Friday, November 13, 2009

ഒരു ബ്ലോഗ് കൂടി

ചിത്രങ്ങൾക്കായി മാത്രം ഒരു ബ്ലോഗ് കൂടി തുടങ്ങിക്കളയാമെന്നു തീരുമാനിച്ചു. ഈ ബ്ലോഗിൽ ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന ടെബ്ലേറ്റാക്കിയാൽ ആകെ കുളമാകും. അതാണ് കാരണം. ചുമ്മായെടുക്കുന്ന ചിത്രങ്ങളൊക്കെ കൊണ്ടുപോയി തട്ടാനൊരിടം അതാണ് ചിത്രക്കളരി. വല്യപ്രതീക്ഷയൊന്നും വേണ്ടാ.

ഈ പേരിൽ മറ്റേതെങ്കിലും ബ്ലോഗ് നിലവിലുണ്ടെങ്കിൽ ദയവായി അറിയിക്കണേ.

അപ്പോ ശരി
വീണ്ടും പാർക്കലാം.

Monday, November 2, 2009

കോൺ‌ട്രാസ്റ്റ്



Thursday, May 14, 2009

വീണ്ടും ചിത്രസൽഭം!

സഞ്ജീവയ്യാ പാർക്കിൽ ബട്ടർഫ്ല സ്റ്റഡിക്ക് പോയ വിശേഷങ്ങൾ കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നല്ലോ. അന്ന് കിട്ടിയ ഒരു ചിത്രശലഭത്തിന്റെ ഫോട്ടോ കണ്ട് ഫ്ലിക്കറിൽ കൂടെ പരിചയപ്പെട്ട ഒരു കൂട്ടുകാരിക്ക് അവിടെ പോവാൻ ഒരു ആഗ്രഹം. അങ്ങനെ മെയ് ഒന്നിന് വെളുപ്പിനെ 6 മണിക്ക് അവിടെ രണ്ടാളും ഹാജരായി. അവിടെ നിന്നും കിട്ടിയ ചില ശലഭങ്ങൾ ഇതാ...

Common Crow butterfly






Striped Tiger (Danaus genutia)

അവിടെ നേഴ്സറിയിൽ ചിത്രശലഭങ്ങളെ ആകർഷിക്കാനായി പ്രത്യേകം ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്. അതിലാണ് താഴത്തെ ചിത്രത്തിലെ ശലഭം ഇരിക്കുന്നത്. Heliotropium indicum എന്നാണ് ചെടിയുടെ പേര്. നാട്ടിൽ കാട്ടുപറമ്പിൽ ഈ ചെടി കണ്ടിട്ടുണ്ടോന്ന് സംശയമുണ്ട്. മലയാളത്തിൽ തീകട എന്നാണ് പേര് കണ്ടത്. ഇതിൽ ചുറ്റിപ്പറ്റി അവിടെ നേഴ്സറിയിൽ ധാരാളം ശലഭങ്ങൾ ഉണ്ടായിരുന്നു.




Danaid eggfly male






അപ്പോൾ വീണ്ടും പാർക്കലാം. തൽക്കാലത്തേക്ക് വിട!

Tuesday, April 28, 2009

ബട്ടർഫ്ലൈ സ്റ്റഡി

കഴിഞ്ഞ ഞായറാഴ്ച ഹൈദ്രാബാദിലെ ബട്ടർഫ്ലൈ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവയ്യാ പാർക്കിൽ നടന്ന ബട്ടർഫ്ലൈ സ്റ്റഡിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മൊത്തത്തിൽ 30 പേരോളം സംഘത്തിലുണ്ടായിരുന്നു. സംഘാംഗങ്ങളെല്ലാം കൂടി ചിത്രശലഭങ്ങളെ കണ്ടു പഠിക്കാൻ പാർക്കിന്റെ ഒരറ്റത്തൂന്ന് യാത്ര തുടങ്ങി. ഞാൻ ആദ്യമായായിരുന്നു ഈ പാർക്കിൽ വരുന്നത്. ഇത്തിരി നടന്നപ്പോ ഒരു ഗുൽ‌മോഹറിനടുത്തായി നമ്മുടെ കണിക്കൊന്ന അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നു. വിഷുവിനു മുന്നേയായി ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിൽ ഒരു കണിക്കൊന്ന മരം പൂത്തു നിൽക്കുന്നത് കണ്ടിരുന്നു. പടം എടുക്കാനായി അടുത്ത ദിവസം ക്യാമറയും താങ്ങി അവിടെ ചെന്നപ്പോ ബാറ്ററി കാലി. അതു കൊണ്ട് ഈ അവസരം വിട്ടുകളയരുതെന്നു കരുതി ആദ്യം തന്നെ കണിക്കൊന്ന ചിത്രം പെട്ടിയിലാക്കി.


