Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Monday, November 15, 2010

റോക്ക് വാക്ക് - ദുർഗ്ഗംചെരുവു













കഴിഞ്ഞമാസം അവസാനഞായറാഴ്ച fullhyd.com പരതികൊണ്ടിരുന്നപ്പോഴാണ് ആന്ധ്രാപ്രദേശ് പക്ഷിനിരീക്ഷണസംഘവും(BSAP) സൊസൈറ്റി റ്റു സേവ് റോക്ക്സും(STSR) സം‌യുക്തമായി നടത്തുന്ന റോക്ക് വാക്കിന്റെ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. സംഘം പുറപ്പെടുന്ന സമയം രാവിലെ 7 മണി. ഞാനതു കാണുമ്പോഴേയ്ക്കും സമയം 10 കഴിഞ്ഞിരുന്നു. അങ്ങനെ ആ യാത്ര നഷ്‌ടമായി. ഇവിടുത്തെ പക്ഷിനിരീക്ഷണസംഘത്തെ കുറിച്ച് മുൻപ് കേട്ടിരുന്നു പക്ഷേ പാറകൾ സംരക്ഷിക്കുന്നതിനായുള്ള സൊസൈറ്റിയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. അവിടെ കൊടുത്തിരുന്ന ലിങ്കു വഴി അവരുടെ വെബ്‌സൈറ്റിലെത്തി. വായിച്ചപ്പോൾ വളരെ താല്പര്യം തോന്നി. സംഘത്തിന്റെ പ്രസിഡന്റ് നരേന്ദ്ര ലൂദർ! ഞാൻ വായിച്ചു കൊണ്ടിരുന്ന ഹൈദ്രാബാദ് എന്ന പുസ്തകത്തിന്റെ രചയിതാവ്. അദ്ദേഹം ആ പുസ്‌തകം തുടങ്ങിയിരിക്കുന്നത് തന്നെ ഹൈദ്രാബാദിലെ പാറകളുടെ രൂപീകരണത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ്.

2500 മില്യൺ വർഷങ്ങൾ പഴക്കമുള്ള പാറകളാണത്രേ ഇവിടെയുള്ളത്. ഹിമാലയത്തേക്കാൾ പഴക്കമേറിയത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും കടുപ്പമേറിയതുമായ പാറക്കൂട്ടങ്ങളില്‍പ്പെടുമിത്. പക്ഷേ മനുഷ്യന്റെ കൈയ്യേറ്റം നിമിത്തം സിറ്റിയിലെ പാറക്കൂട്ടങ്ങളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടു കഴിഞ്ഞു. STSR ന്റെ ശ്രമഫലമായി ഹൈദ്രബാദ് അർബൻ ഡവലപ്മെന്റ് അതോറിറ്റി (HUDA) 1981ൽ 9 പാറകൂട്ടങ്ങളെ Natural Heritage ആയി പ്രഖ്യാപിച്ചു. വീണ്ടും STSR മുന്നോട്ടു വെച്ച 20 സ്ഥലങ്ങളിൽ 15 എണ്ണവും കൂടി പൈതൃകസ്വത്തിലുൾപ്പെടുത്തി. പാറകളെ Natural Heritage ആയി അംഗീകരിച്ച ഇന്ത്യയിലെ ഒരേയൊരു നഗരം ഹൈദ്രാബാദാണ്.

എന്തായാലും അടുത്ത റോക്ക് വാക്ക് മുടക്കരുതെന്ന് അന്നുറപ്പിച്ചു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് റോക്ക് വാക്ക് സംഘടിപ്പിക്കുന്നത്. ഈ മാസം മറ്റൊരു പരിപാടി ആ ദിവസമുള്ളതിനാൽ രണ്ടാമത്തെ ഞായറാഴ്ചയാണ് ദുർഗ്ഗം ചെരുവിലേയ്ക്കുള്ള നടത്തം. ഉച്ചതിരിഞ്ഞ് 3 മണിക്കാണു സമയം. ഞായറാഴ്ച ഉറക്കവും നഷ്‌ടപ്പെടുത്തേണ്ട കാര്യമില്ല. സൈറ്റിൽ കൊടുത്തിരുന്ന നമ്പറിൽ വിളിച്ചുറപ്പിച്ചു. ജൂബിലിഹിത്സ് ചെൿപോസ്റ്റാണു മീറ്റിംഗ് പോയിന്റ്. രണ്ടര കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നിറങ്ങി. ജൂബിലി ഹിൽ‌സ് അടുക്കാറായതും മഴ ചാറിതുടങ്ങി. അവിടെ ബസ്‌സ്റ്റോപ്പിൽ മദ്ധ്യവയസ്കയായ ഒരു മദാമ്മയും കുറച്ചുപേരും കൈയ്യിൽ എന്തോ നോട്ടീസും പിടിച്ച് നില്‍പ്പുണ്ട്. തൊപ്പിയും ബാഗുമൊക്കെ തൂക്കിയുള്ള നില്‍പ്പ് കണ്ടപ്പോൾ ഇതു തന്നെയാവും സംഘാംഗങ്ങളെന്നുറപ്പായി. ചെന്ന് റോക്ക് വാക്കിനായി വന്നതാണെന്നു പറഞ്ഞപ്പോൾ കൂട്ടത്തിലെ ഒരു ചെറിയ പെൺകുട്ടി എനിക്കും തന്നു നോട്ടീസൊരെണ്ണം. പാറയിലൂടെയുള്ള നടത്തത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചായിരുന്നത്. ശാരീരികമായി ഫിറ്റ് ആണെങ്കിൽ മാത്രം യാത്രയിൽ പങ്കെടുക്കുക. കഴിവതും ഗ്രിപ്പുള്ള ഷൂസ്, നീളൻ പാന്റ്സ്, തൊപ്പി മുതലായവ ധരിക്കുക. വെള്ളം കൂടെ കരുതുക. പാറകളുടെ വിടവുകളിൽ കൈയ്യിടാൻ ശ്രമിക്കാതിരിക്കുക തുടങ്ങി ശ്രദ്ധിക്കേണ്ട 9 നിർദ്ദേശങ്ങളും ഗ്രൂപ്പ് ലീഡറിന്റേതടക്കം 5 സൊസൈറ്റി അംഗങ്ങളുടെ മൊബൈൽ നമ്പറുകൾ അടങ്ങിയതായിരുന്നു നോട്ടീസ്. അത് വായിച്ചു കൊണ്ടിരുന്നപ്പോൾ മഴ തകർത്തു പെയ്‌തു തുടങ്ങി. ഞാനാകെ ആശങ്കയിലായി. നല്ല ചൂടാവുമെന്നു കരുതി വെള്ള പാന്റ്സാണു സൽ‌വാറിന്റെ കൂടെയിട്ടിരിക്കുന്നത്. കാലിലാണെങ്കിൽ സാധാരണ ചെരിപ്പും, കൂടാതെ ആദ്യത്തെ റോക്ക് വാക്കും. മഴത്തെ പാറകയറ്റത്തിൽ തെന്നിയടിച്ച് എവിടെയെങ്കിലും വീഴുമോയെന്നായി പേടി. ഇതിനിടയിൽ ഒരു ഡയറിയിൽ എല്ലാവരുടെയും പേരും ഫോൺനമ്പരും എഴുതി ഒപ്പിടുവിച്ചു. മഴ നനയാതിരിക്കാനായി ഞങ്ങൾ നിൽക്കുന്നതിന്റെ എതിർവശത്തുള്ള പെട്രോൾ പമ്പിൽ ഒരു വിദേശപെൺകുട്ടിയും പയ്യനും നില്‍പ്പുണ്ട്. ഞങ്ങളുടെ കൂട്ടത്തിലേയ്ക്കാണോയെന്നറിയാനായി കൈവീശി കാണിച്ചിട്ടും ശ്രദ്ധിക്കാതെയാണവരുടെ നില്‍പ്പ്. മഴ പതിയെ കുറഞ്ഞു തുടങ്ങി. കൂട്ടത്തിൽ നിന്നൊരാൾ അവരുടെ അരികിൽ പോയി അവരെ കൂട്ടികൊണ്ടു വന്നു. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ഞങ്ങളുടെ ഗ്രൂപ്പിനെ നയിക്കുന്നത് ഫ്രൗക്കേ എന്ന ജർമ്മൻ ലേഡിയാണ്. സൊസൈറ്റി അംഗങ്ങളായ വാസുവും രവിയും, നോട്ടീസ് വിതരണം ചെയ്ത ചെറിയ പെൺകുട്ടിയുടെ പേര് വാണി. ഫ്രൗക്കേയുടെ കൂടെ വന്നതാണവൾ അവളുടെ മൂന്നാമത്തെ യാത്രയാണിത്. എന്നെയും സതീഷിനെയും കൂടാതെ മറ്റൊരു കുടുംബം കൂടെയുണ്ട്. ശ്രീനിവാസും ഭാര്യയും മക്കളായ നിഖിലയും ഗോവിന്ദും. മറ്റൊരു ശ്രീനിവാസ് കൂടിയുണ്ട് N.V. ശ്രീനിവാസ് പിന്നെ രഘുറാമും. വിദേശി പെൺകുട്ടിയുടെയും പയ്യന്റേയും പേരുകൾ ഇനായും പേയ്റ്ററും അവരും ജർമ്മൻ‌കാരാണ്.

