Showing posts with label തിരിച്ചുവരവ്. Show all posts
Showing posts with label തിരിച്ചുവരവ്. Show all posts

Thursday, March 20, 2008

തിരിച്ചുവരവ് നാലാം ഭാഗം

ഒരു വര്‍ഷം എത്ര പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് എന്റെ വിരുന്നു പോയ കുഞ്ഞയല്‍ക്കാര്‍ തിരികെ വന്നു തുടങ്ങിയത്. ഈപ്രാവശ്യം ഇതുവരെ വിരലിലെണ്ണാവുന്നവര്‍ മാത്രമേ എത്തി ചേര്‍ന്നിട്ടുള്ളൂ. എന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങളിലൊന്നും ആരും തന്നെ വന്നെത്തിയിട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും എത്തിചേരുമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കയാ ഞാന്‍. ഇപ്രാവശ്യവും കൂടിനു വേണ്ടി കശപിശയുണ്ടാവുമോ എന്തോ. എത്ര മരണത്തിനും എത്ര പിച്ചവെയ്ക്കലിലും സാക്ഷിയാവേണ്ടി വരുമെന്നുമറിയില്ല. എന്തായാലും കാത്തിരുന്ന് കാണാം.

കഴിഞ്ഞ സീസണില്‍ കുറച്ചു ദിവസത്തേയ്ക്ക് എന്റെ കൈയ്യില്‍ ഒരു സുഹൃത്തിന്റെ 12എക്സ് സൂം ഉള്ള ക്യാമറ കൈയ്യില്‍ കിട്ടിയിരുന്നു. അന്നെടുത്ത ചിത്രങ്ങളാണിവ. ഇനിയീ വര്‍ഷം ഇത്രയും വ്യക്തയുള്ള ചിത്രങ്ങള്‍ ഉണ്ടാവാന്‍ ഒട്ടും വഴിയില്ല. കാരണം എന്റെ 3എക്സ് ഉള്ള കുഞ്ഞിക്യാമറയുമായിലുള്ള അങ്കമായിരിക്കും ഇനി.



അമ്മ തീറ്റയുമായി വരുന്നതും കാത്ത് കണ്ണുചിമ്മാതിരുന്ന രണ്ടു കിടാങ്ങള്‍ . ഈ വര്‍ഷം ഇവരുടെ കിടാങ്ങള്‍ ചിലപ്പോള്‍ ഇവരേയും കാത്ത് ഇങ്ങനെ ഇരിക്കുമായിരിക്കും.



വേറെ പണിയൊന്നുമില്ലാതെ കലുങ്കില്‍ വായില്‍ നോക്കിയിരിക്കുന്നു ഒരുത്തന്‍.

കൂട്ടിന് മറ്റൊരുത്തനേയും കൂടി കിട്ടിയിട്ടുണ്ട്. രണ്ടാളും കൂടി ഉല്ലസിച്ചങ്ങനെയിരിക്കുമ്പോഴാണ് വേറൊരുത്തന്റെ വരവ്.

അയ്യോ ദാ കൂടെയിരുന്നവന്റെയും ഭാവം മാറി. അവനും മഫ്തിയില്‍ വന്ന പോലീസായിരുന്നു. പിന്നെ രണ്ടാളും കൂടി ചോദ്യം ചെയ്യലായി കേസായി ലോക്കപ്പായി.പൂവാലന്‍ പുലിവാല് പിടിച്ചൂന്ന് പറഞ്ഞാല്‍ മതിയല്ലോ.



പൂവാലന്റെ മഗ്‌ഷോട്ട്!




കലുങ്കില്‍ തന്നെയിരുത്തി മഗ്‌ഷോട്ടുമെടുത്ത് അവനെ തൂക്കി പോലീസ് ജീപ്പിലിട്ട് അവരങ്ങ് പറന്നു. ഈ വര്‍ഷമെങ്കിലും അവന് പരോള്‍ കിട്ടുമോ എന്തരോ? ആര്‍ക്കറിയാം!