ആ സമയം കൊണ്ട് സംഘത്തിലെ എല്ലാവരും വളരെ മുന്നേയായി പോയി. അവരുടെ പുറകേ വെച്ചു പിടിക്കുന്നതിനിടയിലാണ് ഇദ്ദേഹമിങ്ങനെ ആരുടെയും ശ്രദ്ധയിൽ പെടാതെ കാറ്റും കൊണ്ടിരിക്കുന്നത് കണ്ടത്.
അടുത്തു ചെന്നിട്ടും യാതൊരു കൂസലുമില്ല.


നല്ല കാറ്റ് അതിരിക്കുന്നിടത്തേക്ക് ഹുസൈൻ‌സാഗർ തടാകത്തിൽ നിന്നും വീശുന്നതു കാരണം ആൾക്ക് ചിറക് തുറക്കാൻ വല്ലാത്ത മടിയായിരുന്നു. കാറ്റിത്തിരി കുറയുമ്പോ ലേശമൊന്നു തുറക്കും. വീണ്ടും അടച്ചിരിപ്പാവും.

എന്റെ കൂടെ ഹിന്ദുപത്രത്തിലെ നഗരഗോപാൽ (അതോ നാഗരഗോപാൽ എന്നായിരുന്നോ ആവോ? എന്തായാലും ഗോപാലുണ്ടെന്ന് ഉറപ്പാണ്. എന്തരേലുമാവട്ടല്ലേ) എന്ന ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞിട്ടും ശലഭത്തിന് അനക്കമില്ലാതായപ്പോ രണ്ടാൾക്കും സംശയമായി.ഇനി ഇതിനു സുഖമില്ലേ എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തോണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എവിടുന്നോ മറ്റൊരു ചിത്രശലഭം വന്നതും ഇത് അതിന്റെ പുറകെ ചുറ്റിചുറ്റി ഒറ്റ പറക്കൽ!


ഇതിന്റെ പേര് പ്ലെയിൻ ടൈഗർ. ആഫ്രിക്കൻ മനാർക്ക് എന്നും ഇവനു പേരുണ്ട്.
Scientific Name - Danaus chrysippus. വിക്കിയിൽ കൂടുതൽ വിവരങ്ങൾ വായിക്കാം.
മലയാളം പേര് അറിയില്ല.

ചിത്രശലഭത്തിന്റെ പടമൊക്കെ പിടിച്ചു നിവർന്നപ്പോ സംഘാംഗങ്ങളുടെയും കൂടെ വന്ന ഭർത്താവിന്റെയും പൊടിപോലുമില്ല കണ്ടുപിടിക്കാൻ. പിന്നെ സ്വന്തമായി തന്നെ സ്റ്റഡി നടത്തി കളയാമെന്നു കരുതി നടപ്പു തുടർന്നു. ചെറിയതരം പരുന്താണെന്നാണ് ഈ പക്ഷിയെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത്. പക്ഷേ കൊക്കു പരുന്തിന്റെ പോലെയല്ല.
ഈ പക്ഷിയുടെ പേരെന്താന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവു ചെയ്‌തു പറഞ്ഞു തന്നാൽ ഉപകാരമായേനേ.