ഫ്രൗക്കേയുടെ കാറിനെ പിന്തുടർന്നു വരാനുള്ള നിർദ്ദേശത്തോടെ യാത്രയാരംഭിച്ചു. ദുർഗ്ഗംചെരുവിലേയ്ക്ക് ഹൈടെക്ക് സിറ്റിയിൽ നിന്നുള്ള വഴിയിലൂടെ ഞങ്ങൾ പോയിട്ടുണ്ട്. പക്ഷേ മറ്റേതോ വഴിയിലൂടെയാണു ഫ്രൗക്കേയുടെ യാത്ര. കുത്തനെയുള്ള ഒരു ഇറക്കവും കയറ്റവും കഴിഞ്ഞതോടെ വണ്ടി നിർത്തി എല്ലാവരും പുറത്തിറങ്ങി. മഴ പൂർണ്ണമായും മാറികഴിഞ്ഞു. ഞങ്ങൾ BNR ഹിൽ‌സിലാണ് എത്തിചേർന്നത്. ഒരു ചെറിയ ചെൿപോസ്റ്റ് കടന്ന് റോഡിനു നടുവിൽ തന്നെയുള്ള ഒരു പാറക്കൂട്ടത്തിനരുകിലേയ്ക്ക് ഫ്രൗക്കേ ഞങ്ങളെ കൂട്ടികൊണ്ടു പോയി. അതിന്റെ ചുറ്റിനും കല്ലു കൊണ്ട് തറകെട്ടിതിരിച്ചിട്ടുണ്ട്. ഹുഡയുടെ സംരക്ഷണലിസ്റ്റിൽ പെട്ട പാറകളിലൊന്നാണത്. പേര് ടോർട്ടോയിസ് റോക്ക്.
















രണ്ടു പാറയുടെ മുകളിലേക്ക് കുറച്ചു പാറകൾ ഏതോ ഭീമാകാരൻ എടുത്തു വെച്ചത് പോലെയുണ്ട്. വാസു അതിനിടയിൽ അതിന്റെ മുകളിൽ കയറാനൊരു ശ്രമം നടത്തി.























കയറാനായി ഇനിയും ധാരാളം പാറകളുണ്ട് ഇവിടെയധികം സമയം കളയണ്ടയെന്നു പറഞ്ഞു കൊണ്ടു ഫ്രൗക്കേ നടത്തം തുടർന്നു. സംഘത്തിന്റെ ഫോട്ടോയെടുത്ത എന്നോട് നാളത്തെ പത്രത്തിന്റെ പേജ് 3 യിൽ ഉണ്ടാവുമോ പടമെന്നു ചോദിച്ചു കളിയാക്കി.



















റോഡിൽ നിന്നും ചെറിയൊരു വഴിയിലൂടെ ഒരു കാട്ടുപ്രദേശത്തു കൂടിയായിരുന്നു നടത്തം. അകലെ ഒരു വലിയ കെട്ടിടസമുച്ചയത്തിന്റെ പണി നടക്കുന്നത് കാണാം. വഴിയിൽ രണ്ടു തൂക്കണാം കുരുവികൂടുകളും ഒരു കൽകെട്ടിതിരിച്ച ടാങ്കും കണ്ടു. ഒരു വളവു തിരിഞ്ഞു കഴിഞ്ഞതും ഞങ്ങൾ ഒരു മലയുടെ ചരുവിലൂടെയായി യാത്ര.


ചാണകം വഴിയിൽ ഇടയ്ക്കൊക്കെ കിടപ്പുണ്ട്. ഇവിടെ കാട്ടുപന്നിയുടെ കാണാറുള്ള സ്ഥലമാണ് അതിനാൽ സൂക്ഷിച്ചു നടക്കാൻ നിർദ്ദേശം കിട്ടി. മലയ്ക്കു മുകളിൽ ഒരു കുരങ്ങനേയും ഇടയ്ക്കെവിടുന്നോ പൊങ്ങിപ്പറന്ന രണ്ടു മയിലുകളേയും കണ്ടു. വീണ്ടും പാറകൾക്കിടയിലൂടെ മുന്നോട്ട് കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ ഒരു കാ‍ണയുടെ അവശിഷ്ടം കാണാൻ സാധിച്ചു. അതും കഴിഞ്ഞ് വീണ്ടും മുന്നോട്ടു പോയപ്പോൾ ഒരു ചെറിയ അമ്പലത്തിനടുത്തെത്തി. അതിനു ചുറ്റുമുള്ള പാറകളൊക്കെ വെള്ളനിറം പൂശി ചുവപ്പു വരയും ഓം ഒക്കെ വരച്ചു വെച്ചിട്ടുണ്ട്. ഇതിനിടയിൽ രഘുറാം ഇനയോട് സംസാരം തുടങ്ങി. ഇനയ്ക്ക് വാ തുറക്കാനോ,മറ്റൊന്നും ശ്രദ്ധിക്കാനോ അവസരം കൊടുക്കാതെയാണു സംസാരം. ഞങ്ങൾ കുറച്ചു മരങ്ങൾക്കിടയിലൂടെ നടന്ന് മറ്റൊരു അമ്പലത്തിനടുത്തെത്തി.

















അവിടെ രണ്ടു വലിയ മരങ്ങളുണ്ട്. അതും കടന്ന് വീണ്ടും മുന്നോട്ടു നടന്നപ്പോ വെള്ളം ശക്തിയായി വീഴുന്നതിന്റെ ശബ്‌ദം കേട്ടു തുടങ്ങി. ഒരു ചെറിയ ടാങ്കുപോലെയുള്ളതിൽ നിന്നും ചതുരത്തിലെ ദ്വാരം വഴി വെള്ളം താഴേയ്ക്കൊഴുകുന്നു.













ദുർഗ്ഗംചെരുവു തടാകത്തിൽ നിന്നുള്ള വെള്ളമാണ് ഈ ടാങ്കിലേക്ക് എത്തുന്നതെന്നു ഫ്രൗക്കേ പറഞ്ഞു തന്നു. അതിനു മുന്നേ ഞങ്ങൾ കണ്ട കാണ ഖുത്തബ് ഷാഹികളുടെ കാലഘട്ടത്തിൽ ഗോൽക്കൊണ്ടയിലേയ്ക്ക് ദുർഗ്ഗംചെരുവിൽ നിന്നും ശുദ്ധജലമെത്തിക്കാനായി നിർമ്മിച്ച ചാലുകളാണവ.



അല്പം കൂടി മുന്നോട്ട് പോയതും ഞങ്ങളൊരു ബണ്ടിനരുകിലെത്തി. ദുർഗ്ഗംചെരുവിന്റെ ബണ്ടാണത്. അതിന്റെ ഒരറ്റത്തായി ചെറിയൊരു മുസ്ലിം പള്ളി കാണാം. മറ്റേയറ്റത്ത് നിന്നും നോക്കിയപ്പോൾ താഴെ പാറയിൽ കുറച്ചു ചെറുപ്പക്കാർ മീൻ പിടിക്കുന്നുണ്ട്.
























