Showing posts with label ശലഭം. Show all posts
Showing posts with label ശലഭം. Show all posts

Thursday, May 14, 2009

വീണ്ടും ചിത്രസൽഭം!

സഞ്ജീവയ്യാ പാർക്കിൽ ബട്ടർഫ്ല സ്റ്റഡിക്ക് പോയ വിശേഷങ്ങൾ കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നല്ലോ. അന്ന് കിട്ടിയ ഒരു ചിത്രശലഭത്തിന്റെ ഫോട്ടോ കണ്ട് ഫ്ലിക്കറിൽ കൂടെ പരിചയപ്പെട്ട ഒരു കൂട്ടുകാരിക്ക് അവിടെ പോവാൻ ഒരു ആഗ്രഹം. അങ്ങനെ മെയ് ഒന്നിന് വെളുപ്പിനെ 6 മണിക്ക് അവിടെ രണ്ടാളും ഹാജരായി. അവിടെ നിന്നും കിട്ടിയ ചില ശലഭങ്ങൾ ഇതാ...

Common Crow butterfly






Striped Tiger (Danaus genutia)

അവിടെ നേഴ്സറിയിൽ ചിത്രശലഭങ്ങളെ ആകർഷിക്കാനായി പ്രത്യേകം ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്. അതിലാണ് താഴത്തെ ചിത്രത്തിലെ ശലഭം ഇരിക്കുന്നത്. Heliotropium indicum എന്നാണ് ചെടിയുടെ പേര്. നാട്ടിൽ കാട്ടുപറമ്പിൽ ഈ ചെടി കണ്ടിട്ടുണ്ടോന്ന് സംശയമുണ്ട്. മലയാളത്തിൽ തീകട എന്നാണ് പേര് കണ്ടത്. ഇതിൽ ചുറ്റിപ്പറ്റി അവിടെ നേഴ്സറിയിൽ ധാരാളം ശലഭങ്ങൾ ഉണ്ടായിരുന്നു.




Danaid eggfly male






അപ്പോൾ വീണ്ടും പാർക്കലാം. തൽക്കാലത്തേക്ക് വിട!

Tuesday, April 28, 2009

ബട്ടർഫ്ലൈ സ്റ്റഡി

കഴിഞ്ഞ ഞായറാഴ്ച ഹൈദ്രാബാദിലെ ബട്ടർഫ്ലൈ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവയ്യാ പാർക്കിൽ നടന്ന ബട്ടർഫ്ലൈ സ്റ്റഡിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മൊത്തത്തിൽ 30 പേരോളം സംഘത്തിലുണ്ടായിരുന്നു. സംഘാംഗങ്ങളെല്ലാം കൂടി ചിത്രശലഭങ്ങളെ കണ്ടു പഠിക്കാൻ പാർക്കിന്റെ ഒരറ്റത്തൂന്ന് യാത്ര തുടങ്ങി. ഞാൻ ആദ്യമായായിരുന്നു ഈ പാർക്കിൽ വരുന്നത്. ഇത്തിരി നടന്നപ്പോ ഒരു ഗുൽ‌മോഹറിനടുത്തായി നമ്മുടെ കണിക്കൊന്ന അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നു. വിഷുവിനു മുന്നേയായി ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിൽ ഒരു കണിക്കൊന്ന മരം പൂത്തു നിൽക്കുന്നത് കണ്ടിരുന്നു. പടം എടുക്കാനായി അടുത്ത ദിവസം ക്യാമറയും താങ്ങി അവിടെ ചെന്നപ്പോ ബാറ്ററി കാലി. അതു കൊണ്ട് ഈ അവസരം വിട്ടുകളയരുതെന്നു കരുതി ആദ്യം തന്നെ കണിക്കൊന്ന ചിത്രം പെട്ടിയിലാക്കി.


ആ സമയം കൊണ്ട് സംഘത്തിലെ എല്ലാവരും വളരെ മുന്നേയായി പോയി. അവരുടെ പുറകേ വെച്ചു പിടിക്കുന്നതിനിടയിലാണ് ഇദ്ദേഹമിങ്ങനെ ആരുടെയും ശ്രദ്ധയിൽ പെടാതെ കാറ്റും കൊണ്ടിരിക്കുന്നത് കണ്ടത്.
അടുത്തു ചെന്നിട്ടും യാതൊരു കൂസലുമില്ല.


