അച്ചാറിനു പേരു കേട്ട ആന്ധ്രയില്‍ താമസിച്ചിട്ട് ഒരു അച്ചാര്‍ പോസ്റ്റിട്ടില്ലെങ്കില്‍ മോശമല്ലേ. സംഗതി വളരെയെളുപ്പം. അടുപ്പത്ത് വെയ്ക്കേണ്ട കാര്യമേയില്ല. എനിക്ക് ഒരു തെലുങ്ക് ചേച്ചി പഠിപ്പിച്ചു തന്നതാണ്. മാങ്ങ, നാരങ്ങാ അച്ചാറുകള്‍ കൂട്ടി മടുത്തവര്‍ക്ക് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി പരീക്ഷിച്ചു നോക്കാം. പിന്നെ രുചിയുടെ കാര്യത്തില്‍ അല്പം പ്രശ്നം വരുന്നത് എണ്ണയുടെ കാര്യത്തിലാവും. കപ്പലണ്ടിയെണ്ണയാണ് ഇതിലുപയോഗിക്കുന്നത് അതിന്റെ ചുവ ഇഷ്ടമല്ലാത്തവര്‍ക്ക് നല്ലെണ്ണയിലോ സൂര്യകാന്തിയെണ്ണയിലോ ഉണ്ടാക്കാം.
ആവശ്യമുളള സാധനങ്ങള്‍
കോളിഫ്ലവര്‍ അഥവാ ഗോബി - 6 കപ്പ്
മുളകുപൊടി - 1 കപ്പ്
ഉപ്പ് - 1 കപ്പ്
കടുകുപൊടി - 1 കപ്പ് (വറുക്കേണ്ട കാര്യമില്ല. പച്ചയ്ക്ക് മിക്സിയില്‍ ഇട്ടൊന്നു ചതച്ചത്)
നാരങ്ങാനീര് - 1 1/2 കപ്പ്
വെളുത്തുള്ളി - 2 കുടം (അരച്ചത്)
കപ്പലണ്ടിയെണ്ണ (peanut/groundnut oil) - 2 കപ്പ്
ഉലുവ -1 ചെറിയ സ്പൂണ്‍
ഇത്രയുമാണ് വേണ്ട സാധനങ്ങള്‍. കപ്പിന്റെ അളവ് എന്തുമാവും. അതേ പാത്രം കൊണ്ട് തന്നെ മറ്റു സാധനങ്ങളും അളക്കണമെന്ന് മാത്രം. കോളിഫ്ലവര്‍ പുഴുവൊന്നുമില്ലാത്തത് നോക്കി വാങ്ങണം. എന്നിട്ട് നനഞ്ഞ ഒരു തുണി കൊണ്ട് നന്നായി തുടച്ചെടുക്കണം. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ടും. വെള്ളത്തില്‍ കഴുകാതിരിക്കുക. വെള്ളത്തില്‍ മുങ്ങിയാല്‍ കോളിഫ്ലവറിന്റെ മണം മാറും. അതൊഴിവാക്കാന്‍ വേണ്ടിയാണീ തുടച്ചെടുക്കലെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ട് കോളിഫ്ലവര്‍ തണ്ടുള്‍പ്പെടെ കഷ്ണിച്ചെടുക്കുക. കഷ്ണങ്ങള്‍ നല്ല വെയിലില്‍ 2 മണിക്കൂര്‍ വെച്ചുണക്കണം. വെള്ളത്തിന്റെ അംശം എന്തെങ്കിലുമുണ്ടെങ്കില്‍ പോവാന്‍ വേണ്ടിയാണ്.
ഇനി ബാക്കിയുള്ള ചേരുവയെല്ലാം കൂടി കോളിഫ്ലവറില്‍ ചേര്‍ത്തിളക്കി കുപ്പിയിലാക്കി വെയ്ക്കാം. കപ്പലണ്ടിയെണ്ണയല്ലാ ഉപയോഗിക്കുന്നതെങ്കില്‍ എണ്ണ ഒന്നു ചൂടാക്കി തണുത്ത ശേഷം ഒഴിക്കുന്നതാവും നന്ന്. ഉലുവയും പച്ചയ്ക്ക തന്നെയാണിടുന്നത്. എരിവ് അധികം വേണ്ടത്തവര്‍ക്ക് പിരിയന്‍മുളകിന്റെ പൊടി ഉപയോഗിക്കാം.
ഉലുവയുടെയും കടുകിന്റേയും അല്പം കയ്പ്പും കുത്തലും ഇട്ടയുടനെയുണ്ടാവും അതു മാറി കഴിഞ്ഞ്(എകദേശം ഒരാഴ്ചയ്ക്കുള്ളില്‍) ഉപയോഗിച്ചു തുടങ്ങാം.
N.B:- ആദ്യമുണ്ടാക്കുമ്പോള്‍ ചെറിയൊരു കോളിഫ്ലവര്‍ കൊണ്ട് കുറച്ചുണ്ടാക്കി രുചിയിഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം അടൂത്ത പ്രാവശ്യം കൂടുതല്‍ ഉണ്ടാക്കുക. കാരണം എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല.