Update (29/04/09) :- ഇത് Common Hawk-Cuckoo(Hierococcyx varius
) Brain Fever Bird എന്ന പേരിലും ഇത് അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വിക്കിയിൽ.



പക്ഷിയുടെ പുറകെ നടന്നു കൊണ്ടിരിക്കുന്നതിനിടെ പാർക്കിൽ നാഗലിംഗമരം കണ്ടൂന്നും പറഞ്ഞ് സതീശേട്ടൻ(ആരോ എന്നെ മുൻപത്തെ ഒരു പോസ്റ്റിൽ സതീഷ് എന്നു എഴുതിയതിനു ഗുണദോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയ്‌ക്ക് “ഏട്ടൻ’ ചേർത്തിട്ടുണ്ടേയ്) വിളിച്ചു. പിന്നെ അതും തപ്പി നടപ്പായി. അവസാനം അതും കണ്ടുപിടിച്ചു. അങ്ങനെ വരിവരിയായി നിൽക്കയല്ലേ ചുള്ളന്മാർ/ത്തികൾ!


ഹൈദ്രാബാദ് നഗരഹൃദയത്തിൽ ഇവരിങ്ങനെ നിരനിരയായി നിന്നിട്ട് അതറിയാതെ നമ്മൾ മഹാനന്ദി വരെ പ്രെട്രോളും കത്തിച്ചുപോയി അപൂർവ്വസുന്ദരപുസ്പം എന്നൊക്കെ പറഞ്ഞ് പണ്ട് പോസ്റ്റിട്ടത്.

ഒരു മരത്തിനു മാത്രം മറ്റെല്ലാത്തിൽ നിന്നും ഒരു പ്രത്യേകത കണ്ടു. മറ്റെല്ലാം കരിം‌പച്ചനിറത്തിൽ വലിയ ഇലകളുമായ് നിൽക്കുന്നു. അതിനിടയിൽ ഒരെണ്ണത്തിൽ മാത്രം ഇലകൾ ഇളം‌പച്ചയിലും നീളത്തിലും നിൽക്കുന്നു. ഇനി ഇലകൊഴിഞ്ഞ് പുതിയത് വന്നതാണോന്ന് അറിയില്ല അങ്ങനെ. താഴത്തെ ഫോട്ടോയിൽ ഇടതു വശത്ത്.



പൂവ് ഇതാ




ബട്ടർഫ്ലൈ സ്റ്റഡിക്കാരൊക്കെ സ്റ്റഡിയും നടത്തി വീട്ടിൽ പോവാറായെന്നു ഫോണിലൂടെയറിഞ്ഞതു കൊണ്ടും ഒറ്റയ്‌ക്കായതിന്റെ വെപ്രാളം കൊണ്ടു അധികം സമയം കളയാതെ തിരികെ തുടങ്ങിയ സ്ഥലത്തേക്ക് തിരികെയെത്തി വീട്ടിൽ പോന്നു. കായുള്ള മരവും അവിടെയുണ്ടായിരുന്നൂന്ന് വീട്ടിലെത്തി കഴിഞ്ഞാണ് അറിഞ്ഞത്. അടുത്ത പ്രാവശ്യമാവട്ടെ അതു പെട്ടിയിലാക്കണം.



സ്റ്റഡിക്കാരുടെ കൂടെ ഫോട്ടോയെടുക്കാൻ പോയവരിൽ രണ്ടാൾക്കൊഴികെ ആർക്കും ഒരു ബട്ടർഫ്ലൈ ഫോട്ടോ പോലും കിട്ടിയില്ലെന്നുള്ളതാണ് ഏറ്റവും രസം (ഇപ്പോ ശലഭങ്ങളുടെ സീസണുമല്ല അതു കൂടാതെ ഒത്തിരി പേർ സംഘത്തിലുണ്ടായിരുന്നതിനാൽ അവരുടെ ഒച്ചയും ബഹളത്തിലും ശലഭങ്ങൾ ജീവനും കൊണ്ടോടി എന്നാണ് എനിക്ക് പിന്നീട് കിട്ടിയ റിപ്പോർട്ട്). ഇനി മുതൽ ഫോട്ടൊയെടുക്കാമെന്നു പ്രതീക്ഷിച്ച് ഒരു സ്റ്റഡിഗ്രൂപ്പുകാരുടെയും കൂടെ പോവരുതെന്ന് എനിക്ക് മനസ്സിലായി. ചിത്രശലഭങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണെങ്കിൽ ഇത്തരം യാത്രകൾ നന്ന്.