നല്ല കാറ്റ് അതിരിക്കുന്നിടത്തേക്ക് ഹുസൈൻ‌സാഗർ തടാകത്തിൽ നിന്നും വീശുന്നതു കാരണം ആൾക്ക് ചിറക് തുറക്കാൻ വല്ലാത്ത മടിയായിരുന്നു. കാറ്റിത്തിരി കുറയുമ്പോ ലേശമൊന്നു തുറക്കും. വീണ്ടും അടച്ചിരിപ്പാവും.

എന്റെ കൂടെ ഹിന്ദുപത്രത്തിലെ നഗരഗോപാൽ (അതോ നാഗരഗോപാൽ എന്നായിരുന്നോ ആവോ? എന്തായാലും ഗോപാലുണ്ടെന്ന് ഉറപ്പാണ്. എന്തരേലുമാവട്ടല്ലേ) എന്ന ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞിട്ടും ശലഭത്തിന് അനക്കമില്ലാതായപ്പോ രണ്ടാൾക്കും സംശയമായി.ഇനി ഇതിനു സുഖമില്ലേ എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തോണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എവിടുന്നോ മറ്റൊരു ചിത്രശലഭം വന്നതും ഇത് അതിന്റെ പുറകെ ചുറ്റിചുറ്റി ഒറ്റ പറക്കൽ!


ഇതിന്റെ പേര് പ്ലെയിൻ ടൈഗർ. ആഫ്രിക്കൻ മനാർക്ക് എന്നും ഇവനു പേരുണ്ട്.
Scientific Name - Danaus chrysippus. വിക്കിയിൽ കൂടുതൽ വിവരങ്ങൾ വായിക്കാം.
മലയാളം പേര് അറിയില്ല.

ചിത്രശലഭത്തിന്റെ പടമൊക്കെ പിടിച്ചു നിവർന്നപ്പോ സംഘാംഗങ്ങളുടെയും കൂടെ വന്ന ഭർത്താവിന്റെയും പൊടിപോലുമില്ല കണ്ടുപിടിക്കാൻ. പിന്നെ സ്വന്തമായി തന്നെ സ്റ്റഡി നടത്തി കളയാമെന്നു കരുതി നടപ്പു തുടർന്നു. ചെറിയതരം പരുന്താണെന്നാണ് ഈ പക്ഷിയെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത്. പക്ഷേ കൊക്കു പരുന്തിന്റെ പോലെയല്ല.
ഈ പക്ഷിയുടെ പേരെന്താന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവു ചെയ്‌തു പറഞ്ഞു തന്നാൽ ഉപകാരമായേനേ.

Update (29/04/09) :- ഇത് Common Hawk-Cuckoo(Hierococcyx varius
) Brain Fever Bird എന്ന പേരിലും ഇത് അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വിക്കിയിൽ.



പക്ഷിയുടെ പുറകെ നടന്നു കൊണ്ടിരിക്കുന്നതിനിടെ പാർക്കിൽ നാഗലിംഗമരം കണ്ടൂന്നും പറഞ്ഞ് സതീശേട്ടൻ(ആരോ എന്നെ മുൻപത്തെ ഒരു പോസ്റ്റിൽ സതീഷ് എന്നു എഴുതിയതിനു ഗുണദോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയ്‌ക്ക് “ഏട്ടൻ’ ചേർത്തിട്ടുണ്ടേയ്) വിളിച്ചു. പിന്നെ അതും തപ്പി നടപ്പായി. അവസാനം അതും കണ്ടുപിടിച്ചു. അങ്ങനെ വരിവരിയായി നിൽക്കയല്ലേ ചുള്ളന്മാർ/ത്തികൾ!


ഹൈദ്രാബാദ് നഗരഹൃദയത്തിൽ ഇവരിങ്ങനെ നിരനിരയായി നിന്നിട്ട് അതറിയാതെ നമ്മൾ മഹാനന്ദി വരെ പ്രെട്രോളും കത്തിച്ചുപോയി അപൂർവ്വസുന്ദരപുസ്പം എന്നൊക്കെ പറഞ്ഞ് പണ്ട് പോസ്റ്റിട്ടത്.

