Tuesday, January 22, 2008

ഒരു ക്യാരറ്റ് കേക്കിന്റെ കഥ

ഒരിടത്തൊരിടത്തൊരു ചെറുഗ്രാമത്തില്‍ ഒരു യുവതി താമസിച്ചിരുന്നു. അവള്‍ക്ക് ഗ്രാമങ്ങള്‍, നഗരങ്ങള്‍ തോറും കാഴ്ചകള്‍ കണ്ടങ്ങനെ ചുറ്റി നടക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അങ്ങനെയുള്ള ഒരു കറക്കത്തിനിടയിലാണ് അവള്‍ വിര്‍ച്ചല്‍ സിറ്റിയെന്ന നഗരത്തിലെത്തിപ്പെട്ടത്. അവിടെ അവള്‍ പല സുന്ദരന്മാരെ കാണുകയും പല സുന്ദരമാരേ പറ്റി കേള്‍ക്കുകയും ചെയ്തു. എന്നാല്‍ എക്സ്ട്രാ സ്പെഷ്യല്‍ ക്യാരറ്റ് കേക്ക് എന്ന യുവാവിനെ കുറിച്ച് കേട്ടമാത്രയില്‍ അവളവനില്‍ അനുരക്തയായി. അവന്റെ ഒരു ചിത്രം പോലും കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും കേട്ടറിവു വെച്ച് അവനൊരു സുന്ദരന്‍ തന്നെയായിരിക്കുമെന്നവള്‍ ഊഹിച്ചിരുന്നു. പേരിലെ എക്സ്ട്രാ സ്പെഷ്യല്‍ ആണോ അവനെ കണ്ടിട്ടുള്ള വിക്ടോറിയ ഫാര്‍മര്‍ എന്ന വനിതയുടെ വര്‍ണ്ണനയിലാണോ അവള്‍ വീണു പോയതെന്നു പറയാന്‍ വയ്യാ. എങ്ങനെയും അവനെ കണ്ടേ തീരുവെന്നവളുറപ്പിച്ചു. അവനെ ഒന്നു കാണാണമെങ്കിള്‍ അവള്‍ക്ക് ഏറേ കടമ്പകള്‍ കടക്കണമായിരുന്നു. അവ പലപേരുകളില്‍ ടീസ്പൂണുകളായും ടേബിള്‍ സ്പൂണുകളായും കപ്പുകളായും അവളുടെ മുന്നില്‍ നിരന്നു കിടന്നു.


മൈദ - 1 1/4 കപ്പ്
സോഡാപ്പൊടി - 1 1/2 ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത്- 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- 1/4 ടീസ്പൂണ്‍

മുട്ട - 2 ചെറുത്
സൂര്യകാന്തിയെണ്ണ - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
തൈര് / മോര് - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 1 കപ്പ് ( അളന്ന ശേഷം പൊടിച്ചത്)
വനിലാ എസന്‍സ് - 1/2 ടേബിള്‍സ്പൂണ്‍
Canned Crushed Pineapple Drained - 1/2 കപ്പ്
ക്യാരറ്റ് ചുരണ്ടിയത് - 1 കപ്പ്
തേങ്ങ ചുരണ്ടിയത് - 2 സ്പൂണ്‍
ചെറിയ കഷ്ണങ്ങളാക്കിയ അണ്ടിപരിപ്പ് - 1/2 കപ്പ്

ഇതില്‍ Canned Crushed Pineapple Drained എന്ന കടമ്പ അവള്‍ക്ക് അല്പം പ്രയാസമായി തോന്നി. അത് അവളെ പോലെ ഇടത്തരം കുടുംബത്തിലെയൊരാള്‍ക്ക് അപ്രാപ്യമായിരുന്നു. അതിനവള്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തി. പൈനാപ്പിള്‍ വാങ്ങി ചെറു കഷ്ണമാക്കി പഞ്ചസാരലായനിയില്‍ 5 മിനിറ്റ് തിളപ്പിച്ചു കഴിഞ്ഞപ്പോ അതും അവള്‍ക്ക് പ്രാപ്യമായി.


അതിനു ശേഷമവള്‍ അടുത്ത പടിയിലേയ്ക്ക് കടന്നു.

1. മൈദ, കറുവാപ്പട്ടപൊടി, ഉപ്പ്, സോഡാപ്പൊടി എന്നിവ ഒന്നിച്ചു ചേര്‍ത്ത് 2-3 പ്രാവശ്യം അരിച്ചു വെച്ചു.

2. പൈനാപ്പിള്‍ കഷ്ണങ്ങള്‍ ‍പഞ്ചസാരപാനിയില്‍ നിന്നും ഊറ്റിയെടുത്ത് മിക്സിയില്‍ അരച്ചു വെച്ചു.



