Showing posts with label കരകൌശലം. Show all posts
Showing posts with label കരകൌശലം. Show all posts

Thursday, June 26, 2008

തടിചുരുളില്‍ ഒരു ചിത്രം (കരകൌശലം)


മുകളില്‍ കാണുന്നതു പോലൊരു ചിത്രം ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍

1.ഒരു ചിത്രം.

2.കറുത്തതോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഇരുണ്ട നിറത്തിലെ വെല്‍‌വെറ്റ് തുണി അല്ലെങ്കില്‍ സാധാരണ തുണി.
പിന്നെ ഒരു കാര്‍ഡ് ബോര്‍ഡ് ചിത്രത്തിന്റെ അളവില്‍ മുറച്ചതില്‍ തുണി ചുറ്റി പുറകില്‍ പശ വെച്ച് ഒട്ടിക്കുക. കാര്‍ഡ് ബോര്‍ഡില്ലാത്തതു കൊണ്ട് ഞാന്‍ വെല്‍‌വെറ്റ് തുണിയുടെ പുറത്താണ് ഇത് ഉണ്ടാക്കുന്നത്. എന്റെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് പച്ചനിറത്തിലെയാണ് വെല്‍‌വെറ്റാണ്. അതു കൊണ്ട് അതു ഉപയോഗിക്കുന്നു.

3.അടുത്തതായി വേണ്ടത് തടി ചിന്തേരിടുമ്പോള്‍ കിട്ടുന്ന തടിചുരുള്‍. വീട്ടില്‍ ആശാരിപണി എന്തെങ്കിലും ചെയ്യുമ്പോ അതില്‍ നിന്നും നല്ല നിറത്തിലും നീളത്തിലുമുള്ള ചുരുളുകളെടുത്ത് സൂക്ഷിച്ചു വെച്ചിരുന്നാല്‍ മതി. എന്നെ പോലെ കേരളത്തിനു വെളിയില്‍ താമസിക്കുന്നവര്‍ക്ക് ചില സമയം ഇത് കിട്ടാന്‍ ഇത്തിരി പ്രയാസപ്പെടേണ്ടി വരും. എന്റെ അനുഭവത്തില്‍ തടിപണി ചെയ്യുന്നവരോട് മര്യാദയ്ക്ക് ചോദിച്ചാല്‍ അവര്‍ സന്തോഷത്തോടെ തരാറാണ് പതിവ്. പിന്നെ വഴിയെ പോവുന്നവര് “കണ്ടാ പറയൂല്ലാ തീ കത്തിക്കാന്‍ വിറകു പോലുമില്ലാത്ത വീട്ടിലെയാണെന്ന് ” എന്ന ഭാവത്തിലൊക്കെ നോക്കിയെന്നു വരും. അതൊന്നും മൈന്‍ഡ് ചെയ്യാണ്ട് വാരി കൊണ്ട് വീട്ടില്‍ വന്നിട്ട് നല്ലത് നോക്കി തിരഞ്ഞെടുക്കുക.

4. ഒരു കത്രിക

5. ഫെവിക്കോള്‍

6. ഒരു ഷീറ്റ് വെള്ളകടലാസ് അല്ലെങ്കില്‍ ചിത്രത്തിന്റെ ഒരു കോപ്പി കൂടി.

ഇത്രയുമാണ് വേണ്ടത്.


ചിത്രത്തിന്റെ രണ്ടു കോപ്പിയുണ്ടെങ്കില്‍ അത് ഒരോ ഭാഗവും മുറിച്ചു വെയ്ക്കുക. ഇല്ലെങ്കില്‍ ഒരു വെളള കടലാസില്‍ ചിത്രം ട്രേസ് ചെയ്ത് അത് ഓരോ ഭാഗങ്ങളായി മുറിക്കുക. ഒറിജിനല്‍ ചിത്രത്തിലും മുറിച്ച ഭാഗങ്ങളിലും നമ്പര്‍ ഇട്ട് വെയ്ക്കുന്നത് നന്നായിരിക്കും. പിന്നീട് ഏതു ഭാഗത്താണ് വരിക എന്ന ചിന്താകുഴപ്പം ഉണ്ടാവില്ല.

