലയും ചേർത്തരച്ചു കഴിച്ചാൽ ചുമ മാറാൻ നല്ലതാണ്.

puvamkurunila

പൂവാംകുരുന്നിലയുടെ പൂവ്



2.മുയൽചെവിയൻ. - Emilia sonchifolia


പലർക്കും മുയൽചെവിയനും പൂവാംകുരുന്നിലയും തമ്മിൽ തെറ്റി പോവാറുണ്ട്. ഇലകൾ ശ്രദ്ധിച്ചാൽ അതൊഴിവാക്കാം. രണ്ടിനും എകദേശം ഒരേ നിറത്തിലെ പൂക്കളാണെങ്കിൽ കൂടി മുയൽചെവിയന്റെ ഇലകൾ പൊതുവെ നിലത്തോട് പറ്റി ചേർന്നാണ് നിക്കാറ്. കൂടാതെ ഇലയ്ക്ക് മുയലിന്റെ ചെവിയോടു സാമ്യമുള്ളതു കൊണ്ടാണ് ഈ പേരു തന്നെ വരുവാൻ കാരണം.
muyalcheviyan

മുയല്‍ചെവിയന്റെ പൂക്കള്‍




3.മുക്കുറ്റി. Biophytum sensitivum


മുക്കുറ്റിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.


മുകളിലെ മുക്കുറ്റി ചിത്രത്തിന്റെ ഛായാഗ്രാഹകൻ - മോഹനം

mukkutti

4.കയ്യോന്നി/കയ്യുണ്യം. Eclipta alba


എണ്ണകാച്ചി തലയിൽ തേച്ചാൽ തലമുടി നന്നായി വളരുമെന്ന് കേട്ടിട്ടുണ്ട്.

kayyonni

5. കറുക Cynodon dactylon


ഞരമ്പുസംബദ്ധമായ രോഗങ്ങൾക്കും ഓർമ്മശക്തി വർദ്ധിപ്പിക്കാനും അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ഇതിന്റെ നീര് ഉത്തമം.

karuka

6. ചെറൂള Aerva lanata


മൂത്രസം‌ബന്ധമായ രോഗങ്ങള്‍ക്ക് ചെറൂള വിശേഷപ്പെട്ടതാണ്.

cheroola

7. നിലപ്പന - Curculigo orchioides

നിലപ്പനക്കിഴങ്ങ് ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കാറുണ്ട്. കിഴങ്ങ് എലിക്കും പ്രിയപ്പെട്ടതാണെന്ന് തോന്നുന്നു. നട്ടു പിടിപ്പിച്ചതു മുഴുവൻ ഉഴുതുമറിച്ച് തിന്നിട്ടു പോയി ഒരു ചെടി പോലും വീട്ടിലില്ലാത്ത അവസ്ഥയാണിപ്പോ.

nilapana

ഇനിയുള്ള മൂന്നെണ്ണം തപ്പിപ്പിടിച്ചു ഫോട്ടോയെടുത്തതാണ്.

8. ഉഴിഞ്ഞ - Cardiospermum halicacabum


ഇതിൽ വെളുത്ത പൂക്കളാണുണ്ടാവുന്നത്. വള്ളിച്ചെടിയാണ്. ഇതിന്റെ വിത്തിൽ ലൗവ് സൈൻ പോലെ അടയാളവും പുറത്ത് കൂട പോലെയും ഉളളതിനാൽ ലൗവ് ഇൻ എ പഫ് എന്നും ഹാർട്ട് സീഡ് എന്നുമാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.

uzhinja

9. വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി. - Evolvulus alsinoides


ഇത് മണ്ണിൽ പടർന്നു വളരുന്ന ചെടിയാണ്.ഔഷധസസ്യങ്ങൾ എന്ന പുസ്തകത്തിൽ പുഷ്പങ്ങൾ നീല, വെള്ള, പാടലം എന്നീ നിറങ്ങളിലുണ്ടാവുമെന്ന് പറയുന്നു. എനിക്ക് കിട്ടിയത് മഞ്ഞ നിറത്തിലെ പൂക്കളുള്ളതാ‍ണ്.

