Showing posts with label പാചകം. Show all posts
Showing posts with label പാചകം. Show all posts

Saturday, February 19, 2011

അതുല്യേച്ചിയും ഡോൿലയും

















അതുല്യേച്ചി കാരണം ഡോൿല ഞാൻ വിജയകരമായി ഉണ്ടാക്കിയ സന്തോഷവാർത്തയെല്ലാവരെയും അറിയിക്കുന്നു.

atulya sharma - ഡോക്ല പ്രിയേടെ റെസിപ്പീ... സേം സേം ഈസി പിക്ക്. ബട്ട്, ശരിയ്ക്ക്,ഞാൻ ചെയ്യാറു, 1 ഗ്ലാസ് കടലപരിപ്പ്, ഒരു സ്പൂൺ പച്ചരി, 1 സ്പൂണ ഉ.പരിപ്പ് എന്നിവ 8 മണിക്കൂർ കുതിർത്തി അത് രാവിലെ തരിതരിപ്പായിട്ട് അധികം ലൂസാവാതെ, അരച്ച് ഒരു 4 മണീക്കൂർ ഫെർമന്റിനു വയ്ക്കുക. എന്നിട്ട് അതിലേയ്ക്ക് തൈരു പുളിച്ചത് 1/2 ഗ്ലാസ്സ് ഒഴിച്ച്, ഉപ്പ് ചേർത്ത് എണ്ണ തടവിയ തട്ടിലേയ്ക്ക് വയ്ക്കുക. പ്രിയയുടെ ഫ്ലോപ്പായിട്ടുണ്ടെങ്കിൽ, ഇനോ പഴേതാവും, അല്ലെങ്കിൽ ഇഞ്ചി പച്ചമുളക് എന്നിവ കടൽമാവ് എന്നിവയിലേയ്ക്ക് ചേർത്താൽ ചിലപ്പോ അത് പഫ് അപ്പ് ആവൂല്ല :( പിന്നെ താളിച്ച് ഒഴിയ്ക്കുന്നതിനു മുമ്പ്, ഇതിലേയ്ക്ക് ചൂട് തിളച്ച വെള്ളം ഇറ്റിയ്ക്കണം, മുറിച്ച് വയ്ക്കുന്നതിലേയ്ക്ക്. എന്നാലെ സോഫ്റ്റ് ആയിട്ട് ഇരിയ്ക്കു. നല്ല കടലമാവ് എന്നതിലും വളരെ കാര്യമുണ്ട്, ഇനോ ഇട്ട് ഉണ്ടാക്കുകയാണെങ്കിൽ. പിന്നെ പുളിച്ച തൈർ കിട്ടിയില്ലെങ്കിൽ ലെമൺ ക്രിസ്റ്റലും ഇട്ട് ഉണ്ടാക്കാം. ഓവർ കുക്ക്ടും ആവരുത്. ഒരു 8 മിൻ സ്റ്റീം ഒക്കെ മതി, സിമ്മിൽ. താളിയ്ക്കുമ്പോ പചമുളകും മ്റ്റും ഇട്ട് അതിലേയ്ക്ക് മിക്സ് ചെയ്താ മതി. അല്ല ഇടണമെന്നുണ്ടെങ്കിൽ, പച്ചമുളക്ക് ഇഞ്ചി എന്നിവ അരച്ച് മാവിലേയ്ക്ക് ചേർക്കുക.





































ഗൂഗിൾ ബസ്സിൽ അതുല്യേച്ചി പറഞ്ഞുതന്നതിൽ നിന്നും അല്ലറചില്ലറ വ്യത്യാസങ്ങൾ ഞാൻ വരുത്തിയിരുന്നു.
കടലപരിപ്പും ഉഴുന്നുപരിപ്പും അരിയും തലേന്ന് രാത്രി കുതിർത്തത് പിറ്റേന്ന് വെള്ളം ഒട്ടും ചേർക്കാതെ തൈരു ചേർത്താണ് അരച്ചത്. പിന്നെ 5-6 മണിക്കൂറിനു ശേഷം അതിലേയ്ക്ക് അര റ്റീസ്പൂൺ സോഡാപ്പൊടിയും ഒരു സ്പൂൺ എണ്ണയും ഉപ്പും കൂടി ചേർത്തിളക്കി ഉടനെ തന്നെ ഇഡ്‌ഢലിത്തട്ടിൽ വെച്ച് ആവി കേറ്റി. (ഒട്ടും സമയം പോവാണ്ടിരിക്കാൻ പാത്രത്തിൽ മയം പുരട്ടി, ഇഡ്ഡലിത്തട്ട് അടുപ്പിൽ വെച്ച് ആവി വന്നതിനു ശേഷമായിരുന്നു ഉപ്പും എണ്ണയും സോഡാപ്പൊടിയുമൊക്കെ ചേർത്തത്). 8 മിനിറ്റായപ്പോൾ തന്നെ സംഗതി വെന്തുകിട്ടി. എനിക്ക് എന്നിട്ടും വെന്തോന്നു സംശയം കാരണം വീണ്ടും 2 മിനിറ്റു കഴിഞ്ഞാ എടുത്തത്. പിന്നെ വെറുതെ ചൂട് വെള്ളം ഇറ്റിക്കുന്നത് ഒഴിവാക്കിയിട്ട് കടുകു വറുത്തതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിച്ച് മേലെ ഒഴിച്ചു.


