ഇനി തടിചുരുള്‍ ഓരോന്നായി ഇസ്തിരിയിട്ട് നിവര്‍ത്തിയെടുക്കണം.

അതിനു ശേഷം മുറിച്ചു വെച്ചിരിക്കുന്ന കടലാസിനു പുറമേ ഫെവിക്കോള്‍ പുരട്ടി ചുരുള്‍ അതില്‍ ഒട്ടിച്ചെടുക്കണം. കടലാസിന്റെ അതേ അളവില്‍ തന്നെ ഒട്ടിക്കണമെന്നില്ല. എന്നാല്‍ കടലാസ് ഒട്ടും വെളിയില്‍ കാണാത്ത വിധത്തില്‍ വേണം ഒട്ടിക്കാന്‍.



ഇനി അതിന്റെ പുറകു വശത്തെ കടലാസിന്റെ ആകൃതിയില്‍ ചുരുള്‍ മുറിച്ചെടുക്കാം. എളുപ്പത്തിനു വേണ്ടിയാണ് ഈ കടലാസ് പ്രയോഗം.

താഴെ അതിന്റെ മറുവശം.

എല്ലാ ഭാഗവും പൂര്‍ത്തിയായ ശേഷം തുണിയുടെ പുറത്ത് ചിത്രം കാര്‍ബണ്‍ ഉപയോഗിച്ച് പകര്‍ത്തുക.

ഇനി അതിന്റെ മുകളിലായി ഓരോ ഭാഗങ്ങളില്‍ ചുരുള്‍ ഒട്ടിച്ചു തുടങ്ങാം.

ഇതാ ചിത്രം പൂര്‍ത്തിയായ ശേഷം.



ലാന്റ്‌സ്ക്കേപ്പ് മാതിരിയും നിറവ്യത്യാസമുള്ള ചുരുളുകളുപയോഗിച്ച് ചെയ്യാന്‍ സാധിക്കും. എനിക്കത്രയും മെനക്കെടാന്‍ മടിയാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ചിത്രം ഇത്തരത്തില്‍ പരീക്ഷിച്ചു നോക്കൂ.


മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ക്കായി പഴയ ക്രാഫ്റ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍

പഞ്ഞപുല്ല് കൊണ്ടൊരു ചിത്രം


സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ്

ഗ്ലാസ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട്

ടിഷ്യൂപേപ്പര്‍ കൊണ്ടൊരു പൂവ്

Monday, October 22, 2007

സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ് (കരകൌശലം)

സ്റ്റഫ്ഡ് ടോയിസ് ഉണ്ടാക്കാന്‍ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരു തുടക്കം തരാന്‍ വേണ്ടിയാണീ പോസ്റ്റ്.


ഫര്‍ തുണിയില്‍ ഒരു കുഞ്ഞു കോഴിക്കുഞ്ഞിനെ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.


1. കോഴിക്കുഞ്ഞിന്റെ പാറ്റേണ്‍ കട്ടി കടലാസില്‍ വെട്ടിയെടുത്തത്.(ഇവിടെ നിന്നും pdf ഡൌണ്‍ലോഡ് ചെയ്യാം.)