vishnukranthi

10. തിരുതാളി. - ipomoea sepiaria

ഈ ചെടി നിന്ന വീട്ടിലെ വീട്ടുകാർ പറഞ്ഞത് തിരുതാളി വേറെ തരവും ഉണ്ടെന്നാണ്. എനിക്കിതിനെ കുറിച്ച് അറിയില്ല. അറിയാവുന്നവർ പറഞ്ഞു തന്നാൽ അല്ലെങ്കിൽ ആരെങ്കിലും കുറച്ചു ഫോട്ടോകൾ(തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി എന്നിവയുടെ) പോസ്റ്റിയാൽ ഉപകാരമായേനേ.

thiruthali



Ref:

ഔഷധസസ്യങ്ങള്‍ - ഡോ. എസ്. നേശമണി.
www.aluka.org
www.davesgarden.com

ഒരു പ്രത്യേക അറിയിപ്പേ - ആരെങ്കിലും ദശപുഷ്പത്തിനെ കുറിച്ച് വിശദമായി എഴുതാൻ തയ്യാറുണ്ടെങ്കിൽ ചിത്രങ്ങൾ സപ്ലേ ചെയ്യാൻ ഞാൻ റെഡി!


update 10/08/08

ഈ പോസ്റ്റ് വായിക്കുന്നവർ കാന്താരിക്കുട്ടിയുടെ ഈ കമന്റ് കാണാതെ പോവരുതെന്നു കരുതി അതു കൂടി ഇവിടെ ചേർക്കുന്നു.

കാന്താരിക്കുട്ടി said...

ചിര പരിചിതമായ 10 ഔഷധ സസ്യങ്ങള് ആണ് ദശ പുഷ്പങ്ങള്.എന്നാല് ഇവയെ ഇന്നു തിരഞ്ഞു കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു.വിശേഷാവസരങ്ങളില് ദശ പുഷ്പം ചൂടുന്ന പതിവ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്.ഇതിനെ കുറിച്ച് എഴുതാന് തോന്നിയ ആഷക്കു എല്ലാ വിധ അഭിനന്ദനവും..ഞാന് ഒരു പോസ്റ്റ് ആക്കാന് വേണ്ടി വെച്ചിരുന്ന ഈ ഭാഗം ഇവിടെ കമന്റ് ആയി ഇടട്ടെ ഞാന്.

മുക്കുറ്റി

ജെറാനിയെസിയെ കുടുംബത്തില് പെടുന്ന ഒരു കുറ്റി ചെടി ആണ് ഇത്.മുക്കുറ്റി ചാന്ത് തിലകം തൊടുന്നതു വളരെ ശ്രേഷ്ഠ കരമാണ്.ഇല അരച്ചുമുറിവില് പുരട്ടുന്നത് മുറിവ് ഉണങ്ങുന്നതിനു ഉപകരിക്കും.ഗര്‍ഭാശയ ശുദ്ധിക്കു വേണ്ടി പ്രസവാനന്തരം മുക്കുറ്റി ഇല കുറുക്കി കഴിക്കുന്നതു നല്ലതാണ്.എല്ലാത്തരത്തിലുള്ള ശ്വാസ കോശ രോഗങ്ങള്‍ക്കും മുക്കുറ്റിയില തേനില് ചാലിച്ചു സേവിക്കുന്നതു നല്ലതാണ്.വളം കടിക്കു ഇതിന്റെ ഇല അരച്ചു പാദത്തില് പുറ്രട്ടുന്നു.മൈഗ്രെയിനില് നിന്നു ആശ്വാസം ലഭിക്കാന് മുക്കുറ്റി ചേര്‍ത്തു കാച്ചിയെടുത്ത വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു.

ഉഴിഞ്ഞ

ഇന്ദ്രവല്ലരി എന്ന അപരനാമത്തില് അറിയപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ.ഉഴിഞ്ഞ വള്ളി കൊണ്ട് മുടി കെട്ടി വെച്ചാല് മുടി നീളത്തില് വളരും !!!!മുടി കൊഴിച്ചിലും തടയാം.നീലിഭൃംഗാദി എണ്ണയുടെ നിറ്മ്മാണത്തില് ഒഴിച്ചു കൂടാനാവാത്ത ചേരുവ ആണിത്.വാത സംബന്ധമായ രോഗങ്ങള്‍ക്ക് വിശേഷിച്ചും സന്ധി വേദനക്ക് ആവണക്കെണ്ണയില് വേവിച്ച ഉഴിഞ്ഞ ഇല അരച്ചു പുരട്ടുന്നതു നല്ലതത്രെ !