പിന്നീട് ഒരു വലിയ പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി പതപ്പിച്ചു. അതിലേയ്ക്ക് തൈര്, എണ്ണ, പഞ്ചസാര, വനിലാ എസന്‍സ് എന്നിവ ഓരോന്നായി ചേര്‍ത്ത് പതപ്പിച്ചു. എല്ലാം നന്നായലിഞ്ഞു ചേര്‍ന്ന ശേഷം അരിച്ചു വെച്ചിരിക്കുന്ന മൈദമാവ് കുറേശ്ശേയായി തവി/സ്പാറ്റുലാ കൊണ്ട് ഇളക്കി ചേര്‍ത്തു. മാവ് കട്ടയില്ലാത്ത വിധത്തില്‍ എത്തിയ ശേഷം പൈനാപ്പിള്‍ അരച്ചതും, ക്യരറ്റ്, തേങ്ങാ, അണ്ടിപരിപ്പ് എന്നിവ ഓരോന്നായി ഇളക്കി ചേര്‍ത്തു.


തയ്യാറാക്കിയ മിശ്രിതം വശങ്ങളില്‍ വെണ്ണ പുരട്ടി മാവ് തൂവി, അടിയില്‍ ബട്ടര്‍പേപ്പര്‍ ഇട്ട 8” വലിപ്പമുള്ള പാത്രത്തില്‍ ഒഴിച്ച് 180ഡിഗ്രിയില്‍ നേരത്തെ ചൂടാക്കിയ Ovenല്‍ വെച്ച് ഒരു മണിക്കൂര്‍ ബേക്ക് ചെയ്തു.

ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം Ovenന്റെ വാതില്‍ തുറന്നപ്പോള്‍ ഇരുണ്ടനിറത്തിലെ വട്ടമുഖമുള്ള സുന്ദരന്‍ ഇതാ മുന്നില്‍. പിന്നീട് പലപ്പോഴും അവനവളുടെ വീട്ടില്‍ വിരുന്ന് വന്നു. അവനെ കണ്ടവര്‍ക്കൊക്കെയും അവന്‍ പ്രിയപ്പെട്ടവനായി. ഇനി നിങ്ങള്‍ക്കും അവനെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ കടമ്പകള്‍ എല്ലാം കടന്നാല്‍ നിങ്ങളുടെ വീട്ടിലും അവന്‍ വിരുന്നിനെത്തും. ഒരിക്കല്‍ കണ്ടാല്‍ അവന്‍ നിങ്ങളുടെയും മനം കവരുമെന്നതു തീര്‍ച്ച.


കഥ അങ്ങനെ അവസാനിച്ചു. ഇനിയല്പം കാര്യത്തിലേയ്ക്ക് കടക്കാം.

മൈദ മുതല്‍ ഇങ്ങോട്ടുള്ള സാധനങ്ങള്‍ തവി അല്ലെങ്കില്‍ സ്പാറ്റുല കൊണ്ട് ഇളക്കി ചേര്‍ത്താല്‍ മതി. ബീറ്റര്‍ ഉപയോഗിച്ച് അധികം അടിച്ചു പതപ്പിച്ചാല്‍ കേക്കിനു മാര്‍ദ്ദവം കുറയും.
മൈദ അരിച്ച ശേഷം അളക്കുന്നതാവും നന്ന്. പിന്നെ ക്യാരറ്റ് അളക്കുമ്പോള്‍ അമര്‍ത്തി അളക്കരുത്.

ഇത് 8 അല്ലെങ്കില്‍ 9 ഇഞ്ച് വലിപ്പത്തില്‍ ഒരു കേക്കുണ്ടാക്കാനുളള അളവുകളാണ്. ഇത്തരം രണ്ട് കേക്കുകളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ നേരെ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയാല്‍ മതി. എന്നെ പോലെ ഒരെണ്ണം മാത്രം ഉണ്ടാക്കുന്നവര്‍ക്ക് എളുപ്പത്തിനു വേണ്ടി എല്ലാ അളവുകളും പകുതിയാക്കി എഴുതിയെന്നു മാത്രം.

ഇനി അതില്‍ പറഞ്ഞിരിക്കുന്ന ഗ്ലേസ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതു കേക്ക് അവനില്‍ നിന്നും പുറത്തെടുത്തയുടനെ കേക്കിനു പുറത്തൊഴിക്കുക. ഞാന്‍ ആദ്യമാദ്യം ഗ്ലേസ് ഒഴിക്കുമായിരുന്നു. ഇപ്പോ അതില്ലാത്തതായി കൂടുതല്‍ ഇഷ്ടം. അതില്‍ പറഞ്ഞ കോണ്‍സിറപ്പില്ലാത്തതിനാല്‍ അതിനു പകരമായി തേനാണ് ഉപയോഗിച്ചിരുന്നത്.
പിന്നെ ഫ്രോസ്റ്റിങ്ങില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ചെനിക്കറിയില്ല.

ബട്ടര്‍ പേപ്പര്‍ എങ്ങനെ കേക്ക്ടിന്നില്‍ ഇടാമെന്നത് അറിഞ്ഞു കൂടാത്തവര്‍ക്ക് ഈ ലിങ്ക് ഉപകാരപ്പെട്ടേക്കുമെന്നു കരുതുന്നു.