ഒരു മരത്തിനു മാത്രം മറ്റെല്ലാത്തിൽ നിന്നും ഒരു പ്രത്യേകത കണ്ടു. മറ്റെല്ലാം കരിം‌പച്ചനിറത്തിൽ വലിയ ഇലകളുമായ് നിൽക്കുന്നു. അതിനിടയിൽ ഒരെണ്ണത്തിൽ മാത്രം ഇലകൾ ഇളം‌പച്ചയിലും നീളത്തിലും നിൽക്കുന്നു. ഇനി ഇലകൊഴിഞ്ഞ് പുതിയത് വന്നതാണോന്ന് അറിയില്ല അങ്ങനെ. താഴത്തെ ഫോട്ടോയിൽ ഇടതു വശത്ത്.



പൂവ് ഇതാ




ബട്ടർഫ്ലൈ സ്റ്റഡിക്കാരൊക്കെ സ്റ്റഡിയും നടത്തി വീട്ടിൽ പോവാറായെന്നു ഫോണിലൂടെയറിഞ്ഞതു കൊണ്ടും ഒറ്റയ്‌ക്കായതിന്റെ വെപ്രാളം കൊണ്ടു അധികം സമയം കളയാതെ തിരികെ തുടങ്ങിയ സ്ഥലത്തേക്ക് തിരികെയെത്തി വീട്ടിൽ പോന്നു. കായുള്ള മരവും അവിടെയുണ്ടായിരുന്നൂന്ന് വീട്ടിലെത്തി കഴിഞ്ഞാണ് അറിഞ്ഞത്. അടുത്ത പ്രാവശ്യമാവട്ടെ അതു പെട്ടിയിലാക്കണം.



സ്റ്റഡിക്കാരുടെ കൂടെ ഫോട്ടോയെടുക്കാൻ പോയവരിൽ രണ്ടാൾക്കൊഴികെ ആർക്കും ഒരു ബട്ടർഫ്ലൈ ഫോട്ടോ പോലും കിട്ടിയില്ലെന്നുള്ളതാണ് ഏറ്റവും രസം (ഇപ്പോ ശലഭങ്ങളുടെ സീസണുമല്ല അതു കൂടാതെ ഒത്തിരി പേർ സംഘത്തിലുണ്ടായിരുന്നതിനാൽ അവരുടെ ഒച്ചയും ബഹളത്തിലും ശലഭങ്ങൾ ജീവനും കൊണ്ടോടി എന്നാണ് എനിക്ക് പിന്നീട് കിട്ടിയ റിപ്പോർട്ട്). ഇനി മുതൽ ഫോട്ടൊയെടുക്കാമെന്നു പ്രതീക്ഷിച്ച് ഒരു സ്റ്റഡിഗ്രൂപ്പുകാരുടെയും കൂടെ പോവരുതെന്ന് എനിക്ക് മനസ്സിലായി. ചിത്രശലഭങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണെങ്കിൽ ഇത്തരം യാത്രകൾ നന്ന്.

Wednesday, June 18, 2008

ഇരുതലശലഭം

സുന്ദരന്റെ നാട്ടുകവലയില്‍ പണ്ട് തേരാപാരാ ഇഴഞ്ഞു നടന്നിരുന്ന ഇരുതല മൂരി(രണ്ടു അറ്റവും തലകളുള്ള പാമ്പ്)യെ കുറിച്ച് കമന്റ്സില്‍ ചര്‍ച്ച നടന്നപ്പോഴാണ് നാട്ടില്‍ പോയപ്പോ രണ്ടു തലയില്ലെങ്കിലും മറ്റേ വശത്ത് ആളെ പറ്റിക്കാന്‍ തല പോലത്തെ ഡിസൈനും കൊണ്ടു നടക്കുന്ന ഈ ചിത്രശലഭത്തെ കണ്ട കാര്യം ഓര്‍ത്തത്. പറ്റിക്കല്‍ തലയും ഉണ്ടകണ്ണും കണ്ട് പിടിക്കാന്‍ വരുന്നവര്‍ പേടിച്ചോടുമായിരിക്കും.ആളുടെ കുടുംബപേരും ഇംഗ്ലീഷ് പേരും മലയാളം പേരും ഒന്നും അറിയില്ല. അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക.