എനിക്ക് ഡോൿലയുടെ കൂടെ സ്വീറ്റ് ചട്നിയാണു പ്രിയം. ഈന്തപ്പഴം ഇല്ലാതിരുന്നതു കൊണ്ട് അതിനു സ്വന്തമായൊരു റെസിപ്പി പരീക്ഷിച്ചു. പുളിവെള്ളവും ശർക്കരയും കൂടി തിളപ്പിച്ച് കുറുകി വന്നപ്പോൾ തേനും ജീരകം വറുത്തു പൊടിച്ചതും ചേർത്ത് അല്പനേരം കൂടി തിളച്ച ശേഷം ഇറക്കി. സംഗതി കൊള്ളാമായിരുന്നു.

Wednesday, February 4, 2009

പഴുത്ത മുളക് അച്ചാർ


ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം ഇവിടെ മാർക്കറ്റിൽ കാണാറുള്ള ചുവന്നമുളകാണിത്. ഓരോ വർഷവും കാണാറുണ്ടായിരുന്നെങ്കിലും ഇത് എന്തിനാ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ വർഷമാണ് പഠിച്ചത്. മുളകുബജിക്ക് ഉപയോഗിക്കുന്ന മുളകിലും നീളമുണ്ടിതിന് അതോ അതേ വെറൈറ്റി തന്നയോ ഇതെന്നറിയില്ല. എന്തായാലും എരിവു കുറവും മാംസം കൂടുതലുമുള്ള തരമാണ്. കഴിഞ്ഞവർഷം പരീക്ഷണാർത്ഥം ഉണ്ടാക്കി നോക്കി. വിചാരിച്ചതിലും വേഗത്തിൽ കുപ്പി കാലിയായി. അടുത്ത ബാച്ച് ഉണ്ടാക്കി ഫോട്ടോസ് എടുത്ത് ബ്ലോഗിലും ഇടാമെന്നു കരുതി പക്ഷേ അപ്പഴേക്കും മുളകിന്റെ സീസൺ കഴിഞ്ഞുപോയിരുന്നു. അതിനാൽ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു ഈ പോസ്റ്റ് തയ്യാറാക്കാൻ.

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറാണിത്. തെലുങ്കിൽ ഇതിനു “പണ്ടു മിരുപ്പക്കായ് പച്ചടി”യെന്നു പറയും.
ഇതിന് ആവശ്യമുള്ള സാധനങ്ങൾ

ചുവന്നമുളക് - 1 കിലോ
ഉപ്പ് - 1/4 കിലോ (പൊടിയുപ്പോ കല്ലുപ്പോ ഉപയോഗിക്കാം).
വാളൻ‌പുളി - 1/4 മുതൽ 1/2 കിലോ വരെ (എരിവു തീരെകുറവും പുളി കൂടുതലും വേണ്ടവർ 1/2 കിലോ ഉപയോഗിക്കാം. അല്ലെങ്കിൽ ആദ്യമുണ്ടാക്കുമ്പോൾ 1/4 കിലോ പുളിയിൽ ഉണ്ടാക്കി നോക്കിയിട്ട് പോരായെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർക്കാം). ഇവിടെ ഞങ്ങൾക്ക് കിട്ടുന്ന വാളൻപുളി നാട്ടിൽ കിട്ടുന്നതുമായി കുറച്ചു വ്യത്യാസമുണ്ട്.

മുളക് ഞെട്ടു കളയാതെ തന്നെ വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. അതിനു ശേഷം നന്നായി തുടച്ച് ഞെട്ടും കളഞ്ഞ് ഫാനിന്റെ കീഴിൽ 1-2 മണിക്കൂർ ഉണക്കിയെടുക്കുക.