Wednesday, May 23, 2007

തിരിച്ചുവരവ് മൂന്നാം ഭാഗം

തിരിച്ചുവരവ് ,തിരിച്ചുവരവു രണ്ടാം ഭാഗം എന്നതിന്റെ തുടര്‍ച്ച.



ഇവിടെ ഈ കൂട്ടില്‍ മുട്ട വിരിഞ്ഞതേയുള്ളൂ. കുഞ്ഞുങ്ങളെ ചൂടില്‍ നിന്നു രക്ഷിക്കാന്‍ അമ്മ ചിറകു വിരിച്ചിരിക്കയാണ്. കുഞ്ഞിനെ കാണാന്‍ ലേശം പ്രയാസമാണെന്നു എനിക്കറിയാം എന്റെ ക്യാമറ കൊണ്ട് എനിക്ക് ഇത്രയുമേ സാധിക്കുന്നുള്ളൂ. അതു കൊണ്ട് എല്ലാവരും ക്ഷമിക്കൂ.പറന്നു ചെന്നു ആ സൈഡിലെ ഇല വകഞ്ഞു മാറ്റി ഫോട്ടോയെടുത്താലോ എന്നു വരെ ആലോചിച്ചു. എന്തു ചെയ്യാം ചിറകില്ലാണ്ടായി പോയില്ലേ.


മുകളിലെ ചിത്രത്തിലെ അമ്മക്കിളി രാവിലെ അല്പം വിശ്രമിക്കാനായി കൂട്ടില്‍ നിന്നും മാറിയപ്പോ എടുത്തത്. മൂന്നു മിടുക്കന്മാരുണ്ടീ കൂട്ടില്‍.


ദാ ഇവിടെ കുഞ്ഞുങ്ങള്‍ അല്പം കൂടി വളര്‍ന്നു കഴിഞ്ഞു. ആ അമ്മക്കിളിക്ക് ഒരു സ്വൈരവും കൊടുക്കുന്നില്ല രണ്ടും കൂടി. തീറ്റയ്ക്കു വേണ്ടി രണ്ടും ബഹളവും കൊത്തുമാണ് അമ്മയെ. ഫോട്ടോ വലുതാക്കിയാല്‍ അല്പം കൂടി വ്യക്തമാവും.


ഇവിടെയും അവരെ കാണാം ഇത് സോപ്പിന്‍ കായുണ്ടാകുന്ന മരത്തിലാണ് കൂടു കൂട്ടിയിരിക്കുന്നത്. മറ്റു പല കൂട്ടിലും കുഞ്ഞുങ്ങള്‍ പറക്കാന്‍ തക്കവണ്ണം ആയി കഴിഞ്ഞു.അമ്മ പക്ഷി തീറ്റയുമായി എത്തി കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറകേ കൂടും.തീറ്റ മുഴുവന്‍ കൊടുത്തു കഴിഞ്ഞാലും രക്ഷയില്ല പിന്നെയും അമ്മ പോവുന്നിടത്തെല്ലാം മരകൊമ്പിലൂടെ നടന്നും ചാടിയും പുറകേ കൂടും. ചില കുഞ്ഞുങ്ങള്‍ അടി തെറ്റി താഴെ വീഴാറുമുണ്ട്.

മൂന്നു നില കെട്ടിടത്തിന്റെ പൊക്കമുള്ള മരത്തില്‍ നിന്നും താഴെ വീണാല്‍ മിക്കപ്പോഴും മരണം തന്നെ ഫലം. എന്നാല്‍ അപൂര്‍വ്വമായി ചില മിടുക്കന്മാര്‍ ആ വീഴ്ചയില്‍ നിന്നും ജീവനോടെ രക്ഷപ്പെടാറുണ്ട്. അങ്ങനെയൊരുത്തനെ ഞാനിപ്പോ പരിചയപ്പെടുത്താം.