അപ്ഡേറ്റ് - 24/06/08

ചിത്രശലഭത്തിന്റെ പേര് - മങ്കി പസില്‍ (Monkey Puzzle)
Binomial name - Rathinda amor
കൂടുതല്‍ വിവരങ്ങള്‍
ഇവിടെയും ഇവിടെയും വായിക്കാം
ഈ വിവരങ്ങള്‍ അന്വേഷിച്ചറിയിച്ച ചെള്ളിയാനും പറഞ്ഞു തന്ന ബാലകൃഷ്ണന്‍ വളപ്പിലിനും നന്ദി.


ജീവന്‍ രക്ഷിച്ച അടവ്

മുകളിലെ ചിത്രത്തിലെ മങ്കി പസില്‍ ശലഭത്തെ ശ്രദ്ധിച്ചാല്‍ അറിയാം ആ മറുവശത്തെ പറ്റിക്കത്സ് തല അതിന്റെ ജീവന്‍ രക്ഷിച്ചുവെന്ന്. ആ ഭാഗം മുഴുവനായി നഷ്ടപ്പെട്ടിരിക്കുന്നു. കൊന്നു തിന്നാന്‍ വന്നവന്‍ തലയെന്നു കരുതി പിടികൂടിയത് പുറകുഭാഗത്താണെന്ന് തോന്നുന്നു.


ചിറകു ഒതുക്കിയിരിക്കുമ്പോഴുള്ള ആ ഭംഗിയത് ചിറകു വിരിച്ചിരിക്കുമ്പോള്‍ തോന്നുന്നില്ല. മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത് ഈ ശലഭം ചിറകൊതുക്കിയിരുന്നു പുറകിലെ ചിറക് വിറപ്പിച്ചു കൊണ്ടിരിക്കും. ശ്രദ്ധ പുറകുവശത്ത് കിട്ടാനുള്ള മറ്റൊരു അടവ്.

ഇനി വേറെ രണ്ടു പറ്റിക്കലുകാര്‍. കണ്ടാല്‍ “കാക്ക തൂറിന്നാ തോന്നുന്നേ” എന്നും പറഞ്ഞ് നമ്മള്‍ പോവേയുള്ളൂ.


ഇതാ അടുത്തയാള്‍.



ഈ രണ്ടു പേരേയും കണ്ടു മുട്ടിയത് കറിവേപ്പിലാണ്. പക്ഷേ രണ്ടാളുടെയും ഇരിക്കേണ്ട സ്ഥലം പരസ്പരം മാറി പോയോന്നാ എന്റെ സംശയം. ആദ്യത്തെ “കാക്ക തൂറി”യുടെ ഡിസൈന്‍ കറിവേപ്പിന്റെ തടിയുടെ അതേ പോലെ തന്നെ. അവിടെ ഇരുന്നാല്‍ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടും. അതു തന്നെ പച്ച ഡിസൈന്‍‌കാരന്‍ ഇലയിലോ പച്ച തണ്ടിലോ ഇരുന്നാലും സംഭവിക്കും.

നിങ്ങള്‍ക്ക് കണ്ടിട്ടെന്ത് തോന്നുന്നു? ഇവര്‍ ഇരിക്കേണ്ട സ്ഥലം പരസ്പരം മാറി പോയോ? അതോ എന്റെ ചിന്തയുടെ കുഴപ്പമാണോ?


അപ്ഡേറ്റ്
19/06/08

ഈ പുഴുക്കള്‍ രണ്ടും ഒരേ ശലഭത്തിന്റേതാണോന്ന് നാഷണല്‍ ജോഗ്രഫിക്കലില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ സംശയം തോന്നുന്നു. അതില്‍ പറയുന്നതനുസരിച്ച് സോളോ ടെയില്‍ വിഭാഗത്തിലെ ചിത്രശലഭത്തിന്റ് പുഴുക്കള്‍ ആദ്യകാലങ്ങളില്‍ കിളികളുടെ കാഷ്ഠത്തിന്റെ രൂപത്തിലും പിന്നീട് വളര്‍ച്ച പൂര്‍ത്തിയാവുന്നതിനോടുത്ത് പച്ചനിറത്തിലേയ്ക്ക് നിറം മാറാറുണ്ടെത്രേ. അങ്ങനെയെങ്കില്‍ അവര്‍ ഇരിക്കേണ്ട സ്ഥാനം മാറിയിട്ടുണ്ടാവില്ല. ഇലകളില്‍ കാഷ്ഠം വീണതു പോലെ ആദ്യത്തെയാള്‍ ഇല തിന്നാനായി ഇലയിലും വളര്‍ച്ച പൂര്‍ത്തിയാവാറായപ്പോള്‍ പ്യൂപ്പയാവാന്‍ വേണ്ടി പച്ചനിറക്കാരന്‍ തടിയിലും ഇരുന്നതാവാം.



