കഴിഞ്ഞ ഞായറാഴ്ച ഹൈദ്രാബാദിലെ ബട്ടർഫ്ലൈ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവയ്യാ പാർക്കിൽ നടന്ന ബട്ടർഫ്ലൈ സ്റ്റഡിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മൊത്തത്തിൽ 30 പേരോളം സംഘത്തിലുണ്ടായിരുന്നു. സംഘാംഗങ്ങളെല്ലാം കൂടി ചിത്രശലഭങ്ങളെ കണ്ടു പഠിക്കാൻ പാർക്കിന്റെ ഒരറ്റത്തൂന്ന് യാത്ര തുടങ്ങി. ഞാൻ ആദ്യമായായിരുന്നു ഈ പാർക്കിൽ വരുന്നത്. ഇത്തിരി നടന്നപ്പോ ഒരു ഗുൽമോഹറിനടുത്തായി നമ്മുടെ കണിക്കൊന്ന അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നു. വിഷുവിനു മുന്നേയായി ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിൽ ഒരു കണിക്കൊന്ന മരം പൂത്തു നിൽക്കുന്നത് കണ്ടിരുന്നു. പടം എടുക്കാനായി അടുത്ത ദിവസം ക്യാമറയും താങ്ങി അവിടെ ചെന്നപ്പോ ബാറ്ററി കാലി. അതു കൊണ്ട് ഈ അവസരം വിട്ടുകളയരുതെന്നു കരുതി ആദ്യം തന്നെ കണിക്കൊന്ന ചിത്രം പെട്ടിയിലാക്കി.
ആ സമയം കൊണ്ട് സംഘത്തിലെ എല്ലാവരും വളരെ മുന്നേയായി പോയി. അവരുടെ പുറകേ വെച്ചു പിടിക്കുന്നതിനിടയിലാണ് ഇദ്ദേഹമിങ്ങനെ ആരുടെയും ശ്രദ്ധയിൽ പെടാതെ കാറ്റും കൊണ്ടിരിക്കുന്നത് കണ്ടത്.
അടുത്തു ചെന്നിട്ടും യാതൊരു കൂസലുമില്ല.
നല്ല കാറ്റ് അതിരിക്കുന്നിടത്തേക്ക് ഹുസൈൻസാഗർ തടാകത്തിൽ നിന്നും വീശുന്നതു കാരണം ആൾക്ക് ചിറക് തുറക്കാൻ വല്ലാത്ത മടിയായിരുന്നു. കാറ്റിത്തിരി കുറയുമ്പോ ലേശമൊന്നു തുറക്കും. വീണ്ടും അടച്ചിരിപ്പാവും.
എന്റെ കൂടെ ഹിന്ദുപത്രത്തിലെ നഗരഗോപാൽ (അതോ നാഗരഗോപാൽ എന്നായിരുന്നോ ആവോ? എന്തായാലും ഗോപാലുണ്ടെന്ന് ഉറപ്പാണ്. എന്തരേലുമാവട്ടല്ലേ) എന്ന ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞിട്ടും ശലഭത്തിന് അനക്കമില്ലാതായപ്പോ രണ്ടാൾക്കും സംശയമായി.ഇനി ഇതിനു സുഖമില്ലേ എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തോണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എവിടുന്നോ മറ്റൊരു ചിത്രശലഭം വന്നതും ഇത് അതിന്റെ പുറകെ ചുറ്റിചുറ്റി ഒറ്റ പറക്കൽ!
ഇതിന്റെ പേര് പ്ലെയിൻ ടൈഗർ. ആഫ്രിക്കൻ മനാർക്ക് എന്നും ഇവനു പേരുണ്ട്.
Scientific Name - Danaus chrysippus. വിക്കിയിൽ കൂടുതൽ വിവരങ്ങൾ വായിക്കാം.
മലയാളം പേര് അറിയില്ല.
ചിത്രശലഭത്തിന്റെ പടമൊക്കെ പിടിച്ചു നിവർന്നപ്പോ സംഘാംഗങ്ങളുടെയും കൂടെ വന്ന ഭർത്താവിന്റെയും പൊടിപോലുമില്ല കണ്ടുപിടിക്കാൻ. പിന്നെ സ്വന്തമായി തന്നെ സ്റ്റഡി നടത്തി കളയാമെന്നു കരുതി നടപ്പു തുടർന്നു. ചെറിയതരം പരുന്താണെന്നാണ് ഈ പക്ഷിയെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത്. പക്ഷേ കൊക്കു പരുന്തിന്റെ പോലെയല്ല.