മരങ്ങളുടെ മറയില്ലാത്തിടത്തുകൂടി നോക്കിയാൽ തടാകത്തിന്റെ സുന്ദരമായ കാഴ്ച കാണാം. എതിർവശത്തെ ഭാഗം മുഴുവൻ വലിയ കെട്ടിടങ്ങൾ കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു.
































ദുർഗ്ഗമെന്നാൽ കോട്ടയെന്നും എത്തിചേരാൻ പ്രയാസമേറിയതെന്നും ചെരുവു എന്നാൽ തടാകമെന്നുമാണ് അർത്ഥം. പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ടതു കൊണ്ട് എത്തിച്ചേരാൻ വളരെ പ്രയാസമായതിനാലും പാറക്കൂട്ടത്തിനാൽ കാഴ്ചയിൽ മറഞ്ഞിരുന്നതിനാൽ സീക്രട്ട് ലേക്കെന്നും ഇത് അറിയപ്പെടുന്നു. പക്ഷേ ഇപ്പോൾ പലഭാഗങ്ങളും പാറകൂ‍ട്ടങ്ങളിടിച്ചു നിരത്തി ആ സ്ഥാനം കെട്ടിടങ്ങൾ കൈയ്യേറികഴിഞ്ഞു. ഈ തടകത്തിൽ നിന്നും ശുദ്ധജലം ചാലുകൾ വഴി ഗൊൽകൊണ്ടയുടെ അടുത്തുള്ള കട്ടോര ഹൗസ് എന്ന കുളത്തിലേയ്ക്കും അവിടെനിന്നും ഗൊൽകൊണ്ട കോട്ടയിലേയ്ക്കും ഖുത്തബ് ഷാഹി ശവകുടീരങ്ങളിലേയ്ക്കും കൊണ്ടു പോയിരുന്നു. തടാകത്തിലേയ്ക്ക് ബണ്ടിൽ നിന്നും ഇറങ്ങാൻ കല്‍പ്പടവുകളും കാണാൻ സാധിച്ചു. ബണ്ടിന്റെ അറ്റത്തായി കണ്ട ചെറിയ പള്ളിയാണ് തനാഷാ മസ്‌ജിത്ത്. തനാഷാ ഖുത്തബ്‌ഷാഹി രാജാക്കന്മാരിൽ അവസാനം ഭരണത്തിലിരുന്നയാളാണ്. മസ്‌ജിത്തിനു പുറകിലായി കുറച്ചു വലിയ വഴി കാണുന്നുണ്ട്. പക്ഷേ വാസു മസ്ജിത്തിനും അതിനോടു ചേർന്നുള്ള പാറയുടേയും ഇടയിലൂടെ അകത്തേയ്ക്ക് കയറി പോയി. അല്പം കഴിഞ്ഞ് ഞങ്ങൾക്ക് ആ വഴി വരാൻ സേഫാണെന്നറിയിച്ചു. അതു വഴിയായി പിന്നെ യാത്ര. രവി ഇതിനിടയിൽ താമസിച്ചു വന്ന രണ്ടംഗങ്ങൾക്കായി തിരികെ പോയി. കുറ്റിചെടികൾക്കും പാറക്കൂട്ടങ്ങൾക്കും ഇടയിലൂടെ നടന്നു ഇടയ്ക്ക് തടാകത്തിൽ നിന്നും അടിഞ്ഞ പ്ലാസിക്ക് ഉൾപ്പെടേയുള്ള വേസ്റ്റുകളും ചേർന്ന് അസഹ്യമായി നാറ്റമായിരുന്നു. ഞങ്ങൾ നടന്ന് ഒരു മലയുടെ താഴ്വാരത്തെത്തി. വഴിയൊന്നും കാണ്മാനില്ല. തോളൊപ്പം വളർന്നു നിൽക്കുന്ന ചെടികളൊക്കെ വകഞ്ഞു മാറ്റിയാണു നടന്നു പോകുന്നത്. ഈ ചെടികൾക്കിടയിലൂടെ ഫ്രൗക്കെ എങ്ങനെ വഴി മനസ്സിലാക്കുന്നു എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്. മലയുടെ മുകളിൽ കയറാനായി ഏറ്റവും ആയാസം കുറഞ്ഞ വഴി കാണിച്ചുകൊണ്ടാണ് വാസും ഫ്രൗക്കെയും മുന്നിൽ നടക്കുന്നത്. ഞങ്ങൾ കയറ്റം ആരംഭിച്ചു.

വാസു ഒരു വലിയ പാറയുടെ മുകളിൽ കയറി ഞങ്ങളെ അങ്ങോട്ടു വിളിച്ചു. അങ്ങോട്ടേയ്ക്കുള്ള വഴിയിൽ ഗോവിന്ദ് (ശ്രീനിവാസന്റെ മകൻ) രണ്ടു പാറയുടെയിടയിലുള്ള വിടവിലേയ്ക്ക് വീണു. അധികം ആഴമില്ലാഞ്ഞതിനാൽ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇതിനിടയിൽ വാണിയും നിഖിലയും നല്ല കൂട്ടായി കഴിഞ്ഞു.കഥകളൊക്കെ പറഞ്ഞു കൊണ്ടാണ് രണ്ടിന്റേയും നടപ്പ്. രഘുറാം ഇടയ്ക്കെപ്പഴോ ഇന പ്രതിഷേധമറിയിച്ചതോടെ പേയ്റ്ററിനോടായി കത്തിവെയ്ക്കൽ. ഉയരത്തിലെത്തിയപ്പോൾ തടാകം താഴെ കാണുന്നുണ്ട്. ഏറ്റവും മുകളിലത്തെ വലിയ പാറക്കൂട്ടത്തിൽ കയറാനായി മാർഗ്ഗമൊന്നും കാണാഞ്ഞതിനാൽ ഞങ്ങൾ താഴേയ്‌ക്കിറങ്ങാൻ തീരുമാനിച്ചു.

മുകളിലേയ്ക്ക് കയറുന്നതിനേക്കാൾ പ്രയാസമായിരുന്നു താഴേയ്ക്കുള്ള ഇറക്കം. പാറയുടെ മുകളിൽ നിന്ന് വാസുവിന്റെ നിർദ്ദേശമനുസരിച്ച് ഫ്രൗക്കെ ഒരു പാറയിലൂടെ ഊർന്ന് താഴേക്കിറങ്ങി. പുറകെ ഞങ്ങൾ ഓരോരുത്തരും. ഇറങ്ങുമ്പോ ചവിട്ടേണ്ടയിടവും മറ്റും വാസു വ്യക്തമായി പറഞ്ഞു തരുന്നുണ്ടായിരുന്നു. അപ്പഴേയ്ക്കും സൂര്യൻ അസ്‌തമിച്ചു തുടങ്ങിയിരുന്നു.













ഏറ്റവും താഴെ എല്ലാവരും എത്തിചേർന്നപ്പോൾ അവിടെ രവിയും വേറെ രണ്ട് സജീവാംഗങ്ങളും ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു.
എല്ലാവരേയും ഫ്രൗക്കേയും വാസുവും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.





ഇനി വളരെ വേഗത്തിൽ നടന്നാലേ 20 മിനിറ്റു കൊണ്ട് പൂർണ്ണമായും ഇരുട്ടും മുന്നേ കാട്ടുപന്നികളുടെ ശല്യമുള്ള സ്ഥലം കടന്ന് തുടങ്ങിയിടത്തെത്താൻ പറ്റുവെന്ന പറഞ്ഞു കൊണ്ട് ഫ്രൗക്കെ മുന്നേ നടന്നു തുടങ്ങി. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ദുർഗ്ഗം ചെരുവു ബണ്ടിനരികിൽ തിരികെയെത്തി. അവിടെ നിന്നും വന്ന വഴിയെ തിരികെ നടന്നു തുടങ്ങി.

