Showing posts with label വഴിയോരകാഴ്ചകള്‍. Show all posts
Showing posts with label വഴിയോരകാഴ്ചകള്‍. Show all posts

Tuesday, October 9, 2007

ലംബാടികളും സീതപ്പഴങ്ങളും

സീതപ്പഴത്തിന്റെ സീസണാവുമ്പോ കാണുന്ന കാഴ്ചകളിലൊന്ന്. ഗ്രാമങ്ങളില്‍ നിന്നും സീതപ്പഴവും നിറച്ച് വരിവരിയായി നഗരത്തിന്റെ തെരുവോരങ്ങളില്‍ കിടക്കുന്ന കാളവണ്ടികള്‍.


ഒരു ലംബാടി ഇളമുറക്കാരി കച്ചവടത്തിനായുള്ള സ്ഥലം വ്യത്തിയാക്കുന്ന തിരക്കില്‍.

“തെരുവിലാണെങ്കിലെന്ത് നമ്മള്‍ താമസിക്കുന്ന സ്ഥലം വ്യത്തിയാക്കിയിടണ്ടേ.”




കച്ചവടത്തിനായി സീതപ്പഴങ്ങള്‍ ഒരുക്കുന്ന തിരക്കില്‍


ഇനി വാങ്ങാന്‍ ആളെ തിരഞ്ഞുള്ള കാത്തിരിപ്പ്.


ആകെ തിരക്കോട് തിരക്ക്. മുഴുവന്‍ വേഗം വിറ്റു തീര്‍ന്നാലല്ലേ തിരികെ നാട്ടിലേയ്ക്ക് പോവാനാവൂ.


മുതിര്‍ന്നവര്‍ കച്ചവടത്തിന്റെ തിരക്കിലാവുമ്പോള്‍ നാല്‍ക്കാലികളെ നോക്കാനുള്ള ചുമതല ഈ ഇളമുറക്കാര്‍ക്കാണ്.

ഈ മുകളിലെ പയ്യന്മാര്‍ക്ക് അവരുടെ പടമെടുക്കുന്നതിലും സന്തോഷം താഴെ കാണുന്ന അവരുടെ കാളകളുടേത് എടുക്കുന്നതിലായിരുന്നു. നാല്‍ക്കാലികള്‍ അവരുടെ ജീവിതത്തിന്റെ വളരെ വലിയൊരു ഭാഗമായി തോന്നി.

തിരക്കൊന്നൊഴിഞ്ഞപ്പോള്‍ ഫോട്ടോയൊന്ന് എടുക്കുമോയെന്നു ചോദിച്ചു അമ്മച്ചി പോസിംഗില്‍. പുറകില്‍ ലിവളിതെന്തിനുള്ള പുറപ്പാടാ എന്ന ഭാവത്തില്‍ കെട്ടിയോന്റെ എത്തിനോട്ടം.


ഇവര്‍ ലംബാടി ഗോത്രക്കാര്‍ ഈ കടും നിറത്തിലെ വസ്ത്രങ്ങളും അതില്‍ പിടിപ്പിച്ചിട്ടുള്ള കണ്ണാടികളും ആഭരണങ്ങളും ലംബാടി സ്ത്രീകളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് പ്രത്യേകതയൊന്നുമില്ലാത്ത സാധാ ഗ്രാമീണന്റെ വസ്ത്രധാരണമാണ്.

ഇത്രയും കണ്ടു ക്ഷീണിച്ചതല്ലേ ഇതിരിക്കട്ടെ.വലിയ കുട്ടയിലെ വേണമോ അതോ ചെറിയതിലെ വേണമോയെന്നു നിങ്ങള്‍ തീരുമാനിച്ചോളൂ.

പക്ഷേ എന്നെ പോലെ ആക്രാന്തം കാണിക്കരുത്. കഴിഞ്ഞ സീസണ്‍ തുടങ്ങിയപ്പോ തന്നെ ആക്രാന്തം മൂത്തു കുട്ടയോടെ വാങ്ങി വീട്ടിലെത്തി വെട്ടി വിഴുങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ സീതപ്പഴത്തിന്റെ മണമടിക്കുമ്പോഴേ ആകെയൊരു വല്ലായ്മ. പിന്നെ ആ വര്‍ഷം കഴിക്കാന്‍ സാധിച്ചില്ല. അതു കൊണ്ട് പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന വിചാരത്തില്‍ കഴിക്കുക.

Saturday, June 9, 2007

കപ്പലണ്ടിയേ...കടലേയ്...

വഴിയോരകാഴ്ചകള്‍ ഒന്നാം ഭാഗം



ഇവിടെ വഴിയോരത്ത് സര്‍വ്വസാധാരണമായി കാണുന്ന ചില കാഴ്ചകള്‍ ഇതാ നിങ്ങള്‍ക്കായി


ഒരു ചാറ്റ്വാലാ. സഞ്ചരിക്കുന്ന ഭക്ഷണശാലയാണ് അദ്ദേഹത്തിന്റെ തലയില്‍.