മുളകും കല്ലുപ്പും കൂടി മിക്സിയിൽ ചതച്ചെടുക്കുക. നല്ലതു പോലെ അരച്ചെടുക്കേണ്ട ആവശ്യമില്ല.

എന്നിട്ട് ഒരു കുപ്പിയിലോ ഭരണിയിലോ മുളകും വാളൻപുളിയും ഇടവിട്ട് ഇടവിട്ട് നിറച്ചു കാറ്റു കയറാത്തവിധത്തിൽ അടച്ചു സൂക്ഷിക്കുക.ഇത് മാസങ്ങളോളം കേടുകൂടാതിരിക്കും. 4-5 ദിവസമാകുമ്പോൾ അതിൽ നിന്ന് ഒരാഴ്‌ചത്തേക്ക് ഉപയോഗിക്കാൻ വേണ്ട അളവിൽ മുളകെടുത്ത് മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക. ഇനിയിതിൽ കടുകു വറുത്തൊഴിക്കണം.


തെലുങ്കരുടെ രീതിയിൽ കടുകുവറുത്തൊഴിച്ചാൽ അതിനു പ്രത്യേകരുചി തന്നെയാണ്. അതിനാവശ്യമുള്ള സംഗതികൾ കടുക്, ജീരകം, കടലപരിപ്പ്, കറിവേപ്പില, കായം. വേണമെങ്കിൽ ഉഴുന്നുപരിപ്പും ചേർക്കാം. എല്ലാം മൂത്ത് ബൗൺ നിറമാവുമ്പോ വാങ്ങി മുളകരച്ചതിൽ ചേർത്ത് ഉപയോഗിക്കാം.എണ്ണ ലേശം കൂടുതൽ ചേർക്കേണ്ടി വരും. അച്ചാറിനു ആ‍ദ്യം ലേശം എരിവു തോന്നുമെങ്കിലും ഇരിക്കും തോറും എരിവു കുറഞ്ഞു വരും.


ഇനിയിപ്പോ കേരളാസ്റ്റൈലിൽ കപ്പയുടെ കൂടെ കൂട്ടാനാണെങ്കിൽ മുളകിൽ കടുകുവറുക്കാതെ, ഉള്ളിചതച്ചതും വെളിച്ചെണ്ണയും ചേർത്തിളക്കി പരീക്ഷിച്ചു നോക്കാം.


ഫ്രിഡ്ജിൽ വെച്ച മുളകുപയോഗിച്ച് അച്ചാറിട്ടാൽ കേടായി പോവാൻ സാധ്യതയുണ്ട്. അതിനാൽ വാങ്ങികൊണ്ടു വന്നു എത്രയും പെട്ടെന്നു ഉണ്ടാക്കിയാൽ അത്രയും നന്ന്.

സമർപ്പണം:- ഇതു പറഞ്ഞുതന്ന പാചകരത്നം സുധാഭാഭിക്ക്.

പ്രത്യേക‌അറിയിപ്പ്:- ഞാനുപയോഗിച്ച മുളകല്ലാതെ ഏരിവു കൂടിയ വല്ല മുളകും കൊണ്ടുണ്ടാക്കി കഴിച്ച് ബാത്ത്‌റൂമിൽ തപസ്സിരിക്കേണ്ടി വന്നാൽ അതിനു ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.