ഈ പക്ഷിയുടെ പേരെന്താന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവു ചെയ്‌തു പറഞ്ഞു തന്നാൽ ഉപകാരമായേനേ.
Update (29/04/09) :- ഇത് Common Hawk-Cuckoo(Hierococcyx varius
) Brain Fever Bird എന്ന പേരിലും ഇത് അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വിക്കിയിൽ.
പക്ഷിയുടെ പുറകെ നടന്നു കൊണ്ടിരിക്കുന്നതിനിടെ പാർക്കിൽ നാഗലിംഗമരം കണ്ടൂന്നും പറഞ്ഞ് സതീശേട്ടൻ(ആരോ എന്നെ മുൻപത്തെ ഒരു പോസ്റ്റിൽ സതീഷ് എന്നു എഴുതിയതിനു ഗുണദോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയ്‌ക്ക് “ഏട്ടൻ’ ചേർത്തിട്ടുണ്ടേയ്) വിളിച്ചു. പിന്നെ അതും തപ്പി നടപ്പായി. അവസാനം അതും കണ്ടുപിടിച്ചു. അങ്ങനെ വരിവരിയായി നിൽക്കയല്ലേ ചുള്ളന്മാർ/ത്തികൾ!
ഹൈദ്രാബാദ് നഗരഹൃദയത്തിൽ ഇവരിങ്ങനെ നിരനിരയായി നിന്നിട്ട് അതറിയാതെ നമ്മൾ മഹാനന്ദി വരെ പ്രെട്രോളും കത്തിച്ചുപോയി അപൂർവ്വസുന്ദരപുസ്പം എന്നൊക്കെ പറഞ്ഞ് പണ്ട് പോസ്റ്റിട്ടത്.
ഒരു മരത്തിനു മാത്രം മറ്റെല്ലാത്തിൽ നിന്നും ഒരു പ്രത്യേകത കണ്ടു. മറ്റെല്ലാം കരിംപച്ചനിറത്തിൽ വലിയ ഇലകളുമായ് നിൽക്കുന്നു. അതിനിടയിൽ ഒരെണ്ണത്തിൽ മാത്രം ഇലകൾ ഇളംപച്ചയിലും നീളത്തിലും നിൽക്കുന്നു. ഇനി ഇലകൊഴിഞ്ഞ് പുതിയത് വന്നതാണോന്ന് അറിയില്ല അങ്ങനെ. താഴത്തെ ഫോട്ടോയിൽ ഇടതു വശത്ത്.
പൂവ് ഇതാ
ബട്ടർഫ്ലൈ സ്റ്റഡിക്കാരൊക്കെ സ്റ്റഡിയും നടത്തി വീട്ടിൽ പോവാറായെന്നു ഫോണിലൂടെയറിഞ്ഞതു കൊണ്ടും ഒറ്റയ്‌ക്കായതിന്റെ വെപ്രാളം കൊണ്ടു അധികം സമയം കളയാതെ തിരികെ തുടങ്ങിയ സ്ഥലത്തേക്ക് തിരികെയെത്തി വീട്ടിൽ പോന്നു. കായുള്ള മരവും അവിടെയുണ്ടായിരുന്നൂന്ന് വീട്ടിലെത്തി കഴിഞ്ഞാണ് അറിഞ്ഞത്. അടുത്ത പ്രാവശ്യമാവട്ടെ അതു പെട്ടിയിലാക്കണം.
സ്റ്റഡിക്കാരുടെ കൂടെ ഫോട്ടോയെടുക്കാൻ പോയവരിൽ രണ്ടാൾക്കൊഴികെ ആർക്കും ഒരു ബട്ടർഫ്ലൈ ഫോട്ടോ പോലും കിട്ടിയില്ലെന്നുള്ളതാണ് ഏറ്റവും രസം (ഇപ്പോ ശലഭങ്ങളുടെ സീസണുമല്ല അതു കൂടാതെ ഒത്തിരി പേർ സംഘത്തിലുണ്ടായിരുന്നതിനാൽ അവരുടെ ഒച്ചയും ബഹളത്തിലും ശലഭങ്ങൾ ജീവനും കൊണ്ടോടി എന്നാണ് എനിക്ക് പിന്നീട് കിട്ടിയ റിപ്പോർട്ട്). ഇനി മുതൽ ഫോട്ടൊയെടുക്കാമെന്നു പ്രതീക്ഷിച്ച് ഒരു സ്റ്റഡിഗ്രൂപ്പുകാരുടെയും കൂടെ പോവരുതെന്ന് എനിക്ക് മനസ്സിലായി. ചിത്രശലഭങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണെങ്കിൽ ഇത്തരം യാത്രകൾ നന്ന്.