തന്റെ കച്ചവടസ്ഥാപനം വഴിയില്‍ വെച്ച് ഉറങ്ങി പോയ ഒരു കച്ചവടക്കാരനെ മുകളില്‍ കാണാം.



ഇവിടെ വിഭവങ്ങള്‍ വ്യക്തമായി കാണാം. എന്തു ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ. ഓര്‍ഡര്‍ കൊടുത്താല്‍ നിമിഷനേരത്തിനുള്ളില്‍ സാധനം റെഡി.ഒരു കടലാസ് കുമ്പിളില്‍ കടലയോ പൊരിയോ ഇടുക അല്പം സവാള വിതറുക ഉപ്പും മുളകുപൊടിയും കൂടി മിക്സു ചെയ്ത ഒരു കുപ്പി ഉണ്ടാവും കൈയ്യില്‍ അത് ഒന്നു കുടയുക നാരങ്ങാനീര് അല്പം ഇറ്റിക്കുക എന്നിട്ട ആ കടലാസ് കുമ്പിള്‍ ഒന്നു കുലുക്കി കൈയ്യിലേയ്ക്ക് തരും. എന്താ രസം!


നമ്മുടെ നാട്ടിലെ പോലെ വറുത്ത കപ്പലണ്ടിയും പട്ടാണിയും കിട്ടും കേട്ടോ. എങ്കിലും എനിക്ക് വറുത്ത കപ്പലണ്ടിയേക്കാള്‍ ഇഷ്ടം പുഴുങ്ങിയ കപ്പലണ്ടിയാണ്.


ഒരു കപ്പലണ്ടി വില്പനക്കാരന്‍. അനുവാദത്തോടു കൂടിയാട്ടോ ഫോട്ടോയെടുത്തത്. ഫോട്ടോയെടുത്തോട്ടേയെന്നു ചോദിച്ചപ്പോ ആ ചേട്ടനു വല്യസന്തോഷം.


തൊണ്ടോടു കൂടി കപ്പലണ്ടി പുഴുങ്ങുന്നത്. അതിങ്ങനെ തിളച്ചുകൊണ്ടേയിരിക്കും.


തിളച്ച വെള്ളത്തില്‍ നിന്നും വാരി ചൂടോടെ കുമ്പിളിലാക്കി തരും.


വേറെയെങ്ങും വെച്ചെടുക്കാന്‍ സ്ഥലമിഞ്ഞതു കൊണ്ട് ഒരു കപ്പലണ്ടി തൊണ്ടു പൊളിച്ചു മടിയില്‍ വെച്ചെടുത്തത്.

വഴിയരികിലെ ഭക്ഷണം സാധാരണ കഴിക്കാറില്ലാത്ത എന്നെ എന്റെ തെലുങ്ക് കൂട്ടുകാരി ഒരിക്കല്‍ പുഴുങ്ങിയ കപ്പലണ്ടി വാങ്ങിച്ചു നിര്‍ബന്ധിച്ചു കഴിപ്പിച്ചു. അതിനു ശേഷം ഞാനതിന്റെ ആരാധികയായി മാറി പോയി.ഇതാ നിങ്ങള്‍ക്കായി അതിന്റെ റെസിപ്പീ.

കപ്പലണ്ടി തോട്ടത്തില്‍ നിന്നും പറിച്ച ഉടനെ കിട്ടുകയാണെങ്കില്‍ നേരിട്ട് വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുക. അല്ല ഉണക്ക കപ്പലണ്ടിയാണെങ്കില്‍ തൊണ്ടില്ലാത്തത് ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. വെള്ളമൂറ്റി ഒരു ദിവസം കൂടി വെയ്ക്കാന്‍ ക്ഷമയുണ്ടെങ്കില്‍ മുള വരും ഗുണം കൂടും. അത് 5-10 മിനിറ്റ് ഇഡ്ഢലി കുട്ടകത്തില്‍ ആവി കേറ്റുക.(ആവി കേറ്റുമ്പോള്‍ ബഹിര്‍ഗമിക്കുന്ന മണം എന്റെ ഒരു വീക്ക്നെസാ)
ഇനി അതില്‍ അല്പം മുളകുപൊടി, ഉപ്പ്, മല്ലിയില, നാരങ്ങാനീര് എന്നിവ നിങ്ങളുടെ രുചിക്കനുസരിച്ച് ചേര്‍ത്തിളക്കുക.
കഴിക്കാന്‍ റെഡി!

തൊണ്ടില്ലാത്ത കപ്പലണ്ടി ഇത്തരത്തില്‍ ഉണ്ടാക്കി വില്‍ക്കുന്നതിന്റെ പടം കിട്ടിയില്ല. എപ്പോഴെങ്കിലും പിടികിട്ടും അന്നേരം പോസ്റ്റ് ചെയ്യാട്ടോ.

മഴയുള്ള ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ഇത് ഉണ്ടാക്കി ചൂടോടെ മഴയും ആസ്വദിച്ചൊന്നു കഴിച്ചു നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.