ഇവന്‍ കൊക്കുണ്ണി


രണ്ടു ദിവസം മുന്‍പ് ഉച്ചയ്ക്ക് ഞാന്‍ ബാല്‍ക്കണിയില്‍ നിന്നു താഴേയ്ക്ക് നോക്കിയപ്പോ ഒരുത്തന്‍ സ്റ്റൈലന്‍ ഉലാത്തല്‍. ഇടയ്ക്ക് കൊത്തി പെറുക്കലുമുണ്ട്. ഒരു വശത്തു നിന്നു മറ്റേ വശത്തു വരെ പോവും പിന്നെ തിരിച്ചും. കുറച്ചു കഴിഞ്ഞ് ഞാന്‍ താഴെ ചെന്നു. അവനു യാതൊരു കൂസലുമില്ല. അതു മാത്രമല്ല അവനെന്റെ കണ്‍‌മുന്‍പില്‍ വെച്ചു ഒരു തുമ്പിയെ പിടിച്ചു ശാപ്പിടുകയും ചെയ്തു. അവനാളൊരു മിടുക്കനാണെന്നെനിക്കു മനസ്സിലായി.


താഴെയുള്ള വീട്ടിലെ പയ്യന്‍ കപ്പലണ്ടി എറിഞ്ഞു കൊടുത്തപ്പോ അവന്‍ ഓടി വന്നു കൊത്തി നോക്കി. അവനു നല്ല വിശപ്പുണ്ടെന്നു മനസ്സിലായി. മീനോ മറ്റോ വാങ്ങി കൊടുത്താലോ എന്നു മനസ്സിലാലോചിച്ചു ഞാന്‍ തിരികെ വീട്ടിലെത്തി. പിന്നെയും ഒന്നു രണ്ടു മണിക്കൂര്‍ അവന്‍ താഴെ ഉലാത്തുന്നതു ഞാന്‍ കണ്ടു. പിന്നെയവനെ കാണാണ്ടായി.
അവന്‍ ജീവനോടെ എവിടെയെങ്കിലും ഉണ്ടാവുമെന്നു വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.

ഈ താഴെ കാണുന്നതു അവന്റെ കൂടപ്പിറപ്പാണ്.എന്നാല്‍ അവന്റെ കൂടപ്പിറപ്പിനു അവനെ പോലെ ഭാഗ്യമുണ്ടായില്ല. വീഴ്ചയില്‍ അതു മരിച്ചു. ഇപ്പോ മൂന്നാമത്തെ കുഞ്ഞാണിങ്ങനെ താഴെ വീണു മരിക്കുന്നത്.



ദേ ഇവിടെ ഒരുത്തന്‍ പറക്കാന്‍ പരിശീലിക്കുകയാണ്.


കൂടുതല്‍ കൂടുതല്‍ സംഘങ്ങള്‍ അന്തിയുറങ്ങാന്‍ എത്തിചേര്‍ന്നു കൊണ്ടിരിക്കുന്നു. അന്തിയുറങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും cattle egret വിഭാഗക്കാരാണ്. cattle egret ന്റെ ഒരു കൂടു പോലും ഇവിടെ ഞാന്‍ കണ്ടില്ല ഇതുവരെ.



ചില സന്ധ്യാ ദ്യശ്യങ്ങള്‍





ഇത്രയും ക്ഷമയോടെ കണ്ടതിനു വളരെ നന്ദി. വെള്ള കൊക്കിന്റെ(little egret) ഒരു കൂടു പോലുമിപ്പോള്‍ എനിക്കു ഫോട്ടോയെടുക്കാന്‍ പാകത്തിനില്ല. കാണാന്‍ പാകത്തിനുണ്ടായിരുന്ന കൂട്ടിലെ മുട്ടയെല്ലാം കാറ്റില്‍ താഴെ പോയി.