2. മഞ്ഞ ഷോര്‍ട്ട്ഫര്‍ തുണി
3. ചുവപ്പു വെല്‍‌വെറ്റ് തുണി
4. കറുപ്പ് വെല്‍‌വെറ്റ് തുണി
5. സിന്തെറ്റിക്ക് കോട്ടണ്‍(സ്റ്റഫിങ്ങിന്)
6. കത്രിക
7. നൂല്‍
8. ഫെവി ക്യുക്ക് & ഫെവി ഫിക്സ് പോലെ വീര്യം കൂടിയ പശ
9. സൂചി
10.സ്കെച്ച് പെന്‍ അല്ലെങ്കില്‍ ബോള്‍ പെന്‍




ആദ്യമേ മഞ്ഞഷോര്‍ട്ട്ഫറിന്റെ മറുവശത്ത് സൈഡ് ബോഡിയുടെ പാറ്റേണ്‍ വെച്ചു ചുറ്റും പേനകൊണ്ടു വരയ്ക്കുക.ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോഴും പാറ്റേണ്‍ വരയ്ക്കുമ്പോള്‍ തുണിയിലെ ഡൈറക്ഷനും പാറ്റേണിന്റെ ഡൈറക്ഷനും സമാന്തരമായിരിക്കണം. അതിനെ കുറിച്ച് കൂടുതല്‍ ഇവിടെയുണ്ട്.

ഇനി സൈഡ് ബോഡിയുടെ പാറ്റേണ്‍ തിരിച്ചു വെച്ച് ഒരെണ്ണം കൂടി വരയ്ക്കുക.

ഇനി അണ്ടര്‍ ബോഡി ഒരെണ്ണം. വിങ്ങ്സ് പാറ്റേണ്‍ രണ്ടെണ്ണം വരയ്ക്കുക.കഴിവതും തുണി ലാഭിക്കാന്‍ കഴിയുന്ന രീതിയില്‍ പാറ്റേണ്‍ വരച്ചെടുക്കുക. എന്നാല്‍ ഡൈറക്ഷന്‍ മാറി പോവുകയുമരുത്.

ചുവപ്പ് വെല്‍‌വെറ്റ് തുണിയില്‍ ചുണ്ടിന്റെ (beak)പാറ്റേണും കൂടി വരച്ച് മുറിച്ചെടുക്കുക.

മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാന്‍ ഇവിടെ നോക്കുക.

ഇനി അണ്ടര്‍ബോഡിയിലെ ‘എ’യും സൈഡ് ബോഡിയിലെ ‘എ’യും തമ്മില്‍ യോജിപ്പിച്ച് കെട്ടുകളിടുക. ഇനി അതേ പോലെ ബി യും ബി യുമായും യോജിപ്പിക്കുക. അങ്ങേയറ്റവും ഇങ്ങേയറ്റവും നടുക്കും ഓരോ കെട്ടുകളിടുകയാണെങ്കില്‍ തയ്ക്കുമ്പോള്‍ വളരെ എളുപ്പമായിരിക്കും.
എ മുതല്‍ ബി വരെ തയ്ക്കുക.

അതിനു ശേഷം സൈഡ് ബോഡിയുടെ രണ്ടാമത്തെ കഷ്ണവും അപ്പര്‍ ബോഡിയുമായി മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ യോജിപ്പിച്ച തയ്ക്കുക.

ഇനി സൈഡ് ബോഡി പരസ്പരം യോജിക്കുന്ന രീതിയില്‍ സൈഡ് ബോഡിയിലെ എ മുതല്‍ ബി വരെ തയ്ക്കുക.
ഇപ്പോള്‍ എല്ലാഭാഗവും തയ്യലാല്‍ മൂടപ്പെട്ടു കഴിഞ്ഞു. അണ്ടര്‍ ബോഡിയില്‍ നടുക്ക് സ്ലിറ്റ് എന്നെഴുതി വരച്ചിരിക്കുന്ന അത്രയും ഭാഗം കത്രിക കൊണ്ട് മുറിക്കുക. ആ ദ്വാരത്തില്‍ കൂടി ഫറിന്റെ നല്ല ഭാഗം മുകളില്‍ വരുന്ന രീതിയില്‍ തിരിച്ചെടുക്കുക.


ഇനി താഴെയുള്ള ദ്വാരത്തില്‍ കൂടി കോട്ടണ്‍ നിറയ്ക്കുക. നന്നായി നിറച്ച ശേഷം ആ ദ്വാരം തയ്ച്ചു അടയ്ക്കുക.