Wednesday, September 3, 2008

ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പി




ചായ, കോഫി ഒക്കെ നിർത്തീട്ട് കുറച്ചു കാലമായി. എന്നാലിനി ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പിയിലേക്ക് ഒരു തിരിച്ചുപോക്ക് നടത്താമെന്ന് കരുതി. അങ്ങനെ അന്വേഷണം ആദ്യം ഇവിടടുത്തെ കേരളാ സ്റ്റോറിൽ തുടങ്ങി. ചക്കരയുണ്ടോന്ന് ചോദിച്ചപ്പോ അയ്യോ, ഇപ്പോ തീർന്നു പോയല്ലോ അടുത്താഴ്ച കാണുമെന്നായിരുന്നു മറുപടി. എന്തായാലും അടുത്തയാഴ്ച സംഗതി കിട്ടുമെല്ലോന്ന് ആശ്വസിച്ചു തുടങ്ങിയപ്പോഴാണ് അവരുദ്ദേശിക്കുന്ന ചക്കരയും ഞാൻ പറയുന്ന ചക്കരയും രണ്ടും രണ്ടല്ലേന്ന് ഒരു സംശയം. ഞാനുദ്ദേശിച്ചത് കരുപ്പെട്ടി എന്ന ചക്കരയാണെന്നു പറഞ്ഞപ്പോഴാണ് സംഗതി ക്ലിയറായത്.(ഞങ്ങളുടെ നാട്ടിൽ പൊതുവേ പായസം ഉണ്ടാക്കാൻ എടുക്കുന്നത് ‘ശർക്കരയും’ കാപ്പിയുണ്ടാക്കാനെടുക്കുന്നതിനെ ‘ചക്കര’യെന്നുമാണ് പറയുന്നത്.)അങ്ങനൊരു സാധനം അവരുടെ കടയിൽ കൊണ്ടുവരാറേയില്ലെന്നു കേട്ടപ്പോ ആ പ്രതീക്ഷ തകർന്നു. പിന്നെ ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ചക്കര കുറെ കെട്ടി പൊതിഞ്ഞിങ്ങ് കൊണ്ടു പോന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടു കൂടാണ്ടിരിക്കുമെന്നു കടക്കാരൻ പറഞ്ഞു തന്നു.



ചക്കരക്കാപ്പി പലവിധത്തിൽ ഉണ്ടാക്കി കണ്ടിട്ടുണ്ട്. ചുക്കും കുരുമുളകും ചേർത്ത ചുക്കുകാപ്പി. പക്ഷേ ചുക്കുകാപ്പിയും ഞാനും തമ്മിൽ പണ്ടു മുതലേ ലേശം വിരോധത്തിലാ. കാരണം മറ്റൊന്നുമല്ല നല്ല എരിവും ചൂടും കൂടി ഒന്നിച്ചു ചെന്നാൽ അപ്പോ തുടങ്ങും എനിക്ക് എക്കിൾ. ചക്കരകാപ്പിയിൽ തേയിലയിട്ട് അല്ലെങ്കിൽ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ച് കാപ്പിയുണ്ടാക്കാറുണ്ട്. ചുക്കും എലയ്ക്കയും മാത്രം ചേർത്തുണ്ടാക്കാറുമുണ്ട്. എന്നാൽ ഇതിൽ എനിക്കേറ്റവും രുചികരവും ഗുണമുള്ളതുമായി തോന്നിയിട്ടുള്ള ഒരു പൊടിയാണ് മല്ലി-കാപ്പിപ്പൊടി.പ്രകൃതിജീവനാചാര്യൻ ശ്രീ.സി.ആർ.ആർ.വർമ്മയുടെതാണ് ഈ പാചകക്കുറിപ്പ്.

മല്ലി-കാപ്പിപ്പൊടി


1. മല്ലി - 100 ഗ്രാം.
2. ഉലുവ - 20 ഗ്രാം.
3. നല്ല ജീരകം - 20 ഗ്രാം.
4. ചുക്ക് - 10 ഗ്രാം.
5. ഏലയ്ക്ക - 10 ഗ്രാം.



ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങൾ. മല്ലിയും ഉലുവയും നല്ലജീരകവും വെവേറെ എണ്ണയൊന്നുമില്ലാതെ വറുത്തെടുക്കുക. ചുക്ക് കല്ലിൽ വച്ച് നന്നായി ചതച്ചാൽ പിന്നീട് മിക്സിയിൽ പൊടിക്കാൻ എളുപ്പമാവും. എലയ്ക്കാ പച്ചയ്ക്ക് തന്നെ ഇട്ടാൽ മതിയാകും.



ഇനി എല്ലാം കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. ഒട്ടും തരിയൊന്നുമില്ലാതെ പൊടിയണമെന്നൊന്നുമില്ല.



കാപ്പി ഉണ്ടാക്കുന്ന വിധം

ചക്കര ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ചക്കര നന്നായി അലിഞ്ഞു കഴിയുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് 3 ഗ്രാം എന്ന രീതിയിൽ മല്ലി-കാപ്പിപ്പൊടി ചേർക്കാം.(ഒന്നു രണ്ടു പ്രാവശ്യം ഉണ്ടാക്കി കഴിയുമ്പോ നിങ്ങളുടെ രുചിക്കനുസരണമായി കാപ്പിപ്പൊടിയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.) അത് ഒരു മിനിറ്റ് തിളച്ചു കഴിയുമ്പോൾ തീ കെടുത്തി പാത്രം ലേശം ചരിച്ചു വെച്ചാൽ 1-2 മിനിറ്റിനുള്ളിൽ മട്ട് മുഴുവൻ അടിയിൽ ഒരു വശത്ത് അടിയും. അതിനു ശേഷം കാപ്പി അരിപ്പയിൽ അരിച്ച് ഉപയോഗിക്കാം.