ഓരോ റോക്ക് വാക്കും വ്യത്യസ്‌തമാണെന്നു ഫ്രൗക്കേ പറഞ്ഞു. കുത്തനേയുള്ള ചില സ്ഥലങ്ങളിൽ ചെറുപ്പക്കാർ പാറയിൽ അള്ളിപിടിച്ചു കയറുമെന്നും മറ്റുള്ളവർ താഴെ ആയാസം കുറഞ്ഞ പാതയിലൂടെ പാറയെ വലം വച്ച് നടക്കുമെന്നും പറഞ്ഞു തന്നു. അങ്ങനെ റോക്ക് വാക്കിന്റെ ഓരോ വിശേഷങ്ങളും കേട്ട് ഞങ്ങൾ തുടങ്ങിയിടത്ത് തിരികെയെത്തി.

അവിടെ വെച്ച് ഫൗക്കേ ഫ്ലാസ്കിൽ കൊണ്ടു വന്ന ചായയും ബിസ്ക്കറ്റും എല്ലാവർക്കും വിതരണം ചെയ്‌തു. നവംബർ 21 നു ഗോൽകൊണ്ടയിൽ വെച്ചു നടത്തുന്ന ഏരിയൽ ഡാൻസിന് ക്ഷണിച്ചു കൊണ്ട് അതിന്റെ ലഘുലേഖകൾ എല്ലാവർക്കും തന്നു.

























ഞങ്ങളുടെ കൂട്ടത്തിലെ മിന്നുംതാരങ്ങൾ കുഞ്ഞുമണികളായാ നിഖിലയും വാണിയും തന്നെയായിരുന്നു. ഗോവിന്ദ് വീഴ്ച കഴിഞ്ഞതോടു കൂടി “കണ്ടാൽ കയറാൻ എളുപ്പമാണെന്നു തോന്നും പക്ഷേ അത്ര എളുപ്പമല്ല മമ്മീന്ന് ” അമ്മയോട് പറയണുണ്ടായിരുന്നു. എന്റെ വെളുത്ത പാന്റ്സ് പകുതിഭാഗം കാവിനിറത്തിലാ‍യി. അടുത്ത പ്രാവശ്യം വാക്കിംഗ് ഷൂ തന്നെയിട്ടു വരുന്നതാണു സുരക്ഷിതം എന്നു എനിക്ക് സംഘാംഗങ്ങളുടെ ഉപദേശം കിട്ടി. സാധാരണ ഞാൻ ഇവിടുള്ള പാർക്കുകളിൽ ശലഭങ്ങളുടെ പടം പിടിക്കാനായി കാട്ടിൽ കയറിയാൽ അന്ന് ദേഹം മുഴുവൻ ചൊറിച്ചിലായിരിക്കും. പക്ഷേ ഇവിടെ ഇത്രയും ചെടികൾക്കിടയിലൂടെ മുട്ടിയുരുമ്മിപോയിട്ടും ചൊറിച്ചിലെന്നൊരു സംഗതിയേ അനുഭവപ്പെട്ടില്ല. വഴിയിൽ ഉഴിഞ്ഞ, ചെറൂള, തഴുതാമ, മറ്റു പല ഭംഗിയുള്ള ചെറിയ പൂക്കളുള്ള ചെടികളും കണ്ടു. നടത്തമവസാനിച്ചതും ക്ഷീണത്തേക്കാൾ അധികം ഉന്മേഷമാണെനിക്കനുഭവപ്പെട്ടത്.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന പഴച്ചൊല്ല് പോലെ ഈ പ്രായത്തിലും ഇത്രയും ചുറുചുറുക്കോടെ നടക്കുന്ന ഫ്രൗക്കേയുടെ പൂമ്പൊടി ഇത്തിരി എന്റെ മേലേയും വീണുകാണുമായിരിക്കും. അത്രയ്ക്ക് എനിക്ക് ബഹുമാനം തോന്നിയ വ്യക്തിത്വം.
20 വർഷത്തിനു മേലേയായി ഫ്രൗക്കേ ഹൈദ്രാബാദിൽ താമസമായിട്ട്. ഇന്ത്യാടുഡേയിൽ വന്ന ഒരു ന്യൂസ് ആർട്ടിക്കിൾ ഇവിടെ വായിക്കാം. മറ്റൊരു നാട്ടിൽ നിന്നും ഇവിടെയെത്തി നമ്മുടെ പൈതൃകത്തെ സംരക്ഷിക്കാനായുള്ള അവരുടെ അഭിനിവേശത്തിനും പ്രയത്നത്തിനും ഒരു വലിയ സല്യൂട്ട്!

മുൻ‌കൂർ ജാമ്യം :- ലെൻസിന്റെ ഓട്ടോഫോക്കസ് നഷ്ടപ്പെട്ടതിനാൽ പല ചിത്രങ്ങളും നേരാംവണ്ണം ഫോക്കസായിട്ടില്ല. എന്റെ കണ്ണിന്റെ ഫോക്കസും കുറഞ്ഞു തുടങ്ങീന്ന് തോന്നുന്നു. ക്ഷമിക്കുക.

Tuesday, April 28, 2009

ബട്ടർഫ്ലൈ സ്റ്റഡി

കഴിഞ്ഞ ഞായറാഴ്ച ഹൈദ്രാബാദിലെ ബട്ടർഫ്ലൈ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവയ്യാ പാർക്കിൽ നടന്ന ബട്ടർഫ്ലൈ സ്റ്റഡിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മൊത്തത്തിൽ 30 പേരോളം സംഘത്തിലുണ്ടായിരുന്നു. സംഘാംഗങ്ങളെല്ലാം കൂടി ചിത്രശലഭങ്ങളെ കണ്ടു പഠിക്കാൻ പാർക്കിന്റെ ഒരറ്റത്തൂന്ന് യാത്ര തുടങ്ങി. ഞാൻ ആദ്യമായായിരുന്നു ഈ പാർക്കിൽ വരുന്നത്. ഇത്തിരി നടന്നപ്പോ ഒരു ഗുൽ‌മോഹറിനടുത്തായി നമ്മുടെ കണിക്കൊന്ന അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നു. വിഷുവിനു മുന്നേയായി ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിൽ ഒരു കണിക്കൊന്ന മരം പൂത്തു നിൽക്കുന്നത് കണ്ടിരുന്നു. പടം എടുക്കാനായി അടുത്ത ദിവസം ക്യാമറയും താങ്ങി അവിടെ ചെന്നപ്പോ ബാറ്ററി കാലി. അതു കൊണ്ട് ഈ അവസരം വിട്ടുകളയരുതെന്നു കരുതി ആദ്യം തന്നെ കണിക്കൊന്ന ചിത്രം പെട്ടിയിലാക്കി.


ആ സമയം കൊണ്ട് സംഘത്തിലെ എല്ലാവരും വളരെ മുന്നേയായി പോയി. അവരുടെ പുറകേ വെച്ചു പിടിക്കുന്നതിനിടയിലാണ് ഇദ്ദേഹമിങ്ങനെ ആരുടെയും ശ്രദ്ധയിൽ പെടാതെ കാറ്റും കൊണ്ടിരിക്കുന്നത് കണ്ടത്.
അടുത്തു ചെന്നിട്ടും യാതൊരു കൂസലുമില്ല.


നല്ല കാറ്റ് അതിരിക്കുന്നിടത്തേക്ക് ഹുസൈൻ‌സാഗർ തടാകത്തിൽ നിന്നും വീശുന്നതു കാരണം ആൾക്ക് ചിറക് തുറക്കാൻ വല്ലാത്ത മടിയായിരുന്നു. കാറ്റിത്തിരി കുറയുമ്പോ ലേശമൊന്നു തുറക്കും. വീണ്ടും അടച്ചിരിപ്പാവും.

എന്റെ കൂടെ ഹിന്ദുപത്രത്തിലെ നഗരഗോപാൽ (അതോ നാഗരഗോപാൽ എന്നായിരുന്നോ ആവോ? എന്തായാലും ഗോപാലുണ്ടെന്ന് ഉറപ്പാണ്. എന്തരേലുമാവട്ടല്ലേ) എന്ന ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞിട്ടും ശലഭത്തിന് അനക്കമില്ലാതായപ്പോ രണ്ടാൾക്കും സംശയമായി.ഇനി ഇതിനു സുഖമില്ലേ എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തോണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എവിടുന്നോ മറ്റൊരു ചിത്രശലഭം വന്നതും ഇത് അതിന്റെ പുറകെ ചുറ്റിചുറ്റി ഒറ്റ പറക്കൽ!