ഇനി ചിറകുകള്‍ കഴുത്തിനു ഇരുഭാഗവും വരത്തക്കവണ്ണം മുകളിലെ ചിത്രത്തിലെ മാതിരി തയ്ച്ചു ചേര്‍ക്കുക.

ഇനി ചുവപ്പു തുണിയില്‍ മുറിച്ചു വെച്ചിരിക്കുന്ന ചുണ്ടിന്റെ പാറ്റേണ്‍ രണ്ടായി മടക്കി നടുഭാഗത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും അതേ നിറത്തിലെ നൂലു കൊണ്ട് മുന്‍ഭാഗത്ത് തയ്ച്ചു വെയ്ക്കുക. ഈ ചിത്രത്തിലെ പോലെ ചുണ്ട് വിടര്‍ന്നിരിക്കണം.

ഇനി കറുപ്പ് വെല്‍‌വെറ്റ് തുണിയില്‍ രണ്ടു വളരെ ചെറിയ വ്യത്തങ്ങള്‍ മുറിച്ചെടുത്ത് കണ്ണിന്റെ സ്ഥാനത്ത് പശ തേച്ച് ഒട്ടിക്കുക.


കോഴിക്കുഞ്ഞിതാ സുന്ദരക്കുട്ടപ്പനായി കഴിഞ്ഞു. സ്വന്തമായി ഇതുപോലെ മൂന്നാലെണ്ണമുണ്ടാക്കി ചെറിയൊരു ചൂരല്‍കൊട്ടയില്‍ വെച്ച് പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് കൊടുത്തു നോക്കൂ.

ഇതില്‍ എതെങ്കിലും ഭാഗത്തു സംശയമുണ്ടെങ്കില്‍ കമന്റിട്ടാല്‍ മതി ഞാന്‍ വിശദീകരിച്ചു തരാം.

ഫര്‍ ഒരു പരിചയപ്പെടല്‍

സ്റ്റഫ്ഡ് റ്റോയ്സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫര്‍(mohair) തുണിയെ കുറിച്ചും അതു എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും എനിക്കറിവുളളത് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ ഒരു ശ്രമം.

രോമത്തിന്റെ നീളമനുസരിച്ച് ഫര്‍ പല പേരില്‍ അറിയപ്പെടുന്നു.

ഇടത്തു നിന്നും വലത്തോട്ട് ലോങ്ങ് ഫര്‍, മീഡിയം ഫര്‍, മീഡിയത്തിനും ഷോര്‍ട്ടിനുമിടയിലുള്ള ഫര്‍, ഷോര്‍ട്ട് ഫര്‍
മുകളില്‍ അതിന്റെയെല്ലാം മറുപുറം.

ഇനി ഫറിന്റെ ഡൈറക്ഷണ്‍ കണ്ടുപിടിക്കാന്‍ തുണി വിരിച്ചിട്ട് മുകളില്‍ കൂടി കയ്യോടിക്കുക. താഴേയ്ക്ക് മിനുസമായി രോമം വരുന്ന ദിശ ഫറിന്റെ മറുഭാഗത്ത് അടയാളപ്പെടുത്തുക. ഒരിക്കലും നല്ല വശത്ത് അടയാളപ്പെടുത്തരുത്.

ഇത് ആ തുണിയുടെ മറുപുറം ഇവിടെ അടയാളപ്പെടുത്തുക.



മിക്ക പാറ്റേണിലും ഇതേ പോലെ ദിശ അടയാളപ്പെടുത്തിയിട്ടുണ്ടാവും അതും ഈ തുണിയിലെ ദിശയും സമാന്തരമായി വരുന്നവിധം വെച്ചു വേണം പാറ്റേണ്‍ അടയാളപ്പെടുത്തി മുറിക്കാന്‍.

ഇനി മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ഒരിക്കലും ഫര്‍ ഇതേപോലെ കത്രിക വെച്ചു മുറിക്കരുത്. ഇങ്ങനെ മുറിച്ചാല്‍ രോമം മുറിഞ്ഞു പോവും.