കരുപ്പെട്ടി തന്നെ ചേർക്കണമെന്ന് ഒരു നിർബന്ധവുമില്ല. കരുപ്പെട്ടി കിട്ടാൻ പ്രയാസമാണങ്കിൽ ശർക്കരയുപയോഗിച്ചും ഇത് തയ്യാറാക്കാം. ഈ കാപ്പിയിൽ ലേശം പാലൊഴിച്ചാൽ ചായയുടെ നിറത്തിലാവും. രുചിയും ലേശം വ്യത്യാസപ്പെടും. അതും എനിക്ക് വളരെ ഇഷ്ടമാണ്.

ഇനി ഒട്ടും ഇടിച്ചു പൊടിച്ചും മെനക്കെടാൻ താല്പര്യമില്ലാത്തവർക്കായി മറ്റൊരു സാധനം.


ശുദ്ധീകരിച്ച പനം കരുപ്പെട്ടി.

ചുക്ക്, എലയ്ക്ക, കുരുമുളക്, ജീരകം ഒക്കെ ചേർത്തുണ്ടാക്കുന്ന കരുപ്പെട്ടിയാണ്. ഒന്നുകിൽ ചുമ്മാ തിന്നാം. കാപ്പിയാക്കണമെങ്കിൽ ചുമ്മാ വെള്ളം ചേർത്തു തിളപ്പിച്ചാൽ മതി. ഒന്നും കൂടെ ചേർക്കേണ്ട കാര്യമില്ല.



അപ്പോൾ എല്ലാവർക്കും വിനായകചതുർത്ഥിയുടെയും ഓണത്തിന്റെയും റംസാനാശംസകൾ!

ചിയേഴ്സ്!


ഈ പോസ്റ്റ് മല്ലി-കാപ്പിപ്പൊടിയെ കുറിച്ച് കൂടുതൽ പറഞ്ഞു തന്ന ശ്രീ. നാണുകുട്ടൻ‌നായർക്കും, ശ്രീമതി. സരസ്വതിയമ്മയ്ക്കും ചക്കരകാപ്പി കുടിക്കാൻ എന്നെ ശീലിപ്പിച്ച എന്റെ അച്ഛനുമമ്മയ്ക്കുമായി സമർപ്പിക്കുന്നു.

Saturday, March 29, 2008

കോളിഫ്ലവര്‍ അച്ചാര്‍



അച്ചാറിനു പേരു കേട്ട ആന്ധ്രയില്‍ താമസിച്ചിട്ട് ഒരു അച്ചാര്‍ പോസ്റ്റിട്ടില്ലെങ്കില്‍ മോശമല്ലേ. സംഗതി വളരെയെളുപ്പം. അടുപ്പത്ത് വെയ്ക്കേണ്ട കാര്യമേയില്ല. എനിക്ക് ഒരു തെലുങ്ക് ചേച്ചി പഠിപ്പിച്ചു തന്നതാണ്. മാങ്ങ, നാരങ്ങാ അച്ചാറുകള്‍ കൂട്ടി മടുത്തവര്‍ക്ക് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി പരീക്ഷിച്ചു നോക്കാം. പിന്നെ രുചിയുടെ കാര്യത്തില്‍ അല്പം പ്രശ്നം വരുന്നത് എണ്ണയുടെ കാര്യത്തിലാവും. കപ്പലണ്ടിയെണ്ണയാണ് ഇതിലുപയോഗിക്കുന്നത് അതിന്റെ ചുവ ഇഷ്ടമല്ലാത്തവര്‍ക്ക് നല്ലെണ്ണയിലോ സൂര്യകാന്തിയെണ്ണയിലോ ഉണ്ടാക്കാം.