ഇതിന്റെ പേര് പ്ലെയിൻ ടൈഗർ. ആഫ്രിക്കൻ മനാർക്ക് എന്നും ഇവനു പേരുണ്ട്.
Scientific Name - Danaus chrysippus. വിക്കിയിൽ കൂടുതൽ വിവരങ്ങൾ വായിക്കാം.
മലയാളം പേര് അറിയില്ല.

ചിത്രശലഭത്തിന്റെ പടമൊക്കെ പിടിച്ചു നിവർന്നപ്പോ സംഘാംഗങ്ങളുടെയും കൂടെ വന്ന ഭർത്താവിന്റെയും പൊടിപോലുമില്ല കണ്ടുപിടിക്കാൻ. പിന്നെ സ്വന്തമായി തന്നെ സ്റ്റഡി നടത്തി കളയാമെന്നു കരുതി നടപ്പു തുടർന്നു. ചെറിയതരം പരുന്താണെന്നാണ് ഈ പക്ഷിയെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത്. പക്ഷേ കൊക്കു പരുന്തിന്റെ പോലെയല്ല.
ഈ പക്ഷിയുടെ പേരെന്താന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവു ചെയ്‌തു പറഞ്ഞു തന്നാൽ ഉപകാരമായേനേ.

Update (29/04/09) :- ഇത് Common Hawk-Cuckoo(Hierococcyx varius
) Brain Fever Bird എന്ന പേരിലും ഇത് അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വിക്കിയിൽ.



പക്ഷിയുടെ പുറകെ നടന്നു കൊണ്ടിരിക്കുന്നതിനിടെ പാർക്കിൽ നാഗലിംഗമരം കണ്ടൂന്നും പറഞ്ഞ് സതീശേട്ടൻ(ആരോ എന്നെ മുൻപത്തെ ഒരു പോസ്റ്റിൽ സതീഷ് എന്നു എഴുതിയതിനു ഗുണദോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയ്‌ക്ക് “ഏട്ടൻ’ ചേർത്തിട്ടുണ്ടേയ്) വിളിച്ചു. പിന്നെ അതും തപ്പി നടപ്പായി. അവസാനം അതും കണ്ടുപിടിച്ചു. അങ്ങനെ വരിവരിയായി നിൽക്കയല്ലേ ചുള്ളന്മാർ/ത്തികൾ!


ഹൈദ്രാബാദ് നഗരഹൃദയത്തിൽ ഇവരിങ്ങനെ നിരനിരയായി നിന്നിട്ട് അതറിയാതെ നമ്മൾ മഹാനന്ദി വരെ പ്രെട്രോളും കത്തിച്ചുപോയി അപൂർവ്വസുന്ദരപുസ്പം എന്നൊക്കെ പറഞ്ഞ് പണ്ട് പോസ്റ്റിട്ടത്.

ഒരു മരത്തിനു മാത്രം മറ്റെല്ലാത്തിൽ നിന്നും ഒരു പ്രത്യേകത കണ്ടു. മറ്റെല്ലാം കരിം‌പച്ചനിറത്തിൽ വലിയ ഇലകളുമായ് നിൽക്കുന്നു. അതിനിടയിൽ ഒരെണ്ണത്തിൽ മാത്രം ഇലകൾ ഇളം‌പച്ചയിലും നീളത്തിലും നിൽക്കുന്നു. ഇനി ഇലകൊഴിഞ്ഞ് പുതിയത് വന്നതാണോന്ന് അറിയില്ല അങ്ങനെ. താഴത്തെ ഫോട്ടോയിൽ ഇടതു വശത്ത്.



പൂവ് ഇതാ




ബട്ടർഫ്ലൈ സ്റ്റഡിക്കാരൊക്കെ സ്റ്റഡിയും നടത്തി വീട്ടിൽ പോവാറായെന്നു ഫോണിലൂടെയറിഞ്ഞതു കൊണ്ടും ഒറ്റയ്‌ക്കായതിന്റെ വെപ്രാളം കൊണ്ടു അധികം സമയം കളയാതെ തിരികെ തുടങ്ങിയ സ്ഥലത്തേക്ക് തിരികെയെത്തി വീട്ടിൽ പോന്നു. കായുള്ള മരവും അവിടെയുണ്ടായിരുന്നൂന്ന് വീട്ടിലെത്തി കഴിഞ്ഞാണ് അറിഞ്ഞത്. അടുത്ത പ്രാവശ്യമാവട്ടെ അതു പെട്ടിയിലാക്കണം.



സ്റ്റഡിക്കാരുടെ കൂടെ ഫോട്ടോയെടുക്കാൻ പോയവരിൽ രണ്ടാൾക്കൊഴികെ ആർക്കും ഒരു ബട്ടർഫ്ലൈ ഫോട്ടോ പോലും കിട്ടിയില്ലെന്നുള്ളതാണ് ഏറ്റവും രസം (ഇപ്പോ ശലഭങ്ങളുടെ സീസണുമല്ല അതു കൂടാതെ ഒത്തിരി പേർ സംഘത്തിലുണ്ടായിരുന്നതിനാൽ അവരുടെ ഒച്ചയും ബഹളത്തിലും ശലഭങ്ങൾ ജീവനും കൊണ്ടോടി എന്നാണ് എനിക്ക് പിന്നീട് കിട്ടിയ റിപ്പോർട്ട്). ഇനി മുതൽ ഫോട്ടൊയെടുക്കാമെന്നു പ്രതീക്ഷിച്ച് ഒരു സ്റ്റഡിഗ്രൂപ്പുകാരുടെയും കൂടെ പോവരുതെന്ന് എനിക്ക് മനസ്സിലായി. ചിത്രശലഭങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണെങ്കിൽ ഇത്തരം യാത്രകൾ നന്ന്.

Saturday, April 12, 2008

നാഗലിംഗപുഷ്പം



മഹാനന്ദി ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ആദ്യായി ഈ പൂവ് കണ്ടത്. കണ്ടപ്പോഴേ അതിന്റെ ഭംഗിയില്‍ ഞാന്‍ മയങ്ങി പോയെന്നു പറയാം. അവിടെ ഒരോ കോവിലിനുള്ളിലും വിഗ്രഹത്തില്‍ ഈ പൂവ് ചാര്‍ത്തിയിരിക്കുന്നത് കണ്ടു. കണ്ണു മുഴുവന്‍ പൂവിലായിരുന്നതിനാല്‍ ശ്രീകോവിലിലെ വിഗ്രഹവും അതിനു താഴെയുള്ള ഉറവയുമൊന്നും എന്റെ കണ്ണില്‍ പെട്ടിട്ടില്ല. കൂടെയുള്ളവരൊക്കെ ദൂരെയായിട്ടും ഞാനിങ്ങനെ പൂവിലും കണ്ണും നട്ട് മന്ദം മന്ദം നടന്നു. എങ്ങനെ ഇതിന്റെ പേരറിയുമെന്നായിരുന്നു ചിന്ത മുഴുവനും. അങ്ങനെ അവസാനം ഒരു പൂജാരിയുടെ മുന്നില്‍ ചെന്നു പെട്ടു. അങ്ങേരുടെ കൈയ്യില്‍ രുദ്രാക്ഷം വില്പനയ്ക്കുണ്ട്. അതില്‍ നിന്നും രണ്ടെണ്ണം വാങ്ങി ആരും അടുത്തില്ലാത്ത തക്കം നോക്കി പൂവിന്റെ പേരു ചോദിച്ചു. നാഗപത്മേശ്വര പൂവ്‌ലു എന്നാണെന്ന് പറഞ്ഞു. അതു മാത്രമല്ല കോവിലില്‍ നിന്നും ഒരു പൂവെടുത്ത് എന്റെ കൈയ്യിലും തന്നു. അപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു പൂവ് ചോദിച്ചിട്ട് ഒരു പൂന്തോട്ടം മുഴുവനും കിട്ടിയ സന്തോഷമായിരുന്നെനിക്ക്. അതു കൂടാതെ ആ പൂവുണ്ടാകുന്ന മരം പുറകുവശത്തുണ്ടെന്നും അതിനെ വലം വെച്ചാല്‍ നല്ലതാണെന്ന് പറഞ്ഞ് അങ്ങോട്ടേയ്ക്കുള്ള വഴിയും ചൂണ്ടി കാട്ടി.