Tuesday, April 3, 2007

തിരിച്ചുവരവ് രണ്ടാം ഭാഗം

തിരിച്ചു വരവ് എന്ന പോസ്റ്റിന്റെ തുടര്‍ച്ച



അതില്‍ ഉണ്ടായിരുന്ന കൂടും മുട്ടയും ഒരു ദിവസം കാറ്റില്‍ തകര്‍ന്നു. ശ്രദ്ധിച്ചാല്‍ അറിയാം ആ കൂടിനു അധികം കെട്ടുറപ്പും ഉണ്ടായിരുന്നില്ല. ഈ കൊക്കുകള്‍ പലതും പഴയ ഉപേക്ഷിക്കപ്പെട്ട കൂടുകള്‍ ഉണ്ടെങ്കില്‍ പുതിയവ ഉണ്ടാക്കാന്‍ മെനക്കെടാറില്ല.

കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട ഒരു രസകരമായ കാഴ്ച, ഒരു മാവില്‍ മൂന്ന് പഴയ കൂടുണ്ടായിരുന്നു. മൂന്നു കൊക്കു ദമ്പതികളെത്തി. മൂന്നു കൂട്ടര്‍ക്കും ഒരു കൂടു തന്നെ വേണം. അവസാനം വഴക്കു മൂത്ത് ആരും കൂടു സ്വന്തമാക്കിയില്ല. ഈ വര്‍ഷവും വീടിനു തൊട്ടടുത്തെ മരത്തില്‍ കൂടുണ്ടാക്കാനുള്ള സ്ഥലത്തിനു വേണ്ടി ഇത്തരത്തിലൊരു വഴക്കു നടന്നു.

ആ വഴക്കാളി സംഘത്തിലെ രണ്ടു പേരാണീ ചിത്രത്തില്‍.

എന്നാല്‍ ഈ വഴക്കൊക്കെ നടന്നപ്പോള്‍ മറ്റൊരാള്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതെ വളരെ തിരക്കിലായിരുന്നു.


സ്വന്തമായി ഉണ്ടാക്കിയ വീട്ടില്‍ പണി പൂര്‍ത്തിയാക്കിയ ശേഷം.


മറ്റൊരു കൂട്ടില്‍ അടയിരുപ്പ് ആരംഭിച്ചു കഴിഞ്ഞു.


ഞാന്‍ ചെന്നപ്പോള്‍ എന്നോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹം എഴുന്നേറ്റു വണങ്ങുന്ന രംഗം.



ഈ കൂട് ഇവരുണ്ടാക്കിയതല്ല. കഴിഞ്ഞ വര്‍ഷം ചാരനിറത്തിലെ കൊക്കുണ്ടാക്കി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പോയ ശേഷം വെള്ളനിറത്തിലെ മറ്റൊരു കൂട്ടര്‍ കൂടി ഉപയോഗിച്ച് ഉപേക്ഷിച്ച കൂടാണിത്.


വേറേയും കൂടുകളൊത്തിരിയുണ്ട് പക്ഷേ ഇലകള്‍ക്കു മറവിലായതിനാല്‍ ചിത്രങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാണ്.
ഇനിയും കാറ്റ് വില്ലനായി ഇവരുടെ ജീവിതത്തില്‍ കടന്നു വരാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ...
(തുടരും)

Tuesday, March 13, 2007

തിരിച്ചുവരവ്

ദാ വിരുന്നു പോയ എന്റെ അയല്‍ക്കാര്‍ തിരികെയെത്തി തുടങ്ങീട്ടോ.
പഴയ കൂടൊക്കെ ഒന്നു മിനുക്കി അവര്‍ താമസം തുടങ്ങി.





ഇന്നലെ നോക്കീപ്പോ കൂട്ടില്‍ ഒരു കുഞ്ഞു നീലമുട്ട.



ഇനിയാ കുഞ്ഞതിഥി പുറത്തു വരുന്നതിനായുള്ള കാത്തിരിപ്പിന്റെ ദിനങ്ങള്‍.
ഇവരുടെ ലോകത്തിലെ വിശേഷങ്ങളും കാഴ്ചകളുമായ് ഞാന്‍ ഇനിയും വരും.