ആവശ്യമുളള സാധനങ്ങള്‍

കോളിഫ്ലവര്‍ അഥവാ ഗോബി - 6 കപ്പ്
മുളകുപൊടി - 1 കപ്പ്
ഉപ്പ് - 1 കപ്പ്
കടുകുപൊടി - 1 കപ്പ് (വറുക്കേണ്ട കാര്യമില്ല. പച്ചയ്ക്ക് മിക്സിയില്‍ ഇട്ടൊന്നു ചതച്ചത്)
നാ‍രങ്ങാനീര് - 1 1/2 കപ്പ്
വെളുത്തുള്ളി - 2 കുടം (അരച്ചത്)
കപ്പലണ്ടിയെണ്ണ (peanut/groundnut oil) - 2 കപ്പ്
ഉലുവ -1 ചെറിയ സ്പൂണ്‍



ഇത്രയുമാണ് വേണ്ട സാധനങ്ങള്‍. കപ്പിന്റെ അളവ് എന്തുമാവും. അതേ പാത്രം കൊണ്ട് തന്നെ മറ്റു സാധനങ്ങളും അളക്കണമെന്ന് മാത്രം. കോളിഫ്ലവര്‍ പുഴുവൊന്നുമില്ലാത്തത് നോക്കി വാങ്ങണം. എന്നിട്ട് നനഞ്ഞ ഒരു തുണി കൊണ്ട് നന്നായി തുടച്ചെടുക്കണം. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ടും. വെള്ളത്തില്‍ കഴുകാതിരിക്കുക. വെള്ളത്തില്‍ മുങ്ങിയാല്‍ കോളിഫ്ലവറിന്റെ മണം മാറും. അതൊഴിവാക്കാന്‍ വേണ്ടിയാണീ തുടച്ചെടുക്കലെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ട് കോളിഫ്ലവര്‍ തണ്ടുള്‍പ്പെടെ കഷ്ണിച്ചെടുക്കുക. കഷ്ണങ്ങള്‍ നല്ല വെയിലില്‍ 2 മണിക്കൂര്‍ വെച്ചുണക്കണം. വെള്ളത്തിന്റെ അംശം എന്തെങ്കിലുമുണ്ടെങ്കില്‍ പോവാന്‍ വേണ്ടിയാണ്.


ഇനി ബാക്കിയുള്ള ചേരുവയെല്ലാം കൂടി കോളിഫ്ലവറില്‍ ചേര്‍ത്തിളക്കി കുപ്പിയിലാക്കി വെയ്ക്കാം. കപ്പലണ്ടിയെണ്ണയല്ലാ ഉപയോഗിക്കുന്നതെങ്കില്‍ എണ്ണ ഒന്നു ചൂടാക്കി തണുത്ത ശേഷം ഒഴിക്കുന്നതാവും നന്ന്. ഉലുവയും പച്ചയ്ക്ക തന്നെയാണിടുന്നത്. എരിവ് അധികം വേണ്ടത്തവര്‍ക്ക് പിരിയന്‍‌മുളകിന്റെ പൊടി ഉപയോഗിക്കാം.
ഉലുവയുടെയും കടുകിന്റേയും അല്പം കയ്പ്പും കുത്തലും ഇട്ടയുടനെയുണ്ടാവും അതു മാറി കഴിഞ്ഞ്(എകദേശം ഒരാഴ്ചയ്ക്കുള്ളില്‍) ഉപയോഗിച്ചു തുടങ്ങാം.

N.B:- ആദ്യമുണ്ടാക്കുമ്പോള്‍ ചെറിയൊരു കോളിഫ്ലവര്‍ കൊണ്ട് കുറച്ചുണ്ടാക്കി രുചിയിഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം അടൂത്ത പ്രാവശ്യം കൂടുതല്‍ ഉണ്ടാക്കുക. കാരണം എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല.

