മുകളില്‍ കാണുന്നതു പോലൊരു ചിത്രം ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍
1.ഒരു ചിത്രം.
2.കറുത്തതോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഇരുണ്ട നിറത്തിലെ വെല്‍വെറ്റ് തുണി അല്ലെങ്കില്‍ സാധാരണ തുണി.
പിന്നെ ഒരു കാര്‍ഡ് ബോര്‍ഡ് ചിത്രത്തിന്റെ അളവില്‍ മുറച്ചതില്‍ തുണി ചുറ്റി പുറകില്‍ പശ വെച്ച് ഒട്ടിക്കുക. കാര്‍ഡ് ബോര്‍ഡില്ലാത്തതു കൊണ്ട് ഞാന്‍ വെല്‍വെറ്റ് തുണിയുടെ പുറത്താണ് ഇത് ഉണ്ടാക്കുന്നത്. എന്റെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് പച്ചനിറത്തിലെയാണ് വെല്‍വെറ്റാണ്. അതു കൊണ്ട് അതു ഉപയോഗിക്കുന്നു.
3.അടുത്തതായി വേണ്ടത് തടി ചിന്തേരിടുമ്പോള്‍ കിട്ടുന്ന തടിചുരുള്‍. വീട്ടില്‍ ആശാരിപണി എന്തെങ്കിലും ചെയ്യുമ്പോ അതില്‍ നിന്നും നല്ല നിറത്തിലും നീളത്തിലുമുള്ള ചുരുളുകളെടുത്ത് സൂക്ഷിച്ചു വെച്ചിരുന്നാല്‍ മതി. എന്നെ പോലെ കേരളത്തിനു വെളിയില്‍ താമസിക്കുന്നവര്‍ക്ക് ചില സമയം ഇത് കിട്ടാന്‍ ഇത്തിരി പ്രയാസപ്പെടേണ്ടി വരും. എന്റെ അനുഭവത്തില്‍ തടിപണി ചെയ്യുന്നവരോട് മര്യാദയ്ക്ക് ചോദിച്ചാല്‍ അവര്‍ സന്തോഷത്തോടെ തരാറാണ് പതിവ്. പിന്നെ വഴിയെ പോവുന്നവര് “കണ്ടാ പറയൂല്ലാ തീ കത്തിക്കാന്‍ വിറകു പോലുമില്ലാത്ത വീട്ടിലെയാണെന്ന് ” എന്ന ഭാവത്തിലൊക്കെ നോക്കിയെന്നു വരും. അതൊന്നും മൈന്‍ഡ് ചെയ്യാണ്ട് വാരി കൊണ്ട് വീട്ടില്‍ വന്നിട്ട് നല്ലത് നോക്കി തിരഞ്ഞെടുക്കുക.
4. ഒരു കത്രിക
5. ഫെവിക്കോള്‍
6. ഒരു ഷീറ്റ് വെള്ളകടലാസ് അല്ലെങ്കില്‍ ചിത്രത്തിന്റെ ഒരു കോപ്പി കൂടി.
ഇത്രയുമാണ് വേണ്ടത്.
ചിത്രത്തിന്റെ രണ്ടു കോപ്പിയുണ്ടെങ്കില്‍ അത് ഒരോ ഭാഗവും മുറിച്ചു വെയ്ക്കുക. ഇല്ലെങ്കില്‍ ഒരു വെളള കടലാസില്‍ ചിത്രം ട്രേസ് ചെയ്ത് അത് ഓരോ ഭാഗങ്ങളായി മുറിക്കുക. ഒറിജിനല്‍ ചിത്രത്തിലും മുറിച്ച ഭാഗങ്ങളിലും നമ്പര്‍ ഇട്ട് വെയ്ക്കുന്നത് നന്നായിരിക്കും. പിന്നീട് ഏതു ഭാഗത്താണ് വരിക എന്ന ചിന്താകുഴപ്പം ഉണ്ടാവില്ല.
ഇനി തടിചുരുള്‍ ഓരോന്നായി ഇസ്തിരിയിട്ട് നിവര്‍ത്തിയെടുക്കണം.
അതിനു ശേഷം മുറിച്ചു വെച്ചിരിക്കുന്ന കടലാസിനു പുറമേ ഫെവിക്കോള്‍ പുരട്ടി ചുരുള്‍ അതില്‍ ഒട്ടിച്ചെടുക്കണം. കടലാസിന്റെ അതേ അളവില്‍ തന്നെ ഒട്ടിക്കണമെന്നില്ല. എന്നാല്‍ കടലാസ് ഒട്ടും വെളിയില്‍ കാണാത്ത വിധത്തില്‍ വേണം ഒട്ടിക്കാന്‍.
ഇനി അതിന്റെ പുറകു വശത്തെ കടലാസിന്റെ ആകൃതിയില്‍ ചുരുള്‍ മുറിച്ചെടുക്കാം. എളുപ്പത്തിനു വേണ്ടിയാണ് ഈ കടലാസ് പ്രയോഗം.
താഴെ അതിന്റെ മറുവശം.
എല്ലാ ഭാഗവും പൂര്‍ത്തിയായ ശേഷം തുണിയുടെ പുറത്ത് ചിത്രം കാര്‍ബണ്‍ ഉപയോഗിച്ച് പകര്‍ത്തുക.
ഇനി അതിന്റെ മുകളിലായി ഓരോ ഭാഗങ്ങളില്‍ ചുരുള്‍ ഒട്ടിച്ചു തുടങ്ങാം.
ഇതാ ചിത്രം പൂര്‍ത്തിയായ ശേഷം.
ലാന്റ്‌സ്ക്കേപ്പ് മാതിരിയും നിറവ്യത്യാസമുള്ള ചുരുളുകളുപയോഗിച്ച് ചെയ്യാന്‍ സാധിക്കും. എനിക്കത്രയും മെനക്കെടാന്‍ മടിയാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ചിത്രം ഇത്തരത്തില്‍ പരീക്ഷിച്ചു നോക്കൂ.
മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ക്കായി പഴയ ക്രാഫ്റ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍
പഞ്ഞപുല്ല് കൊണ്ടൊരു ചിത്രം
സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ്
ഗ്ലാസ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട്
ടിഷ്യൂപേപ്പര്‍ കൊണ്ടൊരു പൂവ്