അങ്ങനെ ആ ചെടി കാണാന്‍ കൂടെ ഉള്ളവരേയും വിളിച്ചു കൂട്ടി അങ്ങോട്ട് നടന്നു. മരത്തിലെ ഇലകളൊക്കെ പൊഴിഞ്ഞ് പുതിയ ഇലകള്‍ വരുന്നതേയുള്ളൂ. മരത്തിന്റെ തായ്തടിയില്‍ നിന്നും തന്നെയാണ് പൂക്കള്‍ വിരിയുന്നത്. അവിടെ താഴ്‌ഭാഗത്ത് പൂക്കളൊന്നും തന്നെ ഉണ്ടായിരുന്നില്ല കായ്കളും കണ്ടില്ല. പൂജയ്ക്കായി പൂക്കള്‍ പറിയ്ക്കുന്നത് കൊണ്ട് കായാവാന്‍ അവസരം കിട്ടാത്തതു കൊണ്ടാവാം. ഇതിന്റെ പൂവിന് ഹ്യദ്യമായ മണമായിരുന്നു.



വീട്ടിലെത്തി ഗൂഗിളില്‍ അല്പം അന്വേഷണം നടത്തിയപ്പോള്‍ മരത്തിന്റെ ഇംഗ്ലീഷ് പേര് cannonball tree എന്നാണെന്ന് മനസ്സിലായി. വടക്കേ അമേരിക്കയാണ് സ്വദേശം. കാഴ്ചയില്‍ പീരങ്കിയുണ്ടയോടുള്ള ഇതിന്റെ കായുടെ സാദൃശ്യമാണ് ഈ പേരു കിട്ടാന്‍ കാരണം. സംസ്ക്യതത്തില്‍ നാഗപുഷ്പമെന്നും തമിഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍ കോടിലിംഗാലു എന്നീ പേരുകളില്‍ അറിയപ്പെടുന്നു.(പക്ഷേ നാഗപത്മേശ്വരാ/നാഗപരമേശ്വരാ എന്നൊന്നും എവിടെയും കണ്ടില്ല) പൂവിന്റെ നടുവില്‍ ശിവലിംഗാക്യതിയില്‍ ഒരു കേസരവും അതിനു ചുറ്റും ലിംഗാക്യതിയിലുള്ള നിരവധി കേസരങ്ങളും അതിനെ സംരക്ഷിക്കുന്ന വിധത്തിലെ ഭാഗത്തിന് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്റെ രൂപസാമ്യവുമാണ് ഈ പേരുകള്‍ക്ക് കാരണം. അതു കൊണ്ടു തന്നെ ശിവക്ഷേത്രങ്ങളില്‍ ഈ പൂവിന് പ്രത്യേക സ്ഥാനമുണ്ട്.



ഈ പൂവ് പ്രധാനമായും ചുവപ്പ്, പിങ്ക്, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. പൂവിന് 6 ദളങ്ങളോട് കൂടി 5-6 സെ.മീ വലിപ്പത്തില്‍ കാണപ്പെടുന്നു. ഈ പൂവ് തേന്‍ ഉല്പാദിപ്പിക്കുന്നില്ല. ലിംഗാകൃതിയിലുള്ള കേസരങ്ങള്‍ പരാഗണത്തിനും പത്തിയുടെ ആകൃതിയിലുള്ളവ തേനീച്ചകളെ ആകര്‍ഷിക്കാനുമാണുള്ളത്. ലാര്‍വയ്ക്ക് കൊടുക്കാന്‍ വേണ്ടി പൂമ്പൊടി അന്വേഷിച്ചു പൂവിനുള്ളില്‍ കയറുന്ന തേനീച്ചയുടെ തലയിലും പുറത്തും ലിംഗാകൃതിയിലെ കേസരങ്ങള്‍ ഉരസി പൂമ്പൊടി പറ്റി പിടിക്കയും മറ്റു പൂവുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവയുടെ കേസരങ്ങളില്‍ അവ നിക്ഷേപിക്കപ്പെട്ടുമാണ് പരാഗണം നടക്കുന്നത്.



ഇതിന്റെ കായ്കള്‍ക്ക് എകദേശം തേങ്ങയുടെ വലിപ്പമുണ്ടാവും. ഇത് മൂപ്പെത്താനായി എകദേശം 12 മുതല്‍ 18 മാസം വേണ്ടി വരും.കായുടെ വലിപ്പമനുസരിച്ച് 65 മുതല്‍ 550 വരെ വിത്തുകള്‍ കാണപ്പെടുന്നു. കട്ടിയുള്ള പുറം തോടിനുള്ളില്‍ 6 അറകളിലായി മാംസളഭാഗം കാണപ്പെടുന്നു.ഉള്ളിലെ ഭാഗത്തിന് ഇളം പൊന്മാന്‍ നീല നിറമാണ്. വായുവുമായുള്ള സമ്പര്‍ക്കത്തില്‍ അതു ഇരുണ്ട നിറമായി മാറുന്നു. കോഴി, പന്നി, കുരങ്ങ് തുടങ്ങി ജീവികള്‍ ആഹരിച്ച് അവയുടെ കാഷ്ടത്തിലും മലത്തിലുമൂടെയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്.പൂവുകള്‍ക്ക് ഹൃദ്യമായ മണത്തിനു വീപരീതമായി കായ്ക്ക് ചീഞ്ഞ മണവുമാണുള്ളത്. ഈ മരം 35 മീറ്ററോളം പൊക്കം വെയ്ക്കുമെന്ന് പറയുന്നു.

ശാസ്ത്രീയ നാമം COUROUPITA GUIANENSIS.
കുടുംബം - Lecythidaceae

ബ്രസീല്‍ നട്ടിന്റെ വകയിലെ സഹോദരനാണിദ്ദേഹം.




എനിക്ക് പൂവിന്റെ മുഴുവനായുള്ള ഫോട്ടോസ് എടുക്കാന്‍ സാധിച്ചില്ല. ചുരുങ്ങിയ സമയം കൊണ്ടുള്ള ഒറ്റകൈ അഭ്യാസത്തിലാണ് ഇത്രയും ഫോട്ടോസ് തന്നെ ഒപ്പിച്ചത്. അതിനാല്‍ കൂടുതല്‍ ഫോട്ടോകള്‍ക്കും വിവരങ്ങള്‍ക്കുമായി താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കുകളില്‍ കൂടി പോവാം.

1.നമ്മടെ മോഹനം ചുള്ളന്‍സും ഇതിന്റെ പടങ്ങള്‍ പോസ്റ്റിയിരുന്നു. അദ്ദേഹം കമന്റിട്ട ശേഷമാണ് അതെന്റെ ശ്രദ്ധയില്‍ പെട്ടത്.

2.ഇവന്റെ കുടുംബചരിത്രവും സ്വഭാവഗുണവുമിവിടുണ്ട്

3.കൂടുതല്‍ ചിത്രങ്ങള്‍

4. എന്നെ പോലെ പൂവിന്റെ പേരും തപ്പിപ്പോയ ഒരു ആസ്ട്രേലിയക്കാരന്റെ കഥ





ഈ മരവും പൂവുമൊക്കെ കണ്ടപ്പോ ഒരാഗ്രഹം എനിക്കും. ഈ മരം ഒരെണ്ണം വെച്ചു പിടിപ്പിക്കണമെന്ന്. ആര്‍ക്കെങ്കിലും ഇതിന്റെ വിത്തുകളോ തൈകളോ എവിടെ കിട്ടുമെന്ന് അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ. പിന്നെ നമ്മുടെ നാട്ടില്‍ ഈ പൂവിനെ എന്തു പേരിലാ വിളിക്കുന്നതെന്നും.

ഏല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വിഷുവാശംസകള്‍!

update 3rd september 2008

ബാഗ്ലൂർ ലാൽബാഗിലെ ഫ്ലവർഷോയോടു അനുബന്ധിച്ചു പ്രദർശനത്തിനു വെച്ചിരുന്ന നാഗലിംഗമരത്തിന്റെ കായ്.