അതൊഴിവാക്കാനായി കത്രിക രോമത്തിനിടയിലൂടെ കടത്തി വേണം മുറിക്കാന്‍. ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി നല്ല വശം മുകളില്‍ വരുന്ന വിധം കാണിച്ചെന്നേയുള്ളു. പക്ഷേ മുറിക്കുമ്പോള്‍ ചീത്തവശം മുകളില്‍ വരുന്ന രീതിയില്‍ വെച്ച് മുറിക്കുക.

കത്രിക രോമത്തിനിടയിലൂടെ കടത്തി മുറിച്ചാല്‍ ചിത്രത്തില്‍ ഇടതു വശത്തു കാണുന്നതു പോലെ രോമം ഒന്നും മുറിഞ്ഞു പോവാതെ കിട്ടും. എന്നാല്‍ രോമത്തിനു മുകളില്‍ കൂടി മുറിച്ചാല്‍ വലതു വശത്തേതു പോലെ രോമം മുറിഞ്ഞു പോവും.

ഫെറിനെ കുറിച്ച് ഒരു എകദേശ ധാരണ കിട്ടിയെന്നു കരുതുന്നു. ഇനി ഷോര്‍ട്ട് ഫെര്‍ കൊണ്ട് ഒരു കോഴിക്കുഞ്ഞിനെ എങ്ങനെയുണ്ടാക്കാം എന്നിവിടെ കാണാം.

Monday, September 24, 2007

പഞ്ഞപ്പുല്ല് കൊണ്ടൊരു ചിത്രം

വിനായകനിമ‍ജ്ജനത്തിന്റെ ഈയവസരത്തില്‍ എന്റെ വിനായക പൂജ ഒരു ചിത്രം ചെയ്തു കൊണ്ടാവട്ടെയെന്നു കരുതി.
അധികം ചിലവില്ലാത്തതും എന്നാല്‍ വളരെ എളുപ്പത്തിലും ഭംഗിയിലും ചെയ്യാന്‍ സാധിക്കുന്ന ഒരു പടമാണ് ഇവിടെ വിശദീകരിക്കാന്‍ പോണത്.

അതിനു ആവശ്യമുള്ള സാ‍ധനങ്ങള്‍ .

ഇവിടെ ഞാന്‍ എളുപ്പത്തിനു വേണ്ടി ഹാന്‍ഡ് മെയിഡ് പേപ്പറാണുപയോഗിച്ചിരിക്കുന്നത്. പ്ലേവുഡും ഉപയോഗിക്കാം. പേപ്പറുപയോഗിക്കുമ്പോള്‍ സാദാ പശ മതിയാവും. എന്നാല്‍ തടിയില്‍ ആണു ചെയ്യുന്നതെങ്കില്‍ ഫെവിക്കോള്‍ ഉപയോഗിക്കേണ്ടി വരും. പിന്നെ വേണ്ടതു പഞ്ഞപ്പുല്ല് അഥവാ റാഗിയാണ്. റാഗി തന്നെ വേണമെന്നില്ലാ പകരം കടുക്, മണ്ണ്, മറ്റെന്തെങ്കിലും ധാന്യങ്ങളിലെതെങ്കിലും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപയോഗിക്കാം.
പശ തേച്ചു പിടിപ്പിക്കാനായി ഒരു പഴയ ബ്രഷ് കൂടെ കരുതുക. കൈ ചീത്തയാവാതിരിക്കും.
ഇഷ്ടമുള്ള ഒരു പടവും അതു പകര്‍ത്താനായി ഒരു കാര്‍ബണ്‍ പേപ്പറും. പേപ്പര്‍ ഓറഞ്ചു നിറമായതിനാല്‍ ഞാനിവിടെ വെള്ള കാര്‍ബണാണ് ഉപയോഗിച്ചിരിക്കുന്നത്.


മഷി തീര്‍ന്ന ഒരു ബോള്‍ പെനോ പെന്‍സിലോ കൊണ്ട് ചിത്രം കാര്‍ബണുപയോഗിച്ച് പേപ്പറിലേയ്ക്ക് പകര്‍ത്തുക.

പിന്നീട് ഓരോ കള്ളികളിലായി പശ തേച്ചു പിടിപ്പിക്കുക. ഇവിടെ ഫെവിക്കോളാണ് തേച്ചത്. പക്ഷേ പേപ്പറില്‍ ഫെവിക്കോള്‍ തേക്കുമ്പോള്‍ അതു തേച്ച അത്രയും ഭാഗം ഉയര്‍ന്നു വരും.


ഇനി റാഗി പശ തേച്ചതിന്റെ മുകളില്‍ വിതറുക. കുറേയധികം വിതറണം.


എന്നിട്ട് പേപ്പര്‍ ചരിച്ച് പറ്റി പിടിക്കാത്തവ കൊട്ടി കളയുക.


റാഗി മുകളില്‍ വിതറുന്നതിനു പിശുക്കു കാണിച്ചാല്‍ ഒരേ പോലെ എല്ലായിടവും വരില്ല. ആ ഭാഗം തന്നെ രണ്ടാമതു ചെയ്താല്‍ ഭംഗി കുറയും ഒരേ നിരപ്പിലും കിട്ടില്ല.

അങ്ങനെ ഒരു കള്ളി പൂര്‍ത്തിയായി. വലിയ കള്ളിയാണെങ്കില്‍ ഒരു സമയം ഒരു കള്ളിയില്‍ പശ തേച്ച് റാഗി വിതറി ചെയ്യുക. ചെറിയ കള്ളികളാണെങ്കില്‍ മൂന്നാലെണ്ണം ഒരുമിച്ചു ചെയ്യാം. പശ ഉണങ്ങുന്നതിനു മുന്നേ റാഗി വിതറിയിരിക്കണം അത്രയും ഉള്ളൂ കാര്യം.


വിതറുക...കുടയുക


വിതറുക...കുടയുക


പശ തേയ്ക്കുക...വിതറുക


ഇനി അല്പം കൂടിയെ ബാക്കിയുള്ളൂ. എന്തെളുപ്പമാണെന്നു നോക്കൂ.


ഇതാ ചിത്രം പൂര്‍ണ്ണമായി കഴിഞ്ഞു.


എങ്ങനെയുണ്ട് നമ്മുടെ വിനായകന്റെ രൂപമാറ്റം. തടിയിലാണെങ്കില്‍ ചിത്രം പൂര്‍ത്തിയായ ശേഷം ക്ലിയര്‍ വാര്‍ണീഷ് അടിക്കുന്നതു നന്നായിരിക്കും. റാഗി കേടാവാതിരിക്കും.

ഇനിയിതു ഫ്രെയിം കൂടി ചെയ്താലോ?




നിങ്ങള്‍ക്ക് ഞാനുപയോഗിച്ച അതേ ചിത്രമോ അല്ലെങ്കില്‍ വേറെയെതെങ്കിലുമോ വേണമെങ്കില്‍ ഇവിടെ ഞെക്കിക്കോളൂ
ഇവിടെയും കുറച്ച് ചിത്രങ്ങളുണ്ട്.

അലീഫ് ജിയുടെ കമന്റും കൂടി ചേര്‍ത്തു വായിച്ചാലേ ഈ പോസ്റ്റ് പൂര്‍ണ്ണമാവൂ എന്നു തോന്നുന്നു. അതിനാല്‍ അതു കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.