Monday, March 9, 2009

ഹല ഹലോ മൈക്ക് ടെസ്റ്റിംഗ്...


എന്റെ പുതിയ ക്യാമറ കൊണ്ടൊരു ടെസ്റ്റ് ഷോട്ട്.


അപ്‌ഡേറ്റ് (മാർച്ച് 10) - ക്യാമറ - Canon EOS Digital Rebel XTi/EOS 400D.

ലെൻസ് തൽക്കാലം ഒന്നേയുള്ളൂ.
Sigma DG 28-300mm 1:3.5-6.3 Macro

ഈ പടം അത്ര മെച്ചമല്ല എന്നു മനസ്സിലായി.
ക്യാമറയിലും ലെൻസിലും എവിടൊക്കെ തിരിക്കണം എവിടൊക്കെ ഞെക്കണം എന്നൊക്കെ പഠിച്ചു വരണതേയുള്ളൂ. ആക്രാന്തം മൂത്ത് ആദ്യമെടുത്തത് എടുത്ത് ബ്ലോഗിലിട്ടെന്നേയുള്ളൂ.

മെച്ചപ്പെടുമായിരിക്കും അല്ലേ. ഹാ ശ്രമിച്ചു നോക്കട്ടേ.

Saturday, March 7, 2009

ഇടത്താവളം




Life is a journey, not a destination.

Wednesday, February 4, 2009

പഴുത്ത മുളക് അച്ചാർ


ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം ഇവിടെ മാർക്കറ്റിൽ കാണാറുള്ള ചുവന്നമുളകാണിത്. ഓരോ വർഷവും കാണാറുണ്ടായിരുന്നെങ്കിലും ഇത് എന്തിനാ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ വർഷമാണ് പഠിച്ചത്. മുളകുബജിക്ക് ഉപയോഗിക്കുന്ന മുളകിലും നീളമുണ്ടിതിന് അതോ അതേ വെറൈറ്റി തന്നയോ ഇതെന്നറിയില്ല. എന്തായാലും എരിവു കുറവും മാംസം കൂടുതലുമുള്ള തരമാണ്. കഴിഞ്ഞവർഷം പരീക്ഷണാർത്ഥം ഉണ്ടാക്കി നോക്കി. വിചാരിച്ചതിലും വേഗത്തിൽ കുപ്പി കാലിയായി. അടുത്ത ബാച്ച് ഉണ്ടാക്കി ഫോട്ടോസ് എടുത്ത് ബ്ലോഗിലും ഇടാമെന്നു കരുതി പക്ഷേ അപ്പഴേക്കും മുളകിന്റെ സീസൺ കഴിഞ്ഞുപോയിരുന്നു. അതിനാൽ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു ഈ പോസ്റ്റ് തയ്യാറാക്കാൻ.

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറാണിത്. തെലുങ്കിൽ ഇതിനു “പണ്ടു മിരുപ്പക്കായ് പച്ചടി”യെന്നു പറയും.
ഇതിന് ആവശ്യമുള്ള സാധനങ്ങൾ

ചുവന്നമുളക് - 1 കിലോ
ഉപ്പ് - 1/4 കിലോ (പൊടിയുപ്പോ കല്ലുപ്പോ ഉപയോഗിക്കാം).
വാളൻ‌പുളി - 1/4 മുതൽ 1/2 കിലോ വരെ (എരിവു തീരെകുറവും പുളി കൂടുതലും വേണ്ടവർ 1/2 കിലോ ഉപയോഗിക്കാം. അല്ലെങ്കിൽ ആദ്യമുണ്ടാക്കുമ്പോൾ 1/4 കിലോ പുളിയിൽ ഉണ്ടാക്കി നോക്കിയിട്ട് പോരായെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർക്കാം). ഇവിടെ ഞങ്ങൾക്ക് കിട്ടുന്ന വാളൻപുളി നാട്ടിൽ കിട്ടുന്നതുമായി കുറച്ചു വ്യത്യാസമുണ്ട്.