Wednesday, April 9, 2008

മഹാനന്ദിയിലേയ്ക്കൊരു യാത്ര


ആന്ധ്രപ്രദേശിലെ കര്‍ണൂള്‍ ജില്ലയിലുള്ള നന്ദ്യാല എന്ന പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രം. ഹൈദ്രാബാദില്‍ നിന്നും 210 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കര്‍ണൂളിലും അവിടെ നിന്നും നന്ദ്യാല വഴി 80 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മഹാനന്ദിയിലെത്താം. ഉര്‍വശിശാപം ഉപകാരം എന്നു പറയുമ്പോലെ ബേലം ഗുഹയിലേയ്ക്കുള്ള യാത്രയില്‍ വഴി തെറ്റിയാണ് ഞങ്ങള്‍ നന്ദ്യാലയിലെത്തിപ്പെട്ടത്. എന്തായാലും എത്തിയ സ്ഥിതിക്ക് പ്ലാനിലില്ലായിരുന്നു മഹാനന്ദി ക്ഷേത്രം കൂടി കണ്ടു കളയാമെന്നു തീരുമാനിച്ചു. അടുത്ത ദിവസം പുലര്‍ച്ചയാവാം ക്ഷേത്രദര്‍ശനമെന്ന തീരുമാനത്തില്‍ ബേലം ഗുഹ സന്ദര്‍ശിച്ച് രാത്രി വീണ്ടും നന്ദ്യാലയിലെത്തി മുറിയെടുത്ത് താമസിച്ചു.

പിറ്റേന്ന് രാവിലെ 7.30 യോട് കൂടി മഹാനന്ദിയിലേയ്ക്ക് പുറപ്പെട്ടു. നമ്മുടെ കുട്ടനാടിനെ ഓര്‍മ്മിപ്പിക്കുന്ന പ്രക്യതിഭംഗിയുള്ള ഒരു ചെറിയ ഗ്രാമത്തിലൂടെയായിരുന്നു യാത്ര. റോഡിനിരുവശവും ബജ്ര (അതോ ഇനി ജവാരിയാണോ (sorghum ) എന്നറിയില്ല) , വാഴ, നെല്ല് അങ്ങനെ പല പല ക്യഷികളുള്ള പാടങ്ങള്‍ കണ്ടങ്ങനെ രസിച്ചു പൊയ്കൊണ്ടിരുന്നപ്പോഴാണ് ദൂരെ ഒരു മഞ്ഞ വര ശ്രദ്ധയില്‍ പെട്ടത്. അടുത്തെത്തിയപ്പോഴാണ് അത് സൂര്യനെ കണ്ണൂചിമ്മാതെ നോക്കി നില്‍ക്കുന്ന സൂര്യകാന്തിപൂക്കളുടെ കൂട്ടമാണെന്ന് പിടികിട്ടിയത്.

അവിടെ ചാടിയിറങ്ങി, സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിച്ചും ഫോട്ടോയെടുത്തും അല്പസമയം ചിലവിട്ട ശേഷം യാത്ര തുടര്‍ന്നു. പിന്നെ വഴിയില്‍ കാളവണ്ടികള്‍, എരുമകള്‍, കഴുതകള്‍, വണ്ടികളോട് എന്തോ വൈരാഗ്യം കൊണ്ട് കുരച്ചടുക്കുന്ന നാടന്‍ പട്ടികള്‍, പന്നികള്‍ ഇവയെയൊക്കെ കണ്ടു കണ്ടു ഞങ്ങള്‍ ഒരു ടോള്‍ ഗേറ്റിനരികിലായുള്ള ഉടുപ്പി ഹോട്ടലിനു മുന്നിലെത്തി. വിശപ്പിന്റെ ആക്രമണം തുടങ്ങിയതിനാല്‍ അതു അവസാനിപ്പിച്ചിട്ടാവാം ഇനി യാത്രയെന്നു കരുതി നേരെ അവിടേയ്ക്ക് കയറി. ഹോട്ടലിനുള്ളില്‍ മീരാ ജാസ്മിന്റെ രണ്ടു പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ആരാപ്പാ ഈ മീരാ ജാസ്മിന്‍ ഫാനെന്ന് അവിടുത്തെ ഒരു ചേട്ടനോട് തിരക്കി. കടയുടെ മുതലാളിയുടെ സുഹ്യത്താണത്ര മീര. (അതോ എന്നെങ്കിലും കൂടെ നിന്നു ഫോട്ടം എടുത്ത പരിചയം മാത്രമാണോ ഈ സുഹ്യത്ത് ബന്ധം? ആര്‍ക്കറിയാം) ഞങ്ങള്‍ അതൊക്കെ മറന്ന് മസാല ദോശയിലും ഇത്തിരി പോന്ന ഗ്ലാസില്‍ കിട്ടിയ എലക്കായിട്ട ചായയിലും കോണ്‍സെണ്ട്രേറ്റ് ചെയ്തു. മഹാനന്ദിയിലേയ്ക്ക് ഇനി എത്ര നേരം യാത്രയുണ്ടെന്ന് ചേട്ടനോട് തിരക്കി. മഹാനന്ദിയില്‍ തന്നെയാ നിങ്ങള്‍ എന്നു ഉത്തരം കിട്ടി.നടന്നു പോവാനുള്ള ദൂരമേയുള്ളൂ.പിന്നെന്തിനാ വെറുതെ മുപ്പത് രൂപ ടോളും കൊടുത്ത് വണ്ടിയും കൊണ്ട് അകത്ത് പോവുന്നേ?. ബുദ്ധിപൂര്‍വ്വം വണ്ടി അവിടെ തന്നെ പാര്‍ക്ക് ചെയ്ത് ടോള്‍ ഗേറ്റിലെ ചേട്ടനെ പറ്റിച്ചേയെന്ന ഭാവത്തില്‍ നോക്കി ഞങ്ങള്‍ അമ്പലത്തിലേയ്ക്ക് നടന്നു.




ആദ്യം എത്തുന്നത് നന്ദിയുടെ പ്രതിമയുടെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണിത്. കുറേ സ്ത്രീകള്‍ അതിനു മുന്നിലായിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഒരു വശത്ത് ശിവന്റെ ഒരു ചെറിയ പ്രതിമ കൂടിയുണ്ട്. കുറച്ചു പേര്‍ ശിവന്റെ കൂടെയിരുന്നു ഫോട്ടം പിടിക്കുന്നു.


അവിടെ ഒന്നു വലം വെച്ച ശേഷം അമ്പലത്തിലേയ്ക്ക് നടന്നു. നിറയെ ജീപ്പുകള്‍ കിടപ്പുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സാധാ ഗ്രാമീണരായിരുന്നു സന്ദര്‍ശകരില്‍ മുന്തിയ പങ്കും. പലരും ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ വേണ്ടി പച്ചക്കറിയും ഗ്യാസുമൊക്കെയായാണ് വരവ് കൂടെ ഒരു 200-250 ചപ്പാത്തിയുടെ ഒരു കെട്ടും. മറ്റു ചിലര്‍ അമ്പലത്തിനു മുന്നിലുള്ള ചാലില്‍ തുണിയലക്കി വിരിക്കുന്നതിന്റെ തിരക്കിലാണ്.


അമ്പലത്തിനിടതു വശത്തായി ഒരു ഷെഡില്‍ രഥം കണ്ടു. ഉത്സവത്തിന് ഉപയോഗിക്കുന്നതാവും. അതിനടുത്തുള്ള വ്യത്താക്യതിയില്‍ കെട്ടിയിട്ടിരിക്കുന്ന മതിലിനുള്ളില്‍ മുറം കെട്ടു കെട്ടായി വെച്ചിരിക്കുന്നു. മുറം കച്ചവടം തക്യതിയായി നടന്നു കൊണ്ടിരിക്കുന്നു.