Tuesday, January 22, 2008

ഒരു ക്യാരറ്റ് കേക്കിന്റെ കഥ

ഒരിടത്തൊരിടത്തൊരു ചെറുഗ്രാമത്തില്‍ ഒരു യുവതി താമസിച്ചിരുന്നു. അവള്‍ക്ക് ഗ്രാമങ്ങള്‍, നഗരങ്ങള്‍ തോറും കാഴ്ചകള്‍ കണ്ടങ്ങനെ ചുറ്റി നടക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അങ്ങനെയുള്ള ഒരു കറക്കത്തിനിടയിലാണ് അവള്‍ വിര്‍ച്ചല്‍ സിറ്റിയെന്ന നഗരത്തിലെത്തിപ്പെട്ടത്. അവിടെ അവള്‍ പല സുന്ദരന്മാരെ കാണുകയും പല സുന്ദരമാരേ പറ്റി കേള്‍ക്കുകയും ചെയ്തു. എന്നാല്‍ എക്സ്ട്രാ സ്പെഷ്യല്‍ ക്യാരറ്റ് കേക്ക് എന്ന യുവാവിനെ കുറിച്ച് കേട്ടമാത്രയില്‍ അവളവനില്‍ അനുരക്തയായി. അവന്റെ ഒരു ചിത്രം പോലും കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും കേട്ടറിവു വെച്ച് അവനൊരു സുന്ദരന്‍ തന്നെയായിരിക്കുമെന്നവള്‍ ഊഹിച്ചിരുന്നു. പേരിലെ എക്സ്ട്രാ സ്പെഷ്യല്‍ ആണോ അവനെ കണ്ടിട്ടുള്ള വിക്ടോറിയ ഫാര്‍മര്‍ എന്ന വനിതയുടെ വര്‍ണ്ണനയിലാണോ അവള്‍ വീണു പോയതെന്നു പറയാന്‍ വയ്യാ. എങ്ങനെയും അവനെ കണ്ടേ തീരുവെന്നവളുറപ്പിച്ചു. അവനെ ഒന്നു കാണാണമെങ്കിള്‍ അവള്‍ക്ക് ഏറേ കടമ്പകള്‍ കടക്കണമായിരുന്നു. അവ പലപേരുകളില്‍ ടീസ്പൂണുകളായും ടേബിള്‍ സ്പൂണുകളായും കപ്പുകളായും അവളുടെ മുന്നില്‍ നിരന്നു കിടന്നു.


മൈദ - 1 1/4 കപ്പ്
സോഡാപ്പൊടി - 1 1/2 ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത്- 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- 1/4 ടീസ്പൂണ്‍

മുട്ട - 2 ചെറുത്
സൂര്യകാന്തിയെണ്ണ - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
തൈര് / മോര് - 1/4 കപ്പ് + 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 1 കപ്പ് ( അളന്ന ശേഷം പൊടിച്ചത്)
വനിലാ എസന്‍സ് - 1/2 ടേബിള്‍സ്പൂണ്‍
Canned Crushed Pineapple Drained - 1/2 കപ്പ്
ക്യാരറ്റ് ചുരണ്ടിയത് - 1 കപ്പ്
തേങ്ങ ചുരണ്ടിയത് - 2 സ്പൂണ്‍
ചെറിയ കഷ്ണങ്ങളാക്കിയ അണ്ടിപരിപ്പ് - 1/2 കപ്പ്

ഇതില്‍ Canned Crushed Pineapple Drained എന്ന കടമ്പ അവള്‍ക്ക് അല്പം പ്രയാസമായി തോന്നി. അത് അവളെ പോലെ ഇടത്തരം കുടുംബത്തിലെയൊരാള്‍ക്ക് അപ്രാപ്യമായിരുന്നു. അതിനവള്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തി. പൈനാപ്പിള്‍ വാങ്ങി ചെറു കഷ്ണമാക്കി പഞ്ചസാരലായനിയില്‍ 5 മിനിറ്റ് തിളപ്പിച്ചു കഴിഞ്ഞപ്പോ അതും അവള്‍ക്ക് പ്രാപ്യമായി.


അതിനു ശേഷമവള്‍ അടുത്ത പടിയിലേയ്ക്ക് കടന്നു.

1. മൈദ, കറുവാപ്പട്ടപൊടി, ഉപ്പ്, സോഡാപ്പൊടി എന്നിവ ഒന്നിച്ചു ചേര്‍ത്ത് 2-3 പ്രാവശ്യം അരിച്ചു വെച്ചു.

2. പൈനാപ്പിള്‍ കഷ്ണങ്ങള്‍ ‍പഞ്ചസാരപാനിയില്‍ നിന്നും ഊറ്റിയെടുത്ത് മിക്സിയില്‍ അരച്ചു വെച്ചു.



പിന്നീട് ഒരു വലിയ പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി പതപ്പിച്ചു. അതിലേയ്ക്ക് തൈര്, എണ്ണ, പഞ്ചസാര, വനിലാ എസന്‍സ് എന്നിവ ഓരോന്നായി ചേര്‍ത്ത് പതപ്പിച്ചു. എല്ലാം നന്നായലിഞ്ഞു ചേര്‍ന്ന ശേഷം അരിച്ചു വെച്ചിരിക്കുന്ന മൈദമാവ് കുറേശ്ശേയായി തവി/സ്പാറ്റുലാ കൊണ്ട് ഇളക്കി ചേര്‍ത്തു. മാവ് കട്ടയില്ലാത്ത വിധത്തില്‍ എത്തിയ ശേഷം പൈനാപ്പിള്‍ അരച്ചതും, ക്യരറ്റ്, തേങ്ങാ, അണ്ടിപരിപ്പ് എന്നിവ ഓരോന്നായി ഇളക്കി ചേര്‍ത്തു.