മുയല് ചെവിയന്

ഇതിന്റെ പച്ച ഇല പരലുപ്പും ചേര്‍ത്ത് ടോണ്‍സിലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാല് അസുഖം മാറും.കൃമി രോഗത്തിനും ഇതിന്റെ ഇല പിഴിഞ്ഞെടുത്തു 3 ദിവസം കഴിച്ചാല് മതിയാകും

ചെറൂള

ബലികര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുന്ന ഈ ചെടി ചൂടിയാല് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ്.മൂത്രാശയ രോഗങ്ങള് ശമിപ്പിക്കുവാന് ചെറൂള സമൂലം കഷായം വെച്ചു രാവിലെയും വൈകുന്നേരവും സേവിച്ചാല് മതി. പാലിലും നെയ്യിലും ചെറൂള ഇല കാച്ചി കഴിച്ചാലും മൂത്രാശയ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും


കയ്യോന്നി

കേശ ഔഷധമാണ് ഇതു.കയ്യോന്നി ചേര്‍ത്തു കാച്ചിയ എണ്ണ കണ്ണിന്റെയും തലമുടിയുടെയും ആരോഗ്യത്തിനു ഉത്തമം ആണ്.കയ്യോന്നി അരച്ചെടുത്ത നീര് എള്ളെണ്ണയില് കാ‍ാച്ചി പതിവായി തലയില് പുരട്ടിയാല് തല വേദനയും കണ്ണിന്റെ അസുഖങ്ങള്‍ഊം മുടി കൊഴിച്ചിലും ശമിക്കും

തിരുതാളി

പടര്‍ന്നു കയറുന്ന ഈ വള്ളി ചെടിയുടെ ഔഷധ യോഗ്യമായ ഭാഗം അതിന്റെ വേര് ആണ്.സ്ത്ര്രീകളിലെ വന്ധ്യതാ ചികിത്സക്കു തിരുതാളി ഉപയോഗിക്കുന്നു.കൂടാതെ ശരീരബലം വര്‍ധിപ്പിക്കുവാനും ഈ ചേറ്റി നല്ലതത്രേ !!

കറുക

പുല്‍ത്തകിടി നിര്‍മ്മിക്കാന് ആണു നമ്മള് ഇപ്പോള് ഈ ചെടിയെ ഉപയോഗിക്കുന്നതു !!!പരിപാവനത കല്‍പ്പിക്കപ്പെടുന്ന ഈ ചെടി മതപരമായ പല ആചാരങ്ങളിലും ഉപയോഗിക്കുന്നു.മുറിവില് നിന്നും രക്ത സ്രാവം തടയാനാ‍യി കറുക അരച്ചു കെട്ടാറുണ്ട്.നാഡീ ബലം വര്‍ധിപ്പിക്കുന്നതിനു കറുക നീരു രാവിലെയും വൈകുന്നേരവും കഴിക്കുന്നതു നല്ലതാണ്.മനസിക രോഗ ചികിത്സയിലും ഉപയോഗിക്കുന്നു.കറുകയെ കുറിച്ചുള്ള എന്റെ ദീപ്തമായ ഓര്‍മ്മ കുട്ടികള്‍ക്കു കൊതി വരുമ്പോള് അച്ഛാച്ഛന് വെളിച്ചെണ്ണയില് കറുക ഇലയും ഉപ്പും ചേര്‍ത്ത് “ ഓതി “ തരുമായിരുന്നു.. കൊതി മൂലം ഉള്ള ശര്‍ദ്ദി ഠപ്പേ ന്നു നില്‍ക്കുനതിനു ഞാന് സാക്ഷി.ഒരു മന്ത്രം ആണ് ഓതുന്നത്..അച്ഛാച്ഛന്റെ മരണത്തോടെ ആ മന്ത്രവും പോയി !