ഓലമേഞ്ഞ നടപ്പാതയിലൂടെ നടന്ന് അകത്തേയ്ക്കുള്ള വാതിലിലെത്തിയപ്പോള്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തി. ടിക്കറ്റ് എടുക്കണമത്രേ. അപ്പോഴാണ് മുന്നിലുള്ള ബോര്‍ഡ് കണ്ടത് സാധാ ദര്‍ശനത്തിനു 5 രൂപ. 50 രുപ ടിക്കറ്റാണേല്‍ സ്പെഷ്യല്‍ ദര്‍ശനവും നടത്താം. സിനിമാ തിയറ്ററില്‍ കയറും പോലെ ശിവനെ ദര്‍ശിക്കാനും ടിക്കറ്റ്! വണ്ടി പൂജിച്ചു കൊടുക്കുന്നതിന് വണ്ടിയുടെ വലിപ്പമനുസരിച്ച് പല പല റേറ്റുകള്‍. ഓരോന്നും അക്കമിട്ട് ബോര്‍ഡില്‍ എഴുതി വെച്ചിട്ടുണ്ട്. വലതു വശത്തെ ടിക്കറ്റ് കൌണ്ടറില്‍ നിന്നും ടിക്കറ്റുമെടുത്ത് അകത്ത് കയറി.



പടിപ്പുര കയറി അകത്തേയ്ക്ക് ചെന്നാല്‍ ഇരു വശങ്ങളിലും ഓരോ കുളങ്ങള്‍ കാണാം. ഇത് വിഷ്ണു ഗുണ്ഡം ബ്രഹ്മഗുണ്ഡം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതിലെ വെള്ളത്തിനെ ഇരുണ്ട പച്ചനിറമാണ്.അതില്‍ നീന്തി തുടിക്കുന്ന കോമളന്മാരും കോമളാംഗികളും അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചുകുട്ടികളും. അവരുടെ കുളിസീന്‍ പിടിച്ച് ചുമ്മാ കന്നഡ, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലെ തെറികള്‍ കേള്‍ക്കണ്ടായെന്നു കരുതി അടുത്ത പടിപ്പുര കയറി ഉള്ളിലേയ്ക്ക് പ്രവേശിച്ചു. അവിടെ നടുവില്‍ 60 അടി വലിപ്പമുള്ള ചതുരസ്ക്യതിയിലെ ഒരു കുളവും(രുദ്ര ഗുണ്ടം) അതിനൊത്ത നടുവില്‍ ഒരു മണ്ഡപവും കാണാം.

മഹാനന്ദിയുടെ പ്രത്യേകതയാണീ കുളം. അതില്‍ വെള്ളത്തിന്റെ തെളിമ പറഞ്ഞറിയിക്കാന്‍ വയ്യാ. അടിത്തട്ട് വ്യക്തമായി കാണാന്‍ പറ്റുന്ന രീതിയില്‍ ക്രിസ്റ്റല്‍ക്ലിയറായുള്ള വെള്ളം.


5 അടി ആഴമുള്ള ജലമാണിതെന്ന് ഈ ഫോട്ടോ നോക്കിയാല്‍ തോന്നുമോ?

ഹിമാലയത്തിലല്ലാതെ ഇത്രയും ശുദ്ധതയുള്ള ജലം ഇന്ത്യയിലൊരിടത്തുമില്ലെന്ന് പറയപ്പെടുന്നു. മുന്‍‌കാലങ്ങളില്‍ ഈ കുളത്തില്‍ മുങ്ങി കുളിക്കാന്‍ ആളുകളെ അനുവദിക്കുമായിരുന്നു. ഇപ്പോ എന്തോ അതിലേയ്ക്ക് പ്രവേശനം തടഞ്ഞിരിക്കയാണ്.


വെളളത്തിന്റെ ആഴം എല്ലായ്പ്പോഴും 5 അടിയില്‍ നിലനിര്‍ത്തുന്ന രീതിയിലാണിതിന്റെ നിര്‍മാണം. ഏതു വഴിയില്‍ കൂടെയാണ് ഈ വെള്ളം കുളത്തിലേയ്ക്ക് വരുകയും ഇതില്‍ നിന്നും പുറത്തേ രണ്ടു കുളത്തിലേയ്ക്ക് പോവുകയും ചെയ്യുന്നതെന്ന് ഇതു വരെ കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. പുറത്തുള്ള കുളങ്ങളില്‍ നിന്നും വെള്ളം ക്യഷിയാവശ്യങ്ങള്‍ക്കായി കൊണ്ടു പോവുന്നു. ഏക്കര്‍ കണക്കിന് ക്യഷിനിലങ്ങള്‍ ഈ വെള്ളത്തെ ആശ്രയിച്ച് ക്യഷി നടത്തി വരുന്നു.

ഇവിടെയുള്ളത് സ്വയംഭൂ ലിംഗമാണ്. അതിനു തൊട്ടു താഴെ നിന്നാണ് വെള്ളം പുറത്തേയ്ക്ക് വരുന്നത്. ഈ അമ്പലത്തിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത് ദര്‍ശനത്തിനെത്തുന്നവര്‍ക്കെല്ലാം വിഗ്രഹത്തിലും ഉറവയിലും തൊട്ട് സ്വയം പൂജ ചെയ്യാമെന്നതാണ്. പക്ഷേ അവിടെ ഞാന്‍ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു. സെപ്ഷ്യല്‍ ദര്‍ശനത്തിന് ടിക്കറ്റെടുത്തവരെ മാത്രമേ ഇപ്പോള്‍ അതിന് അനുവദിക്കുന്നുള്ളൂ. സെയിത്സ്മാന്മാരെ പോലെ പൂജാരികള്‍ ആളെ പിടിക്കാന്‍ നില്‍ക്കുന്നു. രുദ്രാക്ഷം വില്പനയ്ക്ക് ഓരോരുത്തരുടെയും കയ്യിലുണ്ട്. പൂജയ്ക്കായുള്ള പൂക്കളുടെ കൂട്ടത്തില്‍ നല്ല ഭംഗിയുള്ള ഞാനിതു വരെ കാണാത്ത ഒരു തരം പൂവ് കണ്ടു. ആ പൂവുണ്ടാവുന്ന മരവും ഉണ്ടവിടെ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാനും കല്യാണം നടക്കാതവര്‍ക്ക് കല്യാണം നടക്കാനും ആ മരത്തിനെ വലം വെച്ചാല്‍ മതിയെന്നാണ് വിശ്വാസം.

അമ്പലത്തിനു ചുറ്റിനും വമ്പന്‍ മരങ്ങളുണ്ട്. നല്ലമല കാടിന്റെ അടിവാരത്തായാണീ അമ്പലം സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ 10 മൈല്‍ ചുറ്റളവില്‍ 9 അമ്പലങ്ങള്‍ കൂടിയുണ്ട്. പത്മ നന്ദി, നാഗനന്ദി, വിനായകനന്ദി, ഗരുഡനന്ദി, ബ്രഹ്മനന്ദി, സൂര്യനന്ദി, വിഷ്ണു നന്ദി, സോമനന്ദി, ശിവനന്ദി എന്നിവയാണവ. ഈ അമ്പലങ്ങളിലെല്ലാം ഒരു ദിവസം കൊണ്ട് സൂര്യാസ്തമയത്തിനു മുന്നേയായി ദര്‍ശനം പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം.


1500 കൊല്ലത്തോളം പഴക്കമുള്ള പാരമ്പര്യമുള്ള മനോഹരമായ ക്ഷേത്രം പക്ഷേ വളരെയധികം കച്ചവടവല്‍കരിക്കപ്പെട്ടു പോയിരിക്കുന്നു. ആള്‍തിരക്കില്ലാത്ത, പോക്കറ്റിന്റെ കനം നോക്കി പൂജ ചെയ്യാത്ത, ഒരു പൂജാരി മാത്രമുള്ള ആ ക്ഷേത്രം ഞാനൊന്ന് ഭാവനയില്‍ കണ്ടു. ആ പരിശുദ്ധമായ വെള്ളത്തില്‍ മുങ്ങി കുളിച്ച് ആ വിഗ്രഹത്തില്‍ പൂജ ചെയ്യുന്ന ആ സംത്യപ്തി എന്തായിരിക്കും. പക്ഷേ ഇപ്പോഴുള്ള അതിന്റെ അവസ്ഥ കണ്ട് ഒന്നു പ്രാര്‍ത്ഥിക്കാന്‍ പോലും മറന്നാണ് ഞാന്‍ മഹാനന്ദിയില്‍ നിന്നും ഇറങ്ങിയത്.


തുടര്‍വായന

മഹാനന്ദി ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം