Showing posts with label കറുവാപ്പട്ട. Show all posts
Showing posts with label കറുവാപ്പട്ട. Show all posts

Friday, January 21, 2011

കറുവാപ്പട്ടയും ചില സംശയങ്ങളും


















നാട്ടിൽ ഒരു വർഷം മുൻപ് പോയപ്പോൾ വാങ്ങിയതാണ് ഇടതു വശത്തെ ഫോട്ടോയിലെ കറുവാപ്പട്ട. ശ്രീലങ്കൻ കറുവയാണെന്ന് പറഞ്ഞാണ് കടക്കാരൻ തന്നത്. കാണാനുള്ള ഭംഗി, പിന്നെ തീക്ഷ്‌ണമായ മണം ഒക്കെ കണ്ടപ്പോൾ വാങ്ങികൊണ്ടുവന്നു. ഫോട്ടോയെടുക്കുക എന്നൊരു ദുർദ്ദേശവും കൂടിയുണ്ടായിരുന്നുവെന്നു കൂട്ടിക്കോളു. അതു കൊണ്ട് ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരുന്നു. പക്ഷേ ഇപ്രാവശ്യം നാട്ടിൽ വെച്ച് കേരളകൗമുദി പത്രത്തിൽ ഒരു വാർത്ത വായിക്കാനിടയായി. ഇപ്പോൾ വരുന്ന കറുവപ്പട്ട പലതും ഒറിജിനലല്ലെന്ന്. കാസ്യ എന്ന തരമാണത്രേ കൂടുതലും മാർക്കറ്റിൽ.

ഹിന്ദുവിൽ വന്ന വാർത്തയിവിടെ കാണാം. കാസ്യ കഴിച്ചാൽ കരളിനും വൃക്കയ്ക്കും ദോഷകരമെന്നു പറയുന്നു. പല രാജ്യങ്ങളിലും അത് നിരോധിച്ചിട്ടുള്ളതായാണ് ആ വാർത്തയിൽ പറയുന്നത്.

ഒറിജിനൽ കറുവാപ്പട്ടയും കാസ്സിയയും തമ്മിലുള്ള വ്യത്യാസങ്ങളായി ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലാവുന്നത്. ശരിക്കുള്ള കറുവയ്ക്ക് ലേശം മധുരമുണ്ടായിരിക്കുമെന്നും നിറം അധികം ഇരുണ്ടതായിരിക്കില്ലെന്നും പെട്ടെന്ന് ഒടിയുന്നതരവുമാണെന്നുമാണ്.സിലോൺ കറുവയാണ് ഏറ്റവും നല്ലത് എന്നും കണ്ടു.

കാസ്യയുടെ നിറം ഇരുണ്ടതും കട്ടികൂടുതലും മണം വളരെ തീക്ഷ്ണവുമായിരിക്കും. ചുരുളുകളായി വരുന്നതിന് “ഌ” ആകൃതിയായിരിക്കും. അങ്ങനെ നോക്കുമ്പോൾ എനിക്ക് കടക്കാരൻ ശ്രീലങ്കൻ പട്ടയാണെന്നു പറഞ്ഞു തന്നത് കാസ്യയാണ്. ഈപറഞ്ഞ ഗുണങ്ങളൊക്കെ അതിനുണ്ട്.

വലതുവശത്തേത് നല്ല കറുവാപ്പട്ടയാണെന്നു ഞാൻ കരുതുന്നു. മണം മറ്റേതിന്റെയത്ര തീക്ഷ്ണമല്ല പറഞ്ഞതു പോലെ മധുരം തോന്നുന്നുണ്ട്. പക്ഷേ ചുരുളായല്ലാതെ ചീന്തികിട്ടുന്നതും പുറംതൊലിയോടു കൂടിയതും പൊടിരൂപത്തിലുള്ളതുമായ കാസ്യ എങ്ങനെ തിരിച്ചറിയാമെന്നത് എനിക്കിപ്പോഴും കീറാമുട്ടിയായി നിൽക്കുന്നു. നമ്മുടെ നാട്ടിൽ കറുവാപ്പട്ട ചുരുളായല്ലല്ലോ മിക്കവാറും വിൽക്കാറ്. കാസ്യ കറുവപ്പട്ടയേക്കാൾ വില വളരെ കുറവാണെന്നാണ് വായിച്ചതിൽ നിന്നും മനസ്സിലാവുന്നത്. (പക്ഷേ എന്റെ കൈയ്യിൽ നിന്നു കാശ് അയാളതിനു കൂടുതൽ വാങ്ങി. ഇനി നമ്മുടെ നാട്ടിൽ ചുരുളായി പട്ട വരുന്നത് ചുരുക്കമായതിനാലാണോ ആവോ) യു.എസ്സിലാണിത് കൂടുതൽ ഉപയോഗിക്കുന്നതെന്നു കാണുന്നു. ഞാൻ കണ്ടിട്ടുള്ള വെസ്റ്റേൺ ഫുഡ് ഫോട്ടോസിൽ മിക്കതിലും കാണാറുള്ളത് കാസ്യയാണ്.

കൂടുതലിതിനെ കുറിച്ചറിയാവുന്നവർ ദയവായി സഹായകരമാവുന്ന വിവരങ്ങൾ പങ്കുവെയ്ക്കണമെന്നു അപേക്ഷിക്കുന്നു.

ഇവിടെയും ഇവിടെയും രണ്ടും തമ്മിൽ എങ്ങനെ തിരിച്ചറിയാമെന്നുണ്ട്.