മുളക് ഞെട്ടു കളയാതെ തന്നെ വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. അതിനു ശേഷം നന്നായി തുടച്ച് ഞെട്ടും കളഞ്ഞ് ഫാനിന്റെ കീഴിൽ 1-2 മണിക്കൂർ ഉണക്കിയെടുക്കുക.



മുളകും കല്ലുപ്പും കൂടി മിക്സിയിൽ ചതച്ചെടുക്കുക. നല്ലതു പോലെ അരച്ചെടുക്കേണ്ട ആവശ്യമില്ല.

എന്നിട്ട് ഒരു കുപ്പിയിലോ ഭരണിയിലോ മുളകും വാളൻപുളിയും ഇടവിട്ട് ഇടവിട്ട് നിറച്ചു കാറ്റു കയറാത്തവിധത്തിൽ അടച്ചു സൂക്ഷിക്കുക.ഇത് മാസങ്ങളോളം കേടുകൂടാതിരിക്കും. 4-5 ദിവസമാകുമ്പോൾ അതിൽ നിന്ന് ഒരാഴ്‌ചത്തേക്ക് ഉപയോഗിക്കാൻ വേണ്ട അളവിൽ മുളകെടുത്ത് മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക. ഇനിയിതിൽ കടുകു വറുത്തൊഴിക്കണം.


തെലുങ്കരുടെ രീതിയിൽ കടുകുവറുത്തൊഴിച്ചാൽ അതിനു പ്രത്യേകരുചി തന്നെയാണ്. അതിനാവശ്യമുള്ള സംഗതികൾ കടുക്, ജീരകം, കടലപരിപ്പ്, കറിവേപ്പില, കായം. വേണമെങ്കിൽ ഉഴുന്നുപരിപ്പും ചേർക്കാം. എല്ലാം മൂത്ത് ബൗൺ നിറമാവുമ്പോ വാങ്ങി മുളകരച്ചതിൽ ചേർത്ത് ഉപയോഗിക്കാം.എണ്ണ ലേശം കൂടുതൽ ചേർക്കേണ്ടി വരും. അച്ചാറിനു ആ‍ദ്യം ലേശം എരിവു തോന്നുമെങ്കിലും ഇരിക്കും തോറും എരിവു കുറഞ്ഞു വരും.


ഇനിയിപ്പോ കേരളാസ്റ്റൈലിൽ കപ്പയുടെ കൂടെ കൂട്ടാനാണെങ്കിൽ മുളകിൽ കടുകുവറുക്കാതെ, ഉള്ളിചതച്ചതും വെളിച്ചെണ്ണയും ചേർത്തിളക്കി പരീക്ഷിച്ചു നോക്കാം.


ഫ്രിഡ്ജിൽ വെച്ച മുളകുപയോഗിച്ച് അച്ചാറിട്ടാൽ കേടായി പോവാൻ സാധ്യതയുണ്ട്. അതിനാൽ വാങ്ങികൊണ്ടു വന്നു എത്രയും പെട്ടെന്നു ഉണ്ടാക്കിയാൽ അത്രയും നന്ന്.

സമർപ്പണം:- ഇതു പറഞ്ഞുതന്ന പാചകരത്നം സുധാഭാഭിക്ക്.

പ്രത്യേക‌അറിയിപ്പ്:- ഞാനുപയോഗിച്ച മുളകല്ലാതെ ഏരിവു കൂടിയ വല്ല മുളകും കൊണ്ടുണ്ടാക്കി കഴിച്ച് ബാത്ത്‌റൂമിൽ തപസ്സിരിക്കേണ്ടി വന്നാൽ അതിനു ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.