Saturday, March 29, 2008
കോളിഫ്ലവര്‍ അച്ചാര്‍
Posted by ആഷ | Asha at 4:10 PM 34 comments
Thursday, March 20, 2008
തിരിച്ചുവരവ് നാലാം ഭാഗം
ഒരു വര്‍ഷം എത്ര പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് എന്റെ വിരുന്നു പോയ കുഞ്ഞയല്‍ക്കാര്‍ തിരികെ വന്നു തുടങ്ങിയത്. ഈപ്രാവശ്യം ഇതുവരെ വിരലിലെണ്ണാവുന്നവര്‍ മാത്രമേ എത്തി ചേര്‍ന്നിട്ടുള്ളൂ. എന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങളിലൊന്നും ആരും തന്നെ വന്നെത്തിയിട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും എത്തിചേരുമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കയാ ഞാന്‍. ഇപ്രാവശ്യവും കൂടിനു വേണ്ടി കശപിശയുണ്ടാവുമോ എന്തോ. എത്ര മരണത്തിനും എത്ര പിച്ചവെയ്ക്കലിലും സാക്ഷിയാവേണ്ടി വരുമെന്നുമറിയില്ല. എന്തായാലും കാത്തിരുന്ന് കാണാം.
കഴിഞ്ഞ സീസണില്‍ കുറച്ചു ദിവസത്തേയ്ക്ക് എന്റെ കൈയ്യില്‍ ഒരു സുഹൃത്തിന്റെ 12എക്സ് സൂം ഉള്ള ക്യാമറ കൈയ്യില്‍ കിട്ടിയിരുന്നു. അന്നെടുത്ത ചിത്രങ്ങളാണിവ. ഇനിയീ വര്‍ഷം ഇത്രയും വ്യക്തയുള്ള ചിത്രങ്ങള്‍ ഉണ്ടാവാന്‍ ഒട്ടും വഴിയില്ല. കാരണം എന്റെ 3എക്സ് ഉള്ള കുഞ്ഞിക്യാമറയുമായിലുള്ള അങ്കമായിരിക്കും ഇനി.
അമ്മ തീറ്റയുമായി വരുന്നതും കാത്ത് കണ്ണുചിമ്മാതിരുന്ന രണ്ടു കിടാങ്ങള്‍ . ഈ വര്‍ഷം ഇവരുടെ കിടാങ്ങള്‍ ചിലപ്പോള്‍ ഇവരേയും കാത്ത് ഇങ്ങനെ ഇരിക്കുമായിരിക്കും.
വേറെ പണിയൊന്നുമില്ലാതെ കലുങ്കില്‍ വായില്‍ നോക്കിയിരിക്കുന്നു ഒരുത്തന്‍.
കൂട്ടിന് മറ്റൊരുത്തനേയും കൂടി കിട്ടിയിട്ടുണ്ട്. രണ്ടാളും കൂടി ഉല്ലസിച്ചങ്ങനെയിരിക്കുമ്പോഴാണ് വേറൊരുത്തന്റെ വരവ്.
അയ്യോ ദാ കൂടെയിരുന്നവന്റെയും ഭാവം മാറി. അവനും മഫ്തിയില്‍ വന്ന പോലീസായിരുന്നു. പിന്നെ രണ്ടാളും കൂടി ചോദ്യം ചെയ്യലായി കേസായി ലോക്കപ്പായി.പൂവാലന്‍ പുലിവാല് പിടിച്ചൂന്ന് പറഞ്ഞാല്‍ മതിയല്ലോ.
പൂവാലന്റെ മഗ്‌ഷോട്ട്!
കലുങ്കില്‍ തന്നെയിരുത്തി മഗ്‌ഷോട്ടുമെടുത്ത് അവനെ തൂക്കി പോലീസ് ജീപ്പിലിട്ട് അവരങ്ങ് പറന്നു. ഈ വര്‍ഷമെങ്കിലും അവന് പരോള്‍ കിട്ടുമോ എന്തരോ? ആര്‍ക്കറിയാം!
Posted by ആഷ | Asha at 2:09 AM 24 comments
Labels: കൊക്കുകള്‍, തിരിച്ചുവരവ്, പക്ഷി
Saturday, March 8, 2008
പച്ചവെളിച്ചം (ഹൊറര്‍ പടം)
പണ്ടത്തെ പച്ചവെളിച്ചം പ്രേതസിനിമയല്ല. ഒരു കുപ്പിയില്‍ പച്ചവെള്ളം നിറച്ചു അതിലൂടെ വെളിച്ചം പോയപ്പോ ഉണ്ടായ പടമാണ്. അതു കൊണ്ട് എല്ലാവരും അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ കടന്നു വരൂ...
ആര്‍ക്കെങ്കിലും തലക്കെട്ടു കണ്ടോ പടം കണ്ടോ തല്ലാന്‍ തോന്നുന്നുണ്ടേല്‍ തല്ലിക്കോളൂ. കുറേ നേരം ആലോചിച്ചെങ്കിലും വേറെ പേരൊന്നും കിട്ടിയില്ല. അല്ലെങ്കില്‍ ഒരു കുപ്പിയും വെളിച്ചവും പിന്നെ ഞാനും എന്നായാലോ?
Posted by ആഷ | Asha at 5:55 PM 26 comments
Labels: പരീക്ഷണപടങ്ങള്