Thursday, September 6, 2007

ജീവിതചക്രം

ഞങ്ങളുടെ അമ്മ എന്തു അടുക്കും ചിട്ടയിലുമാണ് ഞങ്ങളെ ഇവിടെ ഒട്ടിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ.ഈ പുറം‌ലോകത്തിലേയ്ക്ക് കാലെടുത്തു കുത്തിയതേയുള്ളൂ പക്ഷേ എന്താ വിശപ്പ്.

ഞങ്ങളിങ്ങനെ കൂട്ടം ചേര്‍ന്ന് ഓരോ ഇലയേയും ആക്രമിച്ച് അങ്ങനെ മുന്നേറുകയാണ്. വേഗം വലുതായാല്ലല്ലേ അമ്മയെ പോലെയാവാന്‍ പറ്റൂ.ഞാനിതിനുള്ളില്‍ തപസ്സിരിക്കയാ ചിറകു മുളയ്ക്കാന്‍.
ഇപ്പോ എന്നെ നോക്കൂ ഈ ചിറകും തേനുമുള്ളപ്പോ ആര്‍ക്കു വേണം ഇല. വേഗം വലിച്ചു കുടിക്കട്ടെ എന്തു രുചിയാ ഇതിന്.എന്തോരം പൂക്കളാ! വയറു നിറച്ചു തേനും കുടിച്ചിങ്ങനെ പാറി നടക്കാന്‍ എന്തു രസാ.

ഓ ഞാനിതു വരെ എന്റെ പേരു പറഞ്ഞില്ലല്ലേ എന്നെ മലയാളികള്‍ മഞ്ഞപാപ്പാത്തിയെന്നു വിളിക്കും. എന്റെ ഇംഗ്ലീഷിലുള്ള പേരു three-spot grass yellow. എന്റെ സ്ക്കൂളിലെ പേരു Eurema blanda. ഞങ്ങളുടെ കുടുംബപേരു Pieridae. പേരു കേട്ട കുടുംബക്കാരാ.





ഈ പോസ്റ്റില്‍ പുഴുക്കളുടെ കാര്യത്തില്‍ കുറച്ച് പിഴവുകള്‍ വന്നതിനാല്‍ ഈ പടങ്ങള്‍ താഴേക്ക് നീങ്ങുന്നു. താഴെ ചിത്രത്തില്‍ കാണുന്ന പുഴുക്കളും ഈ ശലഭവും തമ്മില്‍ ഒരു ബന്ധവുമില്ല.


ഞാന്‍ കൂട്ടുകെട്ടൊക്കെ വിട്ടു ഇപ്പോ ഒറ്റയ്ക്കാ സഞ്ചാരം! എന്നെ ഇപ്പോ കണ്ടാല്‍ നെറ്റിപ്പട്ടം കെട്ടിയൊരു ആനയുടെ ചന്തമില്ലേ?
എന്റെ രുപമിങ്ങനെ മാറി കൊണ്ടേയിരിക്കും. ഇപ്പോ ഞാന്‍ വെളുത്തു തുടുത്തു സുന്ദരനായില്ലേ?

ഇലയില്‍ പിടിച്ചു വലിക്കുന്നോ? നിന്നെ ഞാന്‍...
പേടിച്ചു പോയോ? ഇതൊക്കെ എന്റെ ചില നമ്പറല്ലേ


ഞാനൊരു പാവമാണേ എന്നെയിങ്ങനെ സൂക്ഷിച്ചു നോക്കല്ലേ പ്ലീസ്. എനിക്കു പേടിയാവുന്നു!


N.B:-ഈ ജീവിതചക്രത്തില്‍ എവിടെയെങ്കിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി തരാന്‍ അപേക്ഷ.