തയ്യാറാക്കിയ മിശ്രിതം വശങ്ങളില്‍ വെണ്ണ പുരട്ടി മാവ് തൂവി, അടിയില്‍ ബട്ടര്‍പേപ്പര്‍ ഇട്ട 8” വലിപ്പമുള്ള പാത്രത്തില്‍ ഒഴിച്ച് 180ഡിഗ്രിയില്‍ നേരത്തെ ചൂടാക്കിയ Ovenല്‍ വെച്ച് ഒരു മണിക്കൂര്‍ ബേക്ക് ചെയ്തു.

ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം Ovenന്റെ വാതില്‍ തുറന്നപ്പോള്‍ ഇരുണ്ടനിറത്തിലെ വട്ടമുഖമുള്ള സുന്ദരന്‍ ഇതാ മുന്നില്‍. പിന്നീട് പലപ്പോഴും അവനവളുടെ വീട്ടില്‍ വിരുന്ന് വന്നു. അവനെ കണ്ടവര്‍ക്കൊക്കെയും അവന്‍ പ്രിയപ്പെട്ടവനായി. ഇനി നിങ്ങള്‍ക്കും അവനെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ കടമ്പകള്‍ എല്ലാം കടന്നാല്‍ നിങ്ങളുടെ വീട്ടിലും അവന്‍ വിരുന്നിനെത്തും. ഒരിക്കല്‍ കണ്ടാല്‍ അവന്‍ നിങ്ങളുടെയും മനം കവരുമെന്നതു തീര്‍ച്ച.


കഥ അങ്ങനെ അവസാനിച്ചു. ഇനിയല്പം കാര്യത്തിലേയ്ക്ക് കടക്കാം.

മൈദ മുതല്‍ ഇങ്ങോട്ടുള്ള സാധനങ്ങള്‍ തവി അല്ലെങ്കില്‍ സ്പാറ്റുല കൊണ്ട് ഇളക്കി ചേര്‍ത്താല്‍ മതി. ബീറ്റര്‍ ഉപയോഗിച്ച് അധികം അടിച്ചു പതപ്പിച്ചാല്‍ കേക്കിനു മാര്‍ദ്ദവം കുറയും.
മൈദ അരിച്ച ശേഷം അളക്കുന്നതാവും നന്ന്. പിന്നെ ക്യാരറ്റ് അളക്കുമ്പോള്‍ അമര്‍ത്തി അളക്കരുത്.

ഇത് 8 അല്ലെങ്കില്‍ 9 ഇഞ്ച് വലിപ്പത്തില്‍ ഒരു കേക്കുണ്ടാക്കാനുളള അളവുകളാണ്. ഇത്തരം രണ്ട് കേക്കുകളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ നേരെ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയാല്‍ മതി. എന്നെ പോലെ ഒരെണ്ണം മാത്രം ഉണ്ടാക്കുന്നവര്‍ക്ക് എളുപ്പത്തിനു വേണ്ടി എല്ലാ അളവുകളും പകുതിയാക്കി എഴുതിയെന്നു മാത്രം.

ഇനി അതില്‍ പറഞ്ഞിരിക്കുന്ന ഗ്ലേസ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതു കേക്ക് അവനില്‍ നിന്നും പുറത്തെടുത്തയുടനെ കേക്കിനു പുറത്തൊഴിക്കുക. ഞാന്‍ ആദ്യമാദ്യം ഗ്ലേസ് ഒഴിക്കുമായിരുന്നു. ഇപ്പോ അതില്ലാത്തതായി കൂടുതല്‍ ഇഷ്ടം. അതില്‍ പറഞ്ഞ കോണ്‍സിറപ്പില്ലാത്തതിനാല്‍ അതിനു പകരമായി തേനാണ് ഉപയോഗിച്ചിരുന്നത്.
പിന്നെ ഫ്രോസ്റ്റിങ്ങില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ചെനിക്കറിയില്ല.

ബട്ടര്‍ പേപ്പര്‍ എങ്ങനെ കേക്ക്ടിന്നില്‍ ഇടാമെന്നത് അറിഞ്ഞു കൂടാത്തവര്‍ക്ക് ഈ ലിങ്ക് ഉപകാരപ്പെട്ടേക്കുമെന്നു കരുതുന്നു.