പൂവാം കുറുന്നില

ഇതു സമൂലം ഉപയോഗിക്കുമ്പോള് പനി പമ്പ കടക്കുമത്രെ.സ്ത്ര്രീകളില് മാനസിക പിരിമുറുക്കം ഒഴിവാക്കി സന്തോഷവും സൌന്ദര്യവും ഉണ്ടാകാന് ഇതു നല്ലതാണ്.അമിത രക്ത സ്രാവത്തിനു നല്ല മരുന്നാണ്,നേത്ര രൊഗ ചികിത്സയില് ഇതിന്റെ ഇല ഉപയോഗിക്കുന്നു

വിഷ്ണു ക്രാന്തി

നിലത്തു പടര്‍ന്നു വളരുന്ന വിഷ്ണു ക്രാന്തി യുടെ ഇലകള്‍ക്ക് ചെറിയ എലിയുടെ ആകൃതിയാണ്.പനി മാറ്റാന് അത്യുത്തമം.സമൂലം കഷായം വെച്ചു 2 നേരം സേവിച്ചാല് പനി മാറും.തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ഉത്തമം.ഓര്‍മ്മ കുറവു..ബുദ്ധി മാന്ദ്യം എന്നിവക്കു ഈ ചേറ്റി സമൂലം പിഴിഞ്ഞെടുത്ത് നെയ്യുമായി ചേര്‍ത്ത് കഴിക്കണം.ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും അമിത രക്ത സ്രാവത്തിനും ഇതു ഉപയോഗിക്കുന്നു.


നിലപ്പന

ഇതിന്റെ കിഴങ്ങ് ആണ് മരുന്നായി ഉപയോഗികുന്നത്.

Jul 9, 2008 8:48:00 PM

Monday, July 7, 2008

പൂവാംകുരുന്നില/ പൂവാം‌കുറുന്തൽ

ദശപുഷ്പങ്ങളില്‍ പെട്ട ചെടികളിലൊന്ന്.

Vernonia cinerea

Family: COMPOSITAE
Genus: Vernonia
Species: Cinerea

Common Name - Little ironweed,Ash coloured Fleabane

Sanskrit - Sahadevi, Uthamakanyapathram.

Hindi - dandolpa, sahadevi, sodhari.

Tamil - puvamkurunthal, sahadevi.

Malayalam - പൂവാംകുരുന്നൽ(puvamkurunthal), പൂവാംകുരുന്നില(puvamkurunnila).












if you have any suggestions about this post please write it here

മുക്കുറ്റി

ദശപുഷ്പങ്ങളില്‍ പെട്ട ചെടികളിലൊന്ന്.

Biophytum sensitivum (L.) DC

Family: Oxalidaceae.

Common name:Sikerpud.

Sanskrit - alambusha, jalapushpa, peethapushpa, samanga, krithanjali.

hindi - lajalu, lajalu, lajjalu, lakhshana, laksmana, zarer.

Tamil - nilaccurunki, tintanali

Malayalam - മുക്കുറ്റി (mukkutti)








ഈ പോസ്റ്റു കണ്ടിട്ട് ബ്ലോഗർ മോഹനം അയച്ചു തന്ന മുക്കുറ്റി ചിത്രങ്ങളാണ് താഴെ. മോഹനത്തിനു വളരെ വളരെ നന്ദി.





if you have any suggestions about this post please write it here

കയ്യോന്നി/കയ്യുണ്യം

ദശപുഷ്പങ്ങളില്‍ പെട്ട ചെടികളിലൊന്ന്.

Eclipta alba (L.) Hassk.

Family: Asteraceae
Genus: Eclipta
Species: E. alba

English Name - False daisy,

Sanskrit - kesaraja, bhringaraja, suparna, kunthalavardhini, bhringa, angaarika, kesaranjini.

Hindi - babri, bengrah, mopranth.

Tamil - kaikeppi.

Malayalam - കയ്യോന്നി (kayyonni),കയ്യുണ്യം(kayyunyam),കുഞ്ഞുണ്ണി (kunjunni),കഞ്ഞണ്ണി(kanjanni).










if you have any suggestions about this post please write it here