മണല്‍ കൊണ്ട്‌ ചെയ്യുമ്പോള്‍ ചില സൂത്രപണികള്‍ ഒക്കെയുണ്ട്‌. സാധാരണ പശയേക്കാളും നല്ലത്‌ ഫെവിക്കോള്‍ MR ആണ്‌. അത്‌ കുറച്ച്‌ എടുത്ത്‌ വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ നല്ല ഫിനിഷ്‌ കിട്ടും. മണല്‍ ഒരിക്കലും കൈകൊണ്ട്‌ വിതറരുത്‌. പ്ലാസ്റ്റിക്‌ കൊണ്ടുള്ള ചായ അരിപ്പ്‌ കൊണ്ട്‌ മെല്ലെ അരിച്ചരിച്ച്‌ ഇടുക. ഇത്‌ അത്രവലിയ പടമൊന്നുമല്ലങ്കില്‍ ഒരുമിച്ച്‌ തന്നെ ചെയ്യാം, വെള്ളത്തില്‍ കലക്കിയിരിക്കുന്നതിനാല്‍ ഫെവിക്കോള്‍ പെട്ടന്ന് ഉണങ്ങില്ല. ആദ്യത്തെ ലേയര്‍ ഇട്ട്‌ ചെറുതായി ഒന്ന് ഉണങ്ങി കഴിമ്പോഴേക്കും , മണല്‍ അപ്പാടെ തട്ടികളഞ്ഞ്‌, ഒട്ടിയിരിക്കുന്ന മണലിന്റെ പുറത്ത്‌ ഒരിക്കല്‍ കൂടി വെള്ളം- ഫെവിക്കോള്‍ ലായനി പുരട്ടുക, വീണ്ടും മണല്‍ അരിപ്പയിലൂടെ വിതറുക. ഉണങ്ങികഴിയുമ്പോള്‍ തട്ടികളഞ്ഞ്‌ വൃത്തിയാക്കിയാല്‍ ഏകദേശം ഒരേ കണക്കില്‍ മണല്‍ പറ്റിപിടിച്ചിരിക്കും. ഇനി ഈ ചിത്രങ്ങള്‍ക്ക്‌ ചിലഭാഗങ്ങളില്‍ കൂടുതല്‍ ഘനം വെപ്പിക്കണമെങ്കില്‍ ആ ഭാഗത്ത്‌ മാത്രം പശപുരട്ടി മണല്‍ അരിപ്പയിലൂടെ ഇട്ട്‌ ആവര്‍ത്തിച്ചാല്‍ മതി.
ഇനി മണലില്‍ കളര്‍ മിക്സ്‌ ചെയ്തും പല തരം പാറ്റേണ്‍ ഉണ്ടാക്കാം. ഇതിനു മണല്‍ അരിച്ചത്‌ പോസ്റ്റര്‍ കളറുമായി ചേര്‍ത്ത്‌ ഉണക്കിയെടുക്കുക. ചെറിയ നനവോടെ ചീത്തയായ അലൂമിനിയം പാത്രത്തിലോ മറ്റോ ഇട്ട്‌ വറുത്ത്‌ എടുത്താല്‍ കളര്‍ ഇളകി പോകുകയില്ല. ഈ മണലും ചിത്രത്തിനുപയോഗിക്കുമ്പോള്‍ അരിപ്പയിലൂടെ തന്നെ വീഴ്ത്തുക.

മണല്‍, കടകളില്‍ പലനിറങ്ങളില്‍ കിട്ടുന്ന 'ഫ്ലേക്സ്‌' (ഇത്‌ സ്ക്രീന്‍ പ്രിന്റിങ്ങിനു ഉപയോഗിക്കുന്നതാണ്‌) തുടങ്ങിയവ ഉപയോഗിക്കാം. ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉറുമ്പ്‌ കേറുവാന്‍ സാധ്യതയുണ്ട്‌, അതിനു വാര്‍ണിഷ്‌ അടിച്ചാല്‍ മതി, അത്‌ നിറം ഇല്ലാത്ത (ക്ലിയര്‍) matt വാര്‍ണിഷ്‌ ആയാല്‍ നന്നായിരിക്കും.

കരകൗശല വിദ്യകള്‍ ഇനിയും പോരട്ടെ..

ആശംസകളോടെ